രാമരാജാബഹദൂർ/അദ്ധ്യായം പത്ത്
←അദ്ധ്യായം ഒൻപത് | രാമരാജാബഹദൂർ രചന: അദ്ധ്യായം പത്ത് |
അദ്ധ്യായം പതിനൊന്ന്→ |
"ഗർഭവുമുണ്ടായ് വന്നു, ബന്ധുക്കളറിഞ്ഞഹോ
ദുർഭഗേ നടന്നാലുമെന്നവരുപേക്ഷിച്ചാർ"
ബ്രഹ്മാണ്ഡം ബുദ്ധീന്ദ്രിയങ്ങൾക്ക് അല്ലെങ്കിൽ ആത്മേന്ദ്രിയങ്ങൾക്കു ഗോചരമാകുമാറു ഘടിക്കപ്പെട്ടിരിക്കുന്നു. ആ ഇന്ദ്രിയങ്ങളുടെ അപൂർണ്ണതയാലോ ക്ഷീണത്താലോ ദുർഗ്രാഹ്യങ്ങളായി കാണുന്ന സ്ഥിതികളും ലക്ഷണങ്ങളും 'അപരിജ്ഞേയം' എന്ന അഭിമാനസംജ്ഞകൊണ്ടു മഹനീയകാണ്ഡത്തിൽ ചേർക്കപ്പെട്ട്, സമുദായത്തിൽനിന്നുമുള്ള ആരാധനത്തിനോ അവരോപണത്തിനോ പാത്രങ്ങൾ ആക്കപ്പെടുന്നു. മനുഷ്യഗൃഹങ്ങളും സൂക്ഷ്മത്തിൽ ചെറുബ്രഹ്മാണ്ഡങ്ങൾതന്നെയാണ്. ഈ മണ്ഡലത്തിലും സർവ്വശക്തന്മാരും ശക്തിസ്വരൂപിണികളും സ്വർഗ്ഗനരകങ്ങഭേദങ്ങളും നാം കാണുന്നു. ഈ ബ്രഹ്മാണ്ഡങ്ങളിലെ ചില രഹസ്യങ്ങൾ സമുദായാഭിമാനത്തിന് അർഹങ്ങളാകുന്നു. ചിലത് അപരാധങ്ങളുടെ ബാഹ്യമുദ്രകൾ ആണെന്ന് ലോകം സൂക്ഷ്മദൃഷ്ട്യാ ഗ്രഹിച്ച് അതുകളെ ഭർത്സിക്കുന്നു. ഏതൊരു ഭവനത്തിന്റെ സംഗതിയിൽ ഈ ജുഗുപ്സ ക്രമാതീതം ആകുന്നുവോ ആ ഭവനം മനുഷ്യസഹവാസത്തിൽനിന്നു ഭ്രഷ്ടമാകുന്നു.
പെരിഞ്ചക്കോടുഭവനം ആകാശത്തുനിന്നു വീണതുപോലെ ഐശ്വര്യ സമുൽക്കർഷത്തോടെ പൊടുന്നനവെ ഉദിച്ചു. അതിന്റെ സ്ഥാപകൻ, പിതൃഗേഹത്തിൽനിന്നു നിഷ്കാസിതനായപ്പോൾ അയാൾ മത്സരമൂർത്തിയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചും ദേശാടനപരിശ്രമത്തെ ജീവിതധർമ്മമായി സ്വീകരിച്ചും കേരളത്തിലെ മലകൾ, കുന്നുകൾ, ഗുഹകൾ എന്നിവയുടെ കിടപ്പിനും ചരിത്രത്തിനും ഒരു സൂക്ഷ്മഗ്രന്ഥം ആയി ഭവിച്ചു. പല കോവിലകങ്ങളുടെയും കോവിലുകളുടെയും ഭണ്ഡാരങ്ങളുടെ ഐശ്വര്യസമൃദ്ധിക്ക് ഈ ആൾ പരമാർത്ഥ സാക്ഷിയും സാർത്ഥവാഹനും ആയി. രണ്ടു ചെറുമൈനാകങ്ങളുടെ ഇടയിലുള്ള പൊയ്കയിൽ പെരിഞ്ചക്കോടുഭവനത്തിന്റെ നിർമ്മാണം കുഞ്ചുമായിറ്റിപ്പിള്ള [ 107 ] ആരംഭിച്ചപ്പോൾത്തന്നെ അദ്ദേഹത്തിന്റെ നളകൂബരത്വത്തെ പരിസരവാസികൾ സൂക്ഷ്മമാനം ചെയ്തു. നായന്മാരുടെ ഗൃഹങ്ങളോടു സഹവസിപ്പാൻ മോഹിക്കാതെ ഒരു കാട്ടുകുഴിയിൽ ശാസ്ത്രാനുസാരമായിത്തന്നെയുള്ള സ്ഥാനത്തിലും പ്രഭുത്വത്തിനുചേർന്നുള്ള കെട്ടിടങ്ങളോടും ഭവനം സ്ഥാപിച്ചുതീർന്നപ്പോൾ തിരുവിതാംകൂറിലെ ദക്ഷിണഖണ്ഡത്തെ പെരിഞ്ചക്കോടെന്ന നാമം സ്തംഭിപ്പിച്ചുതുടങ്ങി. ചിലമ്പിനഴിയത്തുഭവനത്തിന്റെ ലങ്കാത്വമോ ഐശ്വര്യവിലാസമോ ശുചിത്വമോ ഒന്നും പെരിഞ്ചക്കോടുഭവനത്തെ സ്പർശിച്ചിട്ടില്ലെങ്കിലും ഗൃഹകൂടങ്ങളുടെ സംഖ്യയും ഉന്നതിയും വിസ്തൃതിയും ദൂരത്തുനിന്നു കണ്ടുവന്ന ആളുകളെക്കൊണ്ട് ആ ഭവനത്തെ ബലേന ആദരിപ്പിച്ചുവന്നു. ഈ ഭവനം പെരിഞ്ചക്കോടന്റെ സഹോദരികളുടെ പാർപ്പിടം ആയിരുന്നു. ക്ഷൗരത്തിനുപോലും കാശ് ഇറക്കാത്ത പെരിഞ്ചക്കോടന്റെ ഗൃഹപ്പതിവ് ലംഘിപ്പാൻ പട്ടിണി കിടന്നു മരണപ്രാന്തത്തിൽ എത്തിയാലും ആ സ്ത്രീകൾ ചിന്തിക്കുകപോലും ചെയ്കയില്ലായിരുന്നു. ഭർത്തൃലബ്ധിയും തന്നിമിത്തം സന്താനാപ്തിയും ഇല്ലാതെയും ബഹിർഗൃഹങ്ങളോടു വ്യാപാരാദികൾ ഒന്നും കൂടാതെയും കഴിയുന്ന ഈ സ്ത്രീകളുടെ സമ്പൽസ്ഥിതി ലോകചരിത്രത്തിൽ ഒരു നവസംഭവം ആയിരുന്നു.
