കുന്ദലത/അനുരാഗവ്യക്തി
കുന്ദലത രചന: അനുരാഗവ്യക്തി |
|
[ 83 ] കുന്തലതയും രാമകിശോരനും തമ്മിൽ പരിചയമായ വിവരം മുമ്പു് ഒരേടത്തു് പറഞ്ഞുവല്ലോ? അവർ തമ്മിൽ സംസാരിക്കുന്നതും അന്യോന്യമുള്ള ഔത്സുക്യവും കണ്ടിട്ടു് യോഗീശ്വരൻ ആന്തരമായി സന്തോഷിക്കും. രാമകിശോരന്റെ ദീനം നല്ലവണ്ണം ഭേദമായി, ശരീരം മുമ്പത്തെ സ്ഥിതിയിൽ ആയി എങ്കിലും, യോഗീശ്വരൻ പുറത്തേക്കു് പോകുമ്പോഴൊക്കെയും രാമകിശോരനെകൂടി വിളിച്ചുകൊണ്ടു പോകുമാറുണ്ടായിരുന്നതു മാറ്റി. കുന്ദലതയോടുകൂടെ ആരാമത്തിൽ നടന്ന ഓരോ സംഗതികളെക്കുറിച്ചു സംസാരി [ 84 ] ക്കുന്നതിൽ താല്പര്യം തോന്നുകയാൽ രാമകിശോരന്നു് അതുകൊണ്ട് ഒട്ടും സൗഖ്യക്കേടുണ്ടായതുമില്ല. അവർ തമ്മിൽ ഇണക്കം വർദ്ധിക്കേണമെന്നായിരുന്നു യോഗീശ്വരന്റെയും മനോരഥം എന്നു തോന്നും. എന്തുകൊണ്ടെന്നാൽ, താൻ പുറത്തേക്കു പോകാത്ത ദിവസങ്ങളിലും രാമകിശോരനും, കുന്ദലതയും- നടക്കുന്ന ദിക്കിലേക്കു ചെല്ലുകയാകട്ടെ അവരെ തന്റെ അടുക്കലേക്ക് വിളിക്കുകയാകട്ടെ ചെയ്കയില്ല. പക്ഷേ, അവർ തമ്മിൽത്തന്നെ സംസാരിക്കുമ്പോൾ വല്ല സംഗതിയെക്കുറിച്ചും ഭിന്നാഭിപ്രായം ഉണ്ടായാൽ യോഗീശ്വരനോടു ചെന്നു് ചോദിക്കുകയും അപ്പോൾ തന്റെ അഭിപ്രായം പറഞ്ഞുകൊടുക്കുകയുംചെയ്യും എന്നാൽ, രാത്രിയിൽ രാമകിശോരനും യോഗീശ്വരനും തമ്മിൽ പതിവുപോലെയുള്ള സംഭാഷണത്തിന്ന് ഒരിക്കലും മുടക്കംവരികയില്ല. അത്താഴം കഴിഞ്ഞു് കുന്ദലതയും പാർവതിയുംകൂടി അകത്തു് വാതിൽ അടച്ച് കിടന്ന ശേഷം, ഉമ്മറത്തു് കിടന്നു് ഉറക്കം വരുന്നതുവരെ ഗുരുവും ശിഷ്യനും കൂടി വളരെനേരം സംസാരിക്കുകയുംചെയ്യും.
ഇങ്ങനെ കഴിഞ്ഞുപോരുന്ന കാലം ഒരു ദിവസം രാമകിശോരനും കുന്ദലതയുംകൂടി തോട്ടത്തിൽ നടക്കുമ്പോൾ രാമദാസൻ അവിടെ പണി എടുക്കുന്നതു കണ്ടു.
കുന്ദലത:'അച്ഛൻ എവിടെയാണ്' എന്നു് അവനോടു ചോദിച്ചു.
രാമദാസൻ: പുലർച്ചെ എഴുനീററു പുറത്തേക്കു പോകുന്നതു കണ്ടു.
