Jump to content

രാഗപരാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

താഴെ പറയുന്ന കവിതകളുടെ സമാഹാരമാണു് രാഗപരാഗം            1

അമലാംബരത്തിലേക്കുറ്റുനോക്കി-
യലസാംഗിയായിങ്ങിരുന്നിടുമ്പോൾ
നിഖിലചരാചരവസ്തുവിലും
നിഴലിച്ചുകാൺമൂ ഞാൻ നിൻവിലാസം.
അഴകുറ്റനിന്നെത്തിരക്കി മുന്നോ-
ട്ടൊഴുകുന്നു ചോലകളാകമാനം
എവിടെ നീയെന്നൊന്നറിയുവാനാ-
യെവിടെയും നോക്കിച്ചരിപ്പു തെന്നൽ
പരമാർത്ഥതത്ത്വമറിഞ്ഞിടാതെ
പലതും പുലമ്പുന്നു പൈങ്കിളികൾ.
ഒരുബോധമില്ലാത്തമട്ടനങ്ങാ-
തൊരിടത്തു മഞ്ഞണിക്കുന്നു നിൽപൂ
അറിയാൻ കഴിയാത്ത സംഭ്രമത്താ-
ലടവികൾക്കേലുന്നു കമ്പനങ്ങൾ.

            2
ജീവനായ് ഞാൻ നട്ടുവളർത്തിയ
ഞാവൽ കടിഞ്ഞൂലു കാച്ചു

            3
മധുവും സുഗന്ധവും മുറ്റിയിന്നെൻ
മധുരപ്രണയമേ നീ വിടർന്നു.

            4

മമ ഹൃദയമലരിലെഴും
മധുരമധു നുകരണ്ടേ?
വരയുത ഞാൻ വനലത ഞാൻ
വരികരികേ വരിവണ്ടേ!
തണൽതരുമീത്തരുവരൻതൻ
തനുവിൽ ഞാനെൻ തല ചാച്ചു
തനുവിനൊരു തരു മതിമേ
തനുമതിയത്തരുവിനുമേ
തരളത നീയലമകമേ
തരുകയി മേ മധുകരമേ.

            5

ആരുമാരാധനയ്ക്കൊരുങ്ങുമാ-
റാരു നീ സുരചാരിമേ?
എന്മനസ്സിനു കാവ്യചോദനം
തന്നിടുന്ന നിൻ ദർശനം,
നിന്നിടുമൊരു പൊൻകിനാവുപോ-
ലെന്നുമെന്നുമെന്നോർമ്മയിൽ!
ജീവിതത്തിന്റെ ചോലയിൽ നിന്റെ
ഭാവുകത്തോണിയേറി നീ!
ദൂരെദൂരെ മറഞ്ഞകന്നുപോം
കൂരിരുളിൽ ഞാൻ നിൽക്കിലും
ഇല്ലിനിയെന്നെയോർക്കുകപോലു-
മില്ല നീയൊരുകാലവും!
എന്തിനല്ലെങ്കിലോർക്കണം ഹാ നീ
ബന്ധമില്ലാത്തൊരന്യനെ!
ഇച്ഛയുണ്ടെനിക്കേറെ നീയെന്റെ
കൊച്ചനുജത്തിയാകുവാൻ!
പ്രാണമുദ്ര പതിക്കുവാൻ-
ജന്മജന്മാന്തരങ്ങളിൽപ്പോലും
നമ്മളൊന്നിച്ചിരിക്കുവാൻ!

എത്ര ശുദ്ധീകരിച്ചിതെന്മനം
ഹൃദ്യതേ, ഹാ, നിൻ ദർശനം.
ജീവിതം തന്നെ മാറി; ഞാനൊരു
ദേവതയായമാതിരി.
ഇത്രമേലനവദ്യമാമേതു
ശക്തിയാവോ, വഹിപ്പൂ നീ?
കണ്ടതല്ലാതൊരക്ഷരമ്പോലും
മിണ്ടിയില്ല നാമെങ്കിലും;
വിണ്ണിൽ മിന്നിമറഞ്ഞിടും രണ്ടു
മിന്നലിൻ കലമാതിരി
കഷ്ടമൊറ്റഞൊടിക്കിടയിൽ വേർ-
പെട്ടുപോയി നാമെങ്കിലും;
രണ്ടു മാർഗ്ഗം പിരിഞ്ഞ നാം വീണ്ടും
കണ്ടുമുട്ടുകില്ലെങ്കിലും;
അത്രമാത്രം മധുരമായൊര-
സ്വപ്നനിശ്ശബ്ദ ദർശനം
എന്നുമോരോ പുളകപുഷ്പങ്ങൾ
ചിന്നിച്ചിന്നിയെൻ ജീവിതം
മുക്കിടുമൊരു നിഷ്കളോന്മാദ-
സ്വർഗ്ഗസൗരഭധാരയിൽ!
ഇല്ലെനിക്കു മറക്കുവാനാവു-
കില്ലനിന്നെയൊരിക്കലും!

