താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നിൻഗളം കാഴ്ചവെച്ചിട്ടീശ്വരസംപ്രീതിയെ
ഞങ്ങളീ നികൃഷ്ടന്മാർ നാൾക്കുനാൾ തേടീടുന്നു.
തെല്ലുമില്ലിതിൽത്തെറ്റീ, ബ്‌ഭാരതാരാമത്തിലെ-
പ്പുല്ലുകൾപോലും പോക്കീ ജീവിതം പരാർത്ഥമായ്;
സ്വാർത്ഥതപ്പിശാചിതൻ തൃഷ്‌ണയെക്കെടുത്തുവാൻ
ചോർത്തിടും നരാധമർ സോദരഹൃദ്രക്തവും!
നന്നിതു; തവ നാമ്പു നുള്ളിയങ്ങെടുത്താലു-
മൊന്നിനു രണ്ടായിട്ടു നാളെ നീയേന്തിടുന്നു;
തങ്കരങ്ങളാൽ നിന്നിൽ തങ്കനീരാളം ചാർത്തും
പങ്കജരമണൻ പോയ് സിന്ധുവിൽപ്പതിക്കുമ്പോൾ,
കായസംശുദ്ധി ചെയ്തു, നിർമ്മലവസ്‌ത്രം ചാർത്തി,
കാർകുഴൽ ചീകിക്കെട്ടി, ക്കാഞ്ചനസുമം ചൂടി,
ലോലമോഹനമായ ഫാലദേശത്തിൻമദ്ധ്യേ
ചാലവേ വിഭൂതിയാൽ നേരിയ കുറിയിട്ടു.
പിഞ്ചിളം പ്രായംതന്നിൽ മുത്തശ്ശി ചൊല്ലിക്കേട്ട
നെഞ്ചകം കുളുർത്തിടും കീർത്തനം പാടിപ്പാടി,
എത്തിടും നിന്നന്തികേ കൈത്തലം തന്നിൽ കത്തും
കൈത്തിരിയേന്തിക്കൊണ്ടെന്നുത്തമ വധൂടിയാൾ.
മങ്കയാളതു നിന്റെ പാദപങ്കജേ വെച്ചു
കങ്കണാരവം ചിന്നും തൻകരം രണ്ടും കൂപ്പും;
അന്യനു ലഭിക്കയില്ലീദൃശഭാഗ്യം; പാർത്താൽ
ധന്യ നീ, നിന്നോടെനിക്കുണ്ടു തെല്ലഭ്യസൂയ!