താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പരന്ന സന്തോഷരവങ്ങൾ കാതിൽ-
പ്പകർന്നതില്ലാർക്കു മരന്ദസാരം!
ആനന്ദവായ്പാലകതാർ കുളുർത്തി-
ട്ടാനന്ദനീയോത്സവ വേളയിങ്കൽ
ഞാനെന്റെ ഗേഹത്തിലണഞ്ഞിടാനായ്-
ത്താനേ നടന്നൂ വയൽവക്കിലൂടെ.
ഇളം കുളിർക്കാറ്റിലലം കളിക്കും
വിളഞ്ഞ നെല്ലിന്നിടയിങ്കലായി
തെളിഞ്ഞുകാണുന്ന വരമ്പിലൂടെ
തളർന്നമെയ്യിൻ നിഴലൊന്നു കാണ്മൂ
'കായക്കരിക്കാടി' കഴിച്ചിടാതെ
കാലത്തു 'തമ്പ്രാന്റെ' പടിക്കലെത്തി.
നാലഞ്ചുകെട്ടോല മുടഞ്ഞു പോകും.
പുലച്ചിയാണെന്നുടെ മുന്നിലിപ്പോൾ
കാണുന്ന മർത്ത്യാവലിയാത്തതാപാൽ
കണ്ണീരൊഴുക്കും ദയനീയ ചിത്രം,
നാരിത്തിടമ്പിന്റെ വിളർത്ത വക്ത്രം,
ദാരിദ്ര്യഭൂതക്കൊടുനൃത്തരംഗം!
'മാനം' മറയ്ക്കുന്നതിനായിമാത്ര-
മേണാക്ഷി ചാർത്തീടുമിരുണ്ട മുണ്ടിൽ
കാണുന്ന തുന്നൽപണിയെത്രയെത്ര-
യാണെന്നുരപ്പാനെളതല്ലൊരാൾക്കും!
മാറത്തു തത്തുന്ന കുടങ്ങളൊട്ടു
കാണാത്തമട്ടൊന്നു മറയ്ക്കുവാനായ്
കീറത്തുണിത്തുണ്ടതുപോലുമന്ന-
ക്കാറൊത്ത കായത്തിലിണങ്ങിയില്ലാ!
തൈലക്ഷയാൽ താമ്രതയാർന്നു ചിന്നി-
ക്കാറ്റിൽച്ചലിക്കും കബരീഭരത്തിൽ
സായഹ്നസൂര്യന്റെ മരീചി തട്ടി-
സ്സുവർണ്ണസങ്കാശമിയന്നിടുന്നു!
ലസിപ്പതുണ്ടക്കരതാരിലന്നു
ലഭിച്ച നെല്ലിൻകിഴിയൊന്നു തുച്ഛം!