            6

ഇത്രയുംകാലമെൻ സങ്കൽപസീമയിൽ
സ്വപ്നം രചിച്ചു നീ നിന്നു!
നിർമ്മലത്വത്തിൻ നിലാവു ചൊരിഞ്ഞുകൊ-
ണ്ടെന്മുന്നിലിന്നു നീ വന്നു.

            7

ഏറെക്കൊതിച്ചു വരമ്പത്തു ഞാൻ നട്ടൊ-
രേഴിലം പാലയും പൂത്തൂ!
ആരു പറഞ്ഞു നിന്നോടതിൻ പൂമണം
വാരി നിൻ മേലൊക്കെപ്പൂശാൻ? . . .
തേവൻ പറഞ്ഞെങ്കിൽ ഞാനെന്തു വേണമ-
ത്തേവന്റെ മാടത്തിൽ ചെല്ലൂ!
രാവും പകലും നിധിപോലെ കാക്കുമ-
പ്പാവലപ്പന്തലിൽ തൂങ്ങൂ!
ചേതമുണ്ടിപ്പാലക്കൊമ്പുലഞ്ഞാലെന്നു
നീതന്നെ ചെന്നു പറയൂ!

            8

സ്നേഹപരവശേ, പോരും കരഞ്ഞതെൻ
സാഹസത്തിന്നിതാ മാപ്പുചോദിപ്പു ഞാൻ!

            9

നാണിച്ചുനാണിച്ചു നീയൊരുരാവിലെൻ
മാണിക്യമഞ്ചത്തിൽ വന്നിരിക്കും.

           10

"സങ്കൽപസീമയിൽ നാണം കുണുങ്ങിയെൻ
തങ്കക്കിനാവേ നീയലസിച്ചു
ആടിക്കുണുങ്ങി നീ നിൽക്കവേ, നിന്നെ ഞാൻ
മാടിവിളിച്ചില്ലേ നൂറുവട്ടം?
എന്നിട്ടു മൂടുപടമെടുത്തേകയാ-
യെന്നടുത്തെന്തേ നീ വന്നിടാഞ്ഞൂ?
ചേതോഹരാംഗീ നിൻ സാമീപ്യസക്തമെൻ
ചേതന വെമ്പിക്കുതിച്ചനേരം
മിന്നൽക്കൊടിപോൽ പറന്നൊളിച്ചെന്തിനാ-
യെന്നെക്കളിപ്പിച്ചു നിർദ്ദയം നീ?
എന്നിട്ടും നീയെന്നെക്കൈവിട്ടകന്നിട്ടും
നിന്നെയാരാധിച്ചു നിത്യവും ഞാൻ!
നിർമ്മലനിർവൃതിയാണെനിക്കോമനേ
നിന്നെക്കുറിച്ചുള്ളൊരോർമ്മപോലും!
ചിന്തിച്ചിരിക്കാതെൻ പുണ്യപൂരത്തിനാ-
ലന്തികത്തിന്നു നീ വന്നുചേർന്നു.

           11

എങ്ങോവെച്ചോമനേ, നിന്നെ ഞാൻ കണ്ടിട്ടു-
ണ്ടെന്നെന്റെ ഹൃത്തിലെനിക്കുതോന്നി.
മോഹനരൂപിണീ തെല്ലുംപ്പ്ര്ക്കാതൊന്നും
സ്നേഹിച്ചുപോയി ഞാൻ നിന്നെയേവം.
ഒറ്റയ്ക്കൊരുമാത്രപോയി-മൽക്കൗമാര-
മൊട്ടിപ്പിടിച്ച കിനാവുകളിൽ.
തുല്യമായ് മറ്റൊന്നുമില്ലാത്ത സൗന്ദര്യ-
മെല്ലാമിണങ്ങി നീയുല്ലസിച്ചൂ.
അത്യന്തസുന്ദരമാകുമെല്ലാറ്റിലു-
മത്യന്തസൗന്ദര്യമാർന്ന ബാലേ,
താനേയുണർന്നു വിടർന്നൊരെൻ കൺകൾക്കും
ഹാ, നിന്നെയേന്തുമെൻ പാണികൾക്കും,
നിന്നെക്കണ്ടെത്തിനോരെൻ ഹൃദയത്തിനും
നിർവൃതിയേകി നീ മാരിവില്ലേ!

           12

പിന്നെയും വന്നൂ വസന്തം ചിരിച്ചുകൊ-
ണ്ടെന്നയൽവീട്ടിലെപ്പൂങ്കാവനങ്ങളിൽ
കാണാമെനിക്കിജ്ജനലിലൂടായിരം
ചേണുറ്റചെന്തളിർച്ചാർത്തും സുമങ്ങളും
എങ്കിലും, തീരെക്കവർന്നെടുക്കുന്നതി-
ലെൻ കരളങ്ങെഴും ഭംഗി തെല്ലെങ്കിലും!
സ്വർഗ്ഗമെന്മുന്നിൽ രചിച്ചുകൊണ്ടെൻചുറ്റു-
മുൾക്കുളിരേകിയിരിപ്പു ചെപ്പേടുകൾ!