തെക്കുമാറിക്കാണുന്ന 'പ്രമദാവനം' പെരിഞ്ചക്കോടന്റെ മനോധർമ്മത്തിനുള്ള സ്മാരകസ്തംഭം ആയിരുന്നു. മുള്ളിലവുകളും ചാരുവൃക്ഷങ്ങളും കരിമ്പനകളും മറ്റു കാട്ടുമരങ്ങളും കണ്ടകവല്ലികളും ഇടതിങ്ങിവളരുന്ന ഈ നാരകീയാരാമത്തിന്റെ ഉള്ളിലോട്ടു കടപ്പാൻ സർപ്പഗതിപോലെ വളഞ്ഞും പുളഞ്ഞും വിസ്താരം കുറഞ്ഞും ഉള്ള ഊടുവഴികൾ ഉണ്ടായിരുന്നു. ഗാഢപരിചയമില്ലാത്തവർ ഈ ഗൂഢവഴികളിൽ കടന്നാൽ പല നാഴിക ദൂരത്തെ പ്രദക്ഷിണം കഴിച്ചിട്ട് രാവണൻകോട്ടയുടെ തരണമെന്നപോലെ വീണ്ടും പ്രവേശനദ്വാരത്തിൽത്തന്നെ എത്തിപ്പോകുമായിരുന്നു. മാർഗ്ഗപരിചയമുള്ളവർ വള്ളികളും താഴ്ന്നുള്ള കൊമ്പുകളും ഞെരിച്ചും മുൾച്ചെടികളെ നോക്കിക്കണ്ട് ഒഴിഞ്ഞും പടിഞ്ഞാറോട്ടു ചെല്ലുമ്പോൾ വടക്ക് ഒരു മതിൽക്കെട്ടും തെക്ക് ഒരു കെട്ടിടവും കാണുന്നതാണ്. മതിൽക്കെട്ടു അത്യുന്നതവും മുകളിൽ കണ്ണാടിച്ചില്ലുകൾ ഇറക്കി തരണനിരോധനം ചെയ്തിട്ടുള്ളതുമാണ്. ഈ മതിൽക്കെട്ടിന്റെ കിഴക്കു വശത്തു കാണുന്നതും, മിക്കപ്പോഴും ബന്ധിച്ചിരിക്കുന്നതുമായ വാതിൽ പെരിഞ്ചക്കോടന്റെ പരിഗ്രഹവും, അയാളുടെയോ ആ സ്ത്രീയുടെയോ അവർ രണ്ടു പേരുടെയുമോ പുത്രിയും, മൂകയും ബധിരയും ആയുള്ള ഒരു പരിചാരികയോടൊന്നിച്ചു പാർക്കുന്ന അരമനയിലേക്കു പ്രവേശനം തരുന്നു. ഈ ഗൃഹത്തിന്റെ തെക്കുഭാഗത്തുള്ള വൈതരണിയിൽ കാണുന്ന വിളക്കുമാടത്തോടുകൂടിയ കെട്ടിടം പെരിഞ്ചക്കോടൻ ആരാധിക്കുന്ന 'അമ്മ'ന്റെ എലങ്കം ആണ്. ഭയങ്കര സ്വരൂപികളായ രണ്ടു ദ്വാരപാലകന്മാർ ഗദയോങ്ങി അതിന്റെ മുൻഭാഗത്തു ഗർഭഗൃഹത്തിലെ രൂക്ഷതയ്ക്ക് അനുക്രമണികാപാത്രങ്ങളെന്നപോലെ നില്ക്കുന്നുണ്ട്. മണ്ഡപത്തിന്റെ [ 108 ] അന്തഃപ്രദേശമായ പ്രതിഷ്ഠാഗേഹത്തിനുള്ളിൽ അവിടത്തെ തന്ത്രിയായുള്ള പെരിഞ്ചക്കോടൻ അല്ലാതെ മറ്റ് ആരെങ്കിലുമോ സൂര്യന്റെ വല്ല രശ്മികണമോ ദീപത്തിന്റെ കെടുത്തിയ തിരിപോലുമോ പ്രവേശിച്ചിട്ടില്ല. അവിടത്തെ ദുർഗ്ഗയുടെ ആരാധകന്മാർ കാണിക്കകൾ ധാരാളമായി സമർപ്പിക്കാറുണ്ടെങ്കിലും വിശേഷദിവസങ്ങളിൽ ദേവിയുടെ അനുഗ്രഹങ്ങൾ അകത്തുനിന്നു പുറപ്പെടാറുണ്ടെങ്കിലും 'പൂശാരി'യായി പട്ടും, ഭസ്മവും, വാളും ധരിച്ചു തുള്ളുന്ന പെരിഞ്ചക്കോടൻ പ്രസാദം കൊടുപ്പാറുണ്ടെങ്കിലും പടഹരവങ്ങൾ തകർക്കാറുണ്ടെങ്കിലും, ആസുരശംഖങ്ങൾ മുഴങ്ങാറുണ്ടെങ്കിലും അകത്തെ പ്രതിഷ്ഠാനാളസ്ഥമായ വിഗ്രഹം അന്ധകാരപ്രിയയായി അദൃശ്യസ്വരൂപിണിയായി വാഴുന്നതേയുള്ളു. ഈ ഭയങ്കരസങ്കേതത്തെ ആ കാവിനകത്തു നില്ക്കുന്ന ഉന്നതമായ തരുനിവഹങ്ങളിലെ ശാഖകൾക്കിടയിൽ ഗൂഢവാസം ചെയ്തിരുന്നവരും ഗൂഢഗതികളുമായുള്ള ചില വനചരസ്വരൂപന്മാർ രക്ഷിച്ചു വന്നു എന്നു സമീപദേശക്കാർ കേട്ടിരുന്നു.
ഈ സങ്കേതത്തോടു ചേർന്നു രണ്ടു നാഴികയോളം വിസ്താരത്തിൽ തെക്കുകിഴക്കായി നീണ്ടുകിടന്നിരുന്ന കാടിന്റെ അവസാനത്തിൽ രാജപാതയും ആ വഴിയുടെ പടിഞ്ഞാറു ചേർന്നുള്ള കുന്നിന്റെ ചുവട്ടിൽ ഒരു കല്ലുവഴിയമ്പലവും ചില പാറക്കുട്ടങ്ങളും ഒരു അഗാധനീരാഴിയും ഉണ്ടായിരുന്നു. ഇത് പറപാണ്ട എന്ന തസ്കരമേധാവിയുടെ കാളകൂടക്ഷേത്രമായിരുന്നു. വഴിയമ്പലത്തിന്റെയും നീരാഴിയുടെയും അവശേഷങ്ങൾ തെക്കൻറോട്ടിൽകൂടി ഗതാഗതംചെയ്യുന്നവർക്ക് ഈ പരിഷ്കാരകാലത്തും കാണാവുന്നതാണ്. കാലവർഷങ്ങളുടെയും ഇഞ്ചിനീർ ഡിപ്പാർട്ടുമെന്റുകാരുടെയും പ്രവർത്തനങ്ങൾകൊണ്ടു നീരാഴിയുടെ ജലനില കണ്ടുകൂടാതിരുന്ന അത്യഗാധത നികന്നുപോയിട്ടുണ്ട്. മുളകുമൂട് എന്ന സമീപപ്രദേശത്തെ ഇപ്പോൾ മിഷ്യനറിമാരുടെ പരിഷ്കാരഹസ്തങ്ങൾ ഒരു വ്യവസായകേന്ദ്രമാക്കിയിരിക്കുന്നു. എങ്കിലും ഒരു ശതവർഷാർദ്ധത്തിനു മുമ്പുവരെ ആ സ്ഥലം തസ്കരപരമ്പരകളുടെ ജനസ്ഥാനമായി വിശ്രുതപ്പെട്ടിരുന്നു. വഴിയമ്പലത്തിന് അടുത്തു പടിഞ്ഞാറുള്ള ഒരു 'കൊക്കരിണി' നരമാംസകാംക്ഷിണി ആയുള്ള ഒരു ഭയങ്കരദുർദ്ദേവതയുടെ 'യക്ഷിപറമ്പ്' ആണെന്നും, അവിടത്തെ പെരിയനമ്പിസ്ഥാനം ആണ്ടിരുന്നത് പറപാണ്ട എന്ന തസ്ക്കരനാണെന്നും സമീപവാസികളും വഴിപോക്കരും വിശ്വസിച്ചുവന്നിരുന്നതിനാൽ പെരിഞ്ചക്കോടന്റെ സങ്കേതം അഹിതജനങ്ങളുടെ ആക്രമണത്തിൽനിന്നു വഴിപോലെ രക്ഷിക്കപ്പെട്ടുവന്നു.
