നവസൗരഭം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
നവസൗരഭം (കവിതാസമാഹാരം)

രചന:ഇടപ്പള്ളി രാഘവൻ പിള്ള (1936)
[ 7 ]
എന്റെ ജീവിതം

നലെതിർച്ചുടുവെയിലേറ്റു നില്ക്കും
പനിനീരലർസമം മദീയ ജീവിതം!
പ്രദോഷവേളതൻ പ്രഭ നശിക്കുമ്പോൾ
പിടഞ്ഞുവീണതു കൊഴിഞ്ഞു മണ്ണാകും.
അനർഘമാകുമായലരിനേശിയോ-
രനിത്യത കണ്ടിട്ടതിൻദലങ്ങളിൽ
വിഷാദവായ്പിനാൽ നിശാംഗനാനടി
തുഷാരമാം കണ്ണീർ പൊഴിച്ചിടുമെന്നാൽ
ധാരാതലം തന്നിലൊരുവരുമെന്റെ
വിരഹത്താൽ ബാഷ്പം പൊഴിക്കുകയില്ല!

II
വിളർത്തു വാനിടേ വിലസുമിന്ദുവിൽ
കുളിർത്ത ചന്ദ്രികാപ്രവാഹത്തിൽ മുങ്ങി
ചലിച്ചുദാരുവിൽ വസിക്കുന്ന ഗ്രീഷ്മ-
ദലത്തിനു സമം മദീയ ജീവിതം.
നിലയ്ക്കയില്ലെന്നുമവിടത്തിലെന്നാ-
ച്ചലിച്ചിടും ദലമറിഞ്ഞിരിക്കണം.
അടുത്ത ഭാവിയിലതുമടർന്നുട-
നധഃപതിച്ചൂഴിപതിച്ചു മണ്ണാകും;
മരിച്ച പൈതലാം ദലത്തിനായ് നിത്യം
മരത്തിനോടൊത്താ മരുത്തും കേണിടും;

[ 8 ]

ഒരുത്തരുമെന്നാലെനിക്കുവേണ്ടിയി-
ട്ടൊരിക്കലും വിടില്ലൊരു നെടുവീർപ്പും!

III

കടല്ക്കരതന്നിൽ പതിച്ചതാം കാലി-
ന്നടിക്കു തുല്യമാണിവന്റെ ജീവിതം;
അരക്ഷണത്തിനാലുദധിതൻ തിര-
ക്കരങ്ങളാലവയശേഷം മാച്ചിടും;
നരന്നെഴും കാലിന്നടി മറയ്ക്കയാൽ
കരകയാണിന്നും കടലിരമ്പലാൽ!
അഹോ! മഹാകഷ്ടമെനിക്കുവേണ്ടിയി-
ട്ടവനിയിലാരും കരയുകയില്ല...!

[ 9 ]
പോവല്ലേ, പോവല്ലേ, പൊന്നോണമേ!

നന്ദ,മാനന്ദം കൂട്ടുകാരേ,
ഹാ! നമ്മൾക്കോണമിങ്ങെത്തി ചാരേ;
വിണ്ണോളം മന്നിനെ പൊക്കും നാളേ,
പൊന്നോണനാളേ, ജയിക്ക നീളേ!
വർഷം കഴിഞ്ഞു, കൊയിത്തു തീർന്നു
കർഷകരെല്ലാരും ഹർഷമാർന്നു.
സസ്യലതാദികൾ സൽഫത്താ-
ലുത്സവം കണ്ണിന്നരുളിയാർക്കും.
കാർമുകിൽമാല മറഞ്ഞു വാനം
ശ്യാമളകോമളമാകമാനം;
ഓരോരോ രാവും കുളുർമയേന്തും
ഓണനിലാവിനാലോളം തല്ലും!
'അത്ത'മടുത്തുപോയ്, ബാലകന്മാ-
രത്തലെന്നുള്ളതറിയാതായി;
മെത്തിന കൗതുകാൽ കൂട്ടരുമാ-
യെത്തുന്നു പൂങ്കാവിൽ പൂവറുക്കാൻ;
ഓമനക്കുഞ്ഞുങ്ങളൊത്തുകൂടി,
ഓണപ്പാട്ടോരോന്നു പാടിപ്പാടി,
തൂമലർ തേടി നടക്കുന്നേരം
കോൾമയിർ ഭൂവിന്നും കൊള്ളും പാരം.
ചിറ്റാട, ചേമന്തി, ചെങ്കുറിഞ്ഞി,
ചെത്തി, നൽച്ചെട്ടിച്ചി, ചെമ്പരുത്തി

[ 10 ]

മന്ദാരം, മാലതി, മുക്കുറ്റിയും,
ബന്ധുരമായ പവിഴമല്ലി,
തുമ്പതുടങ്ങിയ പൂക്കളില-
ക്കുമ്പിളിലാവോളം ശേഖരിച്ച്,
കറ്റക്കിടാങ്ങൾ കുളിച്ചുവന്ന്,
മുറ്റത്തു പൂവിട്ടു വെള്ളം ചുറ്റി,
നീളത്തിൽ കൂകുമ്പോളാർക്കു കണ്ഠ-
നാളം തനിയേത്തുറക്കുകില്ലാ!
ഓണപ്പുടവയുടുത്തണിഞ്ഞ്,
ഊണുകഴിച്ചതിതുഷ്ടരായി,
'ഇട്ടോടി' തട്ടാൻ കളിക്കോപ്പുക-
ളിട്ടോടിപ്പോകുന്നു ബാലന്മാർ;
കൊച്ചനുജത്തിമാർ തുമ്പിതുള്ളാൻ
പിച്ചകത്തോപ്പിലൊരുമിക്കുന്നു
അമ്മമാർ പണ്ടത്തെ പാട്ടുപാടി
'കുമ്മി'യടിച്ചു കളിച്ചിടുന്നു.
ഉത്സാഹമാരുതനീവിധത്തിൽ
ഉത്സവപ്പൊൻകൊടി പാറിക്കുമ്പോൾ
'മാവേലി' തന്നുടെ നാടു കാണ്മാൻ
താവും മുദമോടെഴുന്നള്ളുന്നു;
ദാനവവീരനദ്ദാനശീലൻ
ആനന്ദനൃത്തങ്ങളാടിടുന്നു.
പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു!