           13

ദൂരത്തുദൂരത്തു വന്മരങ്ങൾ
വാരിച്ചൊരിയുന്നു മർമ്മരങ്ങൾ.
മാകന്ദവാടിയിൽക്കോകിലങ്ങൾ
കൂകുന്നു ഗാനങ്ങൾ കോമളങ്ങൾ.
പച്ചപ്പുല്ലാളും തടം തഴുകി
കൊച്ചുപൂഞ്ചോലതളർന്നൊഴുകി,
മന്ദം സഖികളോടൊത്തുകൂടി
മൺകുടമേന്തിക്കൊണ്ടാടിയാടി
ആമുഗ്ദ്ധമന്ദാക്ഷലോലരായി
പൂഞ്ചിറകാർന്ന പുളകംപോലെ
പൂമ്പാറ്റ പാറിപ്പറന്നു ചാലേ.
എങ്ങുമൊരാനന്ദപ്പൊൻതരംഗം
പൊങ്ങിത്തുടങ്ങുന്നിതെന്തു രംഗം!
ഞാനുമെൻ കണ്ണീർതുടച്ചിടട്ടെ
ഞാനുടൻ ഗാനം പൊഴിച്ചിടട്ടേ.
ഓമലാളേ, നീയൊന്നിങ്ങു നോക്കൂ
ഓടക്കുഴലതിങ്ങേകിയേക്കൂ!
ആനന്ദരംഗമിതിങ്കൽ വേണം
ഞാനുതിർക്കുന്നതെൻ പ്രേമഗാനം!

           14

മമ മനോഹരസങ്കൽപസീമതൻ
മറയിൽ വീണു മയങ്ങിക്കിടന്നു നീ;
ഒരു സുനിശ്ചിതാകാരനിശ്ശൂന്യമാം
വെറുമൊരേകാന്തചഞ്ചലസ്വപ്നമായ്!
പരിധിയറ്റൊരെൻ ചിന്തകൾക്കൊക്കെയും
പരമലക്ഷ്യമായ്ത്തീർന്നു നീയെങ്കിലും,
ഇതുവരേയ്ക്കും കഴിഞ്ഞീലെനിക്കു നിൻ
മൃദുകരാംഗുലിസ്പർശനമേൽക്കുവാൻ!
അറിയുവാനായ്ക്കൊതിക്കുന്നു നിന്നെ, ഞാ-
നരുളുകെന്നോടരുളുകാരെന്നു നീ.

           15

ചിറകടിച്ചു മറഞ്ഞ ദിനങ്ങളിൽ-
ച്ചിലതവയുടെ മായാത്ത മുദ്രകൾ,
പരിചിലർപ്പിച്ചതൊക്കെയുണ്ടിന്നുമി-
പ്പഴകി ജീർണ്ണിച്ച ജീവിതത്തിന്നുമേൽ!
അവയെങ്കിലും വിസ്മൃതിയിങ്കൽ നീ-
യവഗണിച്ചിടാതംഗീകരിക്കുമോ? . . .

           16

ആ നല്ലകാലവുമാ നല്ലനാടുമെ-
ന്താനന്ദരംഗങ്ങളായിരുന്നൂ സഖി!
ഉച്ചയ്ക്കുപോലും വെയിലുചോരാത്തൊര-
പ്പച്ചിലക്കാടും മരത്തണൽകൂടിയും
ആനന്ദമാണെനിക്കാനന്ദമാണെനി-
ക്കാ നാടിനെക്കുറിച്ചോർക്കുന്നപോലുമേ!

           17

അന്തരംഗത്തിൽ വിഷാദം കൊളുത്തുവാ-
നെന്തിനുദിച്ചു നീ വെള്ളിനക്ഷത്രമേ?

           18

നിശ്ചല ഭൂതകാലനിർജ്ജന


           19

പരിചയംപോലും പറയുവാനില്ലാ-
തിരുളിലെൻ സ്വപ്നശകലങ്ങൾ
കിരണമേ, നിന്നെത്തിരയുന്നൂ, നിന്റെ-
പരമനിർവൃതി നുകരുവാൻ!

           20

നാമൊരുമിച്ചന്നിരുന്നിടാറുള്ളൊര-
ച്ചേമന്തികാവനച്ചേലണിച്ഛായയിൽ
മഞ്ഞനീരാളം വിരിച്ചുകൊണ്ടിപ്പൊഴും
മഞ്ഞണിക്കുന്നിൽ വരുന്നുണ്ടിളവെയിൽ!

