വലിക്കുവാൻ തിരുവനന്തപുരത്തുള്ള തന്റെ സിൽബന്ധികൾക്കു് കമ്പിയടിക്കുകയും ചെയ്തു. എങ്കിലും ഒരാഴ്ചക്കാലത്തോളം ജി.പി. അറസ്റ്റിൽ പെടാതിരിക്കാൻവേണ്ടി "ഭൂഗർഭത്തി"ൽ കഴിച്ചുകൂട്ടേണ്ടി വന്നു. ഒടുവിൽ വാറണ്ടു പിൻവലിക്കുകയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന അന്യായം തള്ളിക്കളയുകയും ചെയ്തു.
അങ്ങിനെ സ്വതന്ത്രനായിത്തീർന്നതിനുശേഷം ജി.പി. പ്രതിബന്ധങ്ങളെയെല്ലാം തരണംചെയ്തു് ബി.ഏ.ഡിഗ്രി സമാർജ്ജിച്ചു. കുറച്ചുകാലം അദ്ദേഹം മദിരാശി ഹൈക്കോടതിയിൽ ഒരു മലയാളം പരിഭാഷകനായിരുന്നു. അന്നും തിരുവിതാംകൂറിലെ രാഷ്‌ട്രീയസ്ഥിതിഗതികൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. ദിവാൻ രാമയ്യങ്കാർ ഉദ്യോഗം ഒഴിഞ്ഞു പോവുകയും തൽസ്ഥാനത്തു് ററി. രാമറാവു നിയമിതനാവുകയും ചെയ്തു. സ്വതേ അശക്തനായിരുന്ന രായർ ദിവാന്റെ അവിദഗ്ദ്ധഭരണം രാജ്യത്തിലെ സ്ഥിതിയെ കൂടുതൽ വഷളാക്കിത്തീർത്തു.
പ്രവർത്തനോൽസുകനായിരുന്ന ജി.പി. യ്ക്കു് തിരുവിതാംകൂറിലെ സംഭവഗതികൾ കണ്ടുകൊണ്ടു് മൌനം ദീക്ഷിക്കുവാൻ മനസ്സുണ്ടായില്ല. “ഒരു രാജ്യസ്നേഹി” എന്ന ഗൂഢനാമധേയത്തിന്റെ മറവിൽനിന്നുകൊണ്ടു് അദ്ദേഹം തിരുവിതാംകൂറിലെ ദുർഭരണത്തെ നിശിതമായി വിമർശിച്ചുതുടങ്ങി. മദിരാശിയിലെ പ്രമുഖവർത്തമാനപ്പത്രങ്ങളിലെല്ലാം ആ “രാജ്യസ്നേഹി”യു