താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെൺനുരപ്പാഴ്ച്ചിരി തൂകാതെ, യുത്തര-
മൊന്നുരചെയ്തെന്നെ പ്രീതനാക്കു;
മർമ്മം പിളർക്കുമായന്തിമസന്ദേശം
മർമ്മരവ്യാജേന ചൊല്കയോ നീ?
പാറപ്പുറത്തൂടി പാഞ്ഞിടും നിൻചിത്തം
പാറയേക്കാട്ടിൽ കഠിനമെന്നോ!
താഴത്തേയ്ക്കല്ലെങ്കിൽ താഴാതെയെന്തേ, നീ
താരൊളിമെയ്യാളെത്താങ്ങിയില്ലേ?-

III

അക്കരിംകൂന്തലാളാറ്റിൽ പതിക്കുമ്പോൾ
ദിക്കുകളെല്ലാമിരുണ്ടിരിക്കും;
ഓമൽതൻസാഹസം കണ്ടസ്തമിച്ചിടും
സോമനും ചിത്തം തകർന്നിരിക്കും;
അഞ്ചെട്ടു താരങ്ങളംബരവീഥിയിൽ
തൻചുട്ട കണ്ണീർ പൊഴിച്ചിരിക്കും;
മാമരക്കൊമ്പിന്മേലെങ്ങാനും തൂങ്ങിയ
മാലേയമാരുതൻ മാഴ്‌കിയേക്കും;
പൂവാടിതന്നിൽ പുലരിയിൽ കണ്ടോരു
പൂ വാടിപ്പൂഴിയിൽ പൂണ്ടിരിക്കും;
എൻചിരപുണ്യം മറഞ്ഞതു കാണുമ്പോൾ
പിഞ്ചിളംപുല്ലും കരഞ്ഞിരിക്കും;
നിശ്ചയമോതിടാം, നീയും കുറച്ചിട
നിശ്ചലയായിട്ടു നിന്നിരിക്കും.....!

നില്ക്കുക, നിമ്നഗേ, നിന്നിൽ പതിച്ചു ഞാൻ
നിത്യസഖിതൻ നികടമെത്താം!....