എന്നു ശിശുവിന്റെ കർണ്ണത്തിൽ യഥാക്രമം മന്ത്രിച്ച് ദേവകിയെ മാതൃഹസ്തത്തിൽ ചേർക്കുകയും ചെയ്തു.
മാതാവിന്റെ ശുശ്രൂഷണത്തിലും അനുശാസനയിലും വളർന്ന കന്യക സ്വാർജ്ജിതമായുള്ള ധനത്തിനു തുല്യം ഒരു പുതിയ സമ്പത്തായിത്തന്നെ പെരിഞ്ചക്കോടനാൽ പരിലാളിക്കപ്പെട്ടുവരുന്നു. യോഗ്യനും പ്രതാപവാനും കുലീനനുമായുള്ള ഒരു ജാമാതാവ് കിട്ടണമെന്നു മോഹിക്കുന്ന അച്ഛൻ തന്റെ ഭ്രഷ്ടമായിരിക്കുന്ന ജാതിസ്ഥാനത്തിന്റെ പുനരാപ്തിക്കായും അധികാരസ്വാധീനത്തിന്റെ ലബ്ധിക്കായും പുത്രിക്കു സമുചിതഗുണങ്ങളോടുകൂടിയ ഒരു യുവാവെ കിട്ടുവാനായും തന്റെ സ്വാധീനത്തെയും ധനത്തെയും ചില യന്ത്രികൾക്കു പണയപ്പെടുത്തുകപോലും ചെയ്തിരിക്കുന്നു. യുദ്ധസന്നാഹങ്ങൾ ഒരുക്കുന്ന ആ കാലത്ത് അധികൃതമണ്ഡലത്തെ കഷ്ടപ്പെടുത്തുന്ന ദ്രവ്യന്യൂനതയെ പരിഹരിപ്പാൻ കൈക്കാണംകൊടുത്തു മന്ത്രിയെ പ്രീണിപ്പിക്കാനും ചെരിഞ്ചക്കോടൻ യത്നിച്ചു. തന്റെ ബന്തോവസ്തു കാവലുകളും നിഷ്കർഷകളും ലംഘിച്ച് കല്ലറയ്ക്കൽപിള്ള എന്ന ഒരു അനാഗരികസമ്പന്നൻ സ്വപുത്രിയെ അപഹരിച്ചേക്കും എന്നു ചില ലക്ഷ്യങ്ങൾ കിട്ടുകയാൽ ത്രിവിക്രമനെക്കൊണ്ടുള്ള വിവാഹത്തെ നിറവേറ്റാൻ അയാൾ എന്തു ബലികർമ്മം അനുഷ്ഠിക്കുന്നതിനും സന്നദ്ധനായി പുറപ്പെട്ടിരിക്കുന്നു.
'ബുദ്ധിതാനൊന്നുതന്നെ സർവവും ജയിക്കുന്നു' എന്നുള്ള മഹദുക്തി ഏറ്റവും പരമാർത്ഥമായിട്ടുള്ളതാണ്. ദുർവാസനകളും ദുഷ്പ്രതാപങ്ങളും തല്ക്കാലവിജയങ്ങൾ നേരിടുന്നതിനു പ്രയോജ്യങ്ങളാകാം. ഇങ്ങനെയുള്ള ശക്തികൾ സൂക്ഷ്മബുദ്ധിയോട് ഇടയുമ്പോൾ ലുപ്തവീര്യങ്ങളാകുന്നു. വിശ്വഗതിയിൽ ബുദ്ധിയുടെ കുശാഗ്രത സാമാന്യേന വിജയിക്കുന്നു എന്നുള്ളതു സാമ്രാജ്യങ്ങളുടെ ഉത്ഭവക്ഷയങ്ങൾ തെളിയിക്കുന്നു. ബുദ്ധിയുടെ പ്രവൃദ്ധമായ സംസകൃതിയോടുകൂടി നവനവങ്ങളായുള്ള നിധനകൗശലങ്ങൾ കണ്ടുപിടിക്കപ്പെടുന്നു. പരിഷ്കൃതായുധക്കാർ പ്രാചീനായുധക്കാരെ അസ്തശക്തരാക്കുന്നു. ആര്യന്മാർ രാക്ഷസന്മാരെന്നു ഗണിക്കപ്പെട്ടവരും ശിലാതരുക്കളെന്ന ആയുധങ്ങൾ പ്രയോഗിച്ചിരുന്നവരുമായ ദാക്ഷിണാത്യന്മാരെ അമർത്തി. ആ ധനുർവ്വേദികളെ പുതിയ തോക്കുകാർ പരാജിതന്മാരാക്കി. ഇങ്ങനെ കഴിയുന്ന ലോകസ്ഥിതിയിൽ ബുദ്ധിമാനായ കേശവപിള്ളയും പെരിഞ്ചക്കോടനും തമ്മിലുള്ള മത്സരത്തിൽ വിജയാപ്തി ആർക്കുണ്ടാകുമെന്നു നിഷ്പ്രയാസം ഊഹ്യമാണ്. ഭരണനിർവഹണം കാര്യക്ഷമതയോടെ നിർവഹിക്കപ്പെടുന്നതു ക്രിയകളുടെ സന്ദർഭാനുസാരവും ദ്രുതതരവുമായുള്ള അനുഷ്ഠാനംകൊണ്ടാണ്. ഈ അദ്ധ്യായത്തിലെ അനന്തരകഥ ഈ തത്ത്വങ്ങളെ ആശ്രയിച്ചു സംഭവിക്കുന്നു.
ലക്ഷ്മി എന്നുള്ള നാമധേയക്കാരിയായ മാതാവ് പുത്രിയുടെ സമീപത്തെത്തി സസ്നേഹം ആ കന്യകയെ ആക്ഷേപിച്ചുതുടങ്ങി: "എന്താ തനിച്ചിരിക്കാൻ പാടില്ലേ? കാട്ടിൽ വളരുന്ന ജന്തുക്കൾക്കു പേടിയെന്തു