[ 11 ]
പശ്ചാത്താപം

പകലവൻ ദഹിച്ചതാം പുകപോലെയുലകിട-
മഖിലവുമിരുൾപ്പുതപ്പണിഞ്ഞ നേരം
നെടുവീർപ്പു വിടുമൊരു പനിമലരടുത്തായി
നിലകൊള്ളുമിളമൊട്ടോടുരയ്ക്കയായീ:
അയി, സഖീ! ശിവം: നിനക്കരുളട്ടെയഖിലേശൻ;
അവനിയെ വെടിഞ്ഞിവൾ ഗമിക്കയായി,
വാടാമലർക്കുലയേറെയിടതിങ്ങിടുന്ന മലർ-
വാടികയിങ്കലേക്കാണെന്റെ പ്രയാണമിപ്പോൾ.
നിറകതിർ ചിതറുമെൻവഴിയിങ്കൽ നിങ്ങളാരും
കരയലാൽ കലുഷത കലർത്തിടൊല്ലാ;
ഹതഭാഗ്യനെനിക്കിനിയൊരു ഞൊടിയിവിടത്തി-
ലധിവസിക്കുവാൻ കൊതി മതിയിലില്ലാ;
വിമലയായീടുമെന്റെ ലഘുകാലജീവിതത്തെ
വിഫലമായുലകിൽ ഞാൻ നിയിച്ചു കഷ്ടം!
കരിവരഗമനതൻ കചഭരേ ലസിപ്പാനോ,
പരമേശപദതളിർ പണിയുവാനോ,
കഴിയാത്തോരിവളുടെ കർമ്മഫലംമൂലമിപ്പോ-
ളൊഴിയാത്ത തിമിരത്തിലുഴന്നിടുന്നു;
പരിതാപകരമാമെൻ ചരിതങ്ങളൊരുവിധം
പറഞ്ഞിടാം സഖീ, നീയതറിഞ്ഞുകൊൾക:
ഭവതിയെപ്പോലെ ഞാനുമൊരു ചെറുകോരകമായ്
പലദിനം ലതയിങ്കൽ പരിലസിച്ചു;

[ 12 ]

അതിരറ്റ മധുരിമയൊഴുകുന്ന ഗീതങ്ങളിൽ
പൊതിഞ്ഞതാം കിനാവു ഞാനനേകം കണ്ടു;
മഴവില്ലിൻമാറിടത്തിലനേകനാൾകൊണ്ടു ഞാനൊ-
രഴകേറും മണിഹർമ്മ്യം പണിഞ്ഞുതീർത്തു;
ഒടുവിലതുടഞ്ഞുപോ;-യൊരു നൊടികൊണ്ടു, ഞാനും
വിടർന്നൊന്നെൻ പരിസരം പകച്ചുനോക്കി;
കരളിലൊരനഘമാം കുളിരിയറ്റിടുമാദ്യ-
ക്കണിയെന്നിലതിരറ്റു പുളകം ചാർത്തി;
വസുമതിതന്നിലാടിക്കളിച്ചിടുമുഷസ്സിന്റെ-
യസമമാം സുഷമ വാഗതീതം തന്നെ;
മൃദുലകരാംഗുലിയാൽ പുലരിമാതിവളുടെ
മൃദുദലതതികളിൽ തഴുകി മന്ദം;
മതിമുഖി മണിമഞ്ഞിൻകണികയൊരണിമുത്തു
മതിതളിർ തെളിഞ്ഞെന്റെ ഗളത്തിൽ ചാർത്തി;
കുതുകമോടപാംഗത്താലവളൊന്നു കടാക്ഷിക്കെ-
പ്പുതിയൊരു പ്രഭാപൂരം പകർന്നിതെന്നിൽ.
ഉരുതരസുഖാമൃതമശിച്ചതാമെനിക്കന്നി-
ദ്ധരാതലം സുരപുരസമമായ്ത്തോന്നീ!....

II



ആനന്ദച്ചാർ പുരണ്ടതാമമൂല്യമാം നിമിഷങ്ങൾ
ഞാനഞ്ചാറു കഴിച്ചു; ഹാ, പിഴച്ചുകാലം!
വളർത്തമ്മപോലെയെന്നെ രസിപ്പിച്ച പുലർകാലം
തളിർച്ചെടിപ്പടർപ്പിങ്കൽ മറഞ്ഞുപോയി!
അരുണന്റെ കിരണം ഞാനണിഞ്ഞതാം ഹിമമണി-
യഖിലവും തനിരത്നപ്രകാണ്ഡമാക്കി;
തൻകരത്താലിവളെയത്തങ്കച്ചാറിൽക്കുളിപ്പിച്ചി-
ട്ടെൻകായത്തിൻ കാന്തിയവൻ കവർന്നെടുത്തു!
അണകയായപ്പൊഴുതെന്നരികിലൊരളിവര-
നനുരാഗസംഗീതങ്ങൾ മുഴക്കി മന്ദം.
പ്രണയവിവശനാകുമവനു ഞാനറിയാതെ

