താൾ:Ramarajabahadoor.djvu/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഈ വിളി കേട്ടുകൊണ്ടു തളത്തിൽ പ്രവേശിച്ചത് മുമ്പിൽ ഞൊറിഞ്ഞും പുറകിൽ തിരുകിയും ധരിച്ചിട്ടുള്ള ഏകവസ്ത്രത്തോടുകൂടിയ ഒരു മേനകാസ്വരൂപംതന്നെ ആയിരുന്നു. ഇവരുടെ വാമഭാഗത്തോട്ടു ചെറുപന്തായി കെട്ടിയിട്ടുള്ള ധമ്മില്ലവും കർണ്ണാന്തത്തെ ഊഞ്ഞാലാടിക്കുന്ന വേധദ്വാരങ്ങളും ചന്ദനക്കുറികളും മേനകാത്വത്തോട് ഐഹികത്വത്തെ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ജന്മനാ സിദ്ധിച്ചിരുന്ന ദേവത്വത്തെ സമൂലം വിച്ഛേദിക്കുന്നില്ല. പെരിഞ്ചക്കോടനെ വീഴ്ത്താനുള്ള ഏകമർമ്മം എന്തെന്നു മഹാരാജാവിന്റെയും അവിടുത്തെ കുശാഗ്രബുദ്ധിയായ മന്ത്രിയുടെയും ശിക്ഷയിൽനിന്ന് അയാളെ രക്ഷിക്കുന്ന കവചം ഏതെന്നും വായനക്കാർ ഇപ്പോൾത്തന്നെ ഊഹിച്ചിട്ടില്ലെങ്കിൽ കഥാന്തത്തിനു മുമ്പു സൂക്ഷ്മമായി ഗ്രഹിക്കുന്നതാണ്. അധർമ്മചാരിയും അനിയന്ത്രിതനുമായുള്ള കുഞ്ചുമായിറ്റിപ്പിള്ള ഭാര്യാപുത്രികളുടെ സംഗതിയിൽ അഭ്രതുല്യം ലോലമനസ്കനായിരുന്നതു കേവലം മൃഗധർമ്മായിരുന്നു എങ്കിലും, ഈ അഭിനന്ദനീയഗുണാംശം ശിക്ഷാധികാരികളാൽ കൃപാപൂർവ്വം പരിഗണിക്കപ്പെട്ട് ആ ദുർവൃത്തൻ അധികാരഖഡ്ഗത്തിന്റെ നിപാതത്തിൽനിന്ന് ഇതുവരെ രക്ഷപ്പെട്ടു.

നാം കാണുന്ന ഈ ജനനി, കന്യകാദശയെ തരണംചെയ്തുള്ള ഘട്ടത്തിൽ ഒരു ദുർവ്വിധിയുടെ നിപാതം ഏറ്റ് ഇരപ്പാൻ പോലും പ്രഭാവമില്ലാതെ വിശന്നും തളർന്നും അവലംബശൂന്യയായി കണ്ട വഴിയേ നടന്ന് ഒരു ദുർഗ്ഗപ്രദേശത്തിലെ തരുച്ഛായയിൽ മോഹാലസ്യയായി വീണ് ചരമസ്ഥിതിയെ കണ്ടു തുടങ്ങിയപ്പോൾ ആ തേജോരൂപിണിയുടെ സൗന്ദര്യവിശേഷം കാടടിച്ചു ധനസങ്കേതങ്ങളിലേക്കുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞുകൊണ്ടിരുന്ന പെരിഞ്ചക്കോടന്റെ പ്രേമരാസിക്യത്തെ ആകർഷിച്ചു. നമ്മുടെ ചൗര്യാനുഷ്ഠകൻ ജീവപ്രദാനത്തിനു സന്നദ്ധനായി എങ്ങോനിന്നു സമ്പാദിച്ച ഓദനജലങ്ങൾകൊണ്ട് ബോധവിഹീനയായിരുന്ന ആ സ്ത്രീയെ ഭൂസ്ഥിതികൾക്കു രണ്ടാമതും സുപ്രജ്ഞയാക്കി. ആ ഭുക്തികൊണ്ടുണ്ടായ അവസ്ഥാന്തരങ്ങളെക്കുറിച്ച് അടുത്ത ക്ഷണം ഉദിച്ച ചിന്തയാൽ ആ സ്ത്രീ വീണ്ടും വിഗതബോധയായി. ഈ സ്ഥിതിയിൽനിന്ന് ഉണർന്നപ്പോൾ പുനർജ്ജീവാപ്തിയിൽ പരമമായ ആധിയോടെങ്കിലും രക്ഷാദാനഹസ്തത്തെ അവലംബിച്ചു. പെരിഞ്ചക്കോട്ടേക്കു പോന്ന് ആ ഗൃഹനായകന്റെ പത്നീസ്ഥാനത്തെ യക്ഷിഗൃഹത്തിന്റെ പരിസേവിനി ആയി, കൃത്യാനുസാരം അനുവർത്തിച്ചു. ഈ ഗാന്ധർവ്വപരിണയത്തിന്റെ അനന്തരമായുള്ള ഒൻപതാം ചാന്ദ്രമാസത്തിൽ ജാതയായ കന്യക ദക്ഷനെ സതീലബ്ധിയും, ജനകനെ സീതാലബ്ധിയും ദ്രുപദനെ കൃഷ്ണാലബ്ധിയും എന്നപോലെ പെരിഞ്ചക്കോടനെ സന്തോഷിപ്പിച്ചു. 'നങ്ങയ' എന്നു പേരായ പ്രണയിനിയെ 'ലശ്മി' ആക്കിയ ആ ജാതകർമ്മാധികാരി പുത്രിക്ക് 'ദേവകി' എന്നു നാമകരണം ചെയ്യണമെന്നു മാതാവു പ്രാർത്ഥിച്ചപ്പോൾ അത് ശ്രീരാമനെയും ലക്ഷ്മണനെയും പെറ്റ തമ്പുരാട്ടീടെ പേരാകയാൽ സഹർഷം സമ്മതിച്ചു. 'തേവൂ, തേവൂ, തേവൂ'

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/110&oldid=167940" എന്ന താളിൽനിന്ന് ശേഖരിച്ചത്