Jump to content

താൾ:Ramarajabahadoor.djvu/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചപ്പോൾത്തന്നെ അദ്ദേഹത്തിന്റെ നളകൂബരത്വത്തെ പരിസരവാസികൾ സൂക്ഷ്മമാനം ചെയ്തു. നായന്മാരുടെ ഗൃഹങ്ങളോടു സഹവസിപ്പാൻ മോഹിക്കാതെ ഒരു കാട്ടുകുഴിയിൽ ശാസ്ത്രാനുസാരമായിത്തന്നെയുള്ള സ്ഥാനത്തിലും പ്രഭുത്വത്തിനുചേർന്നുള്ള കെട്ടിടങ്ങളോടും ഭവനം സ്ഥാപിച്ചുതീർന്നപ്പോൾ തിരുവിതാംകൂറിലെ ദക്ഷിണഖണ്ഡത്തെ പെരിഞ്ചക്കോടെന്ന നാമം സ്തംഭിപ്പിച്ചുതുടങ്ങി. ചിലമ്പിനഴിയത്തുഭവനത്തിന്റെ ലങ്കാത്വമോ ഐശ്വര്യവിലാസമോ ശുചിത്വമോ ഒന്നും പെരിഞ്ചക്കോടുഭവനത്തെ സ്പർശിച്ചിട്ടില്ലെങ്കിലും ഗൃഹകൂടങ്ങളുടെ സംഖ്യയും ഉന്നതിയും വിസ്തൃതിയും ദൂരത്തുനിന്നു കണ്ടുവന്ന ആളുകളെക്കൊണ്ട് ആ ഭവനത്തെ ബലേന ആദരിപ്പിച്ചുവന്നു. ഈ ഭവനം പെരിഞ്ചക്കോടന്റെ സഹോദരികളുടെ പാർപ്പിടം ആയിരുന്നു. ക്ഷൗരത്തിനുപോലും കാശ് ഇറക്കാത്ത പെരിഞ്ചക്കോടന്റെ ഗൃഹപ്പതിവ് ലംഘിപ്പാൻ പട്ടിണി കിടന്നു മരണപ്രാന്തത്തിൽ എത്തിയാലും ആ സ്ത്രീകൾ ചിന്തിക്കുകപോലും ചെയ്കയില്ലായിരുന്നു. ഭർത്തൃലബ്ധിയും തന്നിമിത്തം സന്താനാപ്തിയും ഇല്ലാതെയും ബഹിർഗൃഹങ്ങളോടു വ്യാപാരാദികൾ ഒന്നും കൂടാതെയും കഴിയുന്ന ഈ സ്ത്രീകളുടെ സമ്പൽസ്ഥിതി ലോകചരിത്രത്തിൽ ഒരു നവസംഭവം ആയിരുന്നു.

തെക്കുമാറിക്കാണുന്ന 'പ്രമദാവനം' പെരിഞ്ചക്കോടന്റെ മനോധർമ്മത്തിനുള്ള സ്മാരകസ്തംഭം ആയിരുന്നു. മുള്ളിലവുകളും ചാരുവൃക്ഷങ്ങളും കരിമ്പനകളും മറ്റു കാട്ടുമരങ്ങളും കണ്ടകവല്ലികളും ഇടതിങ്ങിവളരുന്ന ഈ നാരകീയാരാമത്തിന്റെ ഉള്ളിലോട്ടു കടപ്പാൻ സർപ്പഗതിപോലെ വളഞ്ഞും പുളഞ്ഞും വിസ്താരം കുറഞ്ഞും ഉള്ള ഊടുവഴികൾ ഉണ്ടായിരുന്നു. ഗാഢപരിചയമില്ലാത്തവർ ഈ ഗൂഢവഴികളിൽ കടന്നാൽ പല നാഴിക ദൂരത്തെ പ്രദക്ഷിണം കഴിച്ചിട്ട് രാവണൻകോട്ടയുടെ തരണമെന്നപോലെ വീണ്ടും പ്രവേശനദ്വാരത്തിൽത്തന്നെ എത്തിപ്പോകുമായിരുന്നു. മാർഗ്ഗപരിചയമുള്ളവർ വള്ളികളും താഴ്ന്നുള്ള കൊമ്പുകളും ഞെരിച്ചും മുൾച്ചെടികളെ നോക്കിക്കണ്ട് ഒഴിഞ്ഞും പടിഞ്ഞാറോട്ടു ചെല്ലുമ്പോൾ വടക്ക് ഒരു മതിൽക്കെട്ടും തെക്ക് ഒരു കെട്ടിടവും കാണുന്നതാണ്. മതിൽക്കെട്ടു അത്യുന്നതവും മുകളിൽ കണ്ണാടിച്ചില്ലുകൾ ഇറക്കി തരണനിരോധനം ചെയ്തിട്ടുള്ളതുമാണ്. ഈ മതിൽക്കെട്ടിന്റെ കിഴക്കു വശത്തു കാണുന്നതും, മിക്കപ്പോഴും ബന്ധിച്ചിരിക്കുന്നതുമായ വാതിൽ പെരിഞ്ചക്കോടന്റെ പരിഗ്രഹവും, അയാളുടെയോ ആ സ്ത്രീയുടെയോ അവർ രണ്ടു പേരുടെയുമോ പുത്രിയും, മൂകയും ബധിരയും ആയുള്ള ഒരു പരിചാരികയോടൊന്നിച്ചു പാർക്കുന്ന അരമനയിലേക്കു പ്രവേശനം തരുന്നു. ഈ ഗൃഹത്തിന്റെ തെക്കുഭാഗത്തുള്ള വൈതരണിയിൽ കാണുന്ന വിളക്കുമാടത്തോടുകൂടിയ കെട്ടിടം പെരിഞ്ചക്കോടൻ ആരാധിക്കുന്ന 'അമ്മ'ന്റെ എലങ്കം ആണ്. ഭയങ്കര സ്വരൂപികളായ രണ്ടു ദ്വാരപാലകന്മാർ ഗദയോങ്ങി അതിന്റെ മുൻഭാഗത്തു ഗർഭഗൃഹത്തിലെ രൂക്ഷതയ്ക്ക് അനുക്രമണികാപാത്രങ്ങളെന്നപോലെ നില്ക്കുന്നുണ്ട്. മണ്ഡപത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/107&oldid=167936" എന്ന താളിൽനിന്ന് ശേഖരിച്ചത്