           21

പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
മരുളുവാൻപോലുമരുതാതെ
മരുവുന്നൂ നിന്റെ വരവും കാത്തു ഞാൻ
മഹിതചൈതന്യസ്ഫുരണമേ-

           22

ഇങ്ങിനി മേലിൽ വരാത്തതുമാതിരി-
ക്കെങ്ങു മറഞ്ഞു നീയപ്സരസ്സേ?-

           23

ഹേമന്തകാലത്തൊരോമൽപ്പുലരിയിൽ
ഞാനക്കവിതയെക്കണ്ടുമുട്ടി.
മഞ്ഞിലിളവെയില്വീണൊരു നൂതന-
മഞ്ജിമ മന്നിനെപ്പുൽകി നിൽക്കേ;
നീലക്കടമ്പുകൾ പൂത്തുനിരന്നൊര-
ച്ചോലക്കരയിലൂടേകയായ്
നീരിൽ നനഞ്ഞ പനങ്കുലയൊത്തൊരാ-
നീലക്കാർകൂന്തലും മാടിമാടി
സ്നാനംകഴിഞ്ഞാവിലാസിനിയങ്ങനെ
നാണംകുണുങ്ങി നടന്നു വന്നു.
ചിത്രം വരച്ചപോൽ ചുറ്റും പലപല
പച്ചിലക്കാടുകൾ തിങ്ങിനിന്നു.
നാനാവിഹംഗവിഹരിതവിസ്തൃത-
കാനനവീഥിയിലാകമാനം
നേരിയോരോമൽക്കളകളസംഗീത-
സാരം തുളുമ്പിതുളുമ്പിനിന്നു.
അപ്പോൾ വിടർന്ന മലരിൻപരിമള-
മദ്ദിക്കിലൊക്കെപ്പരന്നിരുന്നു!-
ആ മനോമോഹനദർശനമാവിധം
രോമഹർഷപ്രദമായിരുന്നു!-
പ്രാണനൊരോമനസ്വപ്നാനുഭൂതിയിൽ
വീണവായിക്കുന്നതായിരുന്നു!-

കോരിത്തരിക്കയാണിന്നുമെന്നാത്മാവ-
ക്കോമളസ്വപ്നമൊന്നോർത്തുപോകെ;
കർമ്മബന്ധത്തിന്റെ കണ്ണി, യന്നാദ്യമായ്
കൺമുനകൊണ്ടു മുറുക്കി ഞങ്ങൾ
അന്നുമുതൽക്കൊരു പൊന്മുകിൽത്തോണിയി-
ലൊന്നിച്ചുപാടി രസിച്ചുഞങ്ങൾ.
മാരിവിൽ പൂത്ത മരത്തിന്റെ കൊമ്പത്തു
നേരിയോരൂഞ്ഞാലിലാടി ഞങ്ങൾ.
സുന്ദര ചക്രവാളത്തിനുമപ്പുറം
ചന്ദ്രികാധാരയിൽ നീന്തി ഞങ്ങൾ.
മർദ്ദനത്തിന്റെ വിഷഫലം കായ്ക്കുമാ
മർത്ത്യന്റെ നീതി മുളച്ചിടാതെ
മിന്നുമൊരജ്ഞാതനന്ദനോദ്യാനത്തി-
ലൊന്ന്ച്ചിരുന്നു രസിച്ചു ഞങ്ങൾ!
അസ്സുഖ, മസ്വപ്ന, മസ്വർഗ്ഗമോർക്കുമ്പോ-
ളശ്രുതടുക്കാൻ ഞാനിന്നശക്തൻ.
കാണുന്നതെല്ലാം കാമദസ്വപ്നങ്ങൾ,
പ്രാണാനുഭൂതികൾക്കാസ്പദങ്ങൾ.
തങ്കക്കിനാക്കളെത്താലോലിച്ചങ്ങനെ
സങ്കൽപ സായൂജ്യ മേഖലയിൽ
സഞ്ചരിച്ചീടിന ഞങ്ങൾക്കൊരത്ഭുത-
സംഗീതകേന്ദ്രമായ്ത്തീർന്നു വിശ്വം!

           24

കുതുകദായകാ, ഹൃദയനായകാ
കുസുമസായകാ, സതതം ഞാൻ
അവിടുന്നെന്നടുത്തണയുമെന്നോർത്തോർ-
ത്തവിരാമോന്മാദം നുകരുന്നു.
ചപലകളാമെൻ സഖികളങ്ങയെ
ച്ചതിയനായ്ക്കുറ്റം പറകിലും
ഇതുവരെ നേരിട്ടവിടത്തേക്കാണാ-
നിടയാവാതേവം കഴികിലും,
ഒരു വിശ്വാസത്തിൻ സുഖസമാശ്വാസ-
പരിമളമെന്നെപ്പുണരുന്നു.

           25

വന്ദനം ശകുന്തളേ, കാളിദാസൻതന്നാത്മ-
സ്പന്ദനം സത്യപ്രേമം കടഞ്ഞകലാസത്തേ!
നീവെറും സാവിത്രിയ, ല്ലുർവ്വശിയല്ലാ, ശങ്കാ-
പാവകൻ പൊള്ളിക്കാത്ത പൊള്ളസ്സീതയുമല്ല.
നിൻ നിഴലവക്കൊക്കെക്കൊടുത്തു ജന്മം, നീയോ
നിർമ്മലത്വത്തിൻ നിത്യചൈതന്യക്കാമ്പായ് നിൽപ്പൂ!
മരിച്ചൂ വിശ്വാമിത്രൻ നിനക്കു ജന്മം തന്നോൻ
മരിക്കാ കാളിദാസൻ നിനക്കു ജീവൻ തന്നോൻ!

