താൾ:Ramarajabahadoor.djvu/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെത്തിയ ചില അനുചരന്മാർ സ്വനാഥന്റെ പ്രത്യാഗമനത്തിനു കുറച്ചുദിവസത്തെ താമസംകൂടി ഉണ്ടെന്നും ആ പരാക്രമന്റെ സാമ്രാജ്യത്തെ ഭദ്രമായി സൂക്ഷിച്ചുകൊള്ളേണ്ടതാണെന്നു നിഷ്കർഷാജ്ഞകൾ ഉണ്ടായിട്ടുണ്ടെന്നും സങ്കേതരക്ഷികളെ അറിയിച്ചു. ഈ ആജ്ഞകളുടെ ലംഘനം ഗളച്ഛേദമുണ്ടാക്കുമെന്നു അറിഞ്ഞിരുന്നിട്ടും മനുഷ്യർ സുഖമോഹികളാവുകകൊണ്ട് പെരിഞ്ചക്കോട്ടുഭവനത്തിന്റെ സൂക്ഷിപ്പ് ആശാനില്ലാത്ത 'പള്ളി'യിലെ അദ്ധ്യേതാക്കളുടെ പഠനക്രമത്തിലോട്ട് ഇഴിഞ്ഞുതീർന്നിരിക്കുന്നു. ശ്ലഥോർജ്ജിതമായിത്തീർന്ന ഈ കാവലിനിടയ്ക് പെരിഞ്ചക്കോടന്റെ അരമനയുടെ പുറവാതിൽ സന്ധ്യാലക്ഷ്മിയുടെ പ്രവേശനത്തിനായി വിപാടനം ചെയ്യപ്പെട്ടിരിക്കുന്നു. അകത്തു കടന്നാൽ ആദ്യം കാണുന്ന ചെറുമുറ്റത്തെ അപ്രകാശമാക്കുന്ന കുഞ്ജസദനം തലോടുന്ന വടക്കതിന്റെ തെക്കുവശം തുറന്നുള്ള തളത്തിൽ അതിപ്രകാശത്തോടെ തെളിയുന്ന ഒരു ദീപവും ആ ദീപത്താൽ സംപൂജ്യയായുള്ള ഒരു കമനീയധാമവും കാണുമാറാകുന്നു. ഒരു വനദേവിയോടു സാദൃശ്യം വഹിക്കുന്ന ദിവ്യസൗന്ദര്യംകൊണ്ട് ആ കന്യക തേജസ്സത്വത്തിന്റെ സുഷുമ്നാനാളം എന്നപോലെ പരിലസിക്കുന്നു. ആ വിരാധമണ്ഡലത്തിൽ ജനിച്ചുവളർന്നിട്ടുള്ള ഈ കന്യക മേനകാപുത്രിയായ ശകുന്തളയെപ്പോലും സർവ്വാംഗസൗഷ്ഠവത്തിൽ വിജയിക്കുന്നു. ആ പുരാണനായികയുടെ ആശ്രമവാസദശയിലെന്നപോലെ മന്മഥസാമ്രാജ്യത്തിന്റെ മാലിന്യങ്ങളോ സ്വാരസ്യങ്ങളോ സ്പർശിച്ചിട്ടില്ലാത്ത ഇവൾ പാവനകോമളയായി പ്രശോഭിക്കുന്നു. ചമ്പകാദികുസുമശരനിചയത്തിന്റെ തൂണീരമായുള്ള ആ മുഖം അനംഗധൂർത്തനെ പുനർജ്ജീവിപ്പിച്ച് ചിരഞ്ജീവിയും ആ ആരാമകാരാഗൃഹത്തിൽ ബന്ധനസ്ഥനുമാക്കാൻ പോരുന്ന ബ്രഹ്മചൈതന്യത്താൽ പ്രദ്യോതിക്കുന്നു. ദേവകദംബങ്ങളുടെ അമൃതപോഷിതമായ നേത്രങ്ങൾക്കും ആനന്ദദായകമായ ആ സൗന്ദര്യദ്യുതി, കേശത്തിന്റെ സമൃദ്ധിയാലും പുരികക്കൊടികളുടെ ചടുലവിലാസങ്ങളാലും കണ്ണുകളിൽനിന്നു പ്രസൃതമാകുന്ന നിഷ്കാപട്യത്താലും നാസാരൂപീകരണത്തിന്റെ രസികതയാലും അധരങ്ങളുടെ ആകർഷകകോമളിമയാലും ആകാരത്തിൽ തിളങ്ങുന്ന വേദവതീത്വത്താലും പരിസരസ്ഥലത്തിനുതന്നെ ഒരു മോഹനപ്രഭാവം ചേർക്കുന്നു. ദീപത്തിന്റെ സമീപത്തിൽനിന്നു കന്യക എന്തോ ചിത്തവികാരത്താൽ എഴുന്നേറ്റുനിന്നപ്പോൾ ആ സരസാംഗവല്ലിയുടെ ലാളിത്യം വനസൗഭാഗ്യത്തിന്റെ സരസപതാകയെന്നപോലെ ദർശനീയമാകുന്നു. ഒരു വിക്രമന്റെ വാത്സല്യത്തിനും സമ്പൽസമൃദ്ധിക്കും സാക്ഷികളായുള്ള ആഭരണങ്ങൾ ആ ഹേമവതിയെ അലങ്കരിക്കുന്നു. പാദത്തിന്റെ അടികൾ കവികൾ ഉൽപ്രേക്ഷിക്കുന്നതായ ചെന്താമരവർണ്ണത്തെ കവർന്നും വിരലുകൾ മൃണാളഖണ്ഡങ്ങൾപോലെ ലഘുലളിതങ്ങളായും സൗന്ദര്യസമുൽകൃഷ്ടതയെ പരിപുഷ്ടം ആക്കുന്നു. 'അമ്മേ' എന്നുണ്ടായ മൃദുകൂജനം കോകിലകണ്ഠത്തിൽനിന്ന് ഉൽഗളിതമാകുന്ന കളമൃദുഗീതപോലെതന്നെ ആ സങ്കേതമാഹാത്മ്യത്തിന്റെ സ്തുതിഗീതമായി ധ്വനിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/109&oldid=167938" എന്ന താളിൽനിന്ന് ശേഖരിച്ചത്