[ 13 ]

പണയമായ്ക്കഴിഞ്ഞുപോയനുക്ഷണത്തിൽ;
കുടിലനാമവനെന്റെ ഹൃദയത്തിന്നടിത്തട്ടിൽ
കുടികൊള്ളും മകരന്ദം കവർന്നെടുത്തു!
അനന്തരമിലകൾതന്നിടയിൽനിന്നടുത്തെത്തി
മനംകവർന്നീടുംമട്ടിൽ മലയവാതം,
വിരുതനാമവനെന്റെ പരിസരേ പറന്നിട്ടെൻ-
പരിമളം ഹരിച്ചുടൻ തിരിച്ചു ചോരൻ!
വിലയും നിലയുമറ്റോരിവളിനി വസിക്കുകിൽ
പുലരിയിലഖിലരും പരിഹസിക്കും;
പരപരിഹാസമേറ്റു ധരയിങ്കലിരിപ്പതിൽ-
പ്പരമൊരു ദുരിതം മേ വരുവാനുണ്ടോ ?
സ്വാർത്ഥർതന്റെ പുഞ്ചിരിയാമിരയിൽ നാം ഭ്രമിക്കുകിൽ
കോർത്തുപോകുമഴലാകും കൊളുത്തുതന്നിൽ.
നിനക്കുമെന്നനുഭവമണയാതെയിരിപ്പാൻ ഞാൻ
നിനയ്ക്കുന്നു; വിളിക്കുന്നെൻ ജനനിയെന്നെ!....."

[ 14 ]
തപ്തബാഷ്പം


പന്തിക്കുതാനാടിയിരുന്നൊരർക്ക-
പ്പന്താഴിയിൽച്ചെന്നു പതിക്കയാലേ
അന്തിത്തുടുപ്പാൽ ദിനലക്ഷ്മി ശോക-
മേന്തിപ്പടിഞ്ഞാട്ടു ഗമിക്കയായീ.
സന്തോഷമോടെപ്പൊഴുതോളവും ഞാ-
നെൻതോഴരോടൊത്തു കളിച്ചശേഷം
എന്തോ വിചാരത്തിരതള്ളൽമൂല-
മെൻതോപ്പുവിട്ടന്നു പുറത്തിറങ്ങി.
കുന്ദാദിപുഷ്പപ്പുതുഗന്ധമോടു
മന്ദാനിലൻ മന്നിലണഞ്ഞിതെങ്ങും
വെൺതാരമന്ദാരസുമങ്ങൾ ചൂടി-
സ്സന്ധ്യാനതാംഗീവരവെത്ര രമ്യം!
പാടത്തു കാലത്തു പണിക്കു പോയി
വീടെത്തുവാനുള്ള തിടുക്കമോടെ,
വാടിത്തളർന്നുള്ളൊരു മേനിയോടു-
കൂടിത്തിരിപ്പൂ ചെറുമക്കളപ്പോൾ.
കറന്നു പുൽതിന്നുവതിന്നുവേണ്ടി-
പ്പുറത്തയച്ചീടിന പൈക്കുലങ്ങൾ
വരുന്നതീക്ഷിച്ചിയലും കിടാവിൻ-
കരച്ചിലാർക്കുൾക്കുളിരേകിടാത്തൂ ?
പരം പണിപ്പെട്ടരി നാഴി നേടി
വരുന്നതാമപ്പുലയത്തറയ്ക്കൽ

[ 15 ]

പരന്ന സന്തോഷരവങ്ങൾ കാതിൽ-
പ്പകർന്നതില്ലാർക്കു മരന്ദസാരം!
ആനന്ദവായ്പാലകതാർ കുളുർത്തി-
ട്ടാനന്ദനീയോത്സവ വേളയിങ്കൽ
ഞാനെന്റെ ഗേഹത്തിലണഞ്ഞിടാനായ്-
ത്താനേ നടന്നൂ വയൽവക്കിലൂടെ.
ഇളം കുളിർക്കാറ്റിലലം കളിക്കും
വിളഞ്ഞ നെല്ലിന്നിടയിങ്കലായി
തെളിഞ്ഞുകാണുന്ന വരമ്പിലൂടെ
തളർന്നമെയ്യിൻ നിഴലൊന്നു കാണ്മൂ
'കായക്കരിക്കാടി' കഴിച്ചിടാതെ
കാലത്തു 'തമ്പ്രാന്റെ' പടിക്കലെത്തി.
നാലഞ്ചുകെട്ടോല മുടഞ്ഞു പോകും.
പുലച്ചിയാണെന്നുടെ മുന്നിലിപ്പോൾ
കാണുന്ന മർത്ത്യാവലിയാത്തതാപാൽ
കണ്ണീരൊഴുക്കും ദയനീയ ചിത്രം,
നാരിത്തിടമ്പിന്റെ വിളർത്ത വക്ത്രം,
ദാരിദ്ര്യഭൂതക്കൊടുനൃത്തരംഗം!
'മാനം' മറയ്ക്കുന്നതിനായിമാത്ര-
മേണാക്ഷി ചാർത്തീടുമിരുണ്ട മുണ്ടിൽ
കാണുന്ന തുന്നൽപണിയെത്രയെത്ര-
യാണെന്നുരപ്പാനെളതല്ലൊരാൾക്കും!
മാറത്തു തത്തുന്ന കുടങ്ങളൊട്ടു
കാണാത്തമട്ടൊന്നു മറയ്ക്കുവാനായ്
കീറത്തുണിത്തുണ്ടതുപോലുമന്ന-
ക്കാറൊത്ത കായത്തിലിണങ്ങിയില്ലാ!
തൈലക്ഷയാൽ താമ്രതയാർന്നു ചിന്നി-
ക്കാറ്റിൽച്ചലിക്കും കബരീഭരത്തിൽ
സായഹ്നസൂര്യന്റെ മരീചി തട്ടി-
സ്സുവർണ്ണസങ്കാശമിയന്നിടുന്നു!
ലസിപ്പതുണ്ടക്കരതാരിലന്നു
ലഭിച്ച നെല്ലിൻകിഴിയൊന്നു തുച്ഛം!