                            (അപൂർണ്ണം)

           26

സരളേ നിന്മച്ചിങ്കിളിവാതിൽക്കലെൻ
സകാശക്തിയുമകലുന്നു.
ഇരുളിലേകാന്തസരണിയിൽക്കൂടെ-
ന്നിരുകാലും മുന്നോട്ടണയുന്നു.
അവിടെയെത്തുമാ നിമിഷമെൻബോധ-
മഖിലമേങ്ങോ പോയ്മറയുന്നു!

           27


എന്നുമേകാന്തവാടിയിൽച്ചെന്നു
നിന്നെയോർത്തോർത്തു കേഴുവാൻ
കാതരേ, നിന്റെ വിയോഗചിന്തതൻ
വേദനകൾ നുകരുവാൻ
സംഗതിയാക്കി കാലമെങ്കിലും
സങ്കടപ്പെടുകയില്ല ഞാൻ.

ത്വത്സമാഗമശിഞ്ജിതം കേൾപ്പാ-
നുത്സുകനായി നിത്യവും.
അന്തിനേരം ഞാൻ കാത്തിരിക്കുമ-
ക്കുന്ദസുന്ദരകുഞ്ജകം
ഇന്നും വീശുന്നുണ്ടേതോപൊയ്പോയ
പുണ്യലബ്ധിതൻ സൗരഭം
സുസ്മൃതിയിലതാനയിയ്ക്കയാ-
ണസ്മദാമലമാനസം.
ചിത്തമോരോരോ ചിന്തയാലലം
തപ്തമായിടാമെങ്കിലും
അപ്പൊഴൊക്കെയും നിന്നിലൂടെ ഞാ-
നിപ്രകൃതിയെക്കണ്ടിടും.

           28

ഒരുകൈയിലമൃതവുമൊരുകൈയിൽ വിഷവുമായ്
പുരുഷാ നിൻ മുന്നിൽ നിന്നവൾ കുണുങ്ങി.
അവൽതൻ കടന്ഴി നിന്മിഴി തഴുകി-നിന്നത്മാവി
ലായിരം മിന്നലുകളിളകിയോടി.
പുളകാങ്കുരവലയാങ്കിതലളിതാലസമൃദുലാംഗി-
ക്കളികാഭയിലളകാളികളിളകിയാടി!
അവൾതൻ ചെഞ്ചൊടി നിൻ ചൊടിയൊന്നമർത്തി, നിന്നി-
ലാടിയനുഭൂതികൾ പീലി നിവർത്തി
ഒരു കൈത്തളിർവിരലാലവൾ നിൻ കവിൾത്തട്ടി നിന-
ക്കൊരു പുളകസാമ്രാജ്യം തീറുകിട്ടി.
അവൾ മുടിയിൽ നിന്നൊരു മുല്ലപ്പൂവിതളെടു-
ത്തർച്ചിച്ചു നീ നിന്നെ വിസ്മരിച്ചു.
കെട്ടിയവൾ നിന്നെപ്പുണർന്നു കുളിർമുലമൊട്ടുകൾ
മുട്ടി നിന്മാറിൽ-നീ ബോധംകെട്ടൂ!

           29

അരിയ കലാശാലാജീവിതത്തി-
ലവനൊരു തോഴിയെക്കണ്ടുമുട്ടി.
അവളുടെ നീലിച്ച കൺമുനക-
ളവനെപ്പുണർന്നൊരു ദേവനാക്കി.
അവളുടെ നേരിയ പുഞ്ചിരിക-
ളവനകക്കാമ്പിൽക്കവിത വീശി!
അതുമുതലാനന്ദലോലനായി-
ട്ടവളെവർണ്ണിച്ചവൻ പാട്ടുപാടി.
അവനുടെ ഗാനതരംഗിണിയി-
ലവളറിയാതെ ലയിച്ചുപോയി!
വിവിധാനുഭൂതികളേകിയേകി-
ദ്ദിവസങ്ങളങ്ങന്ര് വന്നുപോയി.

അരവിന്ദൻ വന്നു പിറന്നു ചുണ്ട-
ത്തൊരു വെള്ളിക്കൈലുമായിജ്ജഗത്തിൽ
അളവറ്റ സമ്പത്തവന്റെ മുമ്പി-
ലലഘുസൗഭാഗ്യങ്ങളാനയിക്കേ,
മതിമറന്നങ്ങനെ യൗവനത്തിൻ
മലർവാടി പുക്കവനുല്ലസിച്ചു
കനകത്തിനെന്തിനു സൗരഭം, ഹാ
പണമുള്ളോർക്കെന്തിനാണദ്ധ്യയനം?
അതിനാൽക്കലാശാലാജീവിതത്തി-
നവനുടൻ പൂർണ്ണവിരാമമിട്ടു.
അലസതാവാപിയിലാണ്ടുയരു-
മലകളിൽ തോണി കളിച്ചു നീന്തി.
അവിരളോന്മാദമനുഭവിക്കാ-
നവനെന്നുമെന്നും കഴിഞ്ഞുവെങ്കിൽ! . . .

