ഗ്രാമ്യഭാഷാധോരണി കേട്ട് ആ പങ്കപ്രവാഹത്തിന്റെ 'ഹരിദ്വാരം' എവിടെ എന്ന് ആശ്ചര്യപ്പെട്ടു മേല്പോട്ടു നോക്കിപ്പോകുന്നു. ഗൗണ്ഡന്റെ പുഷ്പാഞ്ജലി യഥാക്രമം നിർവിഘ്നമായി നടക്കുന്നതിനിടയിൽ, അതിനാൽ സമാരാദ്ധ്യൻ ആകുന്ന വിഗ്രഹം രാജസവസ്ത്രങ്ങൾ ധരിച്ചുള്ള രസികരത്നം ആയി കൂടാരത്തിനകത്തോട്ടു പ്രവിഷ്ടൻ ആയി. ആ രൂപസൗഭാഗ്യത്തിന്റെ ദർശനത്തിൽ അർപ്പിതമായ പാരിജാതങ്ങൾ പ്രത്യക്ഷനായ ദേവന്റെ അരയിൽത്തിരുകിയിരുന്ന കഠാരയെ ഹസ്തസഹിതം സ്വർഗ്ഗോന്മുഖം ആയിത്തന്നെ ആരോഹിപ്പിച്ചു. ഈ പാരുഷ്യപ്രകടനം കണ്ട് ഗൗണ്ഡനായ തന്ത്രവൃദ്ധൻ ഉപധാനങ്ങളിന്മേൽ മലർന്നുവീണു കാലറഞ്ഞും വട്ടമീശകൊണ്ട് ആകാശത്തെ ദ്രുതതരവീജനം ചെയ്തും 'ഹ'കാരധ്വനിയെ പല ശ്രുതികളിലുള്ള ആരോഹനിപാതങ്ങളോടെ മുഴക്കി. കാലവിളംബാപരാധത്തിന് അപഹാസാപമാനത്താൽ ശിക്ഷിതൻ ആയ അജിതസിംഹൻ കഠാരയ്ക്ക് അതിന്റെ പൂർവ്വസ്ഥാനം നല്കിയിട്ട് ആ യോഗനടപടികൾക്കു കേവലം ഒരു സാക്ഷി എന്നുള്ള നാട്യത്തിൽ ഒരു പീഠത്തെ അവലംബിച്ചുകൊണ്ടു നാസാന്തം ചൊറിഞ്ഞുതുടങ്ങി. ഗൗണ്ഡൻ ഹിന്ദുസ്ഥാനി മുതലായ ഭാഷകളെക്കൊണ്ട് ഒരു നപുംസകഭാഷ സൃഷ്ടിച്ച് ഈ അർത്ഥത്തിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞു:
"അയിരേ! ഹ്; ഹ്; ഹ്! ടിപ്പുസുൽത്താൻ മഹാറാജ്, ആകാശവ്യാപിയായി ഒരുത്തനുണ്ടെങ്കിൽ അദ്ദേഹത്താൽ അനുഗ്രഹീതനായ സർവ്വശക്തൻ, അവിടത്തെ പ്രസാദലബ്ധികൊണ്ടു നാം അധികൃതൻ. ആ സുൽത്താൻ ബഹദൂരുടെ ദിഗ്ജയശ്രമത്തിൽ നാം വീരഭദ്രൻ. ആ ഭാസ്വൽപാദങ്ങളെ മയൂരാസനത്തിൽ ആരോഹിപ്പിക്കുവാൻ നാം യജ്ഞപാശം ബന്ധിച്ചു പുറപ്പെട്ടിരിക്കുന്നു. മന്ത്രത്താലും തന്ത്രത്താലും കാര്യസാദ്ധ്യത്തിനു നാം സാഹസപ്പെടുമ്പോൾ, ഏതു കുലഭ്രഷ്ടൻ-" ഗൗണ്ഡൻ ശ്വാസംമുട്ടിയ നാട്യത്താൽ കോപഭാഷണം നിറുത്തി. അദ്ദേഹത്തിന്റെ ഭാഗ്യത്താൽ സദസ്യർ സാന്ത്വനവാക്കുകൾ പ്രയോഗിച്ച് ആ കോപസമുദ്രക്ഷോഭത്തെ പ്രശാന്തസ്ഥിതിയിൽ ആക്കി. ഗൗണ്ഡൻ കോപഗർജ്ജിതത്തെ കൈവിട്ടു എങ്കിലും തന്റെ നായകത്വത്തെ സ്ഥാപിപ്പാൻ അജിതസിംഹനെ നോക്കി മുമ്പിൽ പ്രയോഗിച്ച ഭാഷയിൽത്തന്നെ ഇങ്ങനെ ഒരു ചോദ്യം തുടങ്ങി: "ഹേ! ടിപ്പുമഹാറാജ്! തന്റെ ഹൃദയം ആകുന്ന അമൃതഘടത്തെ ഭദ്രരക്ഷയ്ക്കായി നിക്ഷേപിച്ചിരിക്കുന്ന സുവർണ്ണാഗാരമേ! ഖാൻ ബഹദൂർ കമ്മറുഡീൻസാ നയിക്കുന്ന സേനയുടെ ബലം എന്തെന്ന് ഈ സദസ്യരെ ധരിപ്പിച്ച് അവരെ അനന്തരകൃത്യങ്ങൾക്കു വീരന്മാരാക്കുക."
ബബ്‌ലേശ്വരകുലോത്തുംഗൻ ഈ ചോദ്യത്തിന് ഉത്തരം പറവാൻ വേണ്ട വിവരങ്ങൾ ഗ്രഹിച്ചിരുന്നിട്ടില്ലാത്തതുകൊണ്ടോ, പറയുന്നതു അപനയം ആകും എന്നു വിചാരിച്ചോ കണ്ഠം അടഞ്ഞു പാർഷ്ണികൾകൊണ്ടു പീഠക്കാലുകളിന്മേൽ ചില താളങ്ങൾ മേളിച്ചു.