താൾ:Ramarajabahadoor.djvu/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്തഃപ്രദേശമായ പ്രതിഷ്ഠാഗേഹത്തിനുള്ളിൽ അവിടത്തെ തന്ത്രിയായുള്ള പെരിഞ്ചക്കോടൻ അല്ലാതെ മറ്റ് ആരെങ്കിലുമോ സൂര്യന്റെ വല്ല രശ്മികണമോ ദീപത്തിന്റെ കെടുത്തിയ തിരിപോലുമോ പ്രവേശിച്ചിട്ടില്ല. അവിടത്തെ ദുർഗ്ഗയുടെ ആരാധകന്മാർ കാണിക്കകൾ ധാരാളമായി സമർപ്പിക്കാറുണ്ടെങ്കിലും വിശേഷദിവസങ്ങളിൽ ദേവിയുടെ അനുഗ്രഹങ്ങൾ അകത്തുനിന്നു പുറപ്പെടാറുണ്ടെങ്കിലും 'പൂശാരി'യായി പട്ടും, ഭസ്മവും, വാളും ധരിച്ചു തുള്ളുന്ന പെരിഞ്ചക്കോടൻ പ്രസാദം കൊടുപ്പാറുണ്ടെങ്കിലും പടഹരവങ്ങൾ തകർക്കാറുണ്ടെങ്കിലും, ആസുരശംഖങ്ങൾ മുഴങ്ങാറുണ്ടെങ്കിലും അകത്തെ പ്രതിഷ്ഠാനാളസ്ഥമായ വിഗ്രഹം അന്ധകാരപ്രിയയായി അദൃശ്യസ്വരൂപിണിയായി വാഴുന്നതേയുള്ളു. ഈ ഭയങ്കരസങ്കേതത്തെ ആ കാവിനകത്തു നില്ക്കുന്ന ഉന്നതമായ തരുനിവഹങ്ങളിലെ ശാഖകൾക്കിടയിൽ ഗൂഢവാസം ചെയ്തിരുന്നവരും ഗൂഢഗതികളുമായുള്ള ചില വനചരസ്വരൂപന്മാർ രക്ഷിച്ചു വന്നു എന്നു സമീപദേശക്കാർ കേട്ടിരുന്നു.

ഈ സങ്കേതത്തോടു ചേർന്നു രണ്ടു നാഴികയോളം വിസ്താരത്തിൽ തെക്കുകിഴക്കായി നീണ്ടുകിടന്നിരുന്ന കാടിന്റെ അവസാനത്തിൽ രാജപാതയും ആ വഴിയുടെ പടിഞ്ഞാറു ചേർന്നുള്ള കുന്നിന്റെ ചുവട്ടിൽ ഒരു കല്ലുവഴിയമ്പലവും ചില പാറക്കുട്ടങ്ങളും ഒരു അഗാധനീരാഴിയും ഉണ്ടായിരുന്നു. ഇത് പറപാണ്ട എന്ന തസ്കരമേധാവിയുടെ കാളകൂടക്ഷേത്രമായിരുന്നു. വഴിയമ്പലത്തിന്റെയും നീരാഴിയുടെയും അവശേഷങ്ങൾ തെക്കൻറോട്ടിൽകൂടി ഗതാഗതംചെയ്യുന്നവർക്ക് ഈ പരിഷ്കാരകാലത്തും കാണാവുന്നതാണ്. കാലവർഷങ്ങളുടെയും ഇഞ്ചിനീർ ഡിപ്പാർട്ടുമെന്റുകാരുടെയും പ്രവർത്തനങ്ങൾകൊണ്ടു നീരാഴിയുടെ ജലനില കണ്ടുകൂടാതിരുന്ന അത്യഗാധത നികന്നുപോയിട്ടുണ്ട്. മുളകുമൂട് എന്ന സമീപപ്രദേശത്തെ ഇപ്പോൾ മിഷ്യനറിമാരുടെ പരിഷ്കാരഹസ്തങ്ങൾ ഒരു വ്യവസായകേന്ദ്രമാക്കിയിരിക്കുന്നു. എങ്കിലും ഒരു ശതവർഷാർദ്ധത്തിനു മുമ്പുവരെ ആ സ്ഥലം തസ്കരപരമ്പരകളുടെ ജനസ്ഥാനമായി വിശ്രുതപ്പെട്ടിരുന്നു. വഴിയമ്പലത്തിന് അടുത്തു പടിഞ്ഞാറുള്ള ഒരു 'കൊക്കരിണി' നരമാംസകാംക്ഷിണി ആയുള്ള ഒരു ഭയങ്കരദുർദ്ദേവതയുടെ 'യക്ഷിപറമ്പ്' ആണെന്നും, അവിടത്തെ പെരിയനമ്പിസ്ഥാനം ആണ്ടിരുന്നത് പറപാണ്ട എന്ന തസ്ക്കരനാണെന്നും സമീപവാസികളും വഴിപോക്കരും വിശ്വസിച്ചുവന്നിരുന്നതിനാൽ പെരിഞ്ചക്കോടന്റെ സങ്കേതം അഹിതജനങ്ങളുടെ ആക്രമണത്തിൽനിന്നു വഴിപോലെ രക്ഷിക്കപ്പെട്ടുവന്നു.

പെരിഞ്ചക്കോട്ടുഭവനപ്പെരുമാന്റെ സാന്നിദ്ധ്യം ഏതാനും ദിവസങ്ങൾക്കിപ്പുറം അനന്തശയനനഗരത്തെ ഭാസ്വത്താക്കുന്നതുകൊണ്ടു പറയന്മാർ, മലവേടന്മാർ എന്നു തുടങ്ങിയുള്ള നീചവർഗ്ഗങ്ങളാൽ രക്ഷിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ഗൃഹരഹസ്യങ്ങളെ കൗശലപ്രയോഗംകൊണ്ടു ഗ്രഹിപ്പാൻ നമുക്ക് ഒരു വഴികിട്ടുന്നു. തിരുവനന്തപുരത്തുനിന്നു മടങ്ങി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/108&oldid=167937" എന്ന താളിൽനിന്ന് ശേഖരിച്ചത്