പാണ്ടയുടെ വാസകുടീരത്തിൽ പ്രവേശിച്ചപ്പോൾ ആ ധീരകേസരികളും അവിടത്തെ അന്ധകാരത്തിനിടയിൽ നടുങ്ങിയെങ്കിലും പരസ്പരാവസ്ഥയെ ചിന്തിച്ചു മാത്രം സമാശ്വസിതന്മാരായി.
അന്നത്തെ വെളിപാടുകൾ ഉണ്ടായത് വൃദ്ധകൂപസ്ഥയായ ഒരു നാഗകാളിയിൽ നിന്നു തന്നെ ആയിരുന്നു. പാതാളത്തിൽനിന്നുണ്ടാകുന്ന ഒരശരീരിപോലെ പറപണ്ടയായുള്ള വിശ്വസാക്ഷിയുടെ ദർശനങ്ങൾ സന്നിഹിതന്മാർ കേട്ടിട്ടില്ലാത്തതായ "പെരുമത്താൻകോവിലിലെ-കരുനാട്ടാർലംകത്തിലെ" എന്നു തുടങ്ങിയ ഒരു ഗാനരൂപത്തിൽ പ്രക്ഷിപ്തങ്ങളായപ്പോൾ ഗൗണ്ഡപ്രഭൃതികൾക്കു കർണ്ണപുടങ്ങൾ വിച്ഛിന്നങ്ങളായി എന്നു തോന്നി. "കൊടിയകോടികൾക്ക് ഉടയവരാന ഗൗണ്ഡനാർ പെരിയ കോടികൾ നേടുവാർ-ഉലകാളും മാവേലിയാർ കാൽപിടിക്കും കാവലനാർ മണംപുകഴ്ന്തിരിക്കും മങ്കയാൾ കൈപിടിത്തു അളകശെർശെൽവം താൻ ശേരുവാർ-നാൻകുമറയും കറ്റപൈറ്റനാർ പോത്തി പോരാടി വഞ്ചിപടതനെ മുടിത്തു അരശരശർ വൻപടയെ എപ്പേരുമേ ആളുവാർ-" എന്നു മൂന്നു സുവ്യക്ത ഭവിഷ്യത്തുകളും; "വടനാട്ടു വിക്രമരശന്റെ ശെൽവപ്പൊലിമകളും" മൂന്നാം തൃക്കണ്ണാൽ കണ്ട നീലകാളി സ്വദർശനങ്ങളെ ഇങ്ങനെ ഗാനരൂപത്തിൽ വെളിപാടുകൊണ്ടിട്ട് മൂന്ന് അട്ടഹാസങ്ങളോടും ഘനംകൂടിയ ഒരു സാധനത്തിന്റേതുപോലുള്ള നിപാതാരവത്തോടും അതിനെ അവസാനിപ്പിച്ചു. ഗൗണ്ഡൻ വഹിച്ചിരുന്ന സംഭാവനകൾ ആ നിശ്ചേതനഹസ്തങ്ങളിൽ നിന്നു പ്രക്ഷിപ്തങ്ങളായി. അനന്തരം കല്പാന്തസംഹാരത്തിന്റെ പിന്നീടുള്ള ബ്രഹ്മാണ്ഡാനവസ്ഥയുടെ നിശ്ശബ്ദത. സമാഗതന്മാർ സ്തബ്ധജീവന്മാരായി മാന്ത്രികകർമ്മത്താൽ ഉച്ചാടിതരായപോലെ സാക്ഷാൽ സർവ്വകാലനിശാത്വത്തിന്റെ പ്രതിഷ്ഠാസ്ഥാനം ആയുള്ള ഗർഭഗൃഹത്തിൽ നിന്നും നിർഗ്ഗമിച്ചു.
ഗൗണ്ഡപ്രഭൃതികളെ വരവിലും മടക്കത്തിലും പിന്തുടർന്ന ഒരു വനചരവേഷക്കാരൻ ആ ദുർഭൂതവനത്തിലെ സംഭവങ്ങൾക്കെല്ലാം സത്യസ്വരൂപന്റെ ദിവ്യനേത്രങ്ങൾ വഹിക്കേണ്ടതായ കർമ്മത്തെ യഥാധർമ്മം അനുവർത്തിച്ചു.