[ 16 ]

അന്നത്തെയന്തിക്കു ഗൃഹത്തിലേക്കു-
ള്ളത്താഴമൂണിൻ വിഭവം സമസ്തം.
അടുത്ത ഗേഹത്തിലെരിഞ്ഞ തീയു-
മെടുത്തുകൊണ്ടാത്തരളാക്ഷി വേഗം
ഇടയ്ക്കു കാണും ചെറുചുള്ളി കുമ്പി-
ട്ടെടുത്തുകൊണ്ടുള്ള നടപ്പു ചിത്രം!
പാടത്തിനങ്ങേക്കരയുള്ള കുന്നിൻ
പാർശ്വത്തിലായിക്കുടിലൊന്നു കാണ്മൂ,
വിളക്കുവെച്ചാലയൽവീടു വിട്ടി-
ട്ടിരുൾക്കദംബത്തിനിരിപ്പിടംപോൽ.
മുറ്റത്തൊരേടത്തു കരഞ്ഞു, കണ്ണീ-
രിറ്റിറ്റു വീഴും കവിളോടുകൂടി
നില്ക്കുന്ന തൻ 'മൂത്തകിടാത്തി' മോദം
ചേർക്കുന്നിതല്ലോ ചെറുമിക്കു ചിത്തേ.
"കരഞ്ഞതെന്തിന്നെടി, യമ്മയെത്താ
നൊരിത്തിരിത്താമസമായിയെന്നോ?
ഉറങ്ങിയോ കുഞ്ഞി" തുമട്ടിലോരോ-
ന്നുരച്ചു മച്ചിന്നകമെത്തി തമ്പി.
"ഉച്ചയ്ക്കുറങ്ങാൻ തുടരുന്ന കുഞ്ഞ-
ങ്ങുണർന്നതില്ലെ" ന്നുരചെയ്തു. പൈതൽ
കച്ചത്തുണിത്തുമ്പിലിയന്നതെന്തെ-
ന്നഴിച്ചുനോക്കുന്നു വിടർന്ന കണ്ണാൽ.
കാലത്തു വേലയ്ക്കവൾ പോയിടുമ്പോൾ
ശീലായ്മയൊന്നും കലരാത്ത പൈതൽ
തിരിച്ചു മാടത്തിലണഞ്ഞനേരം
മരിച്ചു കഷ്ടം! മരവിച്ചിരിപ്പൂ!
പൂർവാചലത്തിൽ പുലർവേളതോറും
പൂരിച്ചുകാണും പൂരടപ്രകാശം
പുണർന്നിടും നേരമെണീറ്റു നിത്യം
പുലച്ചി വേലയ്ക്കു പുറത്തു പോകും.
ചെഞ്ചോര മാറാതെയെഴുന്ന തന്റെ
പിഞ്ചോമനക്കുഞ്ഞിനെ വീട്ടിലാക്കും;

[ 17 ]

കഷ്ടിച്ചു നാലഞ്ചു വയസ്സുചേരും
'കിടാത്തി' പൈതല്ക്കരികത്തിരിക്കും.
പൈദാഹശാന്തിക്കു സവിത്രിയാൾതൻ
പൈമ്പാലു പൈതല്ക്കവലംബമല്ലോ;
അതേ, യതിനുള്ളൊരഭാവമാണീ-
യിളം കിടാവിന്നുയിർനാശമേകി!
കാലത്തു തൻചുണ്ടു നനച്ചിരുന്ന
കറ്റക്കിടാവിന്നു വിശപ്പുമൂലം
കരഞ്ഞു തൻ തൊണ്ട വരണ്ടു തന്നെ
കാലാലയത്തിങ്കലണഞ്ഞു കഷ്ടം!
'എണീക്കുകെന്നോമന' യെന്നുരച്ചാ
മണിക്കിടാവിന്നരികത്തിലെത്തി
കുലുക്കി നാലഞ്ചു വിളിച്ചതെന്നാൽ
ഫലിച്ചതില്ല,മ്മ തളർന്നു പാവം!
അൻപാർക്കുമേറ്റുന്ന വിധത്തിലപ്പോൾ
തൻ പാർശ്വമായ്ക്കണ്ടൊരു കാഴ്ചയാലേ
അംബാ!യിതാണെൻ ഗതിയെന്നു ചൊല്ലി
സ്തംഭംകണക്കായവൾ നിന്നുപോയി!
താരോടിടഞ്ഞീടിന മേനി ചുംബി-
ച്ചാരോമലാളന്നു പുണർന്നു ഗാഢം;
ആ രോദനം കേട്ടവൾതന്നയല്ക്കാ-
രാരോ, കുതിച്ചെത്തി ഞൊടിക്കുമുമ്പിൽ.
എന്നാലുമദ്ദാരുണരോദനത്താ-
ലെന്നാർദ്രമാകാത്ത ഹൃദന്തമോടേ
തന്നാലയം നോക്കി ഗമിപ്പതുണ്ട-
ങ്ങന്നാട്ടുകാര്യസ്ഥനവൾക്കു തമ്പ്രാൻ!
മരിച്ചൊരക്കുഞ്ഞിനെയപ്പറമ്പിൽ
മറയ്ക്കുവാനായനുവാദമേകൻ
'പടിക്ക'ലെത്തീട്ടറിയിച്ചനേരം'
പറഞ്ഞതീവാക്കു ഗൃഹസ്ഥനയ്യോ:
"തോറ്റക്കമെല്ലാം മതി, യാജഡത്തെ

[ 18 ]
  • "തോറ്റപ്പറമ്പില്ലയൊടീ തുലപ്പാൻ?

