രാഗപരാഗം/സംതൃപ്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

  സംതൃപ്തി

അനുപമോജ്ജ്വലയുവതയാലല-
മനുഗഹീതമാം, തവ കളേബരം-
മദപരവശവിശാലപേശലം-
മദംഗരംഗകമലങ്കരിക്കവേ;
ഹൃദയരഞ്ജനേ, പരിണതാനന്ദ-
മൃദുലസംഗീതം കിളർന്നിടുന്നു മേ!
കവിഞ്ഞൊഴുകുന്നു മദീയമാനസം
കവനസാന്ദ്രമാം വികാരവീചികൾ.
നവനവോല്ലാസം തളിർത്തു നിന്നിടും
ഭുവനസൗഭാഗ്യകനകശൃംഗത്തിൽ
പ്രതിഷ്ഠിതങ്ങളായ്ക്കഴിഞ്ഞു, മത്സുഖ-
പ്രതാപജീവിതജയപതാകകൾ!
പ്രണയശീതളത്തണലി, ലുന്മദ-
പ്രസന്നചിന്തകൾക്കഭയമേകി, നീ!

തെളിഞ്ഞ താരകൾനിറഞ്ഞ നിർമ്മല-
ലളിത നീലവിൺകുഞ്ജകത്തിൽ, നാം
ഇതുവിധം മേലും കഴിഞ്ഞുകൂടിയാൽ
മതി;-മറ്റെന്തെങ്കിലും കൃതാർത്ഥനാണു, ഞാൻ! . . .

"https://ml.wikisource.org/w/index.php?title=രാഗപരാഗം/സംതൃപ്തി&oldid=52442" എന്ന താളിൽനിന്ന് ശേഖരിച്ചത്