താൾ:Ramarajabahadoor.djvu/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെരിഞ്ചക്കോടൻ: (ശാർദൂലരൂക്ഷതയോടെ അജിതസിംഹന്റെ നേർക്കു തിരിഞ്ഞു) "ഹപ്പൊഴെ തിരുമേനീ! ആ ഉണ്ണിത്താന്റെ അടുത്തേറ്റത് ഏതു തന്തയ്ക്കു പെറന്നവൻ? ഹിപ്പച്ചൊല്ലുണത് ഏതവന്റെ തന്തക്കൊണംകൊണ്ടവൻ? ആമ്പുറന്നോരെ തത്ത്വം അങ്ങൊള്ള തമ്പുരാന്മാർക്കു വേണ്ടെന്നോ?"

അജിതസിംഹൻ: "നിങ്ങളാണല്ലോ ആ പെരിഞ്ചക്കോടനെന്നു കേട്ടിട്ടുള്ളത്? തെക്കല്ലേ ജനനം? അതുകൊണ്ടു വാക്കിനു വൈഭവം കുറയും. കേട്ട്വോ ആ വിവാഹസൊള്ളയ്ക്ക് അങ്ങെങ്ങാണ്ട് ഒരു കുടകത്തിൽ പോവാനും മറ്റും നമുക്കു കയിയില്ല."

പെരിഞ്ചക്കോടൻ: "കൈയും കാലും ഇല്ലാഞ്ഞിട്ടാണോ തൂണുപോലെ നിക്കിണത്?"

ഗൗണ്ഡനും അജിതസിംഹനും ഏകമനസ്കരായി പൊട്ടിച്ചിരിച്ചുവെങ്കിലും ആ വൃദ്ധനായ സഭാദ്ധ്യക്ഷൻ മാദ്ധ്യസ്ഥ്യം വഹിച്ചു. "ബസ്സ് ബസ്സ് പെരിഞ്ചക്കോടൻ! പേച്ചിലും കൊടുക്കിറതിലും അപ്പിടിയെ മിദം, മിദം ആകപൊറോത്തിക്കവേണ്ടിയത്. കടന്തു പോകക്കൂടാത്."

പെരിഞ്ചക്കോടൻ: "എന്റെ മൊതലാളീ! ഏച്ചും പേച്ചും കെട്ട പേച്ച് നമ്മക്കു കൊള്ളൂല്ല. ഈ രായർസ്സാമി ഇരിക്കുണല്ലോ. അയാളു പോയി കഴുത്തറുക്കട്ടെ. തമ്പുരാൻ ചെന്നു, കൊടുത്ത വാക്കു നിറവേറ്റിപ്പെണ്ണേ കൊള്ളട്ടെന്ന്."

പ്രസ്തുത വിവാഹം അനുവദിക്കാനുള്ള വൈമനസ്യത്താൽ ഗൗണ്ഡൻ തല ആട്ടിക്കളഞ്ഞു. "എന്നയ്യാ! പെരിഞ്ചക്കോടനയ്യാ! നാലുക്കു മൂന്നു പതിമ്മൂണാക്കക്കൂടാത്. ആനാലും-എന്ന രായർജി താംഗൾ മനം എപ്പടി? ചൊല്ലുംഗൾ."

മറ്റു മൂന്നു സദസ്യരെയും ഓരോ ഗൂഢാഭിലാഷങ്ങൾ ഭരിച്ചിരുന്നതുപോലെ രായരും സ്വാർത്ഥദീക്ഷകൻ ആയി വർത്തിക്കുകയായിരുന്നു. തനിക്കു നേരിട്ടു പോയ അപമാനത്തെ പരിഹരിക്കാൻ അയാളും ബകധർമ്മം അനുസരിച്ച് അവസരം നോക്കിക്കൊണ്ടിരിക്കുകയാണ്. ദിവാൻജിയും ത്രിവിക്രമകുമാരനും സേനാഭാഗങ്ങളും തിരുവനന്തപുരത്തുനിന്ന് ഒഴിയുമ്പോൾ തക്കംനോക്കി മഹാരാജാവിനെ നിഗ്രഹിച്ചിട്ട് ടിപ്പുവിന്റെ അഭിനന്ദനം സമ്പാദിക്കണമെന്ന് അയാൾ ആന്തരമായി നിശ്ചയിച്ചിരുന്നു. ഈ ഇംഗിതത്തിനു വിഘ്നംവരുത്തുന്നതായ ഒരു പ്രശ്നത്തിന്റെ ഉച്ചാരണത്തിൽ രായർ ധനുർവ്വേദാചാര്യനായി ചില പ്രമാണങ്ങളെ പ്രയോഗിപ്പാൻതന്നെ സന്നദ്ധനായി. അന്നത്തെ യോഗത്തിൽ ആലോചിക്കപ്പെടുന്ന നിധനം സമരാംഗമായ ഒരു കൃത്യമാണ്. അങ്ങനെയുള്ള ഒരു ക്രിയയ്ക്കു ദത്തപ്രതിജ്ഞനാകുന്ന ക്ഷത്രിയന്റെ ഉദ്യമത്തെ നിരോധിക്കുന്നതു ശാസ്ത്രവിരുദ്ധം. ഈ തത്വസൂക്തികൾ ആദരണീയങ്ങളാണെന്നു കാണിക്കുവാൻ രായർ തന്റെയും അജിതസിംഹന്റെയും ഉപവീതങ്ങളെ ചൂണ്ടിക്കാട്ടി. ഗൗണ്ഡൻ തന്റെ കുപ്പായക്കെട്ടുകൾ അഴിച്ച് ഒരു കൃഷ്ണവർണ്ണവലയത്തെ പുറത്തു നീട്ടി ആ പാശഖണ്ഡങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/125&oldid=167956" എന്ന താളിൽനിന്ന് ശേഖരിച്ചത്