മാറ്റിത്തമെന്തിന്നു,മനുഷ്യനായാൽ
മാറ്റാവതല്ലാ മരണം വരിഷ്ഠം."
ചിന്താശതത്തോടു പുലച്ചി വേണ്ട-
തെന്താണു താനെന്നു പകച്ചുനില്ക്കേ,
കണ്ടീടുമാൾക്കാരിലൊരാൾക്കു തെല്ലെ-
ന്നുണ്ടായീ കാരുണ്യമകക്കുരുന്നിൽ.
കാരുണ്യഹൃത്താമിതരന്റെ തോപ്പിൻ-
കോണൊന്നു മാറീ ചുടലപ്പറമ്പായ്,
അതിങ്കലക്കുഞ്ഞിനു വേണ്ട തല്പ-
മാരോ വിരിച്ചു വിറപൂണ്ട കൈയാൽ!
തന്നാത്മജൻ പുരുഷനായിടുമ്പോ-
ളെന്തൊക്കെയാണമ്മ നിനച്ചതാവോ?
പക്ഷേയവന്നന്നൊരു രാജയോഗം-
കൂടിച്ചിലപ്പോളവൾ കണ്ടിരിക്കാം.
അതാ പതിക്കുന്നു കുഴിക്കകത്തേ-
യ്ക്കവൾക്കെഴുന്നോമനതൻ ശരീരം;
അതിങ്കലഞ്ചാറു തപിച്ച ബാഷ്പ-
കണങ്ങളല്ലോ പതിയുന്നു ശാന്തം!

[ 19 ]
ഉണരുക

ണരുക,യുണരുക, യോമനേ, നീ-
യൂഴിവിട്ടോടിയൊളിച്ചു രാത്രി;
വിളറിയ വളർമതിയുഡുനിരയെ
വേഗം വിളിച്ചു ഗമിച്ചതെങ്ങോ
അനുപമവിലാസശ്രീയൊഴുകിനിന്നോ-
രാകാശപ്പന്തലു ശൂന്യമായീ;
നിയതിതൻ കരതലമൊരുവരേയും
നീണാളൊരേ മട്ടിൽ നിർത്തുകില്ലാ!
മരതകവിരിപ്പിട്ട മലമുകളിൽ
മാർത്താണ്ഡബിംബമുദിച്ചുയർന്നു;
പുരന്ദരദിശിക്കാർന്ന പുളകപുരാൽ
പൂങ്കവിളേറ്റം തുടുത്തുപോയി;
ഇളവെയിലിളകുമീയിളാതലത്തി-
ന്നീദൃശ സൗന്ദര്യമെത്ര രമ്യം!
പുതുമണമിളകുന്ന പൂക്കളേന്തി
പൂവല്ലിജാലം നിരന്നുനില്പൂ!
മുദിതരായ് മധുവുണ്ണുമളിനിരകൾ
മൂളിപ്പാട്ടോരോന്നു പാടിടുന്നു.
തളിർവല്ലി തലയാട്ടി രസിച്ചിടുമ്പോൾ
താളം പിടിക്കുന്നിളം തെന്നലും;
കളകളമൊഴികളാൽ കിളിനിരകൾ
കാല്യക്കടലിന്നലകൾ ചേർപ്പൂ;

[ 20 ]

മഴവില്ലിന്നൊളി ചിന്നും ശലഭജാലം
മാമരത്തോപ്പിൽ പറന്നിടുന്നൂ;
അധികനാളവനിയിലധിവസിപ്പാ-
നാകയില്ലെന്നുള്ള തത്ത്വബോധാൽ
അതുകൾ തൽക്ഷണികമാം ജീവിതത്തെ-
യാനന്ദച്ചാറിൽ കുളിപ്പിക്കുന്നു;
തൃണതതിയണിയുന്ന ഹിമമണികൾ
മാണിക്യഖണ്ഡമായ് മാറിടുന്നൂ;
ദിനമണി ചൊരിയുന്ന കരങ്ങൾക്കൊട്ടും
ദീനവും വമ്പനും ഭേദമില്ലാ;
ശിശുക്കളുമതുവിധം സമത്വബോധം
ശീലിച്ചു ജീവിതം പോക്കിടേണം.
അരുവിതന്മടിത്തട്ടിൽ തരംഗപോതം
ആനന്ദനൃത്തങ്ങളാടിടുന്നു;
പുലരിപ്പൊൻ ശിശുവിന്റെ കളിയാട്ടങ്ങൾ
ഭൂവിനെപ്പുണ്യത പൂശിടിന്നു;
അതുവിധം മമ ചിത്ത വിഭാതമാകും
ആരോമൽപ്പൈതങ്ങളുണരൂ വേഗം;
പ്രകൃതിതന്നകൃതവിലാസം കാണ്മാൻ
പ്രാപ്തനായ്‌ത്തീർന്നൊരീ മർത്ത്യനെന്തേ,
അദൃശ്യമായീടും മറ്റൊരമരലോകം
ആരാഞ്ഞു ജീവിതം പാഴാക്കുന്നു?

