Jump to content

രാഗപരാഗം/ജീവനാഥൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

   ജീവനാഥൻ

ചെമ്മഞ്ഞപ്പൂഞ്ചേല ചെമ്മേയണിഞ്ഞെത്തി
സമ്മോഹനാംഗിയാം സന്ധ്യാദേവി.
അന്ധരാരാഗമം ഘോഷിപ്പാൻ നിശ്ശബ്ദ-
മന്തിത്തിരികളാലാലയങ്ങൾ.
നിശ്ചലമാമൊരു നീലത്തടാകമ്പോൽ
നിശ്ശബ്ദമായ്ത്തീർന്നിതന്തരീക്ഷം.
ധ്യാനനിരതയായോമനേ, നീയിദ-
മാ നദീതീരത്തിരിപ്പതെന്തേ?
പോരിക, പോരിക, നിന്നോമൽ സ്വപ്നങ്ങൾ
കൂരിരുൾകൊണ്ടിപ്പോൾ മൂടുമല്ലോ!

സന്താപബാഷ്പം പൊഴിച്ചതു പോരു, മെൻ
ചിന്താപരവശേ, നീയുറങ്ങൂ.
എന്മാറിൽചാഞ്ഞുകൊൾകോമനേ, നിന്നെ ഞാൻ
ചുംബനപ്പൂക്കളാൽ മൂടിക്കൊള്ളാം.
എന്നെയും കാത്തു നീയാ നദീതീരത്തി-
ലിന്നോളം നിന്നെത്ര ബുദ്ധിമുട്ടി?
ഹേമമയമാകുമെന്മണിമേടയിൽ
തൂമലർതഞ്ചുകപ്പൂങ്കൊടിയിൽ
ആനന്ദസ്വപ്നങ്ങൾ കണ്ടുകണ്ടെന്നും
ഞാനുമൊത്തോമലേ, നീയുറങ്ങൂ!

എന്നും സുഖിക്കുവാനെല്ലാം പുതുക്കുവാ-
നെന്നോടു നിന്നെ ഞാൻ ചേർത്തിടുന്നു.
ജീവിതസ്വപ്നങ്ങൾ മാഞ്ഞെങ്കിൽ മായട്ടേ
ജീവേശൻ ഞാനില്ലേ, ജീവനാഥേ!

"https://ml.wikisource.org/w/index.php?title=രാഗപരാഗം/ജീവനാഥൻ&oldid=36567" എന്ന താളിൽനിന്ന് ശേഖരിച്ചത്