രാമരാജാബഹദൂർ/അദ്ധ്യായം പതിനൊന്ന്
←അദ്ധ്യായം പത്ത് | രാമരാജാബഹദൂർ രചന: അദ്ധ്യായം പതിനൊന്ന് |
അദ്ധ്യായം പന്ത്രണ്ട്→ |
"കർണ്ണാ മതി മതി പോരും പറഞ്ഞതു
നിന്നുടെ വീര്യങ്ങൾ നാവിന്മേലേയുള്ളു
ജംഭാരിനന്ദനൻ വൻപുകൾ കേൾക്ക നീ
കിംഫലമാത്മപ്രശംസകൊണ്ടോർക്കെടോ."
ശ്രീമഹാബലിവനം അനന്തൻകാട്ടിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു ഉപവനം ആയിരുന്നു. അനന്തവനം തിരുവനന്തപുരം ആയി സ്ഥലവിസ്തൃതിയിലും നാമദൈർഘ്യത്തിലും വർദ്ധിച്ചപ്പോൾ, ഉപവനം 'ശീവേലി' എന്ന രൂപത്തിൽ അക്ഷരസംഖ്യയിലും മഹത്ത്വത്തിലും സങ്കോചിച്ചു. ഇംഗ്ലീഷുകാരോടുണ്ടായ സഖ്യാനന്തരം തിരുവിതാംകൂറിലെ സേനാനായകസ്ഥാനങ്ങളിലേക്കു ദത്തഖഡ്ഗന്മാരായ സായ്പന്മാർ ഈ കാടിന്റെ വടക്കരുകിനെ തെളിച്ചു ബംഗ്ലാവുകൾ സ്ഥാപിച്ചു. പാശ്ചാത്യരുടെ അധിവാസം ആയിത്തീർന്ന ഈ സ്ഥലത്തിനു 'തിരുമധുരപ്പേട്ട' എന്നുള്ള താലുദ്രാവകമായ അഭിധാനവും കിട്ടി. ലോകസ്ഥിതികളുടെ നിമ്നോന്നതന്യായത്തിന്റെ പരിരക്ഷണത്തിന് എന്നപോലെ, ആ നവമധുരാപുരിയുടെ ദക്ഷിണപശ്ചിമഭാഗങ്ങൾ ഗൃഹശൂന്മാന്മാരായി സഞ്ചരിക്കുന്ന 'ഒഡ്ഢർ', 'ചലിപ്പർ' മുതലായവരുടെ വാസസങ്കേതം ആയി. ആ കാടിന്റെ 'തത്സമ'രൂപത്തിലുള്ള നാമത്തെ സാർത്ഥകമാക്കാൻ എന്നപോലെ ധാർമ്മികലോകത്തിന്റെ കൃപാസന്താനങ്ങളായി ഒന്നുരണ്ടു മണ്ഡപങ്ങളും ഈ സ്ഥിരവാസശൂന്യരെ ഋതുകാഠിന്യങ്ങളിൽനിന്നു രക്ഷിപ്പാൻ ആ വനമദ്ധ്യത്തിൽ ജാതം ചെയ്തു. വേലിപ്പരുത്തി, ഞെരിഞ്ഞിൽ, ഞാറൽ എന്ന ചെടികൾകൊണ്ടു നിറഞ്ഞിരുന്ന ഈ വനം സത്യവ്രതനായ മഹാബലി ചക്രവർത്തിയുടെ നാമത്തെത്തന്നെയും മലിനപ്പെടുത്തുംവിധം ഉള്ള ജീവചാരിത്രങ്ങളുടെ ധ്വംസനത്തിനു ബലിപീഠമായി ഉപയോഗപ്പെട്ടു. ഇവിടത്തെ നിർജ്ജനത ശവശരീരങ്ങളുടെ നിക്ഷിപ്തിയാൽ പരിഹരിക്കപ്പെട്ടു. വനതയെ അവനനിയമങ്ങളുടെ അധിക്ഷിപ്തി അനുദിനം ബൃഹത്കരിച്ചു. ഇപ്പോൾ നാളികേരത്തോട്ടങ്ങൾ [ 119 ] ആയിരിക്കുന്ന ഈ വനം അക്കാലത്ത് കേരളത്തിലെ നാഗരാഷ്ട്രങ്ങൾക്ക് എല്ലാം 'ഡൽഹി' സ്ഥാനം വഹിച്ചിരുന്നു. എന്നാൽ ലോകാവസ്ഥകളിലെ ദോഷഗുണസമ്മിശ്രതയ്ക്കുള്ള ലക്ഷ്യം എന്നപോലെ ആ വനം നകുലങ്ങളാലും പരിസേവ്യം ആയിരുന്നു. ഈ വൈരിപക്ഷങ്ങൾക്കിടയിൽ മാദ്ധ്യസ്ഥ്യം വഹിപ്പാനായി സാർവ്വത്രികന്മാരായ സൃഗാലവർഗ്ഗവും അവിടത്തെ ചെറുപാതാളസഹസ്രങ്ങളിൽ കുമാരമഹാബലികളായി വാഴ്ചകൊണ്ടിരുന്നു.
മാണിക്കഗൗണ്ഡൻ ആയ ധനദത്തൻ തിരുവിതാംകൂറിൽ ആരംഭിച്ച വ്യാപാരത്തിനു സ്ഥാപിച്ച 'കനകപട്ടണം' അദ്ദേഹത്തിന്റെ രൂപസ്വഭാവവിശേഷങ്ങൾക്ക് അനുരൂപമായ ഈ മഹാബലിവനത്തിന്റെ മദ്ധ്യത്തിൽത്തന്നെ ആയിരുന്നു. കുടിപ്പാർപ്പുള്ള സ്ഥലങ്ങളിൽനിന്നു കഴിയുന്നത്ര ദൂരത്തുമാറി, ഒരു ചെറുമൈതാനം തെളിച്ചു. നമ്മുടെ സാർത്ഥവാഹൻ ചില കൂടാരങ്ങളും പല നെടുംപുരകളും വാണിഭശാലയായി ഉറപ്പിച്ചു. ആ കാളകണ്ഠന്റെ 'ഇളാവൃതം' ആയി തട്ടികൾ, തട്ടുകൾ എന്നിവയാൽ രക്ഷിക്കപ്പെട്ടിട്ടുള്ള ഒരു പ്രത്യേകശാലയും ഇതരശാലകളാൽ ആരാധിതമാകേണ്ട പ്രാസാദമായി സ്ഥാപിക്കപ്പെട്ടു. ക്രയവിക്രയാർത്ഥികൾക്കു പ്രവേശ്യം ആയിരുന്ന ചില നെടുംപുരകൾ ഒഴികെയുള്ള ഭാഗങ്ങൾ എല്ലാം ഉഗ്രന്മാരായ കുന്തമേന്തികളാലും തോക്കുകാരാലും സൂക്ഷിക്കപ്പെട്ടിരുന്നു. ഗൗണ്ഡപ്രതിഷ്ഠ ആ മൂർത്തിയോടുള്ള സായൂജ്യത്തെ പ്രാർത്ഥിക്കുന്ന യോഗന്ധരന്മാരെ മാത്രം ദർശനവിഭൂതിയാൽ അനുഗ്രഹീതന്മാർ ആക്കി. കാണാനും കൊള്ളുവാനും എത്തുന്ന പാമരപരിഷകൾ ഒരു മഹിഷകണ്ഠത്തിന്റെ മർമ്മരധ്വനിയും ചിലപ്പോൾ മേഘധ്വനിയും കേട്ട് അവിടത്തെ ഗർഭഗൃഹവാസിയായ മേഘവാഹന്റെ അമോഘപ്രഭാവത്തെ ഗ്രഹിച്ചുവന്നു. ദശാവതാരവേഷങ്ങളിൽ ചിലതു ധരിച്ചു വേഷോചിതങ്ങളായ ആയുധങ്ങളും ഏന്തി ഒരു ഭൂതത്താൻ ദേശസഞ്ചാരം ചെയ്‌വാൻ നേർവഴികൾ ഒഴിഞ്ഞു ചിലടങ്ങളിൽ എത്തി ആകാശരേഖകളോ കാലമാത്രകളോ എണ്ണിനില്ക്കുന്നതും അപൂർവ്വം ചിലർ കണ്ടിട്ടുണ്ട്. ദിവാൻജിയോടു പറവാൻ പുറപ്പെട്ടത് ഈ വ്യാപാരസംഘത്തിന്റെ ഒരു അംശവും പാത്രവാനെങ്കിലും മുമുക്ഷുപദം ചേർപ്പാൻ അദ്ദേഹത്തിന്റെ മുമ്പിൽ ആവിർഭൂതനായ മുതലിയാർ സാക്ഷാൽ മാണിക്യഗൗണ്ഡനും ആയിരുന്നു.
ഗൗണ്ഡൻ ഒരു ശ്രീകൃഷ്ണന്റെ വിരോധത്തെ പേടിച്ച് തിരുവനന്തപുരം അവനംചെയ്യുന്ന ശ്രീരാമപാദങ്ങളെ അഭയം പ്രാപിച്ചിരിക്കുന്ന ഒരു അക്രൂരൻ ആണെന്നുള്ള കിംവദന്തിയെ അദ്ദേഹത്തിന്റെ അനുചരന്മാർ സാമർത്ഥ്യത്തോടെ വ്യാപരിപ്പിച്ചു. വാരംപ്രതി ഗൗണ്ഡനു വരുന്ന വിലയേറിയ സാമാനങ്ങളെ പാണ്ടിയിലെ മറവന്മാരും തിരുവിതാംകൂറിലെ പറപാണ്ടയും തസ്കരിക്കാത്തത്, ജനങ്ങളുടെ ഇടയിൽ പരന്ന മിഥ്യാബോധത്തെ പ്രബലപ്പെടുത്തി. ഗൗണ്ഡശാലയെ വൈകുണ്ഠതുല്യം പ്രകാശിപ്പിച്ച രത്നകോടികളും അഹസ്കാലം മുഴുവൻ അവിടെ [ 120 ] ശിഞ്ജിനീക്വണിതം മുഴക്കിക്കൊണ്ടിരുന്ന നാണയങ്ങളും മാണിക്യഗൗണ്ഡൻ സ്യമന്തകമണിവച്ചു പൂജിക്കുന്ന ഒരു യാദവൻതന്നെ ആണെന്നു ചില അന്ധപ്രമാണികളെ വിശ്വസിപ്പിച്ചു.
മാണിക്യസൗരന്റെ തിരുവിതാംകൂർ രാശിയിലോട്ടുള്ള സംക്രമം കഴിഞ്ഞു കൊല്ലം രണ്ടോളം ആകുന്നു. ഇതിനിടയിൽ പല കോണങ്ങളിലും രാമവർമ്മ മഹാരാജാവിന് ആപദ്യോഗങ്ങൾ ചേർത്തുകഴിഞ്ഞിരിക്കുന്നു. അധികാരബലം പ്രയോഗിച്ചുള്ള സാക്ഷാൽ തസ്കരകർമ്മത്താൽ ആർജ്ജിക്കപ്പെടുന്ന ധനം ദുർമ്മദകേസരികളായ രാഷ്ട്രാധിപന്മാരുടെ ഇംഗിതസിദ്ധിക്കായി പ്രയുക്തമാകുമ്പോൾ, സംഖ്യയും മാർഗ്ഗങ്ങളും പാത്രാപാത്രതകളും പരിഗണിക്കപ്പെടുന്നില്ല. മാണിക്യഗൗണ്ഡന്റെ ദാനവിദ്വേഷികളായ ഹസ്തങ്ങൾ അത്യുദാരമായി വിതരണം ചെയ്ത ദ്രവ്യം തിരുവിതാംകൂർകാരായ ദ്രോഹസംഘനേതാക്കന്മാരുടെ അറകളിൽ അപരിമിതമായി കുമിഞ്ഞു. ഈ പ്രയോഗംകൊണ്ട് മാണിക്യഗൗണ്ഡൻ തിരുവിതാംകൂർ നളസ്ഥാനത്തിന് ഒരു പുഷ്കരശക്തി ആയിത്തീർന്നു. ടിപ്പുവിന്റെ ഈ കലിപ്രവർത്തനത്തിന്റെ ഫലം ആയി പല കേന്ദ്രങ്ങളിലും അന്തച്ഛിദ്രകാരന്മാർ ഉത്ഭവിച്ചു, ഹരിപഞ്ചാനനയോഗീശ്വരന്റെ കാലത്തെ പ്രസിദ്ധീകരണം കൂടാതെ സഞ്ചരിക്കുകയും ചെയ്തു.
ഗൗണ്ഡരായ വ്യവസായവിദഗ്ദ്ധന്റെ ആജ്ഞാനുസാരം പ്രവർത്തിപ്പാൻതന്നെ അജിതസിംഹനും നിയോഗിക്കപ്പെട്ടു. ഈ രാജകുമാരസ്ഥാനക്കാരനെയും ഗൗണ്ഡൻ മറ്റു ചാരപ്രധാനന്മാർക്കു തുല്യം ആജ്ഞകൾ കൊടുത്തു ശാസിച്ചും നയിച്ചും പ്രവർത്തിപ്പിച്ചുവന്നു. ഗൗണ്ഡൻ തിരുവിതാംകൂറിലെ ദ്രോഹമണ്ഡലത്തെ ഭരിച്ച നയം ഒരു വിശിഷ്ടരീതിയിൽ ഉള്ളതായിരുന്നു. പെരിഞ്ചക്കോടൻ, അജിതസിംഹൻ, കണ്ഠീരവരായർ എന്നിവരെല്ലാം അദ്ദേഹത്തിന്റെ ആജ്ഞാകാരന്മാരായി പ്രവർത്തിച്ചു എങ്കിലും ഈ വകക്കാരു തമ്മിൽ അഭിമുഖപരിചയത്തിന് അദ്ദേഹം സംഗതിയുണ്ടാക്കിയില്ല. ഇടക്കാലത്തെത്തി, അടുത്തകാലത്തു മറഞ്ഞിരിക്കുന്ന ഇട്ടുണ്ണിക്കണ്ടപ്പനും ഗൗണ്ഡനും മാത്രമേ പരസ്പരം ആന്തരങ്ങൾ സൂക്ഷ്മമായി ധരിച്ച ബന്ധുക്കളായിരുന്നുള്ളു. ഗൗണ്ഡന്റെ കൗടില്യം ഗ്രഹിച്ച പെരിഞ്ചക്കോടൻ പറപാണ്ടയുടെ പഞ്ചമബലത്തെ അദ്ദേഹത്തിന്റെ സ്വാധീനത്തിൽ പ്രവർത്തിപ്പിക്കാമെന്നു വാഗ്ദത്തം ചെയ്തുവെങ്കിലും നായകനായ തസ്കരമാന്ത്രികന്റെ വേഷസൗഭാഗ്യംപോലും ഒന്നു കാണ്മാൻ നമ്മുടെ സനൈശ്ചരസാർത്ഥവാഹനു സന്ദർഭം ഉണ്ടാക്കിക്കൊടുത്തില്ല. പാണ്ട എന്നൊരു സംഘത്തലവൻ കൊടന്തയാശാനെ ദാസ്യപ്പെടുത്തി പെരിഞ്ചക്കോടൻ എന്നൊരു പ്രഭുവിന്റെ ഇഷ്ടങ്ങൾക്കായി പ്രവർത്തിപ്പിച്ചുവന്നു. എന്നാൽ കൊച്ചാശാനും പെരിഞ്ചക്കോടൻ എന്ന വിക്രമകേസരിയുടെ രൂപം കണ്ടു സ്വസമുദായത്തിന്റെ ജനസമ്പത്തിൽ സമ്മോദിപ്പാൻ സംഗതിവന്നിട്ടില്ല. കണ്ഠീരവനും, കാര്യക്കാരുടെയും ഗൗണ്ഡവന്റെയും ആജ്ഞകൾക്ക് അധീനമായി പ്രവർത്തിച്ചുവന്നു [ 121 ] എങ്കിലും ഗൗണ്ഡന്റെ അധികാരവ്യാപ്തിയെ സൂക്ഷ്മമായി ഗ്രഹിച്ചിരുന്നില്ല.
പല ഗൃഹസ്ഥന്മാരെയും ദേശസമ്രാട്ടുകളെയും ഗൗണ്ഡൻ സമ്മാനദാനംകൊണ്ടുതന്നെ പാട്ടിലാക്കിയിട്ടും തൃപ്തിപ്പെടാതെ രാജ്യഭണ്ഡാരം ഭരിക്കുന്ന കുബേരനെയും വ്യാമോഹിപ്പിക്കാൻ യത്നിച്ചു. തന്റെ പാപകർമ്മങ്ങളിൽ ഭാഗഭാക്കാക്കിയില്ലെങ്കിലും രാജകക്ഷിയിൽനിന്ന് അദ്ദേഹത്തെ അകറ്റുന്നതിനായി ഒരു ലേഖനശസ്ത്രവും പ്രയോഗിച്ചുനോക്കി. ആ ശസ്ത്രം ഫലിച്ചില്ലെന്നു കണ്ടിട്ടും രണ്ടാം ശസ്ത്രം പ്രയോഗിക്കാതെയും ശത്രുപക്ഷക്കാരനോടുള്ള ആദരത്തിനു ന്യൂനത വരുത്താതെയും ഗൗണ്ഡൻ അടങ്ങിയിരുന്നു. ഗൗണ്ഡന്റെ പരിശ്രമം ഫലപ്പെടാഞ്ഞ യത്നത്തിൽ താൻ വിജയിയാകണമെന്നുള്ള മോഹത്തോടെ കാര്യക്കാർ അജിതസിംഹനെ നിയോഗിച്ചു. മൈസൂർ സൈന്യം തിരുവിതാംകൂറിലോട്ട് അടുക്കുന്നു എന്നു തീർച്ചയായ അറിവു കിട്ടിയപ്പോൾ മഹാരാജാവിനെയും മന്ത്രിയെയും നിഗ്രഹിക്കുന്നതിനു താൻ ടിപ്പുവോടു ചെയ്തിട്ടുള്ള പ്രതിജ്ഞ അനുസരിച്ച് ഗൗണ്ഡൻ പല ഉപായങ്ങളും അനുഷ്ഠിക്കുകയും അനുഷ്ഠിപ്പിക്കുകയുംചെയ്തു. വിശ്വരക്ഷ ചെയ്തരുളുന്ന ഹസ്തങ്ങൾ മഹാരാജാവിനെയും അവിടുത്തെ മന്ത്രിയെയും രക്ഷിച്ചു. സേനാഭാഗങ്ങൾ മിക്കവാറും ഉത്തരമേഖലയിലേക്കു നീക്കിക്കഴിഞ്ഞിരിക്കുന്നു. മന്ത്രി യുദ്ധരംഗത്തിൽ എത്തുന്നതിന് ഇടവരുത്തിയാൽ ടിപ്പുവിന്റെ കഠാരധാരയെത്തന്നെ താൻ ലേഹനം ചെയ്യേണ്ടിവരും. അതിനാൽ താൻ ആലോചിക്കുന്ന നിഗ്രഹകർമ്മത്തിനു ഒരു അന്തകനെ ഉടൻതന്നെ നിയമിക്കേണ്ടതായിരിക്കുന്നു. രാജ്യത്തിൽ ഭിന്നങ്ങളായി സ്ഥിതിചെയ്യുന്ന സംഘത്തലവന്മാർ പരസ്പരം പരിചയിക്കേണ്ട കാലവും സമീപമായിരിക്കുന്നു. അജിതസിംഹൻ, കണ്ഠീരവരായർ എന്നിവരെ ടിപ്പുവിന്റെ സേനയോടു സംഘടിച്ചുകൊള്ളുവാൻ വിടുന്നതിനുള്ള കാലവും അതിക്രമിച്ചു പോയിരിക്കുന്നു. ഈ ആലോചനകളോടുകൂടി ഗൗണ്ഡൻ തന്റെ ഉച്ചസ്ഥിതിപ്രാപ്തിക്കു ചേരുന്നതായ പാപകർമ്മത്തിനു സമുദ്യുക്തനായി.
പെരിഞ്ചക്കോട്ടു ലങ്കയുടെ മർദ്ദനംകഴിഞ്ഞു നിശാന്തനം നാലമത്തേത് ആയിരിക്കുന്നു. ദിവാൻജിയുടെ വ്യവസ്ഥകൾ ഊർജ്ജിതങ്ങളായിരുന്നതുകൊണ്ട് ആ മർദ്ദനസംഭവത്തെക്കുറിച്ചുള്ള പ്രസ്താവം ആ സങ്കേതം കവിഞ്ഞു പ്രചരിച്ചില്ല. അതുകൊണ്ട് ഗൗണ്ഡൻ ആദ്ധ്യക്ഷ്യം വഹിക്കുന്ന കൗരവസഭയിൽ നാം കാണുന്ന പെരിഞ്ചക്കോടന്റെ മുഷ്കരത്വം ഒട്ടുംതന്നെ ധൂസരം ആയിട്ടില്ല. ഗൗണ്ഡൻ ആയ ജഗൽസ്തംഭകൻ തന്റെ പ്രത്യേകശാലയ്ക്കകത്ത് ഒരു വേദിയിന്മേൽ ദിവാൻ ഉപയോഗിക്കുന്നതിനെക്കാൾ ഉയർന്ന തരത്തിൽ രാജസങ്ങളായ ഉപാധാനാദി ഉപകരണങ്ങളാൽ പരിവൃതനായും പിംഗളാക്ഷങ്ങളെ സൂചിമുഖങ്ങൾപോലെ സൂക്ഷ്മങ്ങളാക്കി പ്രസ്ഫുരിപ്പിച്ചും കരപാദങ്ങളുടെ പ്രപാതങ്ങളാൽ ആസനത്തെത്തന്നെ ധൂളീകരിച്ചും സഭാനിയന്ത്രണം വഹിക്കുന്നു. സന്നിഹിതന്മാർ ആയ പെരിഞ്ചക്കോടൻ, കണ്ഠീരവരായർ ഇവർ [ 122 ] ശാലയ്ക്കകത്തും വിധിനിർവ്വഹണത്തിനു ബദ്ധപരികരന്മാരായി പല ദസ്യുപ്രധാനന്മാർ ദൂരത്ത് ഒരു ശാലയിലും സംയോജിച്ചിരിക്കുന്നു. ഗൗണ്ഡന്റെ രുഷ്ടാട്ടഹാസങ്ങൾ ആ വനസാമ്രാജ്യത്തിലെ സൃഗാലാദി പ്രജാസമുച്ചയത്തെ വിലാന്തരാളങ്ങളിൽ ഭയാക്രാന്തവാസം ചെയ്യിക്കുന്നു. ആ മേഘധ്വനികൾ ആകാശമൂർദ്ധാവിലും സംഘട്ടനം ചെയ്യുമ്പോൾ, ഹിരണ്യയുഗ്മത്തിൽ കനിഷ്ഠനിശാചരേന്ദ്രന്റെ രൂക്ഷക്രിയകൾ കണ്ടിട്ടുള്ള താരാവലികൾ രണ്ടാമതും ഒരു നരസിംഹാവതാരം ഉണ്ടാകുമെന്നു ചിന്തിച്ചു ഭയകമ്പിതർ ആകുന്നു. തന്റെ നിയന്ത്രണാനുസാരം കൃത്യമായി ഹാജരാകാത്ത ഒരംഗത്തെ ഗൗണ്ഡശൗണ്ഡൻ അസഭ്യവർഷംകൊണ്ടു സംഭാവനചെയ്കയായിരുന്നു.
സഭാപ്രവർത്തനങ്ങൾ ശത്രുനേത്രങ്ങൾക്കു ഗോചരമാകാതെ ഇരിപ്പാൻ വ്യാപാരകേന്ദ്രത്തെ ശൂലധാരികൾ വലയംചെയ്തു രക്ഷിക്കുന്നു. അജിതസിംഹന്റെ വാൾക്കാരും പെരിഞ്ചക്കോടന്റെ അനുചരന്മാരും ഈ കാവല്ക്കാരോടു ചേർന്നു പ്രശാന്തസേവനം അനുവർത്തിക്കുന്നു. രണ്ടു ദ്വാസ്ഥപ്രതിമകൾ മാത്രം ആജ്ഞാപ്രതീക്ഷകന്മാർ ആയി മന്ത്രശാലയുടെ പുരോഭാഗത്തു സൈനികനിയമാനുഷ്ഠകരായി നിലകൊള്ളുന്നു. മുസൽമാൻ ചെരിപ്പുകളും കറുത്ത കാലുറകളും ചുവന്ന ചകലാസുകൊണ്ടുള്ള നെടുങ്കുപ്പായങ്ങളും പട്ടുകച്ചകൾകൊണ്ടുള്ള നടുക്കെട്ടുകളും ചുവന്ന നെറ്റിക്കുറികളും നീലാംബരംകൊണ്ടുള്ള ഉഷ്ണീഷങ്ങളും ധരിക്കുന്ന ഈ ഭടന്മാരിൽ ഒരാൾ മഹിഷരാക്ഷസന്റെയും ഇതരൻ മഹിഷമർദ്ദിനിയുടെയും സാന്നിദ്ധ്യത്തെ ദ്യോതിപ്പിക്കുന്നു. ഈ സങ്കലനത്തിന്റെ രഹസ്യം അല്പം മുൻകാലംവരെ പ്രചാരത്തിൽ ഇരുന്ന തിരുവിതാംകൂറിലെ തൃച്ചക്രത്തരികൾക്കും ഗൗണ്ഡൻമുഖേന പ്രസ്രവിതമാകുന്ന ടിപ്പുവിന്റെ മോഹർ, വരാഹൻ, തങ്കക്കാശു എന്നീ സ്വർണ്ണനാണയങ്ങൾക്കു തുല്യം വശ്യശക്തി ഉണ്ടായിരുന്നതുതന്നെയാണ്. ടിപ്പുസുൽത്താൻ രാമരാജബഹദൂർ തിരുമനസ്സിലെ മന്ത്രിയായ കേശവപിള്ളയിൽ സമാനപ്രഭാവനായ ഒരു ശത്രുവിനെ നിരീക്ഷിച്ചതു കേവലം വിഭ്രമംകൊണ്ടല്ലായിരുന്നു എന്നു സന്ദർഭോചിതമായ ഈ സുദർശനപ്രയോഗവും തെളിയിച്ചേക്കാം. അന്തരകാലത്തെ 'വെള്ളാനപ്രൗഢൻ' ആയ റസിഡണ്ട്, ദിവാൻ, വലിയദിവാൻജി ആയ കേശവപിള്ള ധനവിനിമയത്തിൽ വിദഗ്ദ്ധസചിവൻ അല്ലായിരുന്നു എന്ന് അഭിപ്രായപ്പെട്ടത് എന്തു അല്പബുദ്ധിത്വംകൊണ്ടാണെന്ന് ഇക്കാലത്തെ ഘോരസമരപ്രവർത്തകന്മാർ അനുഷ്ഠിക്കേണ്ടിവന്നിരിക്കുന്ന ധനവർഷചാതുര്യങ്ങൾ തെളിയിക്കുന്നതാണ്.
അജിതസിംഹന്റെ ശ്രമത്താൽ ബന്ധനത്തിൽനിന്നു മോചിക്കപ്പെട്ട കണ്ഠീരവരായർ മല്ലരംഗത്തിൽവച്ചു നാം കണ്ടതിലും പുഷ്ടതരഗാത്രനായി, രൂക്ഷതരനേത്രനായി സ്ഥലജലഭേദങ്ങളെ സംഹരിപ്പാൻ സന്നദ്ധനായി, ധൃതഖഡ്ഗനായിത്തന്നെ സ്ഥിതിചെയ്യുന്നു. സംഗ്രാമഛന്ദസ്സുകളിൽ ദ്രോണത്വം അവകാശപ്പെടുന്ന ഈ ആഗ്നേയനേത്രൻ ഗൗണ്ഡന്റെ [ 123 ] ഗ്രാമ്യഭാഷാധോരണി കേട്ട് ആ പങ്കപ്രവാഹത്തിന്റെ 'ഹരിദ്വാരം' എവിടെ എന്ന് ആശ്ചര്യപ്പെട്ടു മേല്പോട്ടു നോക്കിപ്പോകുന്നു. ഗൗണ്ഡന്റെ പുഷ്പാഞ്ജലി യഥാക്രമം നിർവിഘ്നമായി നടക്കുന്നതിനിടയിൽ, അതിനാൽ സമാരാദ്ധ്യൻ ആകുന്ന വിഗ്രഹം രാജസവസ്ത്രങ്ങൾ ധരിച്ചുള്ള രസികരത്നം ആയി കൂടാരത്തിനകത്തോട്ടു പ്രവിഷ്ടൻ ആയി. ആ രൂപസൗഭാഗ്യത്തിന്റെ ദർശനത്തിൽ അർപ്പിതമായ പാരിജാതങ്ങൾ പ്രത്യക്ഷനായ ദേവന്റെ അരയിൽത്തിരുകിയിരുന്ന കഠാരയെ ഹസ്തസഹിതം സ്വർഗ്ഗോന്മുഖം ആയിത്തന്നെ ആരോഹിപ്പിച്ചു. ഈ പാരുഷ്യപ്രകടനം കണ്ട് ഗൗണ്ഡനായ തന്ത്രവൃദ്ധൻ ഉപധാനങ്ങളിന്മേൽ മലർന്നുവീണു കാലറഞ്ഞും വട്ടമീശകൊണ്ട് ആകാശത്തെ ദ്രുതതരവീജനം ചെയ്തും 'ഹ'കാരധ്വനിയെ പല ശ്രുതികളിലുള്ള ആരോഹനിപാതങ്ങളോടെ മുഴക്കി. കാലവിളംബാപരാധത്തിന് അപഹാസാപമാനത്താൽ ശിക്ഷിതൻ ആയ അജിതസിംഹൻ കഠാരയ്ക്ക് അതിന്റെ പൂർവ്വസ്ഥാനം നല്കിയിട്ട് ആ യോഗനടപടികൾക്കു കേവലം ഒരു സാക്ഷി എന്നുള്ള നാട്യത്തിൽ ഒരു പീഠത്തെ അവലംബിച്ചുകൊണ്ടു നാസാന്തം ചൊറിഞ്ഞുതുടങ്ങി. ഗൗണ്ഡൻ ഹിന്ദുസ്ഥാനി മുതലായ ഭാഷകളെക്കൊണ്ട് ഒരു നപുംസകഭാഷ സൃഷ്ടിച്ച് ഈ അർത്ഥത്തിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞു:
"അയിരേ! ഹ്; ഹ്; ഹ്! ടിപ്പുസുൽത്താൻ മഹാറാജ്, ആകാശവ്യാപിയായി ഒരുത്തനുണ്ടെങ്കിൽ അദ്ദേഹത്താൽ അനുഗ്രഹീതനായ സർവ്വശക്തൻ, അവിടത്തെ പ്രസാദലബ്ധികൊണ്ടു നാം അധികൃതൻ. ആ സുൽത്താൻ ബഹദൂരുടെ ദിഗ്ജയശ്രമത്തിൽ നാം വീരഭദ്രൻ. ആ ഭാസ്വൽപാദങ്ങളെ മയൂരാസനത്തിൽ ആരോഹിപ്പിക്കുവാൻ നാം യജ്ഞപാശം ബന്ധിച്ചു പുറപ്പെട്ടിരിക്കുന്നു. മന്ത്രത്താലും തന്ത്രത്താലും കാര്യസാദ്ധ്യത്തിനു നാം സാഹസപ്പെടുമ്പോൾ, ഏതു കുലഭ്രഷ്ടൻ-" ഗൗണ്ഡൻ ശ്വാസംമുട്ടിയ നാട്യത്താൽ കോപഭാഷണം നിറുത്തി. അദ്ദേഹത്തിന്റെ ഭാഗ്യത്താൽ സദസ്യർ സാന്ത്വനവാക്കുകൾ പ്രയോഗിച്ച് ആ കോപസമുദ്രക്ഷോഭത്തെ പ്രശാന്തസ്ഥിതിയിൽ ആക്കി. ഗൗണ്ഡൻ കോപഗർജ്ജിതത്തെ കൈവിട്ടു എങ്കിലും തന്റെ നായകത്വത്തെ സ്ഥാപിപ്പാൻ അജിതസിംഹനെ നോക്കി മുമ്പിൽ പ്രയോഗിച്ച ഭാഷയിൽത്തന്നെ ഇങ്ങനെ ഒരു ചോദ്യം തുടങ്ങി: "ഹേ! ടിപ്പുമഹാറാജ്! തന്റെ ഹൃദയം ആകുന്ന അമൃതഘടത്തെ ഭദ്രരക്ഷയ്ക്കായി നിക്ഷേപിച്ചിരിക്കുന്ന സുവർണ്ണാഗാരമേ! ഖാൻ ബഹദൂർ കമ്മറുഡീൻസാ നയിക്കുന്ന സേനയുടെ ബലം എന്തെന്ന് ഈ സദസ്യരെ ധരിപ്പിച്ച് അവരെ അനന്തരകൃത്യങ്ങൾക്കു വീരന്മാരാക്കുക."
ബബ്‌ലേശ്വരകുലോത്തുംഗൻ ഈ ചോദ്യത്തിന് ഉത്തരം പറവാൻ വേണ്ട വിവരങ്ങൾ ഗ്രഹിച്ചിരുന്നിട്ടില്ലാത്തതുകൊണ്ടോ, പറയുന്നതു അപനയം ആകും എന്നു വിചാരിച്ചോ കണ്ഠം അടഞ്ഞു പാർഷ്ണികൾകൊണ്ടു പീഠക്കാലുകളിന്മേൽ ചില താളങ്ങൾ മേളിച്ചു. [ 124 ]
ഗൗണ്ഡൻ: "രാജാധിരാജ്, മഹാറാജ്, ഷംഷേർ ഉൾമുൾക്കു തിരുമനസ്സിലെ രഹസ്യങ്ങൾ അങ്ങനെ ഇരിക്കട്ടെ. രാമരാജബഹദൂരുടെ സേനാസന്നാഹം തന്റെ വ്യാപാരത്തിനിടയിൽ ഗ്രഹിച്ചിട്ടുണ്ടല്ലോ. അതു നമ്മെ ധരിപ്പിക്കുക."
ബബ്‌ലേശ്വരൻ ലജ്ജിച്ചു നന്തിയത്തുമഠത്തിൽനിന്ന് ആ രാത്രിയിൽ പുറപ്പെട്ടത് ഇടതുകാൽ മുമ്പിൽവച്ചാണെന്നു വ്യസനിച്ചു തലചൊറിഞ്ഞു. ഗൗണ്ഡൻ വഞ്ചിരാജസേനയുടെ അനുചരസംഖ്യ ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷ്മം ആയി സഭാസമക്ഷം ധരിപ്പിച്ച് അത് ടിപ്പുവിന്റെ സൈന്യത്തെ അപേക്ഷിച്ച് ഏറ്റവും നിസ്സാരം ആണെന്നു സ്ഥാപിക്കുവാൻ അദ്ദേഹത്തിന്റെ അതിദീർഘമായുള്ള വക്ത്രചന്ദ്രക്കലയെ വിടുർത്തി ഫൂൽക്കാരവും ചെയ്തു. പെരിഞ്ചക്കോടൻ തന്റെ കാട്ടാളശിരസ്സിനെ ചുഴറ്റി മാണിക്യഗൗണ്ഡന്റെ ചാരചാതുര്യത്തെ അഭിനന്ദിച്ചു. തന്നെക്കാൾ വിദഗ്ദ്ധാചാര്യനായുള്ള സഹകാരിയുടെ കർപ്പൂരാരാധനത്തിൽ ഗൗണ്ഡൻ പ്രസാദിച്ചു, മന്ത്രിനിധനം ആകുന്ന സമുദ്രലംഘനക്രിയ സദസ്യരിൽ 'വയ്യാകരണ'പടുവും യുവപ്രായനും ആയുള്ള അജിതസിംഹൻ സാധിച്ച് ടിപ്പുമഹാരാജാവിന്റെ ഗൂഢേംഗിതത്തെ പര്യാപ്തമാക്കണമെന്നു വിധിച്ചു. മന്ത്രിമന്ദിരപ്രാന്തങ്ങൾ ഭടജനങ്ങളാൽ സമഗ്രമായ ശുഷ്കാന്തിയോടെ സൂക്ഷിക്കപ്പെടുന്നതിനാൽ ആ കൃത്യം ആ സന്ദർഭത്തിൽ ദുഷ്കരം എന്ന് അജിതസിംഹൻ വാദിച്ചു. എന്നാൽ ദിവാൻജി പറവൂർക്കു യാത്രചെയ്യുന്നതിനിടയിൽ ധനശേഖരത്തിനായി ആലപ്പുഴനഗരത്തിൽ ഒന്നുരണ്ടു ദിവസം താമസിക്കും എന്നും ആ താമസം സേനാരക്ഷയിൽനിന്നു പിരിഞ്ഞിട്ടാണെന്നും ആ സന്ദർഭത്തിൽ നിഗ്രഹകർമ്മം സുകരം ആണെന്നും ഗൗണ്ഡൻ അഭിപ്രായപ്പെട്ടു. വരണക്കാപ്പു ചാർത്തിയിരിക്കുന്ന അജിതസിംഹനെത്തന്നെ ഈ കർമ്മത്തിനു പിടികൂടിയത് ഉണ്ണിത്താന് അപമാനകരമായി പരിണമിച്ചേക്കാവുന്നതായ വിവാഹത്തെ വിഘ്നപ്പെടുത്തുവാൻ ആയിരുന്നു. എന്നാൽ ആ പരിണയകർമ്മം നിർവ്വഹിച്ചുകാണുന്നതിനു ബദ്ധശ്രദ്ധനായിരുന്ന പെരിഞ്ചക്കോടൻ ഗൗണ്ഡകൃഷ്ണന്റെ നിയോഗം കേട്ട് ബലഭദ്രരൂക്ഷതയോടെ നിരോധവാദം തുടങ്ങി. ആന്തരമായ ദാക്ഷിണ്യത്താൽ ഭരിതനായിരുന്ന ഗൗണ്ഡൻ പെരിഞ്ചക്കോടനോടു വാദത്തിൽ ഇടഞ്ഞ് ഉണ്ണിത്താനെ രാമവർമ്മമഹാരാജാവിന്റെ ശത്രു ആക്കാൻ പരീക്ഷിച്ചത് ഫലപ്പെടാത്തതിനാൽ അദ്ദേഹത്തിന്റെ അപേക്ഷപ്രകാരമുള്ള വിവാഹത്തിൽനിന്ന് ഒഴിയുന്നതിന് അജിതസിംഹൻ ഉപായങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗൗണ്ഡന്റെ ആജ്ഞയെ നിർവഹിക്കാൻ ഏറ്റുകൊണ്ടാൽ വിവാഹശൃഖല ഏൾക്കേണ്ട ആപത്തിൽനിന്ന് ഒഴിയാം എന്നും, ദിവാൻജിയെ നിഗ്രഹിക്കുന്നതു സൗകര്യംപോലെ ആക്കി, സാധിക്കാഞ്ഞാൽ സമാധാനങ്ങൾ പറഞ്ഞു നിന്നുകൊള്ളാം എന്നും കരുതി അജിതസിംഹൻ ഉടൻതന്നെ ആലപ്പുഴയ്ക്കു പുറപ്പെട്ടു സംഘനായകന്റെ ആജ്ഞയെ നിർവഹിക്കാം എന്നു പ്രതിജ്ഞചെയ്തു. [ 125 ]
പെരിഞ്ചക്കോടൻ: (ശാർദൂലരൂക്ഷതയോടെ അജിതസിംഹന്റെ നേർക്കു തിരിഞ്ഞു) "ഹപ്പൊഴെ തിരുമേനീ! ആ ഉണ്ണിത്താന്റെ അടുത്തേറ്റത് ഏതു തന്തയ്ക്കു പെറന്നവൻ? ഹിപ്പച്ചൊല്ലുണത് ഏതവന്റെ തന്തക്കൊണംകൊണ്ടവൻ? ആമ്പുറന്നോരെ തത്ത്വം അങ്ങൊള്ള തമ്പുരാന്മാർക്കു വേണ്ടെന്നോ?"
അജിതസിംഹൻ: "നിങ്ങളാണല്ലോ ആ പെരിഞ്ചക്കോടനെന്നു കേട്ടിട്ടുള്ളത്? തെക്കല്ലേ ജനനം? അതുകൊണ്ടു വാക്കിനു വൈഭവം കുറയും. കേട്ട്വോ ആ വിവാഹസൊള്ളയ്ക്ക് അങ്ങെങ്ങാണ്ട് ഒരു കുടകത്തിൽ പോവാനും മറ്റും നമുക്കു കയിയില്ല."
പെരിഞ്ചക്കോടൻ: "കൈയും കാലും ഇല്ലാഞ്ഞിട്ടാണോ തൂണുപോലെ നിക്കിണത്?"
ഗൗണ്ഡനും അജിതസിംഹനും ഏകമനസ്കരായി പൊട്ടിച്ചിരിച്ചുവെങ്കിലും ആ വൃദ്ധനായ സഭാദ്ധ്യക്ഷൻ മാദ്ധ്യസ്ഥ്യം വഹിച്ചു. "ബസ്സ് ബസ്സ് പെരിഞ്ചക്കോടൻ! പേച്ചിലും കൊടുക്കിറതിലും അപ്പിടിയെ മിദം, മിദം ആകപൊറോത്തിക്കവേണ്ടിയത്. കടന്തു പോകക്കൂടാത്."
പെരിഞ്ചക്കോടൻ: "എന്റെ മൊതലാളീ! ഏച്ചും പേച്ചും കെട്ട പേച്ച് നമ്മക്കു കൊള്ളൂല്ല. ഈ രായർസ്സാമി ഇരിക്കുണല്ലോ. അയാളു പോയി കഴുത്തറുക്കട്ടെ. തമ്പുരാൻ ചെന്നു, കൊടുത്ത വാക്കു നിറവേറ്റിപ്പെണ്ണേ കൊള്ളട്ടെന്ന്."
പ്രസ്തുത വിവാഹം അനുവദിക്കാനുള്ള വൈമനസ്യത്താൽ ഗൗണ്ഡൻ തല ആട്ടിക്കളഞ്ഞു. "എന്നയ്യാ! പെരിഞ്ചക്കോടനയ്യാ! നാലുക്കു മൂന്നു പതിമ്മൂണാക്കക്കൂടാത്. ആനാലും-എന്ന രായർജി താംഗൾ മനം എപ്പടി? ചൊല്ലുംഗൾ."
മറ്റു മൂന്നു സദസ്യരെയും ഓരോ ഗൂഢാഭിലാഷങ്ങൾ ഭരിച്ചിരുന്നതുപോലെ രായരും സ്വാർത്ഥദീക്ഷകൻ ആയി വർത്തിക്കുകയായിരുന്നു. തനിക്കു നേരിട്ടു പോയ അപമാനത്തെ പരിഹരിക്കാൻ അയാളും ബകധർമ്മം അനുസരിച്ച് അവസരം നോക്കിക്കൊണ്ടിരിക്കുകയാണ്. ദിവാൻജിയും ത്രിവിക്രമകുമാരനും സേനാഭാഗങ്ങളും തിരുവനന്തപുരത്തുനിന്ന് ഒഴിയുമ്പോൾ തക്കംനോക്കി മഹാരാജാവിനെ നിഗ്രഹിച്ചിട്ട് ടിപ്പുവിന്റെ അഭിനന്ദനം സമ്പാദിക്കണമെന്ന് അയാൾ ആന്തരമായി നിശ്ചയിച്ചിരുന്നു. ഈ ഇംഗിതത്തിനു വിഘ്നംവരുത്തുന്നതായ ഒരു പ്രശ്നത്തിന്റെ ഉച്ചാരണത്തിൽ രായർ ധനുർവ്വേദാചാര്യനായി ചില പ്രമാണങ്ങളെ പ്രയോഗിപ്പാൻതന്നെ സന്നദ്ധനായി. അന്നത്തെ യോഗത്തിൽ ആലോചിക്കപ്പെടുന്ന നിധനം സമരാംഗമായ ഒരു കൃത്യമാണ്. അങ്ങനെയുള്ള ഒരു ക്രിയയ്ക്കു ദത്തപ്രതിജ്ഞനാകുന്ന ക്ഷത്രിയന്റെ ഉദ്യമത്തെ നിരോധിക്കുന്നതു ശാസ്ത്രവിരുദ്ധം. ഈ തത്വസൂക്തികൾ ആദരണീയങ്ങളാണെന്നു കാണിക്കുവാൻ രായർ തന്റെയും അജിതസിംഹന്റെയും ഉപവീതങ്ങളെ ചൂണ്ടിക്കാട്ടി. ഗൗണ്ഡൻ തന്റെ കുപ്പായക്കെട്ടുകൾ അഴിച്ച് ഒരു കൃഷ്ണവർണ്ണവലയത്തെ പുറത്തു നീട്ടി ആ പാശഖണ്ഡങ്ങളെ [ 126 ] ഭസ്മീകരിപ്പാനും സദസ്യർ ടിപ്പുസുൽത്താൻ ബഹദൂരുടെ വിജയം മാത്രം മുൻനിറുത്തി അഭിപ്രയം പറവാനും ഗുണദോഷിച്ചു. അജിതസിംഹൻ ആലപ്പുഴയ്ക്കുതന്നെ യാത്രയാവാൻ എഴുന്നേറ്റു. ആ ക്രിയയെ അഭിനന്ദിച്ചു സഭയുടെ കാര്യപരിപാടി അവസാനിച്ചു എന്നുള്ള നാട്യത്തിൽ രായരും എഴുന്നേറ്റു. പെരിഞ്ചക്കോടൻ തന്റെ ഹലായുധം തന്നെ പ്രയോഗിപ്പൻ സന്നദ്ധനായി.
"കേട്ടോ മുതലാളീ! ഈ ചലുപ്പക്കച്ചോടത്തിലൊന്നും പെരിഞ്ചക്കോടൻ കൂട്ടല്ല. ഒരു കാര്യമെടുത്താൽ അന്തംവരെ കൊണ്ടെറക്കാത്തവൻ തന്തയ്ക്കു പിറന്നവനോ? ഉണ്ണിത്താനങ്ങേര് ആര്? കളിപ്പിള്ളയോ? നാലു ശക്രം എടുപ്പാൻ വേണ്ട കരുവൊണ്ട്; ശാസ്ത്രിമാരും കൊടപിടിക്കണ ആശാനുമാണ്. കൈവഴിച്ചമണ്ണോ അദ്യം? മൊതലാളി പറ്റത്തിമൂപ്പൻ, നാലു കാര്യം അറിഞ്ഞവൻ പറയണം ഞായം."
ഉണ്ണിത്താനെ പ്രശംസിച്ചത് ഗൗണ്ഡനിൽ ഒരു സന്തോഷവായ്പ് ഉണ്ടാക്കിയെങ്കിലും ടിപ്പുവിൽനിന്നു നേരിട്ട് ആജ്ഞകൾ കിട്ടിയിട്ടുള്ള രായരെയും അജിതസിഹനെയും അനാദരിച്ചു തന്നാൽ സമ്പാദിക്കപ്പെട്ട ഒരു ബന്ധുവിന്റെ പക്ഷത്തിൽ ചേരുന്ന കാര്യത്തിൽ ചഞ്ചലമനസ്കനായി ജംഘകൾ തടവിക്കൊണ്ട് അദ്ദേഹം ചാഞ്ചാടിത്തുടങ്ങി. പെരിഞ്ചക്കോടന്റെ സ്വാധീനം പ്രയോഗിച്ച് പറപാണ്ടയുടെ തസ്കരസംഘത്തെക്കൊണ്ട് രാമരാജസേനയിൽ ഒട്ടൊരു ഭാഗമെങ്കിലും ഒടുക്കിക്കാം എന്ന് ഗൗണ്ഡൻ ടിപ്പുവിനെ ധരിപ്പിച്ചുമിരുന്നു. അതു തെറ്റിപ്പോകുമെന്നു കണ്ടപ്പോൾ, സർവ്വദാ സുസ്ഥിരപ്രഗല്ഭനായിരുന്ന ഗൗണ്ഡൻ അനുകരണീയം എന്തെന്നു ജംഘാശുശ്രൂഷണം നിറുത്തിയിട്ടു വിഷമമോചനത്തിനുള്ള ദർശനം കിട്ടാൻ ശിരോദർപ്പണത്തെ ഹസ്തത്താൽ തലോടി പ്രകാശമാനം ആക്കി. അജിതസിംഹൻ വിജയി എന്നുള്ള നാട്യത്തിൽ ദ്വാരപ്രദേശം നോക്കി നടകൊണ്ടു. പ്രാകാരതുല്യമായ പെരിഞ്ചക്കോടന്റെ ശരീരം ആ യാത്രയെ പ്രതിരോധിച്ചു. "തമ്പുരാനായാലെന്ത്? തലയാരിയായാലെന്ത്? ഢീപ്പുവാര്? ഢീഭ്രാക്കാര്? ഛേ! ഫോവാൻ ഫറ. ഹിതാ കിടക്കുന്നു നിങ്ങടെ കുന്തം!" എന്ന് അട്ടഹാസം ചെയ്തുകൊണ്ട് അജിതസിംഹനെ മുന്നിട്ടു യാത്രയാവാൻ പെരിഞ്ചക്കോടൻ തിരിഞ്ഞു. ഗൗണ്ഡൻ എഴുന്നേറ്റ് തന്റെ ഹസ്തതലം കൊണ്ട് പെരിഞ്ചക്കോടന്റെ മുതുകിന്മേൽ തലോടിത്തടഞ്ഞപ്പോൾ, ആ രണ്ടു സത്വങ്ങളും ചരിക്കുന്ന പരോക്ഷമണ്ഡലത്തിന്റെ സയ്യോജ്യതകൊണ്ടായിരിക്കാം ഒരു സ്വാർത്തനിഷ്ഠന്റെ നിരോധത്തിന് തുല്യനോ അതീതനിഷ്ഠനോ ആയുള്ള ഇതരൻ അടങ്ങി. ഇങ്ങനെ ഒരു പ്രമാണവാദം തുടങ്ങി.
"കേട്ടോ, മൊതലാളീ! ഇച്ചതിവുകളും പൊല്ലാപ്പിനു വഴിയാണ്. ആരു വെല്ലണോ, തൊലഞ്ഞു പുല്ലുകുത്തുണോ, എല്ലാത്തിനും കയ്യൊഴിവു നോക്കി പൊരുത്തം കണ്ട് അടിയിട്ടാൽ കാര്യങ്ങളും ഒരൊഴുങ്കിനു പോവും. അങ്ങ് കാഞ്ചീപുരത്തും കാശിയിലും പോവണ്ടാ. നമ്മുടെ നല്ല കാലംകൊണ്ട് ആ വഞ്ചിയൂർക്കാട്ടിലും പേരു പറയണില്ല, അവൻ [ 127 ] വന്നിരിക്കുന്നു. ചെല്ലിൻ. ആരാര് എന്തരെന്തരു ചെയ്യണമെന്നും ചെയ്യേണ്ടെന്നും ആദിമുതൽ അന്തംവരെ അവൻ ദൂക്ഷമൊപ്പിച്ചു ചൊല്ലൂടും. പിന്നെ നിങ്ങടെ മനംപോലെ ചെയ്‌വിൻ. പെരിഞ്ചക്കോടന്റെ മൊതലും ആളും മൊതലാളീടെ ചൊല്ലിൻകീഴ്."
ജന്മനാ ഈശ്വരദ്രോഹിയും ചാർവ്വാകനും അയ ഗൗണ്ഡൻ ആർക്കും തന്നെ ഉള്ളം വിട്ടുകൊടുത്തിട്ടില്ലാത്ത ഒരു അർത്ഥസിദ്ധിയെക്കൂടി കാംക്ഷിച്ചു പാർക്കുന്നവനായിരുന്നു. ആ ദുർമ്മോഹം സംബന്ധിച്ചുള്ള ആന്ധ്യത്തിൽ പെരിഞ്ചക്കോടന്റെ ഉപദേശപ്രകാരം ഉള്ള ഭാഗ്യപരീക്ഷ ചെയ്‌വാൻ അല്പനേരത്തെ വാദം കഴിഞ്ഞ് ഗൗണ്ഡൻ സമ്മതിച്ചു. പറപാണ്ടയുടെ 'പടിപ്പുര'പ്രശ്നത്തിനു പുറപ്പെടുന്നതിൽ പെരിഞ്ചക്കോടന്റെ അനുഗമനം കൂടി അദ്ദേഹം ആവശ്യപ്പെട്ടു. താൻ ഒരു പാവനകാളിയുടെ ചില്ലറ ഉപാസകൻ ആകയാൽ, തന്റെ മുമ്പിൽ വച്ചു പാണ്ട സേവിക്കുന്ന ക്ഷുദ്രകാളി വിളിപാടുകൊള്ളുകയില്ലെന്നു പറഞ്ഞ് പെരിഞ്ചക്കോടൻ ഒഴിഞ്ഞു. അങ്ങോട്ടു പോകേണ്ട വഴികൾ എല്ലാം വിശദമായി ധരിപ്പിച്ചിട്ട് അയാൾ ആ സംഘത്തിൽനിന്നു പിരിയുകയും ചെയ്തു. ആ സഭാമന്ദിരത്തെ കാത്തുനിന്നിരുന്ന ദ്വാസ്ഥന്മാരിൽ ഒരാളും വിദ്യുച്ഛിഖപോലെ അപ്രത്യക്ഷനായി.
നാഴിക ആറേഴു കഴിഞ്ഞ് കൊടന്തയാശാനു ദക്ഷിണ കിട്ടിയ വനരംഗത്തിന്റെ അന്തഃപ്രദേശം കരിംകുരങ്ങന്മാരുടെ ഋശ്യമൂകം ആയി കാണപ്പെടുന്നു. മദ്യസേവയാൽ എന്നപോലെ ജടയും മുടിയും വിരിച്ചു ചിലർ മാറത്തടിച്ചു, തരുക്കളെ പരിരംഭണം ചെയ്തു ചാഞ്ചാടുന്നു. അർജ്ജുനന്റെ തപോഭംഗം ചെയ്‌വാൻ കിരാതനെ അനുഗമിച്ച 'വീരഭദ്രൻ, അതിഭദ്രൻ, ഉദഗ്രൻ, ഭൈരവൻ, മാണീരവാൻ, മണികണ്ഠൻ' എന്നു തുടങ്ങിയ ഭൂതവൃന്ദത്തോടു തുല്യന്മാരായ ചില ശ്വാനനരന്മാരും അവിടവിടെ വട്ടമിട്ട് ആയുധങ്ങളും ഏന്തി, നിശ്ശബ്ദച്ചുവടുകൾവച്ചു നൃത്തങ്ങൾ തുള്ളുന്നു. ഹോമകുണ്ഡങ്ങൾ കൂട്ടി ചിലർ മൂഷികൻ, മരപ്പട്ടി എന്നീ ജന്തുക്കളെ പചിക്കെ ഹോമത്തീയുടെ ചുറ്റും ചില ആസുരകീർത്തനങ്ങളോടെ വലംവെയ്ക്കുന്നു. ഗോക്കളുടെ മൃതശരീരങ്ങളെ വട്ടമിട്ട് അനന്തരഭുക്തിരസം ചിന്തിച്ചു ചില സംഘക്കാർ, 'അയ്യഹാ!' പ്രണവങ്ങളുടെ ഉദ്ഘോഷത്തോടെ ഋത്വിക്കർമ്മങ്ങൾ ആരംഭിക്കുന്നു. ഊടുവഴികളെ കാത്തുരക്ഷിച്ചു നിൽക്കുന്ന രക്ഷിജനങ്ങൾ മാത്രം ചെടികളുടെ നിരപ്പിനെയും അതിക്രമിച്ചുള്ള ഉന്നതിയിൽ, പാതാളസർപ്പങ്ങൾ വാലിന്മേൽ നില്ക്കുംപോലെ നിശ്ചലവിഗ്രഹങ്ങൾ ആയി കാണപ്പെടുന്നു. കാമക്രോധലോഭങ്ങളുടെ മൂർത്തികളായ അജിതസിംഹൻ കണ്ഠീരവൻ, ഗൗണ്ഡൻ-ഇവർ ആ ദുർഗ്ഗപ്രവേശം ആരംഭിച്ചപ്പോൾ, ആ മൂന്നു വീരകേസരികളെയും കിടുകിടുക്കിയതായ അടയാളവാക്യകഥനത്തിനുള്ള പ്രശ്നങ്ങൾ ഗൗണ്ഡനേയും തോല്പിച്ചുള്ള ഭാഷയിൽ പുറപ്പെട്ടു. അന്നത്തെ രക്ഷാവസ്ഥകൾക്ക് ഗൗണ്ഡനിഘണ്ടുവിൽനിന്നു മുക്തമായ ഒരു സമാസപദം കേട്ടു കാവല്ക്കാർ ആയ കബന്ധസംഘം തൃപ്തിപ്പെട്ടു. [ 128 ] പാണ്ടയുടെ വാസകുടീരത്തിൽ പ്രവേശിച്ചപ്പോൾ ആ ധീരകേസരികളും അവിടത്തെ അന്ധകാരത്തിനിടയിൽ നടുങ്ങിയെങ്കിലും പരസ്പരാവസ്ഥയെ ചിന്തിച്ചു മാത്രം സമാശ്വസിതന്മാരായി.
അന്നത്തെ വെളിപാടുകൾ ഉണ്ടായത് വൃദ്ധകൂപസ്ഥയായ ഒരു നാഗകാളിയിൽ നിന്നു തന്നെ ആയിരുന്നു. പാതാളത്തിൽനിന്നുണ്ടാകുന്ന ഒരശരീരിപോലെ പറപണ്ടയായുള്ള വിശ്വസാക്ഷിയുടെ ദർശനങ്ങൾ സന്നിഹിതന്മാർ കേട്ടിട്ടില്ലാത്തതായ "പെരുമത്താൻകോവിലിലെ-കരുനാട്ടാർലംകത്തിലെ" എന്നു തുടങ്ങിയ ഒരു ഗാനരൂപത്തിൽ പ്രക്ഷിപ്തങ്ങളായപ്പോൾ ഗൗണ്ഡപ്രഭൃതികൾക്കു കർണ്ണപുടങ്ങൾ വിച്ഛിന്നങ്ങളായി എന്നു തോന്നി. "കൊടിയകോടികൾക്ക് ഉടയവരാന ഗൗണ്ഡനാർ പെരിയ കോടികൾ നേടുവാർ-ഉലകാളും മാവേലിയാർ കാൽപിടിക്കും കാവലനാർ മണംപുകഴ്ന്തിരിക്കും മങ്കയാൾ കൈപിടിത്തു അളകശെർശെൽവം താൻ ശേരുവാർ-നാൻകുമറയും കറ്റപൈറ്റനാർ പോത്തി പോരാടി വഞ്ചിപടതനെ മുടിത്തു അരശരശർ വൻപടയെ എപ്പേരുമേ ആളുവാർ-" എന്നു മൂന്നു സുവ്യക്ത ഭവിഷ്യത്തുകളും; "വടനാട്ടു വിക്രമരശന്റെ ശെൽവപ്പൊലിമകളും" മൂന്നാം തൃക്കണ്ണാൽ കണ്ട നീലകാളി സ്വദർശനങ്ങളെ ഇങ്ങനെ ഗാനരൂപത്തിൽ വെളിപാടുകൊണ്ടിട്ട് മൂന്ന് അട്ടഹാസങ്ങളോടും ഘനംകൂടിയ ഒരു സാധനത്തിന്റേതുപോലുള്ള നിപാതാരവത്തോടും അതിനെ അവസാനിപ്പിച്ചു. ഗൗണ്ഡൻ വഹിച്ചിരുന്ന സംഭാവനകൾ ആ നിശ്ചേതനഹസ്തങ്ങളിൽ നിന്നു പ്രക്ഷിപ്തങ്ങളായി. അനന്തരം കല്പാന്തസംഹാരത്തിന്റെ പിന്നീടുള്ള ബ്രഹ്മാണ്ഡാനവസ്ഥയുടെ നിശ്ശബ്ദത. സമാഗതന്മാർ സ്തബ്ധജീവന്മാരായി മാന്ത്രികകർമ്മത്താൽ ഉച്ചാടിതരായപോലെ സാക്ഷാൽ സർവ്വകാലനിശാത്വത്തിന്റെ പ്രതിഷ്ഠാസ്ഥാനം ആയുള്ള ഗർഭഗൃഹത്തിൽ നിന്നും നിർഗ്ഗമിച്ചു.
ഗൗണ്ഡപ്രഭൃതികളെ വരവിലും മടക്കത്തിലും പിന്തുടർന്ന ഒരു വനചരവേഷക്കാരൻ ആ ദുർഭൂതവനത്തിലെ സംഭവങ്ങൾക്കെല്ലാം സത്യസ്വരൂപന്റെ ദിവ്യനേത്രങ്ങൾ വഹിക്കേണ്ടതായ കർമ്മത്തെ യഥാധർമ്മം അനുവർത്തിച്ചു.