[ 21 ]
മുറ്റത്തെ തുളസി

ന്ദിരാങ്കണം തന്നിൽ മഞ്ജുകൽത്തറയ്ക്കുള്ളിൽ,
മന്ദമാരുതാശ്ലേഷമേറ്റുകൊണ്ടാടീടുന്ന
മംഗളേ, വൃന്ദേ,ദേവി, മംഗളം, ഭവതിയെൻ-
മങ്ങിടും മനസ്സിന്നു മാറ്റേറ്റമേറ്റീടുന്നു;
ഉണ്ടു ഞങ്ങളിൽച്ചില ഭാരതീയാദർശത്തിൻ-
തുണ്ടുകളിനി, യെന്നാലൊന്നതു നീതാനല്ലേ?
കുന്ദാദി ലതകളും നന്ദനോദ്യാനത്തിലെ
മന്ദാരദാരുക്കളും മന്ദരാം തവ മുമ്പിൽ;
എത്രയോ ജന്മം പാഴിൽ പോക്കി നീ, നീയായിട്ടി-
ങ്ങെത്തുവാനെന്ന കാര്യമോർക്കുന്നീലവർ തെല്ലും!
പ്രാണവായുവിങ്ങേറ്റം നിന്നിലപ്പാശ്ചാത്യർക്കു
കാണുവാൻ കഴിവാർന്ന കാലത്തിൻമുമ്പുതന്നെ
കീർത്തനം ചെയ്തുപോന്നു താവക മാഹാത്മ്യത്തെ-
ക്കീർത്തനീയന്മാരെന്റെ പൂർവികർ പുണ്യാത്മാക്കൾ.
മാനസം കുളിർപ്പിക്കും സൂനമോ സുഗന്ധമോ
തേനൊലിപ്പഴങ്ങളോ നിന്നിലി,ല്ലെന്താണതിൽ?
താവകദലങ്ങളുംകൂടവേ വരിഷ്ഠമാം
പൂവുകളായിട്ടല്ലേ ചൊൽലവതെ, ന്തതിശ്രേഷ്ഠം?
പിച്ചകവല്ലീ നിത്യം നിന്നെയങ്ങിടയ്ക്കിടെ-
പ്പൂച്ഛമായ് നോക്കിക്കൊണ്ടു പുഞ്ചിരിതൂകുന്നുണ്ടാം.
അംഗസൗഭാഗ്യം, പക്ഷേ, തെല്ലു തേ കുറഞ്ഞാലു-
മെങ്ങനെയവയ്ക്കുണ്ടാം ദേവിതൻ മനശ്ശുദ്ധി?

[ 22 ]

നിൻഗളം കാഴ്ചവെച്ചിട്ടീശ്വരസംപ്രീതിയെ
ഞങ്ങളീ നികൃഷ്ടന്മാർ നാൾക്കുനാൾ തേടീടുന്നു.
തെല്ലുമില്ലിതിൽത്തെറ്റീ, ബ്‌ഭാരതാരാമത്തിലെ-
പ്പുല്ലുകൾപോലും പോക്കീ ജീവിതം പരാർത്ഥമായ്;
സ്വാർത്ഥതപ്പിശാചിതൻ തൃഷ്‌ണയെക്കെടുത്തുവാൻ
ചോർത്തിടും നരാധമർ സോദരഹൃദ്രക്തവും!
നന്നിതു; തവ നാമ്പു നുള്ളിയങ്ങെടുത്താലു-
മൊന്നിനു രണ്ടായിട്ടു നാളെ നീയേന്തിടുന്നു;
തങ്കരങ്ങളാൽ നിന്നിൽ തങ്കനീരാളം ചാർത്തും
പങ്കജരമണൻ പോയ് സിന്ധുവിൽപ്പതിക്കുമ്പോൾ,
കായസംശുദ്ധി ചെയ്തു, നിർമ്മലവസ്‌ത്രം ചാർത്തി,
കാർകുഴൽ ചീകിക്കെട്ടി, ക്കാഞ്ചനസുമം ചൂടി,
ലോലമോഹനമായ ഫാലദേശത്തിൻമദ്ധ്യേ
ചാലവേ വിഭൂതിയാൽ നേരിയ കുറിയിട്ടു.
പിഞ്ചിളം പ്രായംതന്നിൽ മുത്തശ്ശി ചൊല്ലിക്കേട്ട
നെഞ്ചകം കുളുർത്തിടും കീർത്തനം പാടിപ്പാടി,
എത്തിടും നിന്നന്തികേ കൈത്തലം തന്നിൽ കത്തും
കൈത്തിരിയേന്തിക്കൊണ്ടെന്നുത്തമ വധൂടിയാൾ.
മങ്കയാളതു നിന്റെ പാദപങ്കജേ വെച്ചു
കങ്കണാരവം ചിന്നും തൻകരം രണ്ടും കൂപ്പും;
അന്യനു ലഭിക്കയില്ലീദൃശഭാഗ്യം; പാർത്താൽ
ധന്യ നീ, നിന്നോടെനിക്കുണ്ടു തെല്ലഭ്യസൂയ!

[ 23 ]
ആദ്യ സാഹിത്യം


ശാന്തസുന്ദരമയമായിടും ശരൽക്കാല-
സാന്ധ്യരാഗാഭയെങ്ങും പരന്നിടുമ്പോൾ,
പാർവണശശിതൻറെ പാലൊളിപ്പട്ടുസാരി
പാരിടവധൂടിയെയുടുപ്പിക്കുമ്പോൾ,
മെത്തിന കുതുകത്താൽ പത്രികൾ കളസ്വനാ-
ലെത്തിടും രജനിയെപ്പുകഴ്ത്തിടുമ്പോൾ,
തന്നലക്കരങ്ങളാൽ താളം പിടിച്ചുകൊണ്ടും;
വെണ്ണുരപ്പൂപ്പുഞ്ചിരി പൊഴിച്ചുകൊണ്ടും,
കർണ്ണങ്ങൾക്കത്യാനന്ദമേറ്റിടുമോരോ തരം
വർണ്ണങ്ങൾ പാടിപ്പാടിയിളകിക്കൊണ്ടും
ഉണ്മയിലലസമായ് പാഞ്ഞിടും തടിനിതൻ
വെണ്മണൽവിരിപ്പിട്ട പുളിനംതന്നിൽ,
ഏകനായിരുന്നതിതുഷ്ടനായ് തടിനിയും
നാകവും മാറിമാറിസ്സമീക്ഷിക്കുന്ന,
പ്രാകൃതരൂപനാകുമാദിപുമാൻറെ പരി-
പൂതമാം മനസ്സൊന്നുതുടിച്ചിരിക്കും;
മെച്ചത്തിലവൻ തൻറെ മാനസമനന്തമാം
സച്ചിത്സ്വരൂപംതന്നിൽ ലയിച്ചിരിക്കും;
പെട്ടെന്നാ ഹൃദയമാം താരു വഴിഞ്ഞു പുറ-
പ്പെട്ടതാം മകരന്ദഝരികയല്ലോ;
വാഗ്‌ദേവിതൻ നൽസ്തന്യപീയൂഷ, മല്ലെന്നാകി-
ലാദ്യസാഹിത്യമായിട്ടറിവു ലോകം.

[ 24 ]
നിൽക്കുക


നില്ക്കുക! നില്ക്കുക! നിമ്നഗേ! നീയിത്ര
നിഷകൃപയെന്നോ, നികൃഷ്ടയെന്നോ?
നിസ്തുലഭാസ്സേന്തും നിന്നിലായ് നിത്യവും
നിർഗ്ഗുണനീരമോ നിർഗ്ഗളിപ്പൂ?
സംപ്രാപ്യമേതൊരു സായൂജ്യമാം നിന-
ക്കെൻ പ്രാണനാഥൻതൻ പ്രാണവാതാൽ?
നിർമ്മലമാകുമ പ്രേമപ്രവാഹമോ
നർമ്മദേ നിൻ ഗതിക്കൂക്കു കൂട്ടി?
നാളീകലോചനതന്നെ നിനച്ചിത്ര
നാളുകളായി ഞാൻ നിർമ്മിച്ചതാം
ആകാശസൗധങ്ങളാകെയുടഞ്ഞു നി-
ന്നാഴത്തിൽത്തന്നെയലിഞ്ഞുപോയി.
കാരണം? അയ്യയ്യോ! തെറ്റിദ്ധരിച്ചുപോയ്
താരണിവേണി; ഞാൻ വഞ്ചകനായ്.

II

ദഗ്ധഹൃദയനായെന്നെച്ചമച്ചോരാ
മുഗ്ധവിലോചനതൻലിഖിതേ
ശേഷിയില്ലോതുവാൻ, നർമ്മദ ചൊല്ലുമെൻ-
ശേഷം കഥക"ളെന്നല്ലോ കാണ്മൂ!
വെന്തുരികീടുന്നെൻ മാനസ, മോമലാ-
ളെന്തുരചെയ്തു മറഞ്ഞു നിന്നിൽ?

[ 25 ]

വെൺനുരപ്പാഴ്ച്ചിരി തൂകാതെ, യുത്തര-
മൊന്നുരചെയ്തെന്നെ പ്രീതനാക്കു;
മർമ്മം പിളർക്കുമായന്തിമസന്ദേശം
മർമ്മരവ്യാജേന ചൊല്കയോ നീ?
പാറപ്പുറത്തൂടി പാഞ്ഞിടും നിൻചിത്തം
പാറയേക്കാട്ടിൽ കഠിനമെന്നോ!
താഴത്തേയ്ക്കല്ലെങ്കിൽ താഴാതെയെന്തേ, നീ
താരൊളിമെയ്യാളെത്താങ്ങിയില്ലേ?-

III

അക്കരിംകൂന്തലാളാറ്റിൽ പതിക്കുമ്പോൾ
ദിക്കുകളെല്ലാമിരുണ്ടിരിക്കും;
ഓമൽതൻസാഹസം കണ്ടസ്തമിച്ചിടും
സോമനും ചിത്തം തകർന്നിരിക്കും;
അഞ്ചെട്ടു താരങ്ങളംബരവീഥിയിൽ
തൻചുട്ട കണ്ണീർ പൊഴിച്ചിരിക്കും;
മാമരക്കൊമ്പിന്മേലെങ്ങാനും തൂങ്ങിയ
മാലേയമാരുതൻ മാഴ്‌കിയേക്കും;
പൂവാടിതന്നിൽ പുലരിയിൽ കണ്ടോരു
പൂ വാടിപ്പൂഴിയിൽ പൂണ്ടിരിക്കും;
എൻചിരപുണ്യം മറഞ്ഞതു കാണുമ്പോൾ
പിഞ്ചിളംപുല്ലും കരഞ്ഞിരിക്കും;
നിശ്ചയമോതിടാം, നീയും കുറച്ചിട
നിശ്ചലയായിട്ടു നിന്നിരിക്കും.....!

