താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അന്നത്തെയന്തിക്കു ഗൃഹത്തിലേക്കു-
ള്ളത്താഴമൂണിൻ വിഭവം സമസ്തം.
അടുത്ത ഗേഹത്തിലെരിഞ്ഞ തീയു-
മെടുത്തുകൊണ്ടാത്തരളാക്ഷി വേഗം
ഇടയ്ക്കു കാണും ചെറുചുള്ളി കുമ്പി-
ട്ടെടുത്തുകൊണ്ടുള്ള നടപ്പു ചിത്രം!
പാടത്തിനങ്ങേക്കരയുള്ള കുന്നിൻ
പാർശ്വത്തിലായിക്കുടിലൊന്നു കാണ്മൂ,
വിളക്കുവെച്ചാലയൽവീടു വിട്ടി-
ട്ടിരുൾക്കദംബത്തിനിരിപ്പിടംപോൽ.
മുറ്റത്തൊരേടത്തു കരഞ്ഞു, കണ്ണീ-
രിറ്റിറ്റു വീഴും കവിളോടുകൂടി
നില്ക്കുന്ന തൻ 'മൂത്തകിടാത്തി' മോദം
ചേർക്കുന്നിതല്ലോ ചെറുമിക്കു ചിത്തേ.
"കരഞ്ഞതെന്തിന്നെടി, യമ്മയെത്താ
നൊരിത്തിരിത്താമസമായിയെന്നോ?
ഉറങ്ങിയോ കുഞ്ഞി" തുമട്ടിലോരോ-
ന്നുരച്ചു മച്ചിന്നകമെത്തി തമ്പി.
"ഉച്ചയ്ക്കുറങ്ങാൻ തുടരുന്ന കുഞ്ഞ-
ങ്ങുണർന്നതില്ലെ" ന്നുരചെയ്തു. പൈതൽ
കച്ചത്തുണിത്തുമ്പിലിയന്നതെന്തെ-
ന്നഴിച്ചുനോക്കുന്നു വിടർന്ന കണ്ണാൽ.
കാലത്തു വേലയ്ക്കവൾ പോയിടുമ്പോൾ
ശീലായ്മയൊന്നും കലരാത്ത പൈതൽ
തിരിച്ചു മാടത്തിലണഞ്ഞനേരം
മരിച്ചു കഷ്ടം! മരവിച്ചിരിപ്പൂ!
പൂർവാചലത്തിൽ പുലർവേളതോറും
പൂരിച്ചുകാണും പൂരടപ്രകാശം
പുണർന്നിടും നേരമെണീറ്റു നിത്യം
പുലച്ചി വേലയ്ക്കു പുറത്തു പോകും.
ചെഞ്ചോര മാറാതെയെഴുന്ന തന്റെ
പിഞ്ചോമനക്കുഞ്ഞിനെ വീട്ടിലാക്കും;