സകലവസ്തുക്കളും തീറെഴുതി-
'സ്സുരസ'ത്തിനെപ്പഠിപ്പിച്ചു താതൻ!
വിനയസൗശീല്യാദിസദ്ഗുണങ്ങൾ
വികസിച്ചുനിന്നൊരപ്പെൺകൊടിയിൽ
അനുരക്തനാകും പിശാചുപോലു-
മറിയാതെ ദേവതയായി മാറും!
അവളത്ര മോഹനരൂപിണിയു-
മകളങ്കചിത്തയുമായിരുന്നു.

അരവിന്ദനായിരംപ്രേമഗാന-
മവളുടെ മുമ്പിൽച്ചൊരിഞ്ഞുകൂട്ടി
അവളുടെ പാദമുദ്രയ്ക്കു ചുറ്റു-
മവനൊരു പൊൻവേലി സജ്ജമാക്കി!
പ്രമപ്രേമർത്ഥനാമന്ദ്രാക്ഷരങ്ങ-
ളുരുവിട്ടു കൈകൂപ്പിക്കൊണ്ടുമുന്നിൽ
ഒരു മൃദുജീവിതം തന്റെ മുമ്പിൽ-
പ്പരിചരണത്തിനായ് കാത്തുനിൽക്കേ;
പ്രതിബന്ധമെത്ര വിലക്കിയാലു-
യതിനെയെമ്മട്ടവൾ തട്ടിനീക്കും?
അനുമാത്രചിന്തയിലാർദ്രയായ്ത്തീ-
ർന്നനുരക്തയായിതവളവനിൽ!

പരമാനന്ദത്തിൻ പതാകവീശി-
പ്പരിണയഘോഷം കഴിഞ്ഞുകൂടി.
മധുരവികാരങ്ങൾ വീശിവീശി
മധുവുധുകാലവും വന്നുകൂടി.
പുഴവക്കും പൂന്തോപ്പും പൂനിലാവും
പുളകദഹേമന്തരാത്രികാളും,
സുലളിതപുഷ്പിതകുഞ്ജകവും
സുരഭിലമാകും കുളിർമരുത്തും
സകലതും-ശൃംഗാരസാന്ദ്രമാകും
സകലതുമൊത്തവരൊത്തുകൂടി.
ഒരുനേർത്തപുല്ലാങ്കുഴൽ വിളിപോൽ
മരുവീ ജഗത്തന്നവർക്കുമുന്നിൽ
ååååå
ååååååå(അപൂർണ്ണം)

           30

കാമുകി:å വെള്ളിനിലാക്കതിർപ്പൂനിഴൽക്കാട്ടിലെ
åååå പുള്ളിമാൽ പേടയീരാത്രി.

കാമുകൻ:åചെല്ലമേ, നിന്നെപ്പോൽ സ്വർഗ്ഗം രചിക്കുമുൽ-
åååå ഫുല്ലോലസത്സ്വപ്നരാത്രി.

കാമുകി:å വാനിന്റെ വക്കിൽനിന്നാടിയൂർന്നെത്തിയ
åååå വാർമയിൽപ്പേടയീരാത്രി.

കാമുകൻ:åഅപ്രതിമോജ്ജ്വലേ, മൽപ്രീയേ നിന്നെപ്പോ-
åååå ലത്ഭുതോത്തേജകഗാത്രി!

കാമുകി:å ഇക്കിളിക്കൂട്ടുന്നു രാക്കിളിപ്പാട്ടുക-
åååå ളുൾക്കുളിർപ്പൂവിനെപ്പുൽകി.

കാമുകൻ:åലക്ഷ്യപ്രാപ്തിåകർമ്മാക്തിയുന്മുക്തി
åååå മജ്ജീവനെന്നപോൽ നൽകി.

           31

ഇല്ല കഷ്ടം ഭവാനറിയുക-
യില്ല ഞാനെന്തുചെയ്കിലും!
താവകാംഗുലിസ്പർശനമ്പോലും
കേവലം ലഭിയാതെ ഞാൻ,
കണ്ണുനീരിൽക്കുളിച്ചു, ഞെട്ടറ്റു
മണ്ണിൽ വീഴുമൊരന്തിയിൽ!
ജീവനാഥ, ഭവാനുലാത്തുവാ-
നാവഴിക്കണഞ്ഞിടും.
മണ്ണിലെന്നെ ച്ചവിട്ടിയാഴ്ത്തുമാ-
പ്പൊന്നുകാലടിപ്പൂവുകൾ.
രോമഹർഷമണിഞ്ഞു ഞാനേവ-
മാ മണലിൽ മറഞ്ഞുപോം!
എങ്കിലും ഹാ, കൃതാർത്ഥനാണേവം
നിൻകഴൽച്ചവിട്ടേൽക്കിൽ ഞാൻ!