പെരിഞ്ചക്കോട്ടുഭവനപ്പെരുമാന്റെ സാന്നിദ്ധ്യം ഏതാനും ദിവസങ്ങൾക്കിപ്പുറം അനന്തശയനനഗരത്തെ ഭാസ്വത്താക്കുന്നതുകൊണ്ടു പറയന്മാർ, മലവേടന്മാർ എന്നു തുടങ്ങിയുള്ള നീചവർഗ്ഗങ്ങളാൽ രക്ഷിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹരഹസ്യങ്ങളെ കൗശലപ്രയോഗംകൊണ്ടു ഗ്രഹിപ്പാൻ നമുക്ക് ഒരു വഴികിട്ടുന്നു. തിരുവനന്തപുരത്തുനിന്നു [ 109 ] മടങ്ങിയെത്തിയ ചില അനുചരന്മാർ സ്വനാഥന്റെ പ്രത്യാഗമനത്തിനു കുറച്ചുദിവസത്തെ താമസംകൂടി ഉണ്ടെന്നും ആ പരാക്രമന്റെ സാമ്രാജ്യത്തെ ഭദ്രമായി സൂക്ഷിച്ചുകൊള്ളേണ്ടതാണെന്നു നിഷ്കർഷാജ്ഞകൾ ഉണ്ടായിട്ടുണ്ടെന്നും സങ്കേതരക്ഷികളെ അറിയിച്ചു. ഈ ആജ്ഞകളുടെ ലംഘനം ഗളച്ഛേദമുണ്ടാക്കുമെന്നു അറിഞ്ഞിരുന്നിട്ടും മനുഷ്യർ സുഖമോഹികളാവുകകൊണ്ട് പെരിഞ്ചക്കോട്ടുഭവനത്തിന്റെ സൂക്ഷിപ്പ് ആശാനില്ലാത്ത 'പള്ളി'യിലെ അദ്ധ്യേതാക്കളുടെ പഠനക്രമത്തിലോട്ട് ഇഴിഞ്ഞുതീർന്നിരിക്കുന്നു. ശ്ലഥോർജ്ജിതമായിത്തീർന്ന ഈ കാവലിനിടയ്ക് പെരിഞ്ചക്കോടന്റെ അരമനയുടെ പുറവാതിൽ സന്ധ്യാലക്ഷ്മിയുടെ പ്രവേശനത്തിനായി വിപാടനം ചെയ്യപ്പെട്ടിരിക്കുന്നു. അകത്തു കടന്നാൽ ആദ്യം കാണുന്ന ചെറുമുറ്റത്തെ അപ്രകാശമാക്കുന്ന കുഞ്ജസദനം തലോടുന്ന വടക്കതിന്റെ തെക്കുവശം തുറന്നുള്ള തളത്തിൽ അതിപ്രകാശത്തോടെ തെളിയുന്ന ഒരു ദീപവും ആ ദീപത്താൽ സംപൂജ്യയായുള്ള ഒരു കമനീയധാമവും കാണുമാറാകുന്നു. ഒരു വനദേവിയോടു സാദൃശ്യം വഹിക്കുന്ന ദിവ്യസൗന്ദര്യംകൊണ്ട് ആ കന്യക തേജസ്സത്വത്തിന്റെ സുഷുമ്നാനാളം എന്നപോലെ പരിലസിക്കുന്നു. ആ വിരാധമണ്ഡലത്തിൽ ജനിച്ചുവളർന്നിട്ടുള്ള ഈ കന്യക മേനകാപുത്രിയായ ശകുന്തളയെപ്പോലും സർവ്വാംഗസൗഷ്ഠവത്തിൽ വിജയിക്കുന്നു. ആ പുരാണനായികയുടെ ആശ്രമവാസദശയിലെന്നപോലെ മന്മഥസാമ്രാജ്യത്തിന്റെ മാലിന്യങ്ങളോ സ്വാരസ്യങ്ങളോ സ്പർശിച്ചിട്ടില്ലാത്ത ഇവൾ പാവനകോമളയായി പ്രശോഭിക്കുന്നു. ചമ്പകാദികുസുമശരനിചയത്തിന്റെ തൂണീരമായുള്ള ആ മുഖം അനംഗധൂർത്തനെ പുനർജ്ജീവിപ്പിച്ച് ചിരഞ്ജീവിയും ആ ആരാമകാരാഗൃഹത്തിൽ ബന്ധനസ്ഥനുമാക്കാൻ പോരുന്ന ബ്രഹ്മചൈതന്യത്താൽ പ്രദ്യോതിക്കുന്നു. ദേവകദംബങ്ങളുടെ അമൃതപോഷിതമായ നേത്രങ്ങൾക്കും ആനന്ദദായകമായ ആ സൗന്ദര്യദ്യുതി, കേശത്തിന്റെ സമൃദ്ധിയാലും പുരികക്കൊടികളുടെ ചടുലവിലാസങ്ങളാലും കണ്ണുകളിൽനിന്നു പ്രസൃതമാകുന്ന നിഷ്കാപട്യത്താലും നാസാരൂപീകരണത്തിന്റെ രസികതയാലും അധരങ്ങളുടെ ആകർഷകകോമളിമയാലും ആകാരത്തിൽ തിളങ്ങുന്ന വേദവതീത്വത്താലും പരിസരസ്ഥലത്തിനുതന്നെ ഒരു മോഹനപ്രഭാവം ചേർക്കുന്നു. ദീപത്തിന്റെ സമീപത്തിൽനിന്നു കന്യക എന്തോ ചിത്തവികാരത്താൽ എഴുന്നേറ്റുനിന്നപ്പോൾ ആ സരസാംഗവല്ലിയുടെ ലാളിത്യം വനസൗഭാഗ്യത്തിന്റെ സരസപതാകയെന്നപോലെ ദർശനീയമാകുന്നു. ഒരു വിക്രമന്റെ വാത്സല്യത്തിനും സമ്പൽസമൃദ്ധിക്കും സാക്ഷികളായുള്ള ആഭരണങ്ങൾ ആ ഹേമവതിയെ അലങ്കരിക്കുന്നു. പാദത്തിന്റെ അടികൾ കവികൾ ഉൽപ്രേക്ഷിക്കുന്നതായ ചെന്താമരവർണ്ണത്തെ കവർന്നും വിരലുകൾ മൃണാളഖണ്ഡങ്ങൾപോലെ ലഘുലളിതങ്ങളായും സൗന്ദര്യസമുൽകൃഷ്ടതയെ പരിപുഷ്ടം ആക്കുന്നു. 'അമ്മേ' എന്നുണ്ടായ മൃദുകൂജനം കോകിലകണ്ഠത്തിൽനിന്ന് ഉൽഗളിതമാകുന്ന കളമൃദുഗീതപോലെതന്നെ ആ സങ്കേതമാഹാത്മ്യത്തിന്റെ സ്തുതിഗീതമായി ധ്വനിക്കുന്നു. [ 110 ]
ഈ വിളി കേട്ടുകൊണ്ടു തളത്തിൽ പ്രവേശിച്ചത് മുമ്പിൽ ഞൊറിഞ്ഞും പുറകിൽ തിരുകിയും ധരിച്ചിട്ടുള്ള ഏകവസ്ത്രത്തോടുകൂടിയ ഒരു മേനകാസ്വരൂപംതന്നെ ആയിരുന്നു. ഇവരുടെ വാമഭാഗത്തോട്ടു ചെറുപന്തായി കെട്ടിയിട്ടുള്ള ധമ്മില്ലവും കർണ്ണാന്തത്തെ ഊഞ്ഞാലാടിക്കുന്ന വേധദ്വാരങ്ങളും ചന്ദനക്കുറികളും മേനകാത്വത്തോട് ഐഹികത്വത്തെ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ജന്മനാ സിദ്ധിച്ചിരുന്ന ദേവത്വത്തെ സമൂലം വിച്ഛേദിക്കുന്നില്ല. പെരിഞ്ചക്കോടനെ വീഴ്ത്താനുള്ള ഏകമർമ്മം എന്തെന്നു മഹാരാജാവിന്റെയും അവിടുത്തെ കുശാഗ്രബുദ്ധിയായ മന്ത്രിയുടെയും ശിക്ഷയിൽനിന്ന് അയാളെ രക്ഷിക്കുന്ന കവചം ഏതെന്നും വായനക്കാർ ഇപ്പോൾത്തന്നെ ഊഹിച്ചിട്ടില്ലെങ്കിൽ കഥാന്തത്തിനു മുമ്പു സൂക്ഷ്മമായി ഗ്രഹിക്കുന്നതാണ്. അധർമ്മചാരിയും അനിയന്ത്രിതനുമായുള്ള കുഞ്ചുമായിറ്റിപ്പിള്ള ഭാര്യാപുത്രികളുടെ സംഗതിയിൽ അഭ്രതുല്യം ലോലമനസ്കനായിരുന്നതു കേവലം മൃഗധർമ്മായിരുന്നു എങ്കിലും, ഈ അഭിനന്ദനീയഗുണാംശം ശിക്ഷാധികാരികളാൽ കൃപാപൂർവ്വം പരിഗണിക്കപ്പെട്ട് ആ ദുർവൃത്തൻ അധികാരഖഡ്ഗത്തിന്റെ നിപാതത്തിൽനിന്ന് ഇതുവരെ രക്ഷപ്പെട്ടു.
