Jump to content

താൾ:Ramarajabahadoor.djvu/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പെരിഞ്ചക്കോട്ടു കുഞ്ചുമായിറ്റിപ്പിള്ളയുടെ നല്ലനടത്തയ്ക്കു ജാമ്യമായി അയാളുടെ ഭവനവും വസ്തുവകകളും ഭൂമികളും സർക്കാരിലേക്കു കണ്ടുകെട്ടി, കല്ലറയ്ക്കൽപിള്ളയെ മൂന്നാംസ്ഥാനം ഏൽപ്പിച്ചു. നാണയങ്ങൾ, സ്വർണ്ണം മുതലായ സാധനങ്ങൾ പണ്ടാരവക അധികാരികളുടെ സൂക്ഷിപ്പിനായും തല്ക്കാലത്തേക്ക് അടക്കി. ഈ സംഗതികൾക്കു വേണ്ട പ്രമാണങ്ങളും രേഖകളും തയ്യാറാക്കിക്കൊണ്ട് കല്ലറയ്ക്കൽപിള്ളയുടെ അതിഥിസല്ക്കാരവും ഏറ്റു കാര്യക്കാർ ആ രാത്രിതന്നെ തിരുവനന്തപുരത്തേക്കു മടങ്ങി. ബദ്ധപ്രണയനായ കല്ലറയ്ക്കൽപിള്ളയക്കു തന്റെ ഉഷയെ ബാണാസുരബാധകൂടാതെ പ്രേമസമാരാധനങ്ങൾ ചെയ്തു പ്രീണിപ്പിക്കുവാൻ ഇങ്ങനെ അധികൃതമണ്ഡലത്തിൽനിന്നുതന്നെ അവസരം ലഭ്യമായി. കുഞ്ചുമായിറ്റിപ്പിള്ളയുടെ ഭഗവതീഗൃഹം പരമാർത്ഥത്തിൽ അയാളുടെ സമ്പന്നിചയത്തിന്റെ നിക്ഷേപാഗാരമായിരുന്നു. ബഹുജനങ്ങളുടെ രക്തച്ഛിദ്രത്താൽ സംഭരിക്കപ്പെട്ട അയാളുടെ നിധിസമുച്ചയം ടിപ്പുവിന്റെ ആക്രമണത്തെ നിരോധിച്ചു ബഹുജനരക്ഷ ചെയ്വാനുള്ള ശ്രമങ്ങളിലേക്ക് ഉപയുക്തമാകുന്നതു ഭഗവൽഭരണത്തിന്റെ കാര്യക്ഷമതകൊണ്ടുതന്നെ എന്നു നമുക്കു സമർത്ഥിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/117&oldid=167947" എന്ന താളിൽനിന്ന് ശേഖരിച്ചത്