രാഗപരാഗം/പ്രേമപൂജ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

  പ്രേമപൂജ

എന്തിലും മീതെ ഞാൻ വാഴ്ത്തിടും, പ്രേമമേ
ചിന്തനാതീതമാം നിന്മഹത്വം.
വിശ്വം മുഴുവൻ നിറഞ്ഞുകവിയും, നിൻ
ശശ്വൽപ്രകാശത്തിൽ മുങ്ങി മുങ്ങി.
മന്ദഹസിച്ചു വിടർന്നു വിളങ്ങണ-
മെന്നാത്മകോരകമെന്നുമെന്നും!
ഉൽപന്നമാകണമുന്മാദസൗരഭ-
മപ്പിഞ്ചു വാടാമലർക്കുടത്തിൽ!

ഓരോപരിണാമമെത്തിയെത്തി, സ്വയ-
മോരോന്നായെല്ലാം മറഞ്ഞുപോകും.
തെല്ലും വിലയവും രൂപാന്തരങ്ങളു-
മില്ലാതെ നിൽക്കുന്നതൊന്നു മാത്രം.
മിന്നിത്തിളങ്ങി വിളങ്ങുന്നു മേൽക്കുമേൽ
വിണ്ണിന്റെ വാടാവെളിച്ചമേ, നീ!
പായുന്നതുണ്ടെന്നുമിപ്രപഞ്ചത്തിലെ-
പ്പാഴ്നിഴൽപ്പാടുകളാകമാനം.
നീ മാത്രം ശേഷിപ്പൂ, നീമാത്രം ഭാസിപ്പൂ
സീമാവിഹീനമേ, വിസ്മയമേ!
സത്യം നീ, സത്യം നീ, സച്ചിതാനന്ദം നീ
നിസ്തുലപ്രേമമേ, സർവ്വവും നീ!
മറ്റെല്ലാം മായികം, സ്വപ്നം, മരീചികാ-
വിഭ്രമം-ഏതോചലനചിത്രം!
നിന്നിലലിഞ്ഞലിഞ്ഞില്ലാതെയാവണ-
മെന്നിലെ 'ഞാനാകു' മന്ധകാരം!
താവകസൗന്ദര്യധോരണിയില്ലെങ്കി-
ലീ വിശ്വം പാഴ്ക്കരിക്കട്ടമാത്രം.
അക്ഷയജ്യോതിസ്സേ, നീയല്ലി നൽകിയീ-
നക്ഷത്രങ്ങൾക്കീ പ്രകാശനാളം!
മഞ്ഞുനീർത്തുള്ളിയും മൺതരികൂടിയും
മന്ദഹസിപ്പൂ നിൻ ചുംബനത്തിൽ!
താവുകയാണൊരു സൗന്ദര്യമെന്നിലും
താവകസ്പർശനമാത്രയിങ്കൽ.
എന്നാത്മനാളവും കോരിക്കുടിക്കട്ടെ
പിന്നെയും പിന്നെയും നിൻവെളിച്ചം1

തന്ത്രിയറ്റുള്ളൊരി വീണയിൽക്കൂടിനി-
ന്നംഗുലി തെല്ലൊന്നു സഞ്ചരിക്കേ,
എന്തത്ഭുതാജ്ഞാതസംഗീതവീചികൾ
സംക്രമിക്കുന്നില്ലതിങ്കൽനിന്നും!

ജീവിതത്തിന്റെ നികുഞ്ജത്തിലൊക്കെയും
നീ വിതച്ചീടുമീ നിർവൃതികൾ
മൃത്യുവിനപ്പുറമ്പോലും പറന്നുചെ-
ന്നെത്തിത്തളിരിട്ടു നിൽക്കുമെങ്കിൽ-
ജന്മവും ജന്മാന്തരങ്ങളും കൂടതിൻ
നിർമ്മലസൗരഭം പൂശുമെങ്കിൽ
മംഗലപ്രേമമേ, നീയാണു ലോകത്തിൽ
ഞങ്ങൾക്കെല്ലാർക്കുമുള്ളേകലക്ഷ്യം.

എന്തിനെക്കാളും മധുരമീ നീ തരും
മുന്തിരിച്ചാറാ, ണെനിക്കുലകിൽ!
ഞാനതു മുക്കിക്കുടിച്ചു കുടിച്ചിരു-
ന്നാനന്ദമത്തനായ്പ്പാടിടട്ടേ!
ഹാ, മതിയായില്ലെനിക്കൊരു ലേശവും
ഓമനേ!-വേഗം, നിറയ്ക്കൂ പാത്രം! . . .

"https://ml.wikisource.org/w/index.php?title=രാഗപരാഗം/പ്രേമപൂജ&oldid=52440" എന്ന താളിൽനിന്ന് ശേഖരിച്ചത്