താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ആദ്യ സാഹിത്യം


ശാന്തസുന്ദരമയമായിടും ശരൽക്കാല-
സാന്ധ്യരാഗാഭയെങ്ങും പരന്നിടുമ്പോൾ,
പാർവണശശിതൻറെ പാലൊളിപ്പട്ടുസാരി
പാരിടവധൂടിയെയുടുപ്പിക്കുമ്പോൾ,
മെത്തിന കുതുകത്താൽ പത്രികൾ കളസ്വനാ-
ലെത്തിടും രജനിയെപ്പുകഴ്ത്തിടുമ്പോൾ,
തന്നലക്കരങ്ങളാൽ താളം പിടിച്ചുകൊണ്ടും;
വെണ്ണുരപ്പൂപ്പുഞ്ചിരി പൊഴിച്ചുകൊണ്ടും,
കർണ്ണങ്ങൾക്കത്യാനന്ദമേറ്റിടുമോരോ തരം
വർണ്ണങ്ങൾ പാടിപ്പാടിയിളകിക്കൊണ്ടും
ഉണ്മയിലലസമായ് പാഞ്ഞിടും തടിനിതൻ
വെണ്മണൽവിരിപ്പിട്ട പുളിനംതന്നിൽ,
ഏകനായിരുന്നതിതുഷ്ടനായ് തടിനിയും
നാകവും മാറിമാറിസ്സമീക്ഷിക്കുന്ന,
പ്രാകൃതരൂപനാകുമാദിപുമാൻറെ പരി-
പൂതമാം മനസ്സൊന്നുതുടിച്ചിരിക്കും;
മെച്ചത്തിലവൻ തൻറെ മാനസമനന്തമാം
സച്ചിത്സ്വരൂപംതന്നിൽ ലയിച്ചിരിക്കും;
പെട്ടെന്നാ ഹൃദയമാം താരു വഴിഞ്ഞു പുറ-
പ്പെട്ടതാം മകരന്ദഝരികയല്ലോ;
വാഗ്‌ദേവിതൻ നൽസ്തന്യപീയൂഷ, മല്ലെന്നാകി-
ലാദ്യസാഹിത്യമായിട്ടറിവു ലോകം.