രാഗപരാഗം/രാഗപരാഗം
രാഗപരാഗം
കതിർമാത്രമെഴുന്ന താരകേ, നിൻ
ഹൃദയത്തിൽ കമനീയ താമരന്ദം
ബത, കൈവിരൽകൊണ്ടു തോണ്ടി നക്കി-
ക്കൊതിയാൽ ഞാൻ നുണയുന്നു നന്ദികെട്ടോൻ!
ഒരു വെള്ളയരിപ്പിറാവിനേക്കാ-
ളരുമേ, നിൻ മൃദുലത്വമാം മനസ്സിൽ
ഖരമെൻ നഖരം കടത്തി നിന്നെ-
ക്കരയിപ്പൂ കനിവറ്റ കശ്മലൻ ഞാൻ!
സദനത്തിനു കൽപവല്ലികേ നിൻ
ഹൃദയം പുഞ്ചിരി പെയ്തുപെയ്തു നിൽക്കേ,
മൃതിപോലുമെനിയ്ക്കു പുല്ലു, കിട്ടും
ഗതിമേലെത്രയധ:പതിയ്ക്കിലും ഞാൻ!
തരിശാകിനൊരെന്റെ ജീവിതത്തിൽ
തവ കാൽവെപ്പു വിതച്ചുതന്ന ഭാഗ്യം
തളിരിട്ടണിയിട്ടു നിൽപ്പു നിത്യം
തണലും താങ്ങുമെനിയ്ക്കു നൽകിയാര്യേ!!....
ചങ്ങമ്പുഴ
മത്തനാണു ഞാനെങ്കിലെന്തിന്നെൻ
ഹൃത്തിലൂറുമിസ്സൗന്ദര്യബോധം
തത്വചിന്തതൻ കൂട്ടിൽക്കിടക്കും
തത്തകൾ കഷ്ടമെമ്മട്ടറിയും?
ഞാനിതുവരെപ്പാടിപ്പറന്നു
ഗാനസൗന്ദര്യസാരം പകർന്നു
കിട്ടിയില്ലെനിയ്ക്കാത്മീയതതൻ
റൊട്ടി-പക്ഷേ ഞാനിന്നും കൃതാർത്ഥൻ!!
-ചങ്ങമ്പുഴ