ക്കുന്ന ഈ വനം അക്കാലത്ത് കേരളത്തിലെ നാഗരാഷ്ട്രങ്ങൾക്ക് എല്ലാം 'ഡൽഹി' സ്ഥാനം വഹിച്ചിരുന്നു. എന്നാൽ ലോകാവസ്ഥകളിലെ ദോഷഗുണസമ്മിശ്രതയ്ക്കുള്ള ലക്ഷ്യം എന്നപോലെ ആ വനം നകുലങ്ങളാലും പരിസേവ്യം ആയിരുന്നു. ഈ വൈരിപക്ഷങ്ങൾക്കിടയിൽ മാദ്ധ്യസ്ഥ്യം വഹിപ്പാനായി സാർവ്വത്രികന്മാരായ സൃഗാലവർഗ്ഗവും അവിടത്തെ ചെറുപാതാളസഹസ്രങ്ങളിൽ കുമാരമഹാബലികളായി വാഴ്ചകൊണ്ടിരുന്നു.
മാണിക്കഗൗണ്ഡൻ ആയ ധനദത്തൻ തിരുവിതാംകൂറിൽ ആരംഭിച്ച വ്യാപാരത്തിനു സ്ഥാപിച്ച 'കനകപട്ടണം' അദ്ദേഹത്തിന്റെ രൂപസ്വഭാവവിശേഷങ്ങൾക്ക് അനുരൂപമായ ഈ മഹാബലിവനത്തിന്റെ മദ്ധ്യത്തിൽത്തന്നെ ആയിരുന്നു. കുടിപ്പാർപ്പുള്ള സ്ഥലങ്ങളിൽനിന്നു കഴിയുന്നത്ര ദൂരത്തുമാറി, ഒരു ചെറുമൈതാനം തെളിച്ചു. നമ്മുടെ സാർത്ഥവാഹൻ ചില കൂടാരങ്ങളും പല നെടുംപുരകളും വാണിഭശാലയായി ഉറപ്പിച്ചു. ആ കാളകണ്ഠന്റെ 'ഇളാവൃതം' ആയി തട്ടികൾ, തട്ടുകൾ എന്നിവയാൽ രക്ഷിക്കപ്പെട്ടിട്ടുള്ള ഒരു പ്രത്യേകശാലയും ഇതരശാലകളാൽ ആരാധിതമാകേണ്ട പ്രാസാദമായി സ്ഥാപിക്കപ്പെട്ടു. ക്രയവിക്രയാർത്ഥികൾക്കു പ്രവേശ്യം ആയിരുന്ന ചില നെടുംപുരകൾ ഒഴികെയുള്ള ഭാഗങ്ങൾ എല്ലാം ഉഗ്രന്മാരായ കുന്തമേന്തികളാലും തോക്കുകാരാലും സൂക്ഷിക്കപ്പെട്ടിരുന്നു. ഗൗണ്ഡപ്രതിഷ്ഠ ആ മൂർത്തിയോടുള്ള സായൂജ്യത്തെ പ്രാർത്ഥിക്കുന്ന യോഗന്ധരന്മാരെ മാത്രം ദർശനവിഭൂതിയാൽ അനുഗ്രഹീതന്മാർ ആക്കി. കാണാനും കൊള്ളുവാനും എത്തുന്ന പാമരപരിഷകൾ ഒരു മഹിഷകണ്ഠത്തിന്റെ മർമ്മരധ്വനിയും ചിലപ്പോൾ മേഘധ്വനിയും കേട്ട് അവിടത്തെ ഗർഭഗൃഹവാസിയായ മേഘവാഹന്റെ അമോഘപ്രഭാവത്തെ ഗ്രഹിച്ചുവന്നു. ദശാവതാരവേഷങ്ങളിൽ ചിലതു ധരിച്ചു വേഷോചിതങ്ങളായ ആയുധങ്ങളും ഏന്തി ഒരു ഭൂതത്താൻ ദേശസഞ്ചാരം ചെയ്‌വാൻ നേർവഴികൾ ഒഴിഞ്ഞു ചിലടങ്ങളിൽ എത്തി ആകാശരേഖകളോ കാലമാത്രകളോ എണ്ണിനില്ക്കുന്നതും അപൂർവ്വം ചിലർ കണ്ടിട്ടുണ്ട്. ദിവാൻജിയോടു പറവാൻ പുറപ്പെട്ടത് ഈ വ്യാപാരസംഘത്തിന്റെ ഒരു അംശവും പാത്രവാനെങ്കിലും മുമുക്ഷുപദം ചേർപ്പാൻ അദ്ദേഹത്തിന്റെ മുമ്പിൽ ആവിർഭൂതനായ മുതലിയാർ സാക്ഷാൽ മാണിക്യഗൗണ്ഡനും ആയിരുന്നു.
ഗൗണ്ഡൻ ഒരു ശ്രീകൃഷ്ണന്റെ വിരോധത്തെ പേടിച്ച് തിരുവനന്തപുരം അവനംചെയ്യുന്ന ശ്രീരാമപാദങ്ങളെ അഭയം പ്രാപിച്ചിരിക്കുന്ന ഒരു അക്രൂരൻ ആണെന്നുള്ള കിംവദന്തിയെ അദ്ദേഹത്തിന്റെ അനുചരന്മാർ സാമർത്ഥ്യത്തോടെ വ്യാപരിപ്പിച്ചു. വാരംപ്രതി ഗൗണ്ഡനു വരുന്ന വിലയേറിയ സാമാനങ്ങളെ പാണ്ടിയിലെ മറവന്മാരും തിരുവിതാംകൂറിലെ പറപാണ്ടയും തസ്കരിക്കാത്തത്, ജനങ്ങളുടെ ഇടയിൽ പരന്ന മിഥ്യാബോധത്തെ പ്രബലപ്പെടുത്തി. ഗൗണ്ഡശാലയെ വൈകുണ്ഠതുല്യം പ്രകാശിപ്പിച്ച രത്നകോടികളും അഹസ്കാലം മുഴുവൻ അവിടെ ശിഞ്ജിനീ