രാഗപരാഗം/ഉദയരാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

         ഉദയരാഗം

(മനോഹരമായ ഒരു കുന്നിൻ ചെരുവ്. താഴെ പാറക്കെട്ടുകളിൽക്കൂടി പുളഞ്ഞൊഴുകുന്ന ഒരു നദി. അതിന്റെ ഇരുവശങ്ങളിലും ആറ്റുവള്ളികൾ കുലച്ചു മറിഞ്ഞുകിടക്കുന്നു. ഒരു നേരിയ മൂടൽമന്നോടുകൂടിയ ശിശിരപ്രഭാതം. ഇളവെയിൽ പരന്നുതുടങ്ങുന്നു. അരുവിയുടെ തീരത്ത് ഒരു പാറക്കല്ലിൽ മദനൻ ഇരിക്കുന്നു. അവന്റെ മുമ്പിൽ തഴച്ചു പടർന്നുകിടക്കുന്ന വള്ളിക്കെട്ടിന്റെ താഴോട്ടു തൂങ്ങിയ ഒരു വള്ളിയിൽ കുസുമ പതുക്കെ ആടിക്കൊണ്ടിരിക്കുന്നു. മുന്നോട്ടുള്ള ആയത്തിൽ അവളുടെ വസ്ത്രം മദനന്റെ പാദപാർശ്വങ്ങളെ അൽപാൽപമായി സ്പർശിക്കുന്നു. ക്രമേണ ആട്ടത്തിന്റെ ആയം കുറഞ്ഞുകുറഞ്ഞ് ഒരു ചലനം മാത്രമായിത്തീരുന്നു. കുസുമ മദനന്റെ നേരെ നോക്കിക്കൊണ്ടു മന്ദാക്ഷമധുരമായ പുഞ്ചിരി തൂകുന്നു.)

മദനൻ: "അങ്ങോട്ടു നോക്കിയാലെന്തു കാണാം?"

കുസുമ: "ആയിരം പൂച്ചെടി പൂത്തു കാണാം."

മദനൻ: "പൂച്ചെടിച്ചാർത്തിൽനിന്നെന്തു കേൾക്കാം?"

കുസുമ: "പൂങ്കുയിൽ പാടുന്ന പാട്ടു കേൾക്കാം."

മദനൻ: "നീലവിണ്ണെത്തിപ്പിടിച്ചുനിൽക്കും
    ചേലഞ്ചുമോരോരോ കുന്നുകളും
    പാറപ്പടർപ്പിലൂടാത്തമോദം
    പാടിയൊഴുകുന്ന ചോലകളും
    പാദപച്ചാർത്തിലായങ്ങുമിങ്ങും
    പാടിപ്പറക്കും പറവകളും
    ആലോലവായുവിൽ മന്ദമന്ദ-
    മാടിക്കുണുങ്ങുന്ന വല്ലികളും;
    ആനന്ദ, മാനന്ദം!-നാമിരിക്കും
    കാനനരംഗമിതെത്ര രമ്യം!

കുസുമ: "മലമുകളിൽപ്പൊങ്ങുന്നു ഭാനുബിംബം."

മദനൻ: "മലർനിരയിൽത്തത്തുന്നു മത്തഭൃംഗം."

കുസുമ: "അരികിലണയുന്നതുകണ്ടു വേഗ-
    മരുതരുതെന്നെത്ര വിലക്കിയിട്ടും
    സുമസവിധം പിന്നെയും വിട്ടിടായ്വാൻ
    ഭ്രമരമതിനൽപവും ലജ്ജയില്ലേ?"

മദനൻ: "അതുലനവരാഗാർദ്രമാനസനാ-
    യതിമധുരഗാനങ്ങൾ മൂളിമൂളി.
    പരിചിനൊടപ്പുഷ്പത്തിൻ മുന്നിലെത്തി
    പരിചരണപ്രാർത്ഥന ചെയ്തിടുമ്പോൾ,
    കരുണ ലവലേശമില്ലാതതിനോ-
    ടരുതരുതെന്നോതിയാൽ കഷ്ടമല്ലേ?"

കുസുമ: "അകലത്തെവിടെയോ ലോകരാരു-
    മറിയാതെ വാണൊരാ മത്തഭൃംഗം
    അതിശാന്തയായൊരക്കൊച്ചുപൂവി-
    ലനുരക്തനാകാനുമാരുചൊല്ലി?"

മദനൻ: "കണ്ണും കരളും കവർന്നെടുക്കാൻ
    മന്നിൽ വിരിഞ്ഞൊരാ വന്യസൂനം
    നന്ദനാരാമസുമങ്ങളെക്കാൾ
    സുന്ദരമാകാനുമാർചൊല്ലി?"

കുസുമ: "സൗന്ദര്യ്മേകിയതാര്?-ദൈവം!"

മദനൻ: "സൗന്ദര്യമാണെന്നാലെന്റെ ദൈവം!"

കുസുമ: "അരിയവെളിച്ചം ജഗത്തിൽ വീശു-
    മഴകിൻ മറുവശമന്ധകാരം
    അതിലകപ്പെട്ടാൽ വഴിയറിയാ-
    തലയണമേതൊരു ചേതനയും!"

മദനൻ: "ശരിയാണതെങ്കിലും, പുഷ്പമേ, നി-
    ന്നരികിലായ്ച്ചുറ്റുമിച്ചഞ്ചരീകം
    അതിനുള്ള ജീവതന്തുക്കളെല്ലാ-
    മവിടെക്കൊരുത്തു കഴിഞ്ഞുപോയി.
    ജഡമെങ്ങു പോയാലും ജീവനാള-
    മവിടത്തിൽത്തങ്ങിത്തുടിക്കുമെന്നും.
    പ്രണയധവളനവതുഷാര-
    കണികകൾകൊണ്ടതിന്നന്തരംഗം
    മുഴുവനും രക്തകിരീടപൂർണ്ണം
    മുഴുവനും ലോലവികാരസാന്ദ്രം.
    അതു കഷ്ടമീവിധം കൈവെടിയാ-
    നതിനോടിന്നയേ്യാ നീ ചൊല്ലരുതേ.
    അനുകമ്പയറ്റ നിരോധനത്താ-
    ലതിനെ നീ കൊല്ലാതെ കൊല്ലരുതേ."

കുസുമ: "ഹൃദയനായകാ, നീചദുശ്ശങ്കയാ-
    ലിദയമീവിധം ജൽപിച്ചതല്ല ഞാൻ.
    തവ മൃദുലഹൃദയപരിമള-
    നവലഹരിയിലാറാടിയാടുവാൻ
    സരളമന്ദാക്ഷപഞ്ജരാന്തസ്ഥരായ്
    ചിറകടിക്കുമെൻ യൗവനവാഞ്ഛകൾ
    സിരകളിലോടുമെൻ ജീവരക്തവും
    സുരഭിലമാക്കിത്തീർക്കയാണെപ്പൊഴും
    അകമഴിഞ്ഞു ഞാൻ നോക്കി രസിക്കയാ-
    ണകലെനിന്നു ചിരിക്കുന്ന ഭാവിയെ!"

"https://ml.wikisource.org/w/index.php?title=രാഗപരാഗം/ഉദയരാഗം&oldid=52437" എന്ന താളിൽനിന്ന് ശേഖരിച്ചത്