കുന്ദലത: അപൂർവമായിട്ടു് ചിലപ്പോൾ അച്ഛൻ രാവിലേയും പുറത്തേക്ക് പോവുക പതിവുണ്ട്.
രാമകിശോരൻ: ഇയ്യിടെ പുറത്തേക്കു പോകുമ്പോൾ എന്നെ വിളിക്കാത്തതു് എന്താണെന്ന് എനിക്ക് അറിഞ്ഞുകൂടാ.
കുന്ദലത: അതുള്ളതുതന്നെ. അങ്ങേടെ ദീനം ഭേതമായശേഷം ഒന്നോ, രണ്ടോ കുറിയല്ലാതെ അച്ഛന്റെ ഒരുമിച്ചു് പുറത്തു പോവുകയുണ്ടായിട്ടില്ല.
രാമകിശോരൻ: ഒരു ദിവസം ഞാനും പോരാമെന്നു പറഞ്ഞു് കൂടെ ചെന്നു. 'അപ്പോൾ ക്ഷീണം നല്ലവണ്ണം തീരട്ടെ. അതിനു മുമ്പെ പുറത്തിറങ്ങീട്ടു് തരക്കേട് വരേണ്ട' എന്നു പറഞ്ഞു് എന്നെ മടക്കിയയച്ചു.
കുന്ദലത: അതാവില്ല. ക്ഷീണം നല്ലവണ്ണം തീർന്നു് ദേഹം സ്വസ്ഥമായിട്ടു് എത്ര നാളായി .അച്ഛന്റെ അന്തർഗതം എന്താണെന്നറിയുവാൻ എളുപ്പമല്ല.
രാമകിശോൻ:അദ്ദേഹത്തിന്റെ ഹൃദയം അഗാധമാണ്. എനിക്കു് നല്ല പരിചയമുണ്ട്. എന്തെങ്കിലും അച്ഛൻ ഇങ്ങനെ പറഞ്ഞതുകൊണ്ടു് എനിക്കു് ഒട്ടും സുഖക്കേടുണ്ടായില്ല.
കുന്ദലത:(അല്പം പുഞ്ചിരിയോടുകൂടി) അതെന്തുകൊണ്ട്? [ 85 ]
രാമകിശോരൻ: നമുക്കു തമ്മിൽ സ്വൈരമായി സല്ലാപം ചെയ്യാമല്ലൊ എന്നു വിചാരിച്ചാണു് .അച്ഛൻ നമ്മുടെ കൂടെയുണ്ടായാൽ നാം പറയുന്നതു്അദ്ദേഹത്തോടായിരിക്കും. നമ്മുക്കു തമ്മിൽ നേരിട്ടു് ഒന്നും പറവാൻ ഇടവരുകയുമില്ല .
കുന്ദലത: അതങ്ങനതന്നെ അച്ഛൻ അങ്ങേ ചിലപ്പോൾ കൂട്ടിക്കൊണ്ടു പോയാൽ എനിക്കും ഒട്ടും സൗഖ്യമുണ്ടാവാറില്ല. പതിവുപോലെ സംസാരിപ്പാൻ ആരുമില്ലായ്കയാൽ മനസ്സിനു് ഒരു മൗഢ്യം വന്നു ബാധിക്കും. അങ്ങുന്നു് അച്ഛന്റെകൂടെ പോകണ്ട എന്നു പറവാനും എനിക്കു മടിയുണ്ടു് അങ്ങേയ്ക്ക് അച്ഛന്റെ ഒരുമിച്ചു നടന്നാൽ പലതും ഗ്രഹിക്കുവാനുണ്ടാകുന്നതാണു്. എന്റെ ഇഷ്ടത്തിന്നു് ഇവിടെ ഇരുന്നാൽ എന്തു ലാഭം?
