താൾ:Ramarajabahadoor.djvu/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കത്തും വിധിനിർവ്വഹണത്തിനു ബദ്ധപരികരന്മാരായി പല ദസ്യുപ്രധാനന്മാർ ദൂരത്ത് ഒരു ശാലയിലും സംയോജിച്ചിരിക്കുന്നു. ഗൗണ്ഡന്റെ രുഷ്ടാട്ടഹാസങ്ങൾ ആ വനസാമ്രാജ്യത്തിലെ സൃഗാലാദി പ്രജാസമുച്ചയത്തെ വിലാന്തരാളങ്ങളിൽ ഭയാക്രാന്തവാസം ചെയ്യിക്കുന്നു. ആ മേഘധ്വനികൾ ആകാശമൂർദ്ധാവിലും സംഘട്ടനം ചെയ്യുമ്പോൾ, ഹിരണ്യയുഗ്മത്തിൽ കനിഷ്ഠനിശാചരേന്ദ്രന്റെ രൂക്ഷക്രിയകൾ കണ്ടിട്ടുള്ള താരാവലികൾ രണ്ടാമതും ഒരു നരസിംഹാവതാരം ഉണ്ടാകുമെന്നു ചിന്തിച്ചു ഭയകമ്പിതർ ആകുന്നു. തന്റെ നിയന്ത്രണാനുസാരം കൃത്യമായി ഹാജരാകാത്ത ഒരംഗത്തെ ഗൗണ്ഡശൗണ്ഡൻ അസഭ്യവർഷംകൊണ്ടു സംഭാവനചെയ്കയായിരുന്നു.

സഭാപ്രവർത്തനങ്ങൾ ശത്രുനേത്രങ്ങൾക്കു ഗോചരമാകാതെ ഇരിപ്പാൻ വ്യാപാരകേന്ദ്രത്തെ ശൂലധാരികൾ വലയംചെയ്തു രക്ഷിക്കുന്നു. അജിതസിംഹന്റെ വാൾക്കാരും പെരിഞ്ചക്കോടന്റെ അനുചരന്മാരും ഈ കാവല്ക്കാരോടു ചേർന്നു പ്രശാന്തസേവനം അനുവർത്തിക്കുന്നു. രണ്ടു ദ്വാസ്ഥപ്രതിമകൾ മാത്രം ആജ്ഞാപ്രതീക്ഷകന്മാർ ആയി മന്ത്രശാലയുടെ പുരോഭാഗത്തു സൈനികനിയമാനുഷ്ഠകരായി നിലകൊള്ളുന്നു. മുസൽമാൻ ചെരിപ്പുകളും കറുത്ത കാലുറകളും ചുവന്ന ചകലാസുകൊണ്ടുള്ള നെടുങ്കുപ്പായങ്ങളും പട്ടുകച്ചകൾകൊണ്ടുള്ള നടുക്കെട്ടുകളും ചുവന്ന നെറ്റിക്കുറികളും നീലാംബരംകൊണ്ടുള്ള ഉഷ്ണീഷങ്ങളും ധരിക്കുന്ന ഈ ഭടന്മാരിൽ ഒരാൾ മഹിഷരാക്ഷസന്റെയും ഇതരൻ മഹിഷമർദ്ദിനിയുടെയും സാന്നിദ്ധ്യത്തെ ദ്യോതിപ്പിക്കുന്നു. ഈ സങ്കലനത്തിന്റെ രഹസ്യം അല്പം മുൻകാലംവരെ പ്രചാരത്തിൽ ഇരുന്ന തിരുവിതാംകൂറിലെ തൃച്ചക്രത്തരികൾക്കും ഗൗണ്ഡൻമുഖേന പ്രസ്രവിതമാകുന്ന ടിപ്പുവിന്റെ മോഹർ, വരാഹൻ, തങ്കക്കാശു എന്നീ സ്വർണ്ണനാണയങ്ങൾക്കു തുല്യം വശ്യശക്തി ഉണ്ടായിരുന്നതുതന്നെയാണ്. ടിപ്പുസുൽത്താൻ രാമരാജബഹദൂർ തിരുമനസ്സിലെ മന്ത്രിയായ കേശവപിള്ളയിൽ സമാനപ്രഭാവനായ ഒരു ശത്രുവിനെ നിരീക്ഷിച്ചതു കേവലം വിഭ്രമംകൊണ്ടല്ലായിരുന്നു എന്നു സന്ദർഭോചിതമായ ഈ സുദർശനപ്രയോഗവും തെളിയിച്ചേക്കാം. അന്തരകാലത്തെ 'വെള്ളാനപ്രൗഢൻ' ആയ റസിഡണ്ട്, ദിവാൻ, വലിയദിവാൻജി ആയ കേശവപിള്ള ധനവിനിമയത്തിൽ വിദഗ്ദ്ധസചിവൻ അല്ലായിരുന്നു എന്ന് അഭിപ്രായപ്പെട്ടത് എന്തു അല്പബുദ്ധിത്വംകൊണ്ടാണെന്ന് ഇക്കാലത്തെ ഘോരസമരപ്രവർത്തകന്മാർ അനുഷ്ഠിക്കേണ്ടിവന്നിരിക്കുന്ന ധനവർഷചാതുര്യങ്ങൾ തെളിയിക്കുന്നതാണ്.

അജിതസിംഹന്റെ ശ്രമത്താൽ ബന്ധനത്തിൽനിന്നു മോചിക്കപ്പെട്ട കണ്ഠീരവരായർ മല്ലരംഗത്തിൽവച്ചു നാം കണ്ടതിലും പുഷ്ടതരഗാത്രനായി, രൂക്ഷതരനേത്രനായി സ്ഥലജലഭേദങ്ങളെ സംഹരിപ്പാൻ സന്നദ്ധനായി, ധൃതഖഡ്ഗനായിത്തന്നെ സ്ഥിതിചെയ്യുന്നു. സംഗ്രാമഛന്ദസ്സുകളിൽ ദ്രോണത്വം അവകാശപ്പെടുന്ന ഈ ആഗ്നേയനേത്രൻ ഗൗണ്ഡന്റെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/122&oldid=167953" എന്ന താളിൽനിന്ന് ശേഖരിച്ചത്