നാം കാണുന്ന ഈ ജനനി, കന്യകാദശയെ തരണംചെയ്തുള്ള ഘട്ടത്തിൽ ഒരു ദുർവ്വിധിയുടെ നിപാതം ഏറ്റ് ഇരപ്പാൻ പോലും പ്രഭാവമില്ലാതെ വിശന്നും തളർന്നും അവലംബശൂന്യയായി കണ്ട വഴിയേ നടന്ന് ഒരു ദുർഗ്ഗപ്രദേശത്തിലെ തരുച്ഛായയിൽ മോഹാലസ്യയായി വീണ് ചരമസ്ഥിതിയെ കണ്ടു തുടങ്ങിയപ്പോൾ ആ തേജോരൂപിണിയുടെ സൗന്ദര്യവിശേഷം കാടടിച്ചു ധനസങ്കേതങ്ങളിലേക്കുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞുകൊണ്ടിരുന്ന പെരിഞ്ചക്കോടന്റെ പ്രേമരാസിക്യത്തെ ആകർഷിച്ചു. നമ്മുടെ ചൗര്യാനുഷ്ഠകൻ ജീവപ്രദാനത്തിനു സന്നദ്ധനായി എങ്ങോനിന്നു സമ്പാദിച്ച ഓദനജലങ്ങൾകൊണ്ട് ബോധവിഹീനയായിരുന്ന ആ സ്ത്രീയെ ഭൂസ്ഥിതികൾക്കു രണ്ടാമതും സുപ്രജ്ഞയാക്കി. ആ ഭുക്തികൊണ്ടുണ്ടായ അവസ്ഥാന്തരങ്ങളെക്കുറിച്ച് അടുത്ത ക്ഷണം ഉദിച്ച ചിന്തയാൽ ആ സ്ത്രീ വീണ്ടും വിഗതബോധയായി. ഈ സ്ഥിതിയിൽനിന്ന് ഉണർന്നപ്പോൾ പുനർജ്ജീവാപ്തിയിൽ പരമമായ ആധിയോടെങ്കിലും രക്ഷാദാനഹസ്തത്തെ അവലംബിച്ചു. പെരിഞ്ചക്കോട്ടേക്കു പോന്ന് ആ ഗൃഹനായകന്റെ പത്നീസ്ഥാനത്തെ യക്ഷിഗൃഹത്തിന്റെ പരിസേവിനി ആയി, കൃത്യാനുസാരം അനുവർത്തിച്ചു. ഈ ഗാന്ധർവ്വപരിണയത്തിന്റെ അനന്തരമായുള്ള ഒൻപതാം ചാന്ദ്രമാസത്തിൽ ജാതയായ കന്യക ദക്ഷനെ സതീലബ്ധിയും, ജനകനെ സീതാലബ്ധിയും ദ്രുപദനെ കൃഷ്ണാലബ്ധിയും എന്നപോലെ പെരിഞ്ചക്കോടനെ സന്തോഷിപ്പിച്ചു. 'നങ്ങയ' എന്നു പേരായ പ്രണയിനിയെ 'ലശ്മി' ആക്കിയ ആ ജാതകർമ്മാധികാരി പുത്രിക്ക് 'ദേവകി' എന്നു നാമകരണം ചെയ്യണമെന്നു മാതാവു പ്രാർത്ഥിച്ചപ്പോൾ അത് ശ്രീരാമനെയും ലക്ഷ്മണനെയും പെറ്റ തമ്പുരാട്ടീടെ പേരാകയാൽ സഹർഷം സമ്മതിച്ചു. 'തേവൂ, തേവൂ, തേവൂ' [ 111 ] എന്നു ശിശുവിന്റെ കർണ്ണത്തിൽ യഥാക്രമം മന്ത്രിച്ച് ദേവകിയെ മാതൃഹസ്തത്തിൽ ചേർക്കുകയും ചെയ്തു.
മാതാവിന്റെ ശുശ്രൂഷണത്തിലും അനുശാസനയിലും വളർന്ന കന്യക സ്വാർജ്ജിതമായുള്ള ധനത്തിനു തുല്യം ഒരു പുതിയ സമ്പത്തായിത്തന്നെ പെരിഞ്ചക്കോടനാൽ പരിലാളിക്കപ്പെട്ടുവരുന്നു. യോഗ്യനും പ്രതാപവാനും കുലീനനുമായുള്ള ഒരു ജാമാതാവ് കിട്ടണമെന്നു മോഹിക്കുന്ന അച്ഛൻ തന്റെ ഭ്രഷ്ടമായിരിക്കുന്ന ജാതിസ്ഥാനത്തിന്റെ പുനരാപ്തിക്കായും അധികാരസ്വാധീനത്തിന്റെ ലബ്ധിക്കായും പുത്രിക്കു സമുചിതഗുണങ്ങളോടുകൂടിയ ഒരു യുവാവെ കിട്ടുവാനായും തന്റെ സ്വാധീനത്തെയും ധനത്തെയും ചില യന്ത്രികൾക്കു പണയപ്പെടുത്തുകപോലും ചെയ്തിരിക്കുന്നു. യുദ്ധസന്നാഹങ്ങൾ ഒരുക്കുന്ന ആ കാലത്ത് അധികൃതമണ്ഡലത്തെ കഷ്ടപ്പെടുത്തുന്ന ദ്രവ്യന്യൂനതയെ പരിഹരിപ്പാൻ കൈക്കാണംകൊടുത്തു മന്ത്രിയെ പ്രീണിപ്പിക്കാനും ചെരിഞ്ചക്കോടൻ യത്നിച്ചു. തന്റെ ബന്തോവസ്തു കാവലുകളും നിഷ്കർഷകളും ലംഘിച്ച് കല്ലറയ്ക്കൽപിള്ള എന്ന ഒരു അനാഗരികസമ്പന്നൻ സ്വപുത്രിയെ അപഹരിച്ചേക്കും എന്നു ചില ലക്ഷ്യങ്ങൾ കിട്ടുകയാൽ ത്രിവിക്രമനെക്കൊണ്ടുള്ള വിവാഹത്തെ നിറവേറ്റാൻ അയാൾ എന്തു ബലികർമ്മം അനുഷ്ഠിക്കുന്നതിനും സന്നദ്ധനായി പുറപ്പെട്ടിരിക്കുന്നു.
'ബുദ്ധിതാനൊന്നുതന്നെ സർവവും ജയിക്കുന്നു' എന്നുള്ള മഹദുക്തി ഏറ്റവും പരമാർത്ഥമായിട്ടുള്ളതാണ്. ദുർവാസനകളും ദുഷ്പ്രതാപങ്ങളും തല്ക്കാലവിജയങ്ങൾ നേരിടുന്നതിനു പ്രയോജ്യങ്ങളാകാം. ഇങ്ങനെയുള്ള ശക്തികൾ സൂക്ഷ്മബുദ്ധിയോട് ഇടയുമ്പോൾ ലുപ്തവീര്യങ്ങളാകുന്നു. വിശ്വഗതിയിൽ ബുദ്ധിയുടെ കുശാഗ്രത സാമാന്യേന വിജയിക്കുന്നു എന്നുള്ളതു സാമ്രാജ്യങ്ങളുടെ ഉത്ഭവക്ഷയങ്ങൾ തെളിയിക്കുന്നു. ബുദ്ധിയുടെ പ്രവൃദ്ധമായ സംസകൃതിയോടുകൂടി നവനവങ്ങളായുള്ള നിധനകൗശലങ്ങൾ കണ്ടുപിടിക്കപ്പെടുന്നു. പരിഷ്കൃതായുധക്കാർ പ്രാചീനായുധക്കാരെ അസ്തശക്തരാക്കുന്നു. ആര്യന്മാർ രാക്ഷസന്മാരെന്നു ഗണിക്കപ്പെട്ടവരും ശിലാതരുക്കളെന്ന ആയുധങ്ങൾ പ്രയോഗിച്ചിരുന്നവരുമായ ദാക്ഷിണാത്യന്മാരെ അമർത്തി. ആ ധനുർവ്വേദികളെ പുതിയ തോക്കുകാർ പരാജിതന്മാരാക്കി. ഇങ്ങനെ കഴിയുന്ന ലോകസ്ഥിതിയിൽ ബുദ്ധിമാനായ കേശവപിള്ളയും പെരിഞ്ചക്കോടനും തമ്മിലുള്ള മത്സരത്തിൽ വിജയാപ്തി ആർക്കുണ്ടാകുമെന്നു നിഷ്പ്രയാസം ഊഹ്യമാണ്. ഭരണനിർവഹണം കാര്യക്ഷമതയോടെ നിർവഹിക്കപ്പെടുന്നതു ക്രിയകളുടെ സന്ദർഭാനുസാരവും ദ്രുതതരവുമായുള്ള അനുഷ്ഠാനംകൊണ്ടാണ്. ഈ അദ്ധ്യായത്തിലെ അനന്തരകഥ ഈ തത്ത്വങ്ങളെ ആശ്രയിച്ചു സംഭവിക്കുന്നു.
