താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പണയമായ്ക്കഴിഞ്ഞുപോയനുക്ഷണത്തിൽ;
കുടിലനാമവനെന്റെ ഹൃദയത്തിന്നടിത്തട്ടിൽ
കുടികൊള്ളും മകരന്ദം കവർന്നെടുത്തു!
അനന്തരമിലകൾതന്നിടയിൽനിന്നടുത്തെത്തി
മനംകവർന്നീടുംമട്ടിൽ മലയവാതം,
വിരുതനാമവനെന്റെ പരിസരേ പറന്നിട്ടെൻ-
പരിമളം ഹരിച്ചുടൻ തിരിച്ചു ചോരൻ!
വിലയും നിലയുമറ്റോരിവളിനി വസിക്കുകിൽ
പുലരിയിലഖിലരും പരിഹസിക്കും;
പരപരിഹാസമേറ്റു ധരയിങ്കലിരിപ്പതിൽ-
പ്പരമൊരു ദുരിതം മേ വരുവാനുണ്ടോ ?
സ്വാർത്ഥർതന്റെ പുഞ്ചിരിയാമിരയിൽ നാം ഭ്രമിക്കുകിൽ
കോർത്തുപോകുമഴലാകും കൊളുത്തുതന്നിൽ.
നിനക്കുമെന്നനുഭവമണയാതെയിരിപ്പാൻ ഞാൻ
നിനയ്ക്കുന്നു; വിളിക്കുന്നെൻ ജനനിയെന്നെ!....."