Jump to content

രാഗപരാഗം/വസന്താഗമം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

   വസന്താഗമം

മുറ്റത്തെ മുല്ലകളൊക്കെപ്പൂത്തൂ
കറ്റക്കിടാവിന്റെ കൺ കുളിർത്തൂ.
 ആയവനാശിച്ചിട്ടില്ലെന്നിരിക്കുകി-
 ലാഗമിച്ചീടുമോ പുഷ്പകാലം?-അവൻ
 സ്വാഗതമോതുമോ സാനുകൂലം?

പൂത്തപൂവല്ലികൾ പുൽകിപ്പുൽകി-
ത്താർത്തെന്നലങ്ങിങ്ങു സഞ്ചരിച്ചു.

 എന്മകനാനന്ദമേകുവാനല്ലെങ്കി-
 ലെന്തിനാ വല്ലികൾ നൃത്തമാടി?-അതി-
 ലെന്തിനളികളുമൊത്തുകൂടി?

മാകന്ദത്തോപ്പിങ്കലാകമാനം
കാകളി തൂകിനാർ കോകിലങ്ങൾ.

 കണ്മണിക്കുഞ്ഞിനു കേൾക്കുവാനല്ലെങ്കി-
 ലിമ്മട്ടിലെന്തിനു പാട്ടുപാടി-അവർ
 തേന്മയമാക്കിയപ്പുഷ്പവാടി?

താമര പൂത്തു മണം പരന്നു
മാമരച്ചാർത്തും മതിമറന്നു.

 എന്നോമൽപ്പൈതലിനല്ലാതെയാർക്കതി-
 ലുന്നതഹർഷമുദിപ്പതാവോ-ചുണ്ടിൽ
 ചിന്നുന്നതെന്തൊരു പൂനിലാവോ!

തങ്കമേ വിണ്ണിൻ വിശുദ്ധിമാത്രം
തങ്ങുന്നു നിന്നുടെ കണ്ണിണയിൽ

 കാകോളം കല്ലോലംതല്ലുമീലോകത്തിൽ
 കാലുഷ്യം കാണുവാൻ ശക്തമല്ല-അതു
 കാലത്തിൻ വീർപ്പാൽ കലങ്ങുകില്ല!

ഈ വസന്തത്തിലൊളിച്ചിരിക്കും
ഭീമനാം വേനൽ ചിരിച്ചിരിക്കും.

 ഓമനേ, നിന്റെ കുതൂഹലം നോക്കിയി-
 പ്പൂക്കാലമേറെനാൾ നിൽക്കയില്ല-നിന്റെ-
 നേർക്കനുകമ്പയതിങ്കലില്ല!

ഹാ, ലോകനായകാ ഞങ്ങളെല്ലാം
ബാലചാപല്യങ്ങൾ കാട്ടിയേക്കാം.

 ഞാനീക്കിടാവിനോടോതുമ്പോൾ നീയുമ-
 ജ്ഞാനികൾ ഞങ്ങളിൽ പൂർണ്ണരാഗം-സത്യ-
 ദീപം കൊളുത്തിടുകാത്തവേഗം!

"https://ml.wikisource.org/w/index.php?title=രാഗപരാഗം/വസന്താഗമം&oldid=36577" എന്ന താളിൽനിന്ന് ശേഖരിച്ചത്