രാഗപരാഗം/ആശ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

     ആശ

ശിശിരവായുവിലിതൾ വിടർന്നാടും
മൃദുലമന്ദാരമുളകമ്പോൽ
കവനസാന്ദ്രമായ് വിരിയുന്നെന്മനം
ഭവദീയസ്നേഹലഹരിയിൽ.
ഹൃദയനാഥ ഞാൻ പ്രണയമാധുരി
വഴിയും ചിന്തതൻ തിരകളിൽ
വിജനവേളയിൽ മുഴുവനും മന്ദ-
മൊഴുകിപ്പോകയാണെവിടെയോ!
പുളകത്തിൻ മാറിൽ തലചാച്ചെൻചിത്തം
പരമനിർവ്വാണമടയുമ്പോൾ
പ്രകടമൂകമാം പ്രണയസ്വപ്നങ്ങ-
ളകമഴിഞ്ഞെന്നെത്തഴുകുമ്പോൾ
മധുരചുംബനസുലഭസങ്കൽപം
മടിയിൽവെച്ചെന്നെപ്പുണരുമ്പോൾ
സ്ഥലകാലങ്ങൾതൻ ക്ഷണികസീമകൾ
സകലവും പിന്നിട്ടതിവേഗം
ചിറകെഴുമൊരു മുരളീഗാനംപോൽ
വിരവിൽ ഞാൻ മേലോട്ടുയരുന്നു.

ലളിതമർമ്മരം പകരുമാ വന-
മിളകുമീ മന്ദപവനനിൽ.
അരിയ മല്ലികാപരിമളമായ്ത്തീ-
ർന്നരികിലെങ്ങാനൊന്നണയുകിൽ!
സുരഭിലമാക്കും സുലളിതാംഗനിൻ
സുഖസുഷുപ്തികൾ മുഴുവൻ ഞാൻ!

ചൊരിയുന്നു ചന്ദ്രൻ കുളിർനിലാവെങ്ങും
തരളതാരകൾ തെളിയുന്നു.
അകലെപ്പൂങ്കാവിലമരും രാക്കുയി-
ലമൃതസംഗീതം പൊഴിയുന്നു.
സകലവും ഭദ്രം; പരമശാന്തം, ഹാ!
സവിധത്തിൽ ഭവാനണയുകിൽ! . . .

"https://ml.wikisource.org/w/index.php?title=രാഗപരാഗം/ആശ&oldid=36572" എന്ന താളിൽനിന്ന് ശേഖരിച്ചത്