താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സന്ധ്യാസംഗീതം


കലിതാഭമവനിയിൽ കനകാഭിഷേകം ചെയ്യും
കതിരവൻ കടല്ക്കകം പതിച്ചനേരം
സുരവരപുരസരിത്തതിങ്കിൽ നീരാടിത്തന്റെ
കരിമുകിൽക്കചഭാരം കരത്താൽ ചിക്കീ,
അന്തിമേഘപാളികളാലന്തരീക്ഷാങ്കണം തന്നിൽ
ചെന്താരടിപ്പാടുകളെയെമ്പാടും ചിന്നീ,
പാടലാഭ പരന്നിടുമധരങ്ങളിളം കാറ്റി-
ലാടുമന്തിമലരിതൻ മലരാൽക്കാട്ടി,
മന്ദംമന്ദം വിടർന്നിടും കുന്ദസുമങ്ങളിലൂടെ
മന്ദഹാസവിലാശ്രീ നിതരാം തൂകി,
സാന്ധ്യതാരമായിടുന്ന ചന്ദനത്തിൻതിരി കൈയി-
ലേന്തിക്കൊണ്ടിങ്ങെത്തും സന്ധ്യേ, യഖിലവന്ദ്യേ!
ജയിക്കയാനന്ദമൂർത്തേ, ജയിക്ക സദ്ഗുണകീർത്തേ!
ജയിക്ക നീ രജനിക്കങ്ങെഴുന്ന വിത്തേ!

II

മുരണ്ടുകൊണ്ടളിനിര സുമങ്ങളിൽ ചെന്നു ഭക്തി-
തിരണ്ട ശംഖൊലിയേറ്റം മുഴക്കി നില്ക്കേ,
മലർവാടിക്കകമെത്തി മലയമാരുതൻ മന്ദ്ര-
മധുരമാമിടയക്കുതന്നൊലി പൊഴിക്കേ,
നളിനികൾ മുകുളാഭമിയലുമുൽപലങ്ങളാം
ലളിതഹസ്തങ്ങൾ കൂപ്പിത്തൊഴുതു നില്ക്കേ,
കൊഴിഞ്ഞിടും ദലങ്ങളാൽ ലതകളർച്ചന ചിത്തം-