ലക്ഷ്മി എന്നുള്ള നാമധേയക്കാരിയായ മാതാവ് പുത്രിയുടെ സമീപത്തെത്തി സസ്നേഹം ആ കന്യകയെ ആക്ഷേപിച്ചുതുടങ്ങി: "എന്താ തനിച്ചിരിക്കാൻ പാടില്ലേ? കാട്ടിൽ വളരുന്ന ജന്തുക്കൾക്കു പേടിയെന്തു [ 112 ] മകളേ? ഞാൻ ആ അച്ചിയെ ശുശ്രൂഷിക്കയല്ലേ? അവൾ ചാവാൻ തുടങ്ങുന്നു. ജ്വരം കലശല്. ഇന്നലെമുതൽ കാവൽക്കാരുടെ ശബ്ദവും കേൾക്കുന്നില്ല. വൈദ്യനെ ക്ഷണം വരുത്തീല്ലെങ്കിൽ ഇപ്പോൾ ശ്വാസമെടുത്ത് ഇവിടമെല്ലാം അയിത്തമാകും."
ദേവകി: "ഞാൻ പോയി വടക്കേ വീട്ടിൽനിന്നു വല്ലവരെയും വിളിച്ചുകൊണ്ടുവരാം."
ലക്ഷ്മി: (പുത്രി യാത്രയായിപ്പോയി എന്നുള്ള സംഭ്രമത്തോടെ തടഞ്ഞ്) "വേണ്ട, വേണ്ട, പരമശിവൻ രക്ഷിക്കും."
ദേവകി: "എന്താ അമ്മേ! ഈ പരമശിവനെന്നു വിട്ടിട്ട് പരമേശ്വരൻ എന്നു പറയരുതേ? മറ്റതു ഗ്രന്ഥത്തിൽ കാണാത്ത പദമാണല്ലോ."
ലക്ഷ്മി: (ദീർഘശ്വാസത്തോടെ) "വിളികൂട്ടാതെ ഇവിടെ ഇരിക്ക്. ഞാൻ കുറെ കഷായം കുറുക്കിക്കൊടുത്തിട്ടു വരാം."
ദേവകി: "അമ്മ കുറച്ചു കാലം ഇവിടെ തനിച്ചും താമസിച്ചല്ലോ. രണ്ടു പേരുണ്ടായിട്ടും എനിക്കു പേടി തീരുന്നില്ല. അച്ഛൻ വരുമ്പോൾ ഞാൻ പറയും, ഈ കാവിനകത്തു കിടക്കാൻ നാം സർപ്പങ്ങളോ!"
ലക്ഷ്മി: "നിന്നെ വാത്സല്ലിക്കുന്നൂന്നുവച്ച് അനാവശ്യമൊന്നും പറഞ്ഞ് അദ്ദേഹത്തെ ഉപദ്രവിക്കരുത്. നമ്മെ രക്ഷിക്കുന്നതുതന്നെ വലിയ ഉപകാരം."
ദേവകി: "അമ്മേടെ ധൈര്യം എനിക്കില്ല. ആ പറപാണ്ട ഇതിനകത്തോട്ടു കവർച്ചയ്ക്കു വന്നാലോ? ഈ പണ്ടങ്ങൾ കണ്ടാൽ അവൻ-"
ലക്ഷ്മി: (ആശ്ചര്യസ്വരത്തിൽ) "കുഞ്ഞേ! അവന്റെ കഥ കുഞ്ഞെവിടുന്നു കേട്ടു? ഇങ്ങോട്ടു സ്മരിക്കുമെന്നു പേടിക്കേണ്ട. അച്ഛൻ നല്ല കാവലിട്ടിട്ടുണ്ട്. അവന് അദ്ദേഹത്തെ പേടിയുമാണ്."
ദേവികി: "എന്നാൽ പിന്നെ കാവലുണ്ടെങ്കിൽ ഒരാളെ വിളിക്കരുതേ?"
ലക്ഷ്മി എന്ന സ്ത്രീ മുറ്റത്തിറങ്ങി, "എടാ കുറുമ്പോ! നീലോ! ചേന്നോ!" എന്നെല്ലാം വിളിച്ചുതുടങ്ങി. ആ മൃദുഗാത്രിയുടെ മംജുളകണ്ഠമുരളിക്കു ദൂരത്തെത്തുംവണ്ണം വിളികൂട്ടാൻ ശക്തി ഇല്ലാത്തതിനെക്കുറിച്ച് അവർ രണ്ടുപേരും ചിരിച്ചു.
ദേവകി: (അമ്മയുടെ ഗാനസമ്പ്രദായം പകർത്തി) "ഇന്ദുകലോജ്വലമണിയാം ഇന്ദ്രസുതൻ മാധവിയാം സുന്ദരിയിൽക്കൊതി പെരുകി' എന്നുചൊല്ലി അമ്മ ചോടുവച്ചാൽ ആരെങ്കിലും എത്തും."
ലക്ഷ്മി: "ഫാ! നീ വല്യ മിടുക്കത്തിതന്നെ. കണ്ഠം ഇന്ദ്രലോകത്തെത്തും. അതിനുള്ള വള നിനക്കുതന്നെ ഇരിക്കട്ടെ."
ദേവകി: "അമ്മ അപ്പോൾ പല വളയും വാങ്ങിച്ചിരിക്കാം. അതല്ലേ, മുഴംകൈ നല്ലതുപോലെ തഴമ്പിച്ചിരിക്കുന്നത്."
ലക്ഷ്മിഅമ്മ സ്തബ്ധയായി നിന്നു. ദേവകി മാതൃഹൃദയത്തെ വേദനപ്പെടുത്തിയ വല്ല അപരാധവും ചെയ്തുപോയോ എന്നു ശങ്കിച്ചു. [ 113 ]
ദേവകി: "എന്താ അമ്മേ! ഇങ്ങനെ അപ്പപ്പോൾ ഞാൻ വല്ലതും പറയുമ്പോൾ അമ്മ വല്ലാതെ നില്ക്കുന്നത്? നമ്മുടെ കഥ എന്ത്? വലിയ കഷ്ടി ആയിരുന്നോ?"
സമ്മതാർത്ഥത്തിൽ ലക്ഷ്മിഅമ്മ തല ഒന്നു താഴ്ത്തുക മാത്രം ചെയ്തു.
ദേവകി: "അപ്പോൾ അച്ഛൻ എന്തു പരമദയാലു! ഒരു വിധത്തിലും അനാദരിച്ചുകൂടല്ലോ."
ലക്ഷ്മി: "അതല്ലേ ഞാൻ പറയുന്നത്? പക്ഷേ, നീ അച്ഛനെ വഞ്ചിക്കുന്നില്ലേ? ആ കല്ലറയ്ക്കൽപിള്ളയോടു നിനക്ക് എങ്ങനെ പരിചയമുണ്ടായി?"
ദേവകി: (അപരാധിനിയുടെ ക്ഷീണത്തോടെ) "എന്താ അമ്മേ! ഇങ്ങനെ അസഹ്യപ്പെടുത്തുന്നത്? അമ്മയ്ക്ക് അച്ഛൻ ആകാമെങ്കിൽ എനിക്ക് അദ്ദേഹം പാടില്ലേ?"
