താൾ:Ramarajabahadoor.djvu/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്കിലും ഗൗണ്ഡന്റെ അധികാരവ്യാപ്തിയെ സൂക്ഷ്മമായി ഗ്രഹിച്ചിരുന്നില്ല.

പല ഗൃഹസ്ഥന്മാരെയും ദേശസമ്രാട്ടുകളെയും ഗൗണ്ഡൻ സമ്മാനദാനംകൊണ്ടുതന്നെ പാട്ടിലാക്കിയിട്ടും തൃപ്തിപ്പെടാതെ രാജ്യഭണ്ഡാരം ഭരിക്കുന്ന കുബേരനെയും വ്യാമോഹിപ്പിക്കാൻ യത്നിച്ചു. തന്റെ പാപകർമ്മങ്ങളിൽ ഭാഗഭാക്കാക്കിയില്ലെങ്കിലും രാജകക്ഷിയിൽനിന്ന് അദ്ദേഹത്തെ അകറ്റുന്നതിനായി ഒരു ലേഖനശസ്ത്രവും പ്രയോഗിച്ചുനോക്കി. ആ ശസ്ത്രം ഫലിച്ചില്ലെന്നു കണ്ടിട്ടും രണ്ടാം ശസ്ത്രം പ്രയോഗിക്കാതെയും ശത്രുപക്ഷക്കാരനോടുള്ള ആദരത്തിനു ന്യൂനത വരുത്താതെയും ഗൗണ്ഡൻ അടങ്ങിയിരുന്നു. ഗൗണ്ഡന്റെ പരിശ്രമം ഫലപ്പെടാഞ്ഞ യത്നത്തിൽ താൻ വിജയിയാകണമെന്നുള്ള മോഹത്തോടെ കാര്യക്കാർ അജിതസിംഹനെ നിയോഗിച്ചു. മൈസൂർ സൈന്യം തിരുവിതാംകൂറിലോട്ട് അടുക്കുന്നു എന്നു തീർച്ചയായ അറിവു കിട്ടിയപ്പോൾ മഹാരാജാവിനെയും മന്ത്രിയെയും നിഗ്രഹിക്കുന്നതിനു താൻ ടിപ്പുവോടു ചെയ്തിട്ടുള്ള പ്രതിജ്ഞ അനുസരിച്ച് ഗൗണ്ഡൻ പല ഉപായങ്ങളും അനുഷ്ഠിക്കുകയും അനുഷ്ഠിപ്പിക്കുകയുംചെയ്തു. വിശ്വരക്ഷ ചെയ്തരുളുന്ന ഹസ്തങ്ങൾ മഹാരാജാവിനെയും അവിടുത്തെ മന്ത്രിയെയും രക്ഷിച്ചു. സേനാഭാഗങ്ങൾ മിക്കവാറും ഉത്തരമേഖലയിലേക്കു നീക്കിക്കഴിഞ്ഞിരിക്കുന്നു. മന്ത്രി യുദ്ധരംഗത്തിൽ എത്തുന്നതിന് ഇടവരുത്തിയാൽ ടിപ്പുവിന്റെ കഠാരധാരയെത്തന്നെ താൻ ലേഹനം ചെയ്യേണ്ടിവരും. അതിനാൽ താൻ ആലോചിക്കുന്ന നിഗ്രഹകർമ്മത്തിനു ഒരു അന്തകനെ ഉടൻതന്നെ നിയമിക്കേണ്ടതായിരിക്കുന്നു. രാജ്യത്തിൽ ഭിന്നങ്ങളായി സ്ഥിതിചെയ്യുന്ന സംഘത്തലവന്മാർ പരസ്പരം പരിചയിക്കേണ്ട കാലവും സമീപമായിരിക്കുന്നു. അജിതസിംഹൻ, കണ്ഠീരവരായർ എന്നിവരെ ടിപ്പുവിന്റെ സേനയോടു സംഘടിച്ചുകൊള്ളുവാൻ വിടുന്നതിനുള്ള കാലവും അതിക്രമിച്ചു പോയിരിക്കുന്നു. ഈ ആലോചനകളോടുകൂടി ഗൗണ്ഡൻ തന്റെ ഉച്ചസ്ഥിതിപ്രാപ്തിക്കു ചേരുന്നതായ പാപകർമ്മത്തിനു സമുദ്യുക്തനായി.

പെരിഞ്ചക്കോട്ടു ലങ്കയുടെ മർദ്ദനംകഴിഞ്ഞു നിശാന്തനം നാലമത്തേത് ആയിരിക്കുന്നു. ദിവാൻജിയുടെ വ്യവസ്ഥകൾ ഊർജ്ജിതങ്ങളായിരുന്നതുകൊണ്ട് ആ മർദ്ദനസംഭവത്തെക്കുറിച്ചുള്ള പ്രസ്താവം ആ സങ്കേതം കവിഞ്ഞു പ്രചരിച്ചില്ല. അതുകൊണ്ട് ഗൗണ്ഡൻ ആദ്ധ്യക്ഷ്യം വഹിക്കുന്ന കൗരവസഭയിൽ നാം കാണുന്ന പെരിഞ്ചക്കോടന്റെ മുഷ്കരത്വം ഒട്ടുംതന്നെ ധൂസരം ആയിട്ടില്ല. ഗൗണ്ഡൻ ആയ ജഗൽസ്തംഭകൻ തന്റെ പ്രത്യേകശാലയ്ക്കകത്ത് ഒരു വേദിയിന്മേൽ ദിവാൻ ഉപയോഗിക്കുന്നതിനെക്കാൾ ഉയർന്ന തരത്തിൽ രാജസങ്ങളായ ഉപാധാനാദി ഉപകരണങ്ങളാൽ പരിവൃതനായും പിംഗളാക്ഷങ്ങളെ സൂചിമുഖങ്ങൾപോലെ സൂക്ഷ്മങ്ങളാക്കി പ്രസ്ഫുരിപ്പിച്ചും കരപാദങ്ങളുടെ പ്രപാതങ്ങളാൽ ആസനത്തെത്തന്നെ ധൂളീകരിച്ചും സഭാനിയന്ത്രണം വഹിക്കുന്നു. സന്നിഹിതന്മാർ ആയ പെരിഞ്ചക്കോടൻ, കണ്ഠീരവരായർ ഇവർ ശാലയ്ക്ക

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/121&oldid=167952" എന്ന താളിൽനിന്ന് ശേഖരിച്ചത്