താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മന്ദാരം, മാലതി, മുക്കുറ്റിയും,
ബന്ധുരമായ പവിഴമല്ലി,
തുമ്പതുടങ്ങിയ പൂക്കളില-
ക്കുമ്പിളിലാവോളം ശേഖരിച്ച്,
കറ്റക്കിടാങ്ങൾ കുളിച്ചുവന്ന്,
മുറ്റത്തു പൂവിട്ടു വെള്ളം ചുറ്റി,
നീളത്തിൽ കൂകുമ്പോളാർക്കു കണ്ഠ-
നാളം തനിയേത്തുറക്കുകില്ലാ!
ഓണപ്പുടവയുടുത്തണിഞ്ഞ്,
ഊണുകഴിച്ചതിതുഷ്ടരായി,
'ഇട്ടോടി' തട്ടാൻ കളിക്കോപ്പുക-
ളിട്ടോടിപ്പോകുന്നു ബാലന്മാർ;
കൊച്ചനുജത്തിമാർ തുമ്പിതുള്ളാൻ
പിച്ചകത്തോപ്പിലൊരുമിക്കുന്നു
അമ്മമാർ പണ്ടത്തെ പാട്ടുപാടി
'കുമ്മി'യടിച്ചു കളിച്ചിടുന്നു.
ഉത്സാഹമാരുതനീവിധത്തിൽ
ഉത്സവപ്പൊൻകൊടി പാറിക്കുമ്പോൾ
'മാവേലി' തന്നുടെ നാടു കാണ്മാൻ
താവും മുദമോടെഴുന്നള്ളുന്നു;
ദാനവവീരനദ്ദാനശീലൻ
ആനന്ദനൃത്തങ്ങളാടിടുന്നു.
പോവല്ലേ, പോവല്ലേ, പൊന്നോണമേ!
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു!