താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പശ്ചാത്താപം

പകലവൻ ദഹിച്ചതാം പുകപോലെയുലകിട-
മഖിലവുമിരുൾപ്പുതപ്പണിഞ്ഞ നേരം
നെടുവീർപ്പു വിടുമൊരു പനിമലരടുത്തായി
നിലകൊള്ളുമിളമൊട്ടോടുരയ്ക്കയായീ:
അയി, സഖീ! ശിവം: നിനക്കരുളട്ടെയഖിലേശൻ;
അവനിയെ വെടിഞ്ഞിവൾ ഗമിക്കയായി,
വാടാമലർക്കുലയേറെയിടതിങ്ങിടുന്ന മലർ-
വാടികയിങ്കലേക്കാണെന്റെ പ്രയാണമിപ്പോൾ.
നിറകതിർ ചിതറുമെൻവഴിയിങ്കൽ നിങ്ങളാരും
കരയലാൽ കലുഷത കലർത്തിടൊല്ലാ;
ഹതഭാഗ്യനെനിക്കിനിയൊരു ഞൊടിയിവിടത്തി-
ലധിവസിക്കുവാൻ കൊതി മതിയിലില്ലാ;
വിമലയായീടുമെന്റെ ലഘുകാലജീവിതത്തെ
വിഫലമായുലകിൽ ഞാൻ നിയിച്ചു കഷ്ടം!
കരിവരഗമനതൻ കചഭരേ ലസിപ്പാനോ,
പരമേശപദതളിർ പണിയുവാനോ,
കഴിയാത്തോരിവളുടെ കർമ്മഫലംമൂലമിപ്പോ-
ളൊഴിയാത്ത തിമിരത്തിലുഴന്നിടുന്നു;
പരിതാപകരമാമെൻ ചരിതങ്ങളൊരുവിധം
പറഞ്ഞിടാം സഖീ, നീയതറിഞ്ഞുകൊൾക:
ഭവതിയെപ്പോലെ ഞാനുമൊരു ചെറുകോരകമായ്
പലദിനം ലതയിങ്കൽ പരിലസിച്ചു;