താൾ:Ramarajabahadoor.djvu/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൗണ്ഡൻ: "രാജാധിരാജ്, മഹാറാജ്, ഷംഷേർ ഉൾമുൾക്കു തിരുമനസ്സിലെ രഹസ്യങ്ങൾ അങ്ങനെ ഇരിക്കട്ടെ. രാമരാജബഹദൂരുടെ സേനാസന്നാഹം തന്റെ വ്യാപാരത്തിനിടയിൽ ഗ്രഹിച്ചിട്ടുണ്ടല്ലോ. അതു നമ്മെ ധരിപ്പിക്കുക."

ബബ്‌ലേശ്വരൻ ലജ്ജിച്ചു നന്തിയത്തുമഠത്തിൽനിന്ന് ആ രാത്രിയിൽ പുറപ്പെട്ടത് ഇടതുകാൽ മുമ്പിൽവച്ചാണെന്നു വ്യസനിച്ചു തലചൊറിഞ്ഞു. ഗൗണ്ഡൻ വഞ്ചിരാജസേനയുടെ അനുചരസംഖ്യ ഉൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷ്മം ആയി സഭാസമക്ഷം ധരിപ്പിച്ച് അത് ടിപ്പുവിന്റെ സൈന്യത്തെ അപേക്ഷിച്ച് ഏറ്റവും നിസ്സാരം ആണെന്നു സ്ഥാപിക്കുവാൻ അദ്ദേഹത്തിന്റെ അതിദീർഘമായുള്ള വക്ത്രചന്ദ്രക്കലയെ വിടുർത്തി ഫൂൽക്കാരവും ചെയ്തു. പെരിഞ്ചക്കോടൻ തന്റെ കാട്ടാളശിരസ്സിനെ ചുഴറ്റി മാണിക്യഗൗണ്ഡന്റെ ചാരചാതുര്യത്തെ അഭിനന്ദിച്ചു. തന്നെക്കാൾ വിദഗ്ദ്ധാചാര്യനായുള്ള സഹകാരിയുടെ കർപ്പൂരാരാധനത്തിൽ ഗൗണ്ഡൻ പ്രസാദിച്ചു, മന്ത്രിനിധനം ആകുന്ന സമുദ്രലംഘനക്രിയ സദസ്യരിൽ 'വയ്യാകരണ'പടുവും യുവപ്രായനും ആയുള്ള അജിതസിംഹൻ സാധിച്ച് ടിപ്പുമഹാരാജാവിന്റെ ഗൂഢേംഗിതത്തെ പര്യാപ്തമാക്കണമെന്നു വിധിച്ചു. മന്ത്രിമന്ദിരപ്രാന്തങ്ങൾ ഭടജനങ്ങളാൽ സമഗ്രമായ ശുഷ്കാന്തിയോടെ സൂക്ഷിക്കപ്പെടുന്നതിനാൽ ആ കൃത്യം ആ സന്ദർഭത്തിൽ ദുഷ്കരം എന്ന് അജിതസിംഹൻ വാദിച്ചു. എന്നാൽ ദിവാൻജി പറവൂർക്കു യാത്രചെയ്യുന്നതിനിടയിൽ ധനശേഖരത്തിനായി ആലപ്പുഴനഗരത്തിൽ ഒന്നുരണ്ടു ദിവസം താമസിക്കും എന്നും ആ താമസം സേനാരക്ഷയിൽനിന്നു പിരിഞ്ഞിട്ടാണെന്നും ആ സന്ദർഭത്തിൽ നിഗ്രഹകർമ്മം സുകരം ആണെന്നും ഗൗണ്ഡൻ അഭിപ്രായപ്പെട്ടു. വരണക്കാപ്പു ചാർത്തിയിരിക്കുന്ന അജിതസിംഹനെത്തന്നെ ഈ കർമ്മത്തിനു പിടികൂടിയത് ഉണ്ണിത്താന് അപമാനകരമായി പരിണമിച്ചേക്കാവുന്നതായ വിവാഹത്തെ വിഘ്നപ്പെടുത്തുവാൻ ആയിരുന്നു. എന്നാൽ ആ പരിണയകർമ്മം നിർവ്വഹിച്ചുകാണുന്നതിനു ബദ്ധശ്രദ്ധനായിരുന്ന പെരിഞ്ചക്കോടൻ ഗൗണ്ഡകൃഷ്ണന്റെ നിയോഗം കേട്ട് ബലഭദ്രരൂക്ഷതയോടെ നിരോധവാദം തുടങ്ങി. ആന്തരമായ ദാക്ഷിണ്യത്താൽ ഭരിതനായിരുന്ന ഗൗണ്ഡൻ പെരിഞ്ചക്കോടനോടു വാദത്തിൽ ഇടഞ്ഞ് ഉണ്ണിത്താനെ രാമവർമ്മമഹാരാജാവിന്റെ ശത്രു ആക്കാൻ പരീക്ഷിച്ചത് ഫലപ്പെടാത്തതിനാൽ അദ്ദേഹത്തിന്റെ അപേക്ഷപ്രകാരമുള്ള വിവാഹത്തിൽനിന്ന് ഒഴിയുന്നതിന് അജിതസിംഹൻ ഉപായങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗൗണ്ഡന്റെ ആജ്ഞയെ നിർവഹിക്കാൻ ഏറ്റുകൊണ്ടാൽ വിവാഹശൃഖല ഏൾക്കേണ്ട ആപത്തിൽനിന്ന് ഒഴിയാം എന്നും, ദിവാൻജിയെ നിഗ്രഹിക്കുന്നതു സൗകര്യംപോലെ ആക്കി, സാധിക്കാഞ്ഞാൽ സമാധാനങ്ങൾ പറഞ്ഞു നിന്നുകൊള്ളാം എന്നും കരുതി അജിതസിംഹൻ ഉടൻതന്നെ ആലപ്പുഴയ്ക്കു പുറപ്പെട്ടു സംഘനായകന്റെ ആജ്ഞയെ നിർവഹിക്കാം എന്നു പ്രതിജ്ഞചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/124&oldid=167955" എന്ന താളിൽനിന്ന് ശേഖരിച്ചത്