ലക്ഷ്മി: "ഞങ്ങളെ ചതിച്ചു നീ എങ്ങനെ അദ്ദേഹത്തോടു പരിചയപ്പെട്ടു?"
ദേവകി: "ഞാൻ ഇതിനു മുമ്പു പറഞ്ഞില്ലേ? അദ്ദേഹം വേട്ടയാടി കാടരിച്ച് ഇങ്ങോട്ടു കടന്നു. അപ്പോൾ വാതിൽ തുറന്നുകിടന്നിരുന്നു. അമ്മ പറയുകയില്ലേ ഇതെല്ലാം കർമ്മബന്ധമാണെന്ന്?"
ലക്ഷ്മി: "എന്നാലും അച്ഛന്റെ സമ്മതമില്ലാതെ ഇവിടെ ആരെയും വരാൻ സമ്മതിക്കരുത്, വലിയ കലശലുണ്ടാകും."
ദേവകി: "എന്തു കലശലുണ്ടാകുന്നു? രുഗ്മിണിയുടെ കഥ അമ്മ വായിച്ചിട്ടില്ലേ?" ഈ ചോദ്യം കേട്ട് ലക്ഷ്മിഅമ്മയുടെ മുഖഭാവം അതിദയനീയമായി പകർന്നതു കണ്ട് ദേവകി വീണ്ടും ക്ഷീണയായി. എന്നാൽ വടക്കുനിന്ന് എന്തോ ശബ്ദം കേൾക്കയാൽ അമ്മയുടെ ശ്രദ്ധയെ അവൾ ഈ വാക്കുകളാൽ അങ്ങോട്ടു തിരിപ്പിച്ചു: "വടക്കെന്തോ തകർപ്പു കേൾക്കുന്നു. അച്ഛൻ വന്ന് ആരെയോ ശിക്ഷിക്കയാണ്."
ലക്ഷ്മി: "പാടത്തിൽ കിടക്കുന്ന പറയർ പാടുകയായിരിക്കാം."
ദേവകി: "ചില നിലവിളികൾ കേൾക്കുന്നില്ലേ?"
ലക്ഷ്മി: "അച്ഛൻ പറക്കൂട്ടത്തെ ശിക്ഷിക്ക ആയിരിക്കാം."
ദേവകി: "അതല്ല. പലടത്തുമായി പലരും നിലവിളിക്കുന്നു. വെടികളും കേൾക്കുന്നു."
ഭർത്താവിന് എന്തോ ആപത്തു നേരിടുന്നു എന്നു വിചാരിച്ച് ലക്ഷ്മിഅമ്മ കിഴക്കോട്ടു പാഞ്ഞു വാതിൽ തുറന്നു. ഭീതയായ ദേവകി സ്വമാതാവിനെ തടഞ്ഞു തന്നെ ഏകാകിനിയാക്കി വിട്ടിട്ടു പോകാതെ, അവരെ മുറുകെപ്പിടിച്ചുകൊണ്ടു വിറയ്ക്കുന്നു. ഉച്ചത്തിലുള്ള ദീനപ്രലാപങ്ങൾ തെരുതെരെ കേട്ടു തുടങ്ങുന്നു. അവിടവിടെ ചൂട്ടുവെളിച്ചങ്ങൾ പടർന്നെരിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും പായുന്നതു കിഴക്കേ കുന്നിൻചരിവുകളിൽ കാണുന്നു. മുൻവശത്തെ കാടു ഞെരിച്ചും തകർത്തും ചിലർ ഓടുന്ന ഘോഷവും കേൾപ്പാനുണ്ട്. ഇത്, വനതരണത്തിൽ [ 114 ] അതിപരിചിതന്മാരായ പറയർ തങ്ങളുടെ നാഥന്റെ അസന്നിഹിതിയിൽ ഉണ്ടായ ആക്രമണത്തിൽ പ്രാണഭീതിയോടെ ഓടുന്ന ഘോഷമായിരുന്നു. അവരെത്തുടർന്ന് അവരുടെ ദ്രുതഗതിയാൽ തെളിക്കപ്പെട്ട മാർഗ്ഗത്തിലുടെ ദീപങ്ങളോടുകൂടിയ ഒരു സംഘവും തെക്കോട്ടു പായുന്നു. ഒരു ഭയാനകമായ ജന്യത്തിലെ ആയുധപ്രയോഗധ്വനികളും മുറിവുകൾ ഏറ്റുള്ള നിലവിളികളും ഒട്ടുനേരം ഭയങ്കരമായി തെക്കുള്ള വൈതരണിയിൽ മുഴങ്ങുന്നു. വീണ്ടും ഉണ്ടായ തോക്കുകളുടെ പ്രയോഗത്തിൽ ഒരു പലായനകലാപവും കേൾക്കുമാറാകുന്നു. ഒട്ടുകഴിഞ്ഞപ്പോൾ എലങ്കം തകർക്കപ്പെടുന്ന ഘോഷങ്ങൾ സ്ത്രീകൾ നില്ക്കുന്ന സ്ഥലത്തു പ്രതിധ്വനിക്കുന്നു. കാവൽ കിടന്നിരുന്ന പറയരും മറ്റും അങ്ങും ഇങ്ങും ദൂരത്തു വാങ്ങിനിന്ന് ആ ദൈവദ്രോഹകമായുള്ള ക്രിയ കണ്ടു ലോകാവസാനം സമീപിച്ചിരിക്കുന്നതുപോലെ ഉച്ചത്തിൽ മുറവിളികൂട്ടുന്നു. ആ മഹാരവത്തെത്തുടർന്നു പിന്നെയും ചില വെടികൾ എലങ്ക സ്ഥലത്തുനിന്നു കേട്ടപ്പോൾ രക്ഷിജനങ്ങളുടെ പരിദേവനഘോഷങ്ങൾ നിലയ്ക്കുന്നു. എലങ്കത്തിൽനിന്നു ചില പൊട്ടിച്ചിരികളും പുറപ്പെടുന്നു.
അനന്തരം അതിപ്രശാന്തമായുള്ള നിശബ്ദത പരന്നു. ഇങ്ങനെ ഉണ്ടായ സംഭവങ്ങൾ എന്തെന്ന് ആശ്ചര്യപ്പെട്ടു സ്ത്രീകൾ തങ്ങളുടെ തളത്തിൽ കയറി ശ്വാസബന്ധത്തോടെ നിലകൊണ്ടു. താൻ തിരുവനന്തപുരത്തു താമസിക്കുന്ന വസ്തുതയെ പെരിഞ്ചക്കോടൻ ജളതയാൽ ദിവാൻജിയെ അറിയിച്ച രാത്രിയിൽത്തന്നെ ആ തന്ത്രനിപുണൻ ആ തക്കം നോക്കി പെരിഞ്ചക്കോട്ടു ഭവനത്തിന്റെ സ്ഥിതികൾ ഒന്നു പരീക്ഷിപ്പാൻ ഒരു ഭടസംഘത്തോടുകൂടി കുഞ്ചൈക്കുട്ടിപ്പിള്ളയെ നിയോഗിച്ചു. അഞ്ചൽകുതിരയുടെ സഹായത്താൽ അടത്തദിവസം മദ്ധ്യാഹനമായപ്പോൾ പത്മനാഭപുരത്ത് എത്തിയ ആ കാര്യക്കാർ അവിടെ പാളയമടിച്ചിരുന്ന സേനാഗണത്തോട് ഒന്നിച്ച് പെരിഞ്ചക്കോട്ടുഭവനത്തെയും ഏലങ്കത്തെയും രാത്രി ആയപ്പോൾ ആക്രമിച്ച് ഈ സംഘത്തിലെ ഭടജനങ്ങൾ പെരിഞ്ചക്കോടന്റെ അരമനയിലും പ്രവേശിച്ച് അവിടത്തെ സ്ഥിതികളും സംഭാരങ്ങളും അറിയുവാൻ പരിശോധന തുടങ്ങി. അതിസുന്ദരികളായ രണ്ടു സ്ത്രീകളെ കണ്ടപ്പോൾ രാജനിയമാധീനരായ അവർ സാഹസങ്ങൾ നിറുത്തി. സ്ത്രീകൾ അടുത്തുള്ള അറയിലോട്ടു കടന്ന് അതിന്റെ വാതിൽ ബന്ധിച്ചു ഭഗവൽപ്രാർത്ഥനയോടെ നിന്നു. ഭടന്മാരിലൊരാൾ കുഞ്ചൈക്കുട്ടിപ്പിള്ളയോട് ആ ഭവനത്തിൽ കണ്ട വസ്തുത പറഞ്ഞപ്പോൾ അദ്ദേഹം എലങ്കത്തിലെ നടപടികൾ വിശ്വസ്തന്മാരെ ഏൽപ്പിച്ചിട്ട് ആ നരയക്ഷികളുടെ വാസഗേഹത്തിലോട്ടു കടന്നു. സ്ത്രീകൾ മുറിക്കകത്തു നിൽക്കുന്നു എന്ന് അറിഞ്ഞപ്പോൾ പുറത്തോട്ടു പുറപ്പെടുന്നതിന് അദ്ദേഹം അവരോട് ഉഗ്രമായ ആജ്ഞ അരുളി. ഭർത്താവിനെ ആരാഞ്ഞു വന്നിരിക്കയാണെന്നു സംശയിച്ച് "അദ്ദേഹം ഇവിടെ ഇല്ല" എന്ന് ലക്ഷ്മിഅമ്മ അകത്തുനിന്ന് ഉത്തരം പറഞ്ഞു. ഈ സ്വരം കേട്ട് കുഞ്ചൈക്കുട്ടിപ്പിള്ള ചഞ്ചലമനസ്കയായി എങ്കിലും [ 115 ] ഭീഷണിപ്രയോഗമായി "അങ്ങോട്ടു കടക്കിനെടാ! ആ വാതിൽ പൊളിച്ച് ഒന്നു പരിശോധിപ്പിൻ!" എന്ന് ഒരു ആജ്ഞ കൊടുത്തു.