നില്ക്കുക, നിമ്നഗേ, നിന്നിൽ പതിച്ചു ഞാൻ
നിത്യസഖിതൻ നികടമെത്താം!....

[ 26 ]
സന്ധ്യാസംഗീതം


കലിതാഭമവനിയിൽ കനകാഭിഷേകം ചെയ്യും
കതിരവൻ കടല്ക്കകം പതിച്ചനേരം
സുരവരപുരസരിത്തതിങ്കിൽ നീരാടിത്തന്റെ
കരിമുകിൽക്കചഭാരം കരത്താൽ ചിക്കീ,
അന്തിമേഘപാളികളാലന്തരീക്ഷാങ്കണം തന്നിൽ
ചെന്താരടിപ്പാടുകളെയെമ്പാടും ചിന്നീ,
പാടലാഭ പരന്നിടുമധരങ്ങളിളം കാറ്റി-
ലാടുമന്തിമലരിതൻ മലരാൽക്കാട്ടി,
മന്ദംമന്ദം വിടർന്നിടും കുന്ദസുമങ്ങളിലൂടെ
മന്ദഹാസവിലാശ്രീ നിതരാം തൂകി,
സാന്ധ്യതാരമായിടുന്ന ചന്ദനത്തിൻതിരി കൈയി-
ലേന്തിക്കൊണ്ടിങ്ങെത്തും സന്ധ്യേ, യഖിലവന്ദ്യേ!
ജയിക്കയാനന്ദമൂർത്തേ, ജയിക്ക സദ്ഗുണകീർത്തേ!
ജയിക്ക നീ രജനിക്കങ്ങെഴുന്ന വിത്തേ!

II

മുരണ്ടുകൊണ്ടളിനിര സുമങ്ങളിൽ ചെന്നു ഭക്തി-
തിരണ്ട ശംഖൊലിയേറ്റം മുഴക്കി നില്ക്കേ,
മലർവാടിക്കകമെത്തി മലയമാരുതൻ മന്ദ്ര-
മധുരമാമിടയക്കുതന്നൊലി പൊഴിക്കേ,
നളിനികൾ മുകുളാഭമിയലുമുൽപലങ്ങളാം
ലളിതഹസ്തങ്ങൾ കൂപ്പിത്തൊഴുതു നില്ക്കേ,
കൊഴിഞ്ഞിടും ദലങ്ങളാൽ ലതകളർച്ചന ചിത്തം-

[ 27 ]

വഴിഞ്ഞിടും ഭക്ത്യാ നിന്നിൽക്കഴിച്ചുനിൽക്കെ
ആഗതയാം ഭവതിക്കു സ്വാഗതമരുളുവാനായ്
പാകതയിന്നോളമെന്നിൽ പകർന്നില്ലീശൻ

III

ചരമാർക്കാശവദാഹം കഴിച്ചുകൊണ്ടെത്തും നിന്നോ-
ടാരവിന്ദനിരകൾക്കൊരരിശമുണ്ടാം.
ചെരുതുമില്ലതിൽതെറ്റീ, യുലകത്തിലഘിലർക്കു-
മരുക്കുഞ്ഞ്ജായിരിക്കാനെവനു സാധ്യം?
തകർന്നിടുമെത്രയെത്ര തരുണർതൻ ഹൃദയത്തിൽ
പകർന്നിടുന്നില്ല നീയും പരമാനന്ദം!
ഗരിമാവു കലരും നിന്നിരുളിലെ വെളിച്ചത്തിൽ
പരമതത്വങ്ങളെത്ര തെളിവതില്ലാ!
പകലിൻറെ പാല്ക്കളിയിലൊളിയറ്റ താരകങ്ങൾ-
ക്കകതളിൽ കുളിർപ്പു നിൻനിഴലു കാൺകെ;
ത്വച്ചേവടിത്തളിരിണ തലോടുകമൂലമല്ലോ
കൊച്ചുമിന്നാമിനുങ്ങിനു തെളിച്ചമുണ്ടായ്‌
മന്നിലേയ്ക്ക് പോന്ന നിന്നെത്തിരഞ്ഞുകൊണ്ടന്തിവാനിൽ
സുന്ദരതാരകമൊന്നു പകച്ചുനിൽക്കെ,
ആടുമേച്ചിട്ടടവിയിൽ നടുക്കൊമോരിടയനും
കൂടുതേടിപ്പറക്കുന്ന വിഹഗങ്ങളും
കരിക്കാടി കുടിക്കാതെ കരംപൊട്ടി ധനാഢ്യർതൻ-
നിരയ്ക്കു വിൺതുണ്ടു തീർക്കാൻ പ്രയത്നിപ്പോരും
ജനനിതൻതുണിത്തുമ്പിൽ തൂങ്ങിനിന്നു കരയുമൊ -
രനഘവിലാസമോലുമിളംകിടാവും
അവനിയിലമിതാഭമണഞ്ഞു കൂത്താടിടുന്ന
ഭവതിതൻ തണൽപറ്റി തളർച്ച തീർപ്പൂ;
പകലിനെയിരുളുമായ് കലഹങ്ങളടിക്കാതെ
പരമപാവനേ, നീയും പറഞ്ഞയക്കേ,
അന്ധതയിലാണ്ടുപോകുമടിയങ്ങൾക്കകതാരി-
ലംബികേ! നിന്നൊളിയൊരു കുളിരു ചേർപ്പു!

"https://ml.wikisource.org/w/index.php?title=നവസൗരഭം&oldid=70265" എന്ന താളിൽനിന്ന് ശേഖരിച്ചത്