രിക്കുന്നു. ചെല്ലിൻ. ആരാര് എന്തരെന്തരു ചെയ്യണമെന്നും ചെയ്യേണ്ടെന്നും ആദിമുതൽ അന്തംവരെ അവൻ ദൂക്ഷമൊപ്പിച്ചു ചൊല്ലൂടും. പിന്നെ നിങ്ങടെ മനംപോലെ ചെയ്‌വിൻ. പെരിഞ്ചക്കോടന്റെ മൊതലും ആളും മൊതലാളീടെ ചൊല്ലിൻകീഴ്."
ജന്മനാ ഈശ്വരദ്രോഹിയും ചാർവ്വാകനും അയ ഗൗണ്ഡൻ ആർക്കും തന്നെ ഉള്ളം വിട്ടുകൊടുത്തിട്ടില്ലാത്ത ഒരു അർത്ഥസിദ്ധിയെക്കൂടി കാംക്ഷിച്ചു പാർക്കുന്നവനായിരുന്നു. ആ ദുർമ്മോഹം സംബന്ധിച്ചുള്ള ആന്ധ്യത്തിൽ പെരിഞ്ചക്കോടന്റെ ഉപദേശപ്രകാരം ഉള്ള ഭാഗ്യപരീക്ഷ ചെയ്‌വാൻ അല്പനേരത്തെ വാദം കഴിഞ്ഞ് ഗൗണ്ഡൻ സമ്മതിച്ചു. പറപാണ്ടയുടെ 'പടിപ്പുര'പ്രശ്നത്തിനു പുറപ്പെടുന്നതിൽ പെരിഞ്ചക്കോടന്റെ അനുഗമനം കൂടി അദ്ദേഹം ആവശ്യപ്പെട്ടു. താൻ ഒരു പാവനകാളിയുടെ ചില്ലറ ഉപാസകൻ ആകയാൽ, തന്റെ മുമ്പിൽ വച്ചു പാണ്ട സേവിക്കുന്ന ക്ഷുദ്രകാളി വിളിപാടുകൊള്ളുകയില്ലെന്നു പറഞ്ഞ് പെരിഞ്ചക്കോടൻ ഒഴിഞ്ഞു. അങ്ങോട്ടു പോകേണ്ട വഴികൾ എല്ലാം വിശദമായി ധരിപ്പിച്ചിട്ട് അയാൾ ആ സംഘത്തിൽനിന്നു പിരിയുകയും ചെയ്തു. ആ സഭാമന്ദിരത്തെ കാത്തുനിന്നിരുന്ന ദ്വാസ്ഥന്മാരിൽ ഒരാളും വിദ്യുച്ഛിഖപോലെ അപ്രത്യക്ഷനായി.
നാഴിക ആറേഴു കഴിഞ്ഞ് കൊടന്തയാശാനു ദക്ഷിണ കിട്ടിയ വനരംഗത്തിന്റെ അന്തഃപ്രദേശം കരിംകുരങ്ങന്മാരുടെ ഋശ്യമൂകം ആയി കാണപ്പെടുന്നു. മദ്യസേവയാൽ എന്നപോലെ ജടയും മുടിയും വിരിച്ചു ചിലർ മാറത്തടിച്ചു, തരുക്കളെ പരിരംഭണം ചെയ്തു ചാഞ്ചാടുന്നു. അർജ്ജുനന്റെ തപോഭംഗം ചെയ്‌വാൻ കിരാതനെ അനുഗമിച്ച 'വീരഭദ്രൻ, അതിഭദ്രൻ, ഉദഗ്രൻ, ഭൈരവൻ, മാണീരവാൻ, മണികണ്ഠൻ' എന്നു തുടങ്ങിയ ഭൂതവൃന്ദത്തോടു തുല്യന്മാരായ ചില ശ്വാനനരന്മാരും അവിടവിടെ വട്ടമിട്ട് ആയുധങ്ങളും ഏന്തി, നിശ്ശബ്ദച്ചുവടുകൾവച്ചു നൃത്തങ്ങൾ തുള്ളുന്നു. ഹോമകുണ്ഡങ്ങൾ കൂട്ടി ചിലർ മൂഷികൻ, മരപ്പട്ടി എന്നീ ജന്തുക്കളെ പചിക്കെ ഹോമത്തീയുടെ ചുറ്റും ചില ആസുരകീർത്തനങ്ങളോടെ വലംവെയ്ക്കുന്നു. ഗോക്കളുടെ മൃതശരീരങ്ങളെ വട്ടമിട്ട് അനന്തരഭുക്തിരസം ചിന്തിച്ചു ചില സംഘക്കാർ, 'അയ്യഹാ!' പ്രണവങ്ങളുടെ ഉദ്ഘോഷത്തോടെ ഋത്വിക്കർമ്മങ്ങൾ ആരംഭിക്കുന്നു. ഊടുവഴികളെ കാത്തുരക്ഷിച്ചു നിൽക്കുന്ന രക്ഷിജനങ്ങൾ മാത്രം ചെടികളുടെ നിരപ്പിനെയും അതിക്രമിച്ചുള്ള ഉന്നതിയിൽ, പാതാളസർപ്പങ്ങൾ വാലിന്മേൽ നില്ക്കുംപോലെ നിശ്ചലവിഗ്രഹങ്ങൾ ആയി കാണപ്പെടുന്നു. കാമക്രോധലോഭങ്ങളുടെ മൂർത്തികളായ അജിതസിംഹൻ കണ്ഠീരവൻ, ഗൗണ്ഡൻ-ഇവർ ആ ദുർഗ്ഗപ്രവേശം ആരംഭിച്ചപ്പോൾ, ആ മൂന്നു വീരകേസരികളെയും കിടുകിടുക്കിയതായ അടയാളവാക്യകഥനത്തിനുള്ള പ്രശ്നങ്ങൾ ഗൗണ്ഡനേയും തോല്പിച്ചുള്ള ഭാഷയിൽ പുറപ്പെട്ടു. അന്നത്തെ രക്ഷാവസ്ഥകൾക്ക് ഗൗണ്ഡനിഘണ്ടുവിൽനിന്നു മുക്തമായ ഒരു സമാസപദം കേട്ടു കാവല്ക്കാർ ആയ കബന്ധസംഘം തൃപ്തിപ്പെട്ടു.