താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പോവല്ലേ, പോവല്ലേ, പൊന്നോണമേ!

നന്ദ,മാനന്ദം കൂട്ടുകാരേ,
ഹാ! നമ്മൾക്കോണമിങ്ങെത്തി ചാരേ;
വിണ്ണോളം മന്നിനെ പൊക്കും നാളേ,
പൊന്നോണനാളേ, ജയിക്ക നീളേ!
വർഷം കഴിഞ്ഞു, കൊയിത്തു തീർന്നു
കർഷകരെല്ലാരും ഹർഷമാർന്നു.
സസ്യലതാദികൾ സൽഫത്താ-
ലുത്സവം കണ്ണിന്നരുളിയാർക്കും.
കാർമുകിൽമാല മറഞ്ഞു വാനം
ശ്യാമളകോമളമാകമാനം;
ഓരോരോ രാവും കുളുർമയേന്തും
ഓണനിലാവിനാലോളം തല്ലും!
'അത്ത'മടുത്തുപോയ്, ബാലകന്മാ-
രത്തലെന്നുള്ളതറിയാതായി;
മെത്തിന കൗതുകാൽ കൂട്ടരുമാ-
യെത്തുന്നു പൂങ്കാവിൽ പൂവറുക്കാൻ;
ഓമനക്കുഞ്ഞുങ്ങളൊത്തുകൂടി,
ഓണപ്പാട്ടോരോന്നു പാടിപ്പാടി,
തൂമലർ തേടി നടക്കുന്നേരം
കോൾമയിർ ഭൂവിന്നും കൊള്ളും പാരം.
ചിറ്റാട, ചേമന്തി, ചെങ്കുറിഞ്ഞി,
ചെത്തി, നൽച്ചെട്ടിച്ചി, ചെമ്പരുത്തി