Jump to content

രാഗപരാഗം/കാമുകനാണെന്നു ചൊല്ലരുതേ!

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കാമുകനാണെന്നു ചൊല്ലരുതേ!

ആരോടുമോമലേ, ഞാനൊരുനാളും നിൻ
കാമുക്നാണെന്നു ചൊല്ലരുതേ!

ഞാനിന്നു ലോകത്തിലെന്റെയെന്നോർക്കുന്ന
നീയൊരു നക്ഷത്രമായിരുന്നു.
അന്നൊരു വെൺമുകിൽ വിണ്ണിലൊരേടത്തു
നിന്നെ നിനച്ചു ഭജിച്ചിരുന്നു.
അന്യോന്യം കാണാതെ, കണ്ടാലും മിണ്ടാതെ
നിങ്ങളിരുവരും നിന്നിരുന്നു.
അന്നെല്ലാം കേവാമന്യനായുള്ള ഞാൻ
കണ്ണീരിൽ മുങ്ങിക്കഴിഞ്ഞിരുന്നു.

വാസന്തകാലം മറഞ്ഞു; ഹാ, ഭൂമിയും
വാനുമൊന്നാകെക്കറുത്തിരുണ്ടു
ചേതസ്സിലാതങ്കചിന്തപോൽ, കാർമുകിൽ
മീതെയ്ക്കുമീതെയടിഞ്ഞു വാനിൽ.
പേമാരിചീറ്റിയണഞ്ഞു കൊടുങ്കാറ്റിൽ
മാമരമൊക്കെ വാവിട്ടു കേണു.
നീരസഭാവത്തിലാകാശം കൈവിട്ടു
നീയുമെവിടെയോ ചെന്നൊളിച്ചു.

ഘോരനിരാശയിലിക്കൊച്ചു വെൺമുകിൽ
മാരിയായ് മണ്ണിലടിഞ്ഞുചേർന്നു.
അന്നൊരുനാളിലെന്നേകാന്തനിദ്രയിൽ
സുന്ദരസ്വപ്നമേ, നീയണഞ്ഞൂ.
ആ നിമേഷം മുതൽ വിട്ടുപോകാതെയെൻ
മാനസത്തിങ്കൽ ഞാൻ ചേർത്തു നിന്നെ!

നീരദമാലയൊഴിഞ്ഞു, രണ്ടാമതും
നീലാംബരാന്തം തെളിഞ്ഞു നിന്നു!
ആദിത്യകാന്തിയിലാറാടി, ലോകമൊ-
രാനന്ദചിന്തപോലുല്ലസിച്ചു.
മാലേയമാരുതൻവീശി, മലരണി-
ഞ്ഞാലോലവല്ലികൾ നൃത്തമാടി.

ഓമനേ, നീയെന്റെ മാനസവീണയിൽ
പ്രേമഗാനം പൊഴിച്ചുല്ലസിച്ചു.
എന്നാലും വിണ്ണിൻ നിധിയായിരുന്ന നീ-
യെങ്ങനെ മന്നിലിന്നെന്റെയാകും?
അന്യനായുള്ള ഞാനാരുമറിയാതെ
നിന്നെയെൻ കൈയിലൊതുക്കിനിന്നു.

ആകയാലാരോടും ഞാനൊരുനാളും നിൻ
കാമുകനാണെന്നു ചൊല്ലരുതേ!