ലക്ഷ്മി: "അകത്തു സ്ത്രീകളേ ഉള്ളേ. ശ്രീഭഗവതിഭട്ടാര്യമ്മയാണെ സത്യം." ഈ ദീനപ്രലാപവും അതിൽ പ്രയോഗിക്കപ്പെട്ട ഭഗവതീനാമവും കേട്ടപ്പോൾ ദിവാൻജിയുടെ സംശയം സ്ഥിരപ്പെട്ടു എന്നു കാര്യക്കാർ തീർച്ചയാക്കുകയും, അദ്ദേഹത്തിന്റെ ബുദ്ധിതീക്ഷ്ണതയെപ്പറ്റി ആശ്ചര്യപ്പെടുകയും ചെയ്തു. അദ്ദേഹം വീണ്ടും ആദ്യത്തെ ഭീഷണിവാക്കുകൾ പ്രയോഗിച്ചപ്പോൾ ലക്ഷ്മിഅമ്മ വാതിൽ തുറന്നു പുറത്തേക്കു വന്നു. മാതാവിനെ ഏകാകിനി ആയി ആപത്തിൽ ചാടുവാൻ വിടുകയില്ലെന്നുള്ള ധർമ്മവ്രതത്തിന്റെ വീര്യത്തോടെ ഹരീണീസ്വഭാവിനിയായ ദേവകിയും തളത്തിലോട്ട് ഇറങ്ങി. ആ രണ്ടു സൗന്ദര്യധാമങ്ങളെയു കണ്ടപ്പോൾ അത്യുൽകൃഷ്ടമായ അദ്വൈതപ്രമാണത്തിന്റെ അനുഷ്ഠാനകനായ കുഞ്ചൈക്കുട്ടിപ്പിള്ളയും ജന്മസിദ്ധവും പരിചയസ്പർശവുമായുള്ള ആചാരാന്ധ്യത്താൽ പെരിഞ്ചക്കോടന്റെ ഘാതകാപകർഷത്തെ ആത്മസർവ്വാംഗവുംകൊണ്ടു നിന്ദിക്കുകയും വിദ്വേഷിക്കുകയും ശപിക്കുകയും അയാളെ അടുത്ത ദർശനത്തിൽ ഭൂമുഖത്തിൽനിന്ന് ഉദ്ധൂതമാക്കുമെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു. സ്ത്രീകളുടെ നേർക്കുനിന്നു വീക്ഷാഗതിയെ ഉപസംഹരിച്ചുകൊണ്ട് അവരെ സംബന്ധിച്ച അനന്തരകരണീയമെന്തെന്നു ചിന്തിച്ചു നിലകൊണ്ടു. രാജാധികാരപ്രതിനിധിയായി എത്തിയിട്ടുള്ള ആളിന്റെ അഭിജ്ഞപ്രഭയും കാരുണ്യചേഷ്ടകളും കണ്ടു സ്ത്രീകൾ സമാശ്വസിച്ചു. എങ്കിലും, ആപന്നിവൃത്തിയിലുള്ള സന്തോഷസന്താപത്തെ പ്രത്യക്ഷീകരിച്ചു പരസ്പരം ശിരോവലംബം ചെയ്തു കണ്ണുനീർ വാർത്തുനിന്നു. ദീപപ്രകാശത്തിൽ പതിച്ച ഛായാവിശേഷത്തെ നേത്രാഞ്ചലത്താൽ ഗ്രഹിച്ച് കുഞ്ചൈക്കുട്ടിപ്പിള്ള ആ രംഗം വിടുവാൻ ആലോചിച്ചുകൊണ്ടു ഭടജനങ്ങൾ അവിടെനിന്നു മാറിക്കൊള്ളുന്നതിന് ആജ്ഞ കൊടുത്തു. കിഴക്കേ വാതിലിൽക്കൂടി ഒരു ശരീരം ആകാശം ഭേദിച്ചു മുറ്റത്ത് എത്തി. ആ അങ്കണത്തിനു കുടപിടിച്ചിരുന്ന മരക്കൊമ്പുകളെ തലോടുന്ന ശിരോദേശത്തുനിന്ന് ഒരു വാദപ്രഘോഷവും രംഗത്തെ തകർത്തു: "അയ്യ!ഹാ! ഇതെന്തൊരു കൊഴാമറിച്ചില്? പൊന്നുതമ്പുരാന്റെ കാര്യം കേപ്പോരെന്നുവച്ചു പെങ്കോലത്തിന്റടുത്തോ കൊടുമകള്? പറക്കൂട്ടത്തിന്റെ എല്ലൊടിഞ്ഞെങ്കി അവരെ അമ്മമാരെ വിധി. പെരിഞ്ചക്കോടു കണ്ടുകെട്ടിയെങ്കി ഒടയവൻ കെടന്ന് ഒപ്പാരി ചൊല്ലട്ടെ. എലങ്കം കൊള്ളയിട്ടെങ്കി പൊന്നുചേവടിക്കു ചെന്നു ചേരട്ടെ." (കുഞ്ചൈക്കുട്ടിപ്പിള്ളയോടു തിരിഞ്ഞ്) "അല്യോ? ഈ പേശാപ്രാണികളോ ഇങ്ങേർക്കു തരം!" ഇങ്ങനെ ആ പ്രദേശം മുഴുവൻ കിടുക്കി നമ്മുടെ മല്ലയുദ്ധവീരൻ അഴകുശ്ശാർ കാര്യം ചോദിച്ചുതുടങ്ങിയപ്പോൾ അയാളുടെ ഉന്നതിയെ കണ്ണുകൊണ്ടു അളന്ന കുഞ്ചൈക്കുട്ടിപ്പിള്ള ആളു മനസ്സിലാക്കി ചിരിച്ചുപോയി.