രാമകിശോരൻ:ഞാൻ അങ്ങനെയല്ല വിചാരിക്കുന്നതു്. അച്ഛന്റെ കൂടെ നടന്നാൽ പലതും ഗ്രഹിപ്പാനുണ്ടെന്നു പറഞ്ഞതു ശരി തന്നെ. എന്നാൽ, പരമാർത്ഥം കുന്ദലതയുമായി സംഭാഷണം ചെയ്ത് ആ മധുരമായ വാക്കുകളെ ആസ്വദിക്കുവാനാണു് എനിക്ക് അധികം സന്തോഷം
കുന്ദലത:എന്റെ പ്രായത്തിലുള്ള ആളുകളെഇതിൻ കീഴിൽ എനിക്കു കാണ്മാനിടവരാത്തതിനാൽ അങ്ങന്നുമായുള്ള സല്ലാപത്തിൽ എനിക്കു് കൗതുകം തോന്നന്നതു് അത്ഭുതമല്ല. പല ദിക്കുകളിലും സഞ്ചരിപ്പാനുംവളരെ ജനങ്ങളെ കാണ്മാനും അവരുമായി സംസാരിപ്പാനും സംഗതി വന്നിട്ടുള്ള അങ്ങേയ്ക്ക് ഈ പ്രാകൃതയായ എന്നോടു് സംസാരിക്കുന്നതിലാണു് അധികം സന്തോഷം എന്നു പറഞ്ഞതു് എന്നെ മുഖസ്തുതിചെയ്യുകയല്ലല്ലോ?
രാമകിശോരൻ:കഷ്ടം! എന്നോടിത്ര നിർദയ കാണിക്കരുതേ .വളരെ ജനങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഞാൻ ഒരു കുന്ദലതയെ മാത്രമേ കണ്ടിട്ടുള്ളൂ. ദർശനം ചെയ്യണമെന്നു് വളെരെ കാലമായി ആഗ്രഹിച്ചുവരുന്ന ഒരു പുണ്യസ്ഥലത്തു് ഏറ്റവും പണിപ്പെട്ടു് എത്തിയ തീർത്ഥവാസികൾക്കു തോന്നും പോലെ ഭവതിയെ ഒന്നാമതായി കണ്ടപ്പോൾ എനിക്കു ഒരു കൃതകൃത്യതയാണു തോന്നിയതു്. പിന്നെ ഭവതിയുടെ ദയാപൂരം കൊണ്ടു് എന്റെ സ്നേഹം വർദ്ധിച്ചതും വിശ്വാസം ജനിച്ചതും. നാം തമ്മിൽ ഒന്നാമതായി സംഭാഷണമുണ്ടായ ദിവസം ഞാൻ വ്യക്തമായി പറഞ്ഞുവല്ലോ. അന്ന ഞാൻ പറഞ്ഞതു് മറന്നിട്ടില്ലെങ്കിൽ ഈ വിധം സംശയങ്ങളെക്കൊണ്ടു് എന്നെ വ്യസനിപ്പിക്കയില്ലായിരുന്നു.
കുന്ദലത:എന്നെക്കുറിച്ച് ദയയോടുകൂടി പറഞ്ഞ ആ വാക്കുകൾ ശിലാരേഖപോലെ എന്റെ മനസ്സിൽ പതിഞ്ഞിട്ടുള്ളതു് ഇതാ ഇപ്പോൾക്കൂടി എനിക്ക് പ്രയാസംകൂടാതെ വായിക്കാം. എങ്കിലും അങ്ങേടെ വസ്തൂത സൂഷ്മമായി അറിയായ് കയാൽ ആ വാക്ക് [ 86 ] കൾ അങ്ങോടെ അവശസ്ഥിതിയിൽ ഞാൻ കുറഞ്ഞാരുപകാരം ചെയ്തതിനെക്കുറിച്ചു് കൃതജ്ഞത ഹേതുവായിട്ടുമാത്രം പറഞ്ഞതായിരിക്കുമോ എന്നു ശങ്കിരിച്ചു.
രാമകിശോരൻ: അയ്യോ! ഈ ശങ്കകൾക്കു് എന്തു കാരണം? നമ്മിലെ അനുരാഗം നാം തമ്മിൽ വാക്കുകളെകൊണ്ടു് പറഞ്ഞിട്ടില്ലെങ്കിലും നമ്മുടെ ഹൃദയങ്ങൾ അനുരാഗോൽഭ്രതങ്ങളായ പല ചേഷ്ടകളെകൊണ്ടും അനോന്യം പ്രദർശിപ്പിച്ചിട്ടില്ലെ? എന്റെ പ്രേമഭാരം അനിർവചനീയമാകയാൽ വാക്കുകളെകൊണ്ടു് അധികം വ്യക്തമാക്കുവാൻ എനിക്കു് കഴിയാഞ്ഞതാണു്.
കുന്ദലത: അങ്ങേയ്ക്കു് എന്റെമേൽ അനുരാഗമുണ്ടെന്നു തോന്നുമ്പോൾ സന്തോഷവും പിന്നെ അങ്ങേടെ പരമാർത്ഥം അറിയായ്കയാൽ വല്ല സംഗതികൊണ്ടും ആശാഭംഗം വന്നുപോകുമോ എന്നുള്ള ഭയവും, രണ്ടിനെക്കുറിച്ചും സംശയവും എന്റെ മനസ്സിൽ ഇടകലർന്നുകൊണ്ടാണു് ഇത്ര നാളും കഴിഞ്ഞതു്. അയ്യോ! ദൈവമേ, എന്റെ ഹൃദയം ഈ വേദനകൾ അനുഭവിക്കേണ്ടതല്ലേ! എന്നിങ്ങനെ പലപ്പോഴും ഞാൻ ചിന്തിക്കാറുമുണ്ടു്. അങ്ങുമിങ്ങും ഉഴന്നുകൊണ്ടും ഒരേടത്തും ഉറച്ചുനിൽക്കുവാൻ വഴിയില്ലാതെയും എത്ര അദ്ധ്വാനിച്ചു ഈ ഹൃദയം! കഷ്ടം!
രാമകിശോരൻ, `എന്റെ പ്രിയതമയായ കുന്ദലതേ! എന്റെ അനുരാഗം മുഴുവനും ഭവതിയുടെമേൽ നിക്ഷിപ്തമായിരിക്കുന്നു. ഭവതി എന്റെ പ്രാണനായകിയാണ്. ഇനിയെങ്കിലും ആ ബാഷ്പധാരയെ നിർത്തി അങ്ങുമിങ്ങും സഞ്ചരിച്ചു് വളരെ വേദനയനുഭവിച്ച ആ ഹൃദയം ഇവിടെ വിശ്രമിക്കട്ടെ' എന്നു പറഞ്ഞു് കുന്ദലതയുടെ മാറിടം തന്റെ മാറിടത്തോണച്ചു്, ധാരാളമായി വന്നിരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് യോഗീശ്വരനെക്കൂടി അറിയിക്കാത്ത തന്റെ ചില ചരിങ്ങളെ ഏറ്റവും ഗോപ്യമായി രാമകിശോരൻ കുന്ദലതയോടു പറഞ്ഞു.
അപ്പോൾ കുന്ദലത വളരെ മുഖപ്രസാദത്തോടുകൂടി രാമകിശോരന്റെ മുഖത്തേക്കു നോക്കി, ` ഇനി എന്റെ പ്രിയ രാമകിശോരാ എന്നു വിളിക്കാമല്ലോ എന്നു പറഞ്ഞു് ഒരു ദീർഘനിശ്വാസം അയച്ചു. ` എന്റെ മനസ്സിൽനിന്നു് ഒരു ഭാരം ഇറങ്ങിയപോലെ തോന്നുന്നു. ശ്വാസോച്ഛ്വാസങ്ങൾക്കുക്കൂടി സൗകര്യം വർദ്ധിച്ചതുപോലെയിരിക്കുന്നു' പറഞ്ഞു് രാമകിശോരനെ ആശ്ലേഷിക്കുകയും ചെയ്തൂ.
രാമകിശോരൻ: ` ഞാൻ ഒരു കാര്യം പറയാൻ മറന്നു. ' കുന്ദലതയ്ക്ക് മുഖപ്രസാദം മങ്ങിക്കൊണ്ടു് `അതു് എന്തു്? ' എന്നു ചോദിച്ചു.
രാമകിശോരൻ: എന്റെ പ്രിയ കുന്ദലതേ, ഭവതിയുടെ സേവനപ്രകാരം എന്നെ ഭർത്താവാക്കി വരിച്ചാൽ അച്ഛൻ യാതൊന്നും മറുത്തു പറകയില്ലായിരിക്കാം. എങ്കിലും ഭവതി എന്നെ ഭർത്താവായി വരിക്കുന്നതിന്നുമുമ്പായി ഒരു കാര്യം ആലോചിക്കേണ്ടതുണ്ട്. [ 87 ] തുണ്ട്. ഭവിഷ്യത്തിനെ വഴിപോലെ ആലോചിക്കാതെ പ്രവർത്തിക്കുന്നവരെക്കുറിച്ച് എനിക്കു് അല്പം പോലും ബഹുമാനമില്ല. എന്നെയല്ലാതെ വേറെ ഒരു ചെറുപ്പക്കാരനെയും കുന്ദലതക്ക് കാണ്മാൻ സംഗതി വന്നിട്ടില്ലല്ലോ. മേലാൽ ഓരോ രാജ്യങ്ങളേയും ജനങ്ങളെയും സഞ്ചരിച്ചു കാണുവാൻ കുന്ദലതയ്ക്ക് തന്നെ സംഗതിവന്നാൽ, എന്നെക്കാൾ ഗുണോൽക്കർഷം ഉള്ളവരും കുന്ദലതയ്ക്ക് അധികം അനുരൂപന്മാരുമായ പുരുഷന്മാരുണ്ടായിരിക്കെ ഈ അസാരനായ എന്നെ വരിച്ചതൂ അബദ്ധമായി എന്നൊരു പശ്ചാത്താപം ലേശംപോലും തോന്നുവാൻ ഇടവെക്കരുതെ. ഭഗവതി എന്റെ ഭാര്യയായി എന്നുവരികിൽ എനിക്കു ജന്മസാഫല്യം വന്നു.എങ്കിലും സ്വർത്ഥത്തെ മാത്രം കൊതിച്ചു ഭവിഷ്യത്തുകളായ ദോഷങ്ങളെ എന്നാൽ മുൻകൂട്ടി കാണാൻ കഴിയുന്നേടത്തോളമെങ്കിലും, ഭവതിയെ അറിയിക്കാതെ കഴിക്കുന്നതൂ ഏറ്റവും പാപകരമാണ്. ആയതുകെണ്ട്, ജീവാവസാനംവരെ നിൽക്കേണ്ടതായ നമ്മിലെ ഈ ശാശ്വതമായ സംബന്ധത്തെ തീർച്ചപ്പെടുത്തുന്നതിന്നു മുമ്പായി ഒരിക്കൽക്കൂടി ഗുണദോഷങ്ങളെ വഴിപോലെ ആലോചിക്കെണമെ.
കുന്ദലത: അങ്ങുന്നു പറയുമ്പോലെ വേറെ ഒരു പുരുഷനെ വരിക്കാമായിരുന്നുവെന്ന് എനിക്കു തോന്നുന്നതാകയാൽത്തന്നെ, [ഈശ്വരാ! ഇങ്ങനെ തോന്നുന്ന കാലത്ത് എന്റെ ഈ ഹൃദയം നശിക്കട്ടെ] ഇപ്പോൾ സമർപ്പിച്ചിരിക്കുന്നേടത്ത് എന്റെ അനുരാഗത്തെ തിരികെ എടുക്കുവാൻ എന്നാൽ അശക്യമാണ്. ആയതുകൊണ്ട് ഇനി ആ വിധം ആലോചനകൾ നിഷപ്രയോജനമെന്നു തീർച്ചതന്നെ. നന്മയായാലും തിന്മയായാലും വേണ്ടതില്ല. ഇനി മേലാൽ ഞാൻ അങ്ങേടെ കുന്ദലത, അങ്ങുന്നു എന്റെ പ്രിയ രാമകിശോരൻ; ഇതിന്നു യാതൊരു ഇളക്കവും ഇല്ല. കാലദേശാവസ്ഥകളെക്കണ്ടു ഭേദപ്പെടാതെ, സമ്പത്തിലും, വിപത്തിലും ആപത്തിലും അരിഷ്ടതയിലും, ഒരുപോലെ ജീവാവസാനപര്യന്തം അങ്ങേ ദൃടമാകുംവണ്ണം സ്നേഹിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന ഈ ഹൃദയത്തെയും എന്നെയും, അഖിലചരാചര ഗുരുവായ ജഗദീശ്വരൻ സാക്ഷിയാകെ അങ്ങേയ്ക്കായതുകൊണ്ട് ഇതാ ദാനംചെയ്യുന്നു.
എന്നിങ്ങനെ പറഞ്ഞു വീഴുവാൻ ഭാവിക്കുമ്പോഴേക്കു, രാമകിശോരൻ ഹർഷാശ്രുക്കളോടുകൂടി പിടിച്ചു നിർത്തി രണ്ടുപേരും അന്യോന്യം ഗാഢമാകുംവണ്ണം ആശ്ലിഷ്ടന്മാരായി, കുറെ നേരത്തേക്കു തങ്ങളുടെ മറ്റു സകല അവസ്ഥകളും വിചാരങ്ങളും മറന്ന്, ആനന്ദാർണവത്തിൽ നിമഗ്നന്മാരായി നിന്നു.
പിന്നെ ദീർഘാശ്വാസത്തോടുകൂടി തമ്മിൽ വേർവിട്ടു് രണ്ടാമതും സംഭാഷണം തുടങ്ങി. [ 88 ]
രാമകിശോരൻ: നേരം ഞാൻ വിചാരിച്ചതുപോലെ അത്ര അധികമായിട്ടില്ല.
കുന്ദലത: നാം നടക്കാൻ തോട്ടത്തിലേക്കു വന്നതിൽപ്പിന്നെ ഈ അല്പനേരംകൊണ്ടു നമ്മുടെ മനസ്സിൽ എന്തെല്ലാം മാതിരി വിചാരങ്ങളാണു് ഉണ്ടായതു്. അധികം നേരമായി എന്നു തോന്നിയതു് അതുകൊണ്ടായിരിക്കണം.
രാമകിശോരൻ: ഈ അല്പനേരംകൊണ്ടു്, നമ്മുടെ വിചാരങ്ങളും സ്ഥിതിയും എത്ര ഭേദംവന്നു! ഏതെല്ലാം ആശകൾ സാധിച്ചു; ഏന്തെല്ലാം ശങ്കകൾ നശിച്ചു; എത്രയെല്ലാം മോഹങ്ങൾ ജനിച്ചു; നമ്മുടെ മോദഖേദങ്ങൾ അത്രയും നമ്മുടെ ചിത്തവൃത്തികളെ ആശ്രയിച്ചവയാണെന്നു നമ്മുടെ ഇപ്പോഴത്തെ അനുഭവംതന്നെ ദൃഷ്ടാന്തപ്പെടുത്തുന്നുവല്ലോ! ആശ്ചര്യം!
കുന്ദലത: നമ്മുടെ ഇപ്പോഴത്തെ ഈ അവസ്ഥ അകൃതസുകൃതന്മാർക്ക് അസുലഭം തന്നെ.
രാമകിശോരൻ: പക്ഷേ,നിരുപമമായ ഈ സന്തോഷം അധികനേരം നിൽക്കുമെന്നു മാത്രം വിചാരിക്കേണ്ട.മനുഷ്യർക്ക് ദു:ഖ സമ്മിശ്രതമല്ലാതെ സുഖം ദുർല്ലഭം.വരുവാൻ പോകുന്ന ഒരു സുഖക്കേടു ഇതാ ഇപ്പോൾ തന്നെ എന്റെ മനസിൽ നിഴലിച്ചിരിക്കുന്നു.ആലോചിക്കുന്നിടത്തോളം.ആ നിഴൽ അധികം ഇരുളുകയും ചെയ്യുന്നു.കഷ്ടം!
കുന്ദലത:അത് എന്ത് ?'. എന്നു ചേദിക്കുമ്പോലെ,സങ്കടത്തോടുകