Jump to content

രാഗപരാഗം/സ്മരണ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

   സ്മരണ

അന്തിത്തിരിയാലൊരാവേശകസ്മിതം
ചിന്തിനിൽക്കുന്നു നിൻ നിശ്ശബ്ദമന്ദിരം.
കണ്ടിടാറില്ലതിലേറെനാളായി ഞാൻ
പണ്ടത്തെ ദീപ്തിപ്രസരങ്ങളൊന്നുമേ!
നിത്യമൂകത്വം വിറങ്ങലിപ്പിച്ചൊരാ-
നിർജ്ജനോദ്യാനങ്ങൾ കാണുമ്പൊഴൊക്കെയും
എന്മിഴിത്തുമ്പിൽനിന്നിറ്റുവീഴാറുണ്ടു
നിന്നെയോർത്തൊരായിരമശ്രുകണികകൾ!

വിസ്മയം തോന്നുമാറെന്മുന്നിലന്നിതാ
വിദ്യുല്ലതപോലണഞ്ഞു നീ പിന്നെയും!
നിർഗ്ഗമിക്കുമോൾ നിൻ പിന്നാലെയെത്തുവാൻ
സ്വർഗ്ഗം പറക്കുന്നു നീ പോം വഴികളിൽ!

മഞ്ജുഹേമന്തം നിലാവിൽക്കുളിപ്പിച്ചു
മഞ്ഞണിയിച്ച മദാലസരാത്രികൾ
ഇന്നുമെത്താറുണ്ടു നീ വിട്ടുപോയ നിൻ
പുണ്യാശ്രമത്തിലെ പുഷ്പിതവാടിയിൽ!
എങ്കിലും മൂകരായ് നിൽക്കുകയല്ലാതെ
തങ്കരവല്ലകി മീട്ടിടാറില്ലവർ!
കേട്ടിടാറില്ല നീ പോയനാൾതൊട്ടു നിൻ
കൂട്ടിലെത്തത്തതൻ കൊഞ്ചലശേഷവും!
തെന്നലാലിംഗനംചെയ്കിലും മർമ്മരം
ചിന്നിടാറില്ല മരതകപ്പച്ചകൾ!
അപ്പപ്പൊഴെത്തുമത്തോപ്പിന്റെ വീർപ്പിലൂ-
ടസ്പഷ്ടമേതോ വിഷാദപരിമളം.

       (അപൂർണ്ണം)

"https://ml.wikisource.org/w/index.php?title=രാഗപരാഗം/സ്മരണ&oldid=36573" എന്ന താളിൽനിന്ന് ശേഖരിച്ചത്