ക്വണിതം മുഴക്കിക്കൊണ്ടിരുന്ന നാണയങ്ങളും മാണിക്യഗൗണ്ഡൻ സ്യമന്തകമണിവച്ചു പൂജിക്കുന്ന ഒരു യാദവൻതന്നെ ആണെന്നു ചില അന്ധപ്രമാണികളെ വിശ്വസിപ്പിച്ചു.
മാണിക്യസൗരന്റെ തിരുവിതാംകൂർ രാശിയിലോട്ടുള്ള സംക്രമം കഴിഞ്ഞു കൊല്ലം രണ്ടോളം ആകുന്നു. ഇതിനിടയിൽ പല കോണങ്ങളിലും രാമവർമ്മ മഹാരാജാവിന് ആപദ്യോഗങ്ങൾ ചേർത്തുകഴിഞ്ഞിരിക്കുന്നു. അധികാരബലം പ്രയോഗിച്ചുള്ള സാക്ഷാൽ തസ്കരകർമ്മത്താൽ ആർജ്ജിക്കപ്പെടുന്ന ധനം ദുർമ്മദകേസരികളായ രാഷ്ട്രാധിപന്മാരുടെ ഇംഗിതസിദ്ധിക്കായി പ്രയുക്തമാകുമ്പോൾ, സംഖ്യയും മാർഗ്ഗങ്ങളും പാത്രാപാത്രതകളും പരിഗണിക്കപ്പെടുന്നില്ല. മാണിക്യഗൗണ്ഡന്റെ ദാനവിദ്വേഷികളായ ഹസ്തങ്ങൾ അത്യുദാരമായി വിതരണം ചെയ്ത ദ്രവ്യം തിരുവിതാംകൂർകാരായ ദ്രോഹസംഘനേതാക്കന്മാരുടെ അറകളിൽ അപരിമിതമായി കുമിഞ്ഞു. ഈ പ്രയോഗംകൊണ്ട് മാണിക്യഗൗണ്ഡൻ തിരുവിതാംകൂർ നളസ്ഥാനത്തിന് ഒരു പുഷ്കരശക്തി ആയിത്തീർന്നു. ടിപ്പുവിന്റെ ഈ കലിപ്രവർത്തനത്തിന്റെ ഫലം ആയി പല കേന്ദ്രങ്ങളിലും അന്തച്ഛിദ്രകാരന്മാർ ഉത്ഭവിച്ചു, ഹരിപഞ്ചാനനയോഗീശ്വരന്റെ കാലത്തെ പ്രസിദ്ധീകരണം കൂടാതെ സഞ്ചരിക്കുകയും ചെയ്തു.
ഗൗണ്ഡരായ വ്യവസായവിദഗ്ദ്ധന്റെ ആജ്ഞാനുസാരം പ്രവർത്തിപ്പാൻതന്നെ അജിതസിംഹനും നിയോഗിക്കപ്പെട്ടു. ഈ രാജകുമാരസ്ഥാനക്കാരനെയും ഗൗണ്ഡൻ മറ്റു ചാരപ്രധാനന്മാർക്കു തുല്യം ആജ്ഞകൾ കൊടുത്തു ശാസിച്ചും നയിച്ചും പ്രവർത്തിപ്പിച്ചുവന്നു. ഗൗണ്ഡൻ തിരുവിതാംകൂറിലെ ദ്രോഹമണ്ഡലത്തെ ഭരിച്ച നയം ഒരു വിശിഷ്ടരീതിയിൽ ഉള്ളതായിരുന്നു. പെരിഞ്ചക്കോടൻ, അജിതസിംഹൻ, കണ്ഠീരവരായർ എന്നിവരെല്ലാം അദ്ദേഹത്തിന്റെ ആജ്ഞാകാരന്മാരായി പ്രവർത്തിച്ചു എങ്കിലും ഈ വകക്കാരു തമ്മിൽ അഭിമുഖപരിചയത്തിന് അദ്ദേഹം സംഗതിയുണ്ടാക്കിയില്ല. ഇടക്കാലത്തെത്തി, അടുത്തകാലത്തു മറഞ്ഞിരിക്കുന്ന ഇട്ടുണ്ണിക്കണ്ടപ്പനും ഗൗണ്ഡനും മാത്രമേ പരസ്പരം ആന്തരങ്ങൾ സൂക്ഷ്മമായി ധരിച്ച ബന്ധുക്കളായിരുന്നുള്ളു. ഗൗണ്ഡന്റെ കൗടില്യം ഗ്രഹിച്ച പെരിഞ്ചക്കോടൻ പറപാണ്ടയുടെ പഞ്ചമബലത്തെ അദ്ദേഹത്തിന്റെ സ്വാധീനത്തിൽ പ്രവർത്തിപ്പിക്കാമെന്നു വാഗ്ദത്തം ചെയ്തുവെങ്കിലും നായകനായ തസ്കരമാന്ത്രികന്റെ വേഷസൗഭാഗ്യംപോലും ഒന്നു കാണ്മാൻ നമ്മുടെ സനൈശ്ചരസാർത്ഥവാഹനു സന്ദർഭം ഉണ്ടാക്കിക്കൊടുത്തില്ല. പാണ്ട എന്നൊരു സംഘത്തലവൻ കൊടന്തയാശാനെ ദാസ്യപ്പെടുത്തി പെരിഞ്ചക്കോടൻ എന്നൊരു പ്രഭുവിന്റെ ഇഷ്ടങ്ങൾക്കായി പ്രവർത്തിപ്പിച്ചുവന്നു. എന്നാൽ കൊച്ചാശാനും പെരിഞ്ചക്കോടൻ എന്ന വിക്രമകേസരിയുടെ രൂപം കണ്ടു സ്വസമുദായത്തിന്റെ ജനസമ്പത്തിൽ സമ്മോദിപ്പാൻ സംഗതിവന്നിട്ടില്ല. കണ്ഠീരവനും, കാര്യക്കാരുടെയും ഗൗണ്ഡവന്റെയും ആജ്ഞകൾക്ക് അധീനമായി പ്രവർത്തിച്ചുവന്നു