Jump to content

രാഗപരാഗം/ആദ്യസമ്മേളനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

   ആദ്യസമ്മേളനം

നീവരും നിർജ്ജനവീഥിയിൽ ഞാനൊരു
പൂവണിച്ചെണ്ടുമായ്ക്കാത്തുനിൽക്കും.
താരകരാജിയിലെന്മനസ്പന്ദനം
നേരിട്ടുകാണും നീ നീലവിണ്ണിൽ!
നീയതു കാണുമ്പോൾ, നിന്നോടെനിക്കുള്ള
നീടുറ്റ രാഗം ശരിക്കറിയും.
ഓർക്കുമൊരു ഞൊടിക്കുള്ളിൽ നീയേകയായ്
വായ്ക്കുമിരുട്ടത്തു നിൽക്കുമെന്നെ.
വാടാവെളിച്ചമേ, തൽക്ഷണം വെമ്പലാർ-
ന്നോടിയണയും നീയെന്നരുകിൽ.
മോഹിനിയല്ല ഞാനെങ്കിലുമിന്നെന്നെ
സ്നേഹിപ്പോനാണു നീയത്രമാത്രം!
എന്നേയ്ക്കുമായ് കാഴ്ചവെയ്ക്കും നിനക്കെന്നെ
നിന്നാഗമത്തിൽ ഞാൻ നിർവിശങ്കം
അങ്ങനെ നമ്മുടെയാദ്യസമ്മേളനം
സംഗീതസാന്ദ്രമായുല്ലസിക്കും.

"https://ml.wikisource.org/w/index.php?title=രാഗപരാഗം/ആദ്യസമ്മേളനം&oldid=36560" എന്ന താളിൽനിന്ന് ശേഖരിച്ചത്