മകളേ? ഞാൻ ആ അച്ചിയെ ശുശ്രൂഷിക്കയല്ലേ? അവൾ ചാവാൻ തുടങ്ങുന്നു. ജ്വരം കലശല്. ഇന്നലെമുതൽ കാവൽക്കാരുടെ ശബ്ദവും കേൾക്കുന്നില്ല. വൈദ്യനെ ക്ഷണം വരുത്തീല്ലെങ്കിൽ ഇപ്പോൾ ശ്വാസമെടുത്ത് ഇവിടമെല്ലാം അയിത്തമാകും."
ദേവകി: "ഞാൻ പോയി വടക്കേ വീട്ടിൽനിന്നു വല്ലവരെയും വിളിച്ചുകൊണ്ടുവരാം."
ലക്ഷ്മി: (പുത്രി യാത്രയായിപ്പോയി എന്നുള്ള സംഭ്രമത്തോടെ തടഞ്ഞ്) "വേണ്ട, വേണ്ട, പരമശിവൻ രക്ഷിക്കും."
ദേവകി: "എന്താ അമ്മേ! ഈ പരമശിവനെന്നു വിട്ടിട്ട് പരമേശ്വരൻ എന്നു പറയരുതേ? മറ്റതു ഗ്രന്ഥത്തിൽ കാണാത്ത പദമാണല്ലോ."
ലക്ഷ്മി: (ദീർഘശ്വാസത്തോടെ) "വിളികൂട്ടാതെ ഇവിടെ ഇരിക്ക്. ഞാൻ കുറെ കഷായം കുറുക്കിക്കൊടുത്തിട്ടു വരാം."
ദേവകി: "അമ്മ കുറച്ചു കാലം ഇവിടെ തനിച്ചും താമസിച്ചല്ലോ. രണ്ടു പേരുണ്ടായിട്ടും എനിക്കു പേടി തീരുന്നില്ല. അച്ഛൻ വരുമ്പോൾ ഞാൻ പറയും, ഈ കാവിനകത്തു കിടക്കാൻ നാം സർപ്പങ്ങളോ!"
ലക്ഷ്മി: "നിന്നെ വാത്സല്ലിക്കുന്നൂന്നുവച്ച് അനാവശ്യമൊന്നും പറഞ്ഞ് അദ്ദേഹത്തെ ഉപദ്രവിക്കരുത്. നമ്മെ രക്ഷിക്കുന്നതുതന്നെ വലിയ ഉപകാരം."
ദേവകി: "അമ്മേടെ ധൈര്യം എനിക്കില്ല. ആ പറപാണ്ട ഇതിനകത്തോട്ടു കവർച്ചയ്ക്കു വന്നാലോ? ഈ പണ്ടങ്ങൾ കണ്ടാൽ അവൻ-"
ലക്ഷ്മി: (ആശ്ചര്യസ്വരത്തിൽ) "കുഞ്ഞേ! അവന്റെ കഥ കുഞ്ഞെവിടുന്നു കേട്ടു? ഇങ്ങോട്ടു സ്മരിക്കുമെന്നു പേടിക്കേണ്ട. അച്ഛൻ നല്ല കാവലിട്ടിട്ടുണ്ട്. അവന് അദ്ദേഹത്തെ പേടിയുമാണ്."
ദേവികി: "എന്നാൽ പിന്നെ കാവലുണ്ടെങ്കിൽ ഒരാളെ വിളിക്കരുതേ?"
ലക്ഷ്മി എന്ന സ്ത്രീ മുറ്റത്തിറങ്ങി, "എടാ കുറുമ്പോ! നീലോ! ചേന്നോ!" എന്നെല്ലാം വിളിച്ചുതുടങ്ങി. ആ മൃദുഗാത്രിയുടെ മംജുളകണ്ഠമുരളിക്കു ദൂരത്തെത്തുംവണ്ണം വിളികൂട്ടാൻ ശക്തി ഇല്ലാത്തതിനെക്കുറിച്ച് അവർ രണ്ടുപേരും ചിരിച്ചു.
ദേവകി: (അമ്മയുടെ ഗാനസമ്പ്രദായം പകർത്തി) "ഇന്ദുകലോജ്വലമണിയാം ഇന്ദ്രസുതൻ മാധവിയാം സുന്ദരിയിൽക്കൊതി പെരുകി' എന്നുചൊല്ലി അമ്മ ചോടുവച്ചാൽ ആരെങ്കിലും എത്തും."
ലക്ഷ്മി: "ഫാ! നീ വല്യ മിടുക്കത്തിതന്നെ. കണ്ഠം ഇന്ദ്രലോകത്തെത്തും. അതിനുള്ള വള നിനക്കുതന്നെ ഇരിക്കട്ടെ."
ദേവകി: "അമ്മ അപ്പോൾ പല വളയും വാങ്ങിച്ചിരിക്കാം. അതല്ലേ, മുഴംകൈ നല്ലതുപോലെ തഴമ്പിച്ചിരിക്കുന്നത്."
ലക്ഷ്മിഅമ്മ സ്തബ്ധയായി നിന്നു. ദേവകി മാതൃഹൃദയത്തെ വേദനപ്പെടുത്തിയ വല്ല അപരാധവും ചെയ്തുപോയോ എന്നു ശങ്കിച്ചു.