താൾ:Ramarajabahadoor.djvu/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭസ്മീകരിപ്പാനും സദസ്യർ ടിപ്പുസുൽത്താൻ ബഹദൂരുടെ വിജയം മാത്രം മുൻനിറുത്തി അഭിപ്രയം പറവാനും ഗുണദോഷിച്ചു. അജിതസിംഹൻ ആലപ്പുഴയ്ക്കുതന്നെ യാത്രയാവാൻ എഴുന്നേറ്റു. ആ ക്രിയയെ അഭിനന്ദിച്ചു സഭയുടെ കാര്യപരിപാടി അവസാനിച്ചു എന്നുള്ള നാട്യത്തിൽ രായരും എഴുന്നേറ്റു. പെരിഞ്ചക്കോടൻ തന്റെ ഹലായുധം തന്നെ പ്രയോഗിപ്പൻ സന്നദ്ധനായി.

"കേട്ടോ മുതലാളീ! ഈ ചലുപ്പക്കച്ചോടത്തിലൊന്നും പെരിഞ്ചക്കോടൻ കൂട്ടല്ല. ഒരു കാര്യമെടുത്താൽ അന്തംവരെ കൊണ്ടെറക്കാത്തവൻ തന്തയ്ക്കു പിറന്നവനോ? ഉണ്ണിത്താനങ്ങേര് ആര്? കളിപ്പിള്ളയോ? നാലു ശക്രം എടുപ്പാൻ വേണ്ട കരുവൊണ്ട്; ശാസ്ത്രിമാരും കൊടപിടിക്കണ ആശാനുമാണ്. കൈവഴിച്ചമണ്ണോ അദ്യം? മൊതലാളി പറ്റത്തിമൂപ്പൻ, നാലു കാര്യം അറിഞ്ഞവൻ പറയണം ഞായം."

ഉണ്ണിത്താനെ പ്രശംസിച്ചത് ഗൗണ്ഡനിൽ ഒരു സന്തോഷവായ്പ് ഉണ്ടാക്കിയെങ്കിലും ടിപ്പുവിൽനിന്നു നേരിട്ട് ആജ്ഞകൾ കിട്ടിയിട്ടുള്ള രായരെയും അജിതസിഹനെയും അനാദരിച്ചു തന്നാൽ സമ്പാദിക്കപ്പെട്ട ഒരു ബന്ധുവിന്റെ പക്ഷത്തിൽ ചേരുന്ന കാര്യത്തിൽ ചഞ്ചലമനസ്കനായി ജംഘകൾ തടവിക്കൊണ്ട് അദ്ദേഹം ചാഞ്ചാടിത്തുടങ്ങി. പെരിഞ്ചക്കോടന്റെ സ്വാധീനം പ്രയോഗിച്ച് പറപാണ്ടയുടെ തസ്കരസംഘത്തെക്കൊണ്ട് രാമരാജസേനയിൽ ഒട്ടൊരു ഭാഗമെങ്കിലും ഒടുക്കിക്കാം എന്ന് ഗൗണ്ഡൻ ടിപ്പുവിനെ ധരിപ്പിച്ചുമിരുന്നു. അതു തെറ്റിപ്പോകുമെന്നു കണ്ടപ്പോൾ, സർവ്വദാ സുസ്ഥിരപ്രഗല്ഭനായിരുന്ന ഗൗണ്ഡൻ അനുകരണീയം എന്തെന്നു ജംഘാശുശ്രൂഷണം നിറുത്തിയിട്ടു വിഷമമോചനത്തിനുള്ള ദർശനം കിട്ടാൻ ശിരോദർപ്പണത്തെ ഹസ്തത്താൽ തലോടി പ്രകാശമാനം ആക്കി. അജിതസിംഹൻ വിജയി എന്നുള്ള നാട്യത്തിൽ ദ്വാരപ്രദേശം നോക്കി നടകൊണ്ടു. പ്രാകാരതുല്യമായ പെരിഞ്ചക്കോടന്റെ ശരീരം ആ യാത്രയെ പ്രതിരോധിച്ചു. "തമ്പുരാനായാലെന്ത്? തലയാരിയായാലെന്ത്? ഢീപ്പുവാര്? ഢീഭ്രാക്കാര്? ഛേ! ഫോവാൻ ഫറ. ഹിതാ കിടക്കുന്നു നിങ്ങടെ കുന്തം!" എന്ന് അട്ടഹാസം ചെയ്തുകൊണ്ട് അജിതസിംഹനെ മുന്നിട്ടു യാത്രയാവാൻ പെരിഞ്ചക്കോടൻ തിരിഞ്ഞു. ഗൗണ്ഡൻ എഴുന്നേറ്റ് തന്റെ ഹസ്തതലം കൊണ്ട് പെരിഞ്ചക്കോടന്റെ മുതുകിന്മേൽ തലോടിത്തടഞ്ഞപ്പോൾ, ആ രണ്ടു സത്വങ്ങളും ചരിക്കുന്ന പരോക്ഷമണ്ഡലത്തിന്റെ സയ്യോജ്യതകൊണ്ടായിരിക്കാം ഒരു സ്വാർത്തനിഷ്ഠന്റെ നിരോധത്തിന് തുല്യനോ അതീതനിഷ്ഠനോ ആയുള്ള ഇതരൻ അടങ്ങി. ഇങ്ങനെ ഒരു പ്രമാണവാദം തുടങ്ങി.

"കേട്ടോ, മൊതലാളീ! ഇച്ചതിവുകളും പൊല്ലാപ്പിനു വഴിയാണ്. ആരു വെല്ലണോ, തൊലഞ്ഞു പുല്ലുകുത്തുണോ, എല്ലാത്തിനും കയ്യൊഴിവു നോക്കി പൊരുത്തം കണ്ട് അടിയിട്ടാൽ കാര്യങ്ങളും ഒരൊഴുങ്കിനു പോവും. അങ്ങ് കാഞ്ചീപുരത്തും കാശിയിലും പോവണ്ടാ. നമ്മുടെ നല്ല കാലംകൊണ്ട് ആ വഞ്ചിയൂർക്കാട്ടിലും പേരു പറയണില്ല, അവൻ വന്നി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/126&oldid=167957" എന്ന താളിൽനിന്ന് ശേഖരിച്ചത്