Jump to content

രാഗപരാഗം/അർച്ചന

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

      അർച്ചന

ഓർക്കുമ്പൊഴേക്കുമെൻ ഹൃത്തിൽ പുളകങ്ങൾ
പൂക്കുമാറെന്നോടടുത്ത പൂക്കാലമേ!
സങ്കൽപസീമയിൽ സന്തോഷശാന്തിതൻ
തങ്കപ്രകാശം തളിക്കുന്ന താരമേ!
മാമകചിന്താശതാബ്ജപത്രങ്ങളിൽ
മാദക നൃത്തം നടത്തും മരാളികേ!
നിർമ്മലസ്നേഹാർദ്രസംഗീതധാരയി-
ലെന്മനസ്പന്ദങ്ങൾ മുക്കും മുരളികേ!
ആശ്രമ്രശുദ്ധിതൻ സർവ്വവുമൊത്തുചേർ-
ന്നാകാരമാർന്നോരനുപമസ്വപ്നമേ!
പാവനസൗഹൃദപ്പച്ചത്തൊടികളിൽ
പാടിപ്പറക്കും ശുഭകരശാരികേ!
സ്വാഗതംചെയ്തു ഞാനർപ്പിപ്പൂ നിന്നെയെൻ-
രാഗാർദ്രമാനസസ്പന്ദപുഷ്പങ്ങളാൽ!
വിസ്മയം തോന്നുമാറോർത്തിരിക്കാതൊരു
വിദ്യുല്ലതപോലണഞ്ഞു നീ മോഹിനി!
അന്തമില്ലാതെഴുമുഗ്രനിരാശതത-
ന്നന്ധകാരത്തിലടിഞ്ഞ മജ്ജീവിതം,
പൊക്കിയെടുത്തു ഹിരണ്മയദീപ്തിയിൽ
മുക്കി നിന്മുഗ്ദ്ധോദയാകസ്മികോത്സവം!
ചിന്തിച്ചിരിക്കാതണഞ്ഞേവമിന്നെന്റെ
ചിന്തകൾപോലും നിറംപിടിപ്പിച്ചു നീ!
കാടും മലകളും തോടും പുഴകളും
പാടേ കടന്നു പിന്നിട്ടിന്നു മന്മനം
ചഞ്ചൽച്ചിറകടിച്ചെത്തുന്നു നിൻകുളിർ-
പ്പുഞ്ചിരിപ്പൂവിൻ സുഗന്ധം നുകരുവാൻ!
കഷ്ടം, പരതന്ത്രനെന്തു ഞാൻ ചെയ്യട്ടെ
പൊട്ടുന്നതല്ലെന്റെ ചങ്ങലക്കെട്ടുകൾ.
എങ്കിലു, മെത്ര നിയന്ത്രിക്കുന്ന്കിലും
നിങ്കലേക്കയ്യോ കുതിക്കുന്നു മന്മനം!
ശാശ്വതസ്നേഹത്തിടമ്പായെനിക്കേവ
മീശ്വരൻ തന്നോരനുജത്തിയാണു നീ!
നന്മതുളുമ്പും സഹോദരസ്നേഹമാം
പൊന്മലർകൊണ്ടിതാ പൂജിപ്പൂനിന്നെ ഞാൻ!
ആടലിൻ ചൂടണഞ്ഞെത്ര മർദ്ദിക്കിലും
വാടില്ല നിൻ പിഞ്ചിതളിലൊന്നെങ്കിലും!
എന്നന്ത്യഗദ്ഗദമന്തരീക്ഷത്തിനോ-
ടെന്നേക്കുമായിട്ടലിഞ്ഞുചേരുമ്പൊഴും
തിങ്ങിത്തുളുമ്പുമസ്നേഹപുഷ്പത്തിലെൻ
മംഗളാശംസതൻതേനും സുഗന്ധവും!
വത്സലേ, നിന്നഗജാപ്തിയേക്കാളെനി-
ക്കുത്സവം മന്നിൽ മറ്റെന്തുവേണം ശുഭേ?
നീയെന്നനുജത്തിയെന്നതോർക്കുമ്പോഴെൻ
നീറും മനസ്സിൽ തുളുമ്പുന്നു സുസ്മിതം.
നിന്നെക്കുറിച്ചുള്ള ചിന്തയിലായിരം
കിന്നരലോകം കടന്നു പോകുന്നു ഞാൻ.
എത്തുന്നിതെന്മുന്നിലോടക്കുഴലുമാ-
യുത്തമജ്യോതിർമ്മയാർദ്രസ്വരൂപികൾ
ഓമനിച്ചെൻ തപ്തജീവനെപ്പുൽകുന്നു
രോമഹർഷത്തിന്റെ കല്ലോലമാലകൾ!
എന്തറിയുന്നു, വിമലേ, വിദൂരെയെ-
ന്നന്തരാത്മാവിൻ വസന്തോത്സവങ്ങൾ നീ!

അമ്പിലപ്പൊൻകവിൾത്തട്ടിൽ, രണ്ടോമന-
ച്ചെമ്പനീർപ്പൂക്കൾ വിടർന്നു കാണുന്നു ഞാൻ.
അർത്ഥമില്ലാത്തൊരിപ്പദ്യഖണ്ഡത്തിലേ-
ക്കത്തളിർച്ചുണ്ടിൽനിന്നോരോനിമേഷവും
മന്ദാക്ഷമുഗ്ദ്ധങ്ങൾ മന്ദാരപുഷ്പങ്ങൾ
മന്ദസ്മിതങ്ങൾ പൊഴിഞ്ഞു കാണുന്നു ഞാൻ!
ആ നീലനേത്രോൽപലങ്ങളിൽ രണ്ടിലു-
മാനന്ദബാഷ്പം പൊടിഞ്ഞു കാണുന്നു ഞാൻ.
അത്ഭുതസ്വർഗ്ഗീയചൈതന്യദീപ്തിയി-
ലത്തനുവല്ലി തളിർത്തുകാണുന്നു ഞാൻ.
മാമകചിത്തത്തിലിച്ചിത്രതല്ലജം
മായില്ല മായില്ലൊരിക്കലും സോദരീ!

നിന്നടുത്തോമൽ സഖികളായ് മാറാതെ
നിന്നിടട്ടെന്നും നിഖിലാനുഭൂതികൾ!
താളമേളങ്ങൾ തകർക്കട്ടെ ശാന്തികൾ
താലംപിടിക്കട്ടെ തങ്കക്കിനാവുകൾ
ആയുരാരോഗ്യങ്ങൾ സദ്രസം ഹാ, നിന-
ക്കാതിത്ഥ്യമേകട്ടെ നിത്യം സഹോദരീ!
നിർവ്യാജമേവമിപ്രാർത്ഥനാപുഷ്പങ്ങൾ
സർവ്വേശപാദത്തിലർപ്പിച്ചിടുന്നു ഞാൻ!

"https://ml.wikisource.org/w/index.php?title=രാഗപരാഗം/അർച്ചന&oldid=153303" എന്ന താളിൽനിന്ന് ശേഖരിച്ചത്