കുഞ്ചൈക്കുട്ടിപ്പിള്ള: "കേട്ടോ പിള്ളേ! കണ്ടുകെട്ടാനും മറ്റും കല്പനയാണ്. തടുക്കാൻ വന്നാലുള്ള അനുഭവം അറിയാമോ?" [ 116 ]
അഴകുശ്ശാർ: (ഹാസ്യമായി) "എന്റെ പിള്ളാച്ചൻ ഇപ്പോ ഏതു വേ(പാ)താളത്തീന്നു വരുന്നു? അയ്യയ്യ! തമ്പ്രാന്റെ ദശാവുംമറ്റും പിന്നാർക്കും തെരിഞ്ഞുകൂടെന്നോ? ആടുവാനക്കൊണ്ടു വരട്ടെ അഴകൂന്റടുത്തു മാത്രം ശട്ടങ്ങളും ശടപിടാലുകളും കൊണ്ടൊന്നാ, നേരെ അങ്ങു ചെന്നറിവിച്ചൂടുവാര്."
അഴകൻപിള്ളയുടെ പരമാർത്ഥങ്ങളും അയാളുടെ യജമാനനായ കല്ലറയ്ക്കൽ പിള്ളയുടെ പ്രണയകഥയും അറിഞ്ഞിരുന്ന കുഞ്ചൈക്കുട്ടിപ്പിള്ള, സ്ത്രീകളുടെ തല്ക്കാലമനസ്ഥിതിയിൽ വിനോദോക്തിക്കു സന്നദ്ധനല്ലായിരുന്നു. എങ്കിലും സ്വരാജ്യാഭിമാനത്തെ രക്ഷിച്ച ആ അഷ്ടാവക്രനെ പരിഹാസംകൊണ്ടുതന്നെ ഒന്നു പരീക്ഷിപ്പാൻ തുടങ്ങി. ഇങ്ങനെ ഉദ്ദേശിച്ചുകൊണ്ട് അഴകൻപിള്ളയുടെ ഭാഷയിൽത്തന്നെ സംഭാഷണം ആരംഭിച്ചു: "എടോ! ചട്ടമ്പി! ഒരുകൈ പാക്കാമോ? നീ രായരശുവെ വെന്നൂന്നുവച്ച്, ഇന്നാ എവന്റെ കൈയൊന്നു മടക്ക്; പാപ്പോം."
അഴകുശ്ശാർ: "തമ്പുരാന്റെ ചേവുകക്കാരൻ ഒന്ന്; രായനൊന്ന്. അതുമല്ലാണ്ടു കല്ലറയ്ക്കു അങ്ങുന്നിപ്പോ ഉമ്മാൻ വിളിച്ചോ കൈ ചേഴിക്കണ്ട്യോ? അഴകൂന്റടുത്തു പിത്തലാട്ടം കൊണ്ടരണ്ട. തൊട്ടു വല്ലോം ഏമം കിട്ടിയാ തലവീശുവാര്. ഇങ്ങേരൊണ്ടല്ലോ, കരിപ്പട്ടിപ്പത്തായം പോലല്യോ ഇരിക്കണാരു." ഈ ഉപമ കേട്ട് കുഞ്ചൈക്കുട്ടിപ്പിള്ള തല അറഞ്ഞു ചിരിച്ചുപോയി.
കുഞ്ചൈക്കുട്ടിപ്പിള്ള: "എടേ! കല്ലറയ്ക്കൽപിള്ളാന്നു ശൊല്ലുവാരില്ല്യോ? അദ്യത്തിന്റെ മന്തിരിയല്യോ നീ? എന്നിട്ടോ മീച്ചയില്ലാന്നുവെച്ചു ഒഴിയണത്."
കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ഭാഷ തന്നെ പരിഹസിച്ചാണെന്നു വിചാരിച്ചു എങ്കിലും 'മന്ത്രി' പദം അഴകുവിനു സന്തോഷം നല്കി.
അഴകൻപിള്ള: "അല്ല്യോ? അദ്യവും ഇങ്ങ് വെളിയി വന്നിരിക്കിണാര്. ഇപ്പം വിരുന്തുമ്മാൻ വിളിപ്പാര്" എന്നു പറഞ്ഞും, ദേവകിഅമ്മയെ കടാക്ഷിച്ചും, മുഖത്ത് ഒരു ശൃംഗാരമഞ്ജരിഗ്രന്ഥത്തിന്റെ സാരസർവ്വസ്വത്തെ പ്രകാശിപ്പിച്ചു. കുഞ്ചൈക്കുട്ടിപ്പിള്ള യോഗാഭ്യസനംചെയ്തു ബ്രഹ്മചാരിത്വം അവലംബിച്ചിരുന്നു എങ്കിലും, അഴകുവിന്റെ കടാക്ഷത്തെ അനുകരിച്ചു വിളക്കിന്റ സമീപത്തു നീങ്ങിനിൽക്കുന്ന ബാലികയെ ഒന്നു നോക്കിയപ്പോൾ ജഗജ്ജേതാവായ മന്മഥന്റെ പടുതാവിലാസം എത്രത്തോളമുണ്ടെന്ന് അല്പമൊന്നു ഗ്രഹിച്ചു. ദിവാൻജിയുടെ ഗാഢബന്ധുവായുള്ള കല്ലറയ്ക്കൽപിള്ള ഈ ഘട്ടത്തിൽ രംഗത്തിൽ പ്രവേശിക്കയാൽ സ്ത്രീകൾ ആശ്വസിതചിത്തകളായി രോഗിണിയെ ശുശ്രൂഷിപ്പാൻ തിരിച്ചു. ആ സമ്പന്നന്റെ പ്രവേശനസമയത്ത് ദേവകിക്കുട്ടിയുടെ മുഖത്തെ സൂക്ഷിച്ചുനോക്കിയ കുഞ്ചൈക്കുട്ടിപ്പിള്ള കണ്ട ചടുലവിലാസം ആ ഭൈരാഗിയിലും ഒരു ദാമ്പത്യസംഘടനയിലെ സൂത്രധാരനാകുന്ന രസം ആസ്വദിപ്പാനുള്ള മോഹത്തെ ഉത്പാദിപ്പിച്ചു. [ 117 ]
പെരിഞ്ചക്കോട്ടു കുഞ്ചുമായിറ്റിപ്പിള്ളയുടെ നല്ലനടത്തയ്ക്കു ജാമ്യമായി അയാളുടെ ഭവനവും വസ്തുവകകളും ഭൂമികളും സർക്കാരിലേക്കു കണ്ടുകെട്ടി, കല്ലറയ്ക്കൽപിള്ളയെ മൂന്നാംസ്ഥാനം ഏൽപ്പിച്ചു. നാണയങ്ങൾ, സ്വർണ്ണം മുതലായ സാധനങ്ങൾ പണ്ടാരവക അധികാരികളുടെ സൂക്ഷിപ്പിനായും തല്ക്കാലത്തേക്ക് അടക്കി. ഈ സംഗതികൾക്കു വേണ്ട പ്രമാണങ്ങളും രേഖകളും തയ്യാറാക്കിക്കൊണ്ട് കല്ലറയ്ക്കൽപിള്ളയുടെ അതിഥിസല്ക്കാരവും ഏറ്റു കാര്യക്കാർ ആ രാത്രിതന്നെ തിരുവനന്തപുരത്തേക്കു മടങ്ങി. ബദ്ധപ്രണയനായ കല്ലറയ്ക്കൽപിള്ളയക്കു തന്റെ ഉഷയെ ബാണാസുരബാധകൂടാതെ പ്രേമസമാരാധനങ്ങൾ ചെയ്തു പ്രീണിപ്പിക്കുവാൻ ഇങ്ങനെ അധികൃതമണ്ഡലത്തിൽനിന്നുതന്നെ അവസരം ലഭ്യമായി. കുഞ്ചുമായിറ്റിപ്പിള്ളയുടെ ഭഗവതീഗൃഹം പരമാർത്ഥത്തിൽ അയാളുടെ സമ്പന്നിചയത്തിന്റെ നിക്ഷേപാഗാരമായിരുന്നു. ബഹുജനങ്ങളുടെ രക്തച്ഛിദ്രത്താൽ സംഭരിക്കപ്പെട്ട അയാളുടെ നിധിസമുച്ചയം ടിപ്പുവിന്റെ ആക്രമണത്തെ നിരോധിച്ചു ബഹുജനരക്ഷ ചെയ്വാനുള്ള ശ്രമങ്ങളിലേക്ക് ഉപയുക്തമാകുന്നതു ഭഗവൽഭരണത്തിന്റെ കാര്യക്ഷമതകൊണ്ടുതന്നെ എന്നു നമുക്കു സമർത്ഥിക്കാം.