           32

നിർമ്മലാനന്ദം വികസിച്ചുനിൽക്കുന്ന
ജന്മസാഫല്യസരസ്സിലാറാടുവാൻ
എന്നാശ, യെത്രയോനാളായ് ഭജിച്ചു ഹാ
വന്നിടുകൊന്നെൻ പ്രണയപ്രകാശമേ!

           33

പ്രണയചന്ദ്രിക പൊഴിയുമെൻ, കൊച്ചു-
പനിമതിലേഖ കിളരുവാൻ
കൊതിപൂണ്ടേകനായിരുളിലുൽക്കട
കടനാവേശിതവിവശനായ്
ശിഥിലതന്ത്രിയാം ഹൃദയവീണയൊ-
ത്തധിവസിക്കയാണിവിടെ ഞാൻ.
അകലെനിന്നോരോ മൃദുലമർമ്മര-
മരികിലവ്യക്തമണയുന്നു;
ചിലമനോഹരകനകതാരകൾ
ചിരിയടക്കിക്കോണ്ടമരുന്നു.
അനുനിമേഷമെന്മിഴികളിൽ, കഷ്ട-
മനശയാശ്രുക്കൾ പൊടിയുന്നു.

           34

സ്നേഹംതുളുമ്പും മനസ്സുമായ്വന്നെന്റെ
ഗഹത്തിലേയ്ക്കന്നുഷസന്ധ്യപോലെ നീ.
ഇന്നുമോർക്കുന്നു ഞൻ ലജ്ജാനതോൽഫുല്ല-
മന്ദസ്മിതാർദ്രമാമന്നത്തെ നിന്മുഖം.

           35

സഖികളവരെന്നരികിലെത്തി-
സ്സരസ്സമായ് സന്തതം സല്ലപിപ്പൂ.
അവരെല്ലാമെന്നെ നടുക്കിരുത്തി
പ്രണയഗാനങ്ങൾ പൊഴിച്ചിടുന്നു.
അതുകേട്ടുകേട്ടു ഞാനെന്നെയും വി-
ട്ടെവിടെയോ ചെന്നു ലയിച്ചിടുന്നു.
പുളകംകൊണ്ടെന്നെപ്പൊതിയുവാനായ്
'നളിനി'ക്കും 'ലീല'യ്ക്കുമെന്തു മോഹം!
പതിവായി'ച്ചമ്പകക്കുട്ടി'യുമായ്
പനിമലർത്തോപ്പിങ്കൽ ചെന്നിരിക്കേ
അറിയാറില്ലല്ലോ ഞാനെന്നിലാളും
പരിതാപത്തിന്റെ കണികപോലും
സുമതി'സുഭദ്ര'യും ഞാനുമായി
സ്സുലളിതഹേമന്തചന്ദ്രികയിൽ
ശിഥിലതരംഗങ്ങളുമ്മവയ്ക്കും
പുളിനങ്ങൾതോറുമുലാത്തിടുമ്പോൾ
സകലതും തീരെമറന്നു ഞാനൊ-
രകളങ്കാനന്ദമനുഭവിപ്പൂ!
കനകപ്രഭാമയ-മെത്രയെത്ര
കമനീയമെന്റെയീ സ്വർഗ്ഗലോകം!
ഇവിടെയെന്താനന്ദം!-എന്നെയാരു-
മിവിടെ നിന്നയേ്യാ വിളിക്കരുതേ! . . .
           36
പരമാനന്ദത്തിന്റെ വിദ്യുതവികാസമേ,
പരമപ്രേമത്തിന്റെ പാവനപ്രകാശമേ!
പുളകം പൂശിപ്പൂശി വികസിക്കട്ടെ നിന്റെ
പുലരിത്തുടുപ്പി, ലിക്കൊച്ചു ജീവിതപുഷ്പം!
അലമല്ലലാലല്ലിൻശൂന്യത തപ്പിത്തപ്പി
വിലപിച്ചു ഞാൻ നിന്നെക്കണ്ടെത്തുന്നതുവരെ,
ഇസ്സ്വർഗ്ഗപ്രഭാമയരംഗത്തിലെനിക്കൊന്നാ
ദു:സ്വപ്നം ക്ഷണനേരം മറക്കാൻ കഴിഞ്ഞെങ്കിൽ!
നിദ്രതൻ തമസ്സിങ്കൽനിന്നെന്നെ മോചിപ്പിച്ചു
സദ്രസമെനിക്കു നീ വെളിച്ചം കാട്ടിത്തന്നു.
കാലദേശത്താലൊന്നുമതിരിട്ടിടാതുള്ളോ-
രാലംബകേന്ദ്രത്തിലേക്കെന്നെ നീയാകർഷിച്ചു.
മിഥ്യയെന്നെന്നെത്തന്നെ വെറുക്കാൻ തുനിഞ്ഞഞാൻ
സത്യത്തെയെന്നിൽക്കാണിച്ചെന്നിൽ ഞാൻ ലയിക്കുന്നു.
എന്നിൽ സർവ്വവുമൊന്നിച്ചടക്കുന്നതോടൊപ്പ-
മിന്നിനിക്കെല്ലാറ്റിലുമടങ്ങാൻ കഴിഞ്ഞെങ്കിൽ.
എന്നിലുള്ളെന്നെപ്പാടേ വിസ്മരിച്ചെല്ലാറ്റിലു
മെന്നെക്ക,ണ്ടാനന്ദത്താലെന്മനം തുടിക്കുന്നു.
കൊച്ചുപുൽക്കൊടിതൊട്ടാ നക്ഷത്രംവരെ, യിന്നെൻ
നിസ്തുലസ്നേഹത്തിന്റെ വെളിച്ചം വ്യാപിക്കുന്നു.
എന്നിൽനിന്നെത്രത്തോളം വ്യാപിപ്പതവയിൽനി-
ന്നെന്നിലുമത്രത്തോളം പൊഴിയുന്നിതസ്നേഹം!
അങ്ങനെ പരസ്പരമുള്ളൊരിക്കൈമാറ്റത്താൽ
മംഗളസ്നേഹമയമായി മാറുന്നു വിശ്വം!
സ്നേഹത്തിൽ ജനിക്കുവാൻ, സ്നേഹത്തിൽ ജീവിക്കുവാൻ
സ്നേഹത്തിൽ മരിക്കുവാൻ സാധിക്കിലതേ പുണ്യം!

           37

പൊൻപുലരൊളിയേറ്റു പുതുതായ് വികസിച്ച
ചെമ്പനിനീരലരിനോടോതുന്നു കളകണ്ഠം;
"ഓമനേ, മനോഹരദർശനേ, പൂങ്കാവിന്റെ
രാമണീയകത്തിനു മകുടം ചാർത്തിപ്പൂ നീ!
നിന്നെവന്നെതിരേൽപ്പൂ നിതരാം കുതൂഹല-
സ്പന്ദനമടക്കുവാനാകാത്ത മണിത്തെന്നൽ!
മെത്തിടും കുതുകത്താൽ സ്വാഗതഗാനം പാടി-
യെത്തിടുന്നിതാ ചുറ്റും ചഞ്ചലഭ്രമരങ്ങൾ!
കളിയല്ലെനിക്കുമിന്നത്രമേൽത്തോന്നുന്നുണ്ടു
കലിതാമോദം നിന്നെ വർണ്ണിച്ചുനീട്ടിപ്പാടാൻ!
എങ്കിലുമെനിക്കുനിൻ വാസ്തവം ചിന്തിക്കുമ്പോ-
ളെന്തുചെയ്യട്ടേ, പൊങ്ങുന്നില്ല ദു:ഖത്താൽ ശബ്ദം.
കാണ്മൂ നീയിപ്പോൾ മുന്നിൽക്കാരുണ്യത്തിടമ്പായി-
ക്കാഞ്ചനപ്പൊട്ടും ചാർത്തി നിൽക്കുന്നൊരുഷസ്സിനെ.
തപ്തജീവിതത്തിന്റെ മരുഭൂവിനുമുമ്പിൽ
സദ്രസം പാടിപ്പാടിയൊഴുകും സരിത്തിനെ
ഉഗനൈരാശ്യക്കൊടും കാടിനെ മറച്ചുനി-
ന്നുജ്ജ്വലസ്മിതം തൂകും തേന്തെളിപ്പൂങ്കാവിനെ
ഇതുമായികമല്ലേ, മായില്ലേ മാത്രയ്ക്കുള്ളിൽ
സ്ഥിതിമാറുകയില്ലേ, പൊരിയും വെയിലല്ലേ?
മൃദുലത്തുടുതുടുപ്പിളകിത്തുളുമ്പും നി-
ന്നിതളൊക്കെയും വാടിയോമലേ, നീ വീഴില്ലേ?
നിന്മുഖത്തേക്കൊന്നയേ്യാ നോക്കുമ്പോൾ, പിളരുന്നു
മന്മനം-സൗന്ദര്യമേ, ക്ഷണവർത്തിയോ നീയും?
നീ വാടിവീണാൽപ്പിന്നെ നിന്നെയൊന്നോർമ്മിക്കുവാ-
നീ വാടിക്കകമില്ലൊരൊറ്റപ്പുൽക്കൊടിപോലും.
നിസ്സഹായതേ, നീയെന്തറിവൂ ജഗത്തിന്റെ
നിർദ്ദയത്വത്തെപ്പറ്റി?-ച്ചിരിക്കൂ ചിരിക്കൂ നീ!"
ലോലസൗരഭമോലും നെടുവീർപ്പിട്ടാക്കൊച്ചു-
പേലവസൂനം മന്ദം ലജ്ജിച്ചു ചിരിച്ചോതി:
ഗായകാ, സഹതാപസാന്ദ്രമാം ഭവത്സ്നേഹ-
പീയൂഷം പുരണ്ടോരീ മോഹനവചസ്സുകൾ

åååå(അപൂർണ്ണം)

"https://ml.wikisource.org/w/index.php?title=രാഗപരാഗം&oldid=52434" എന്ന താളിൽനിന്ന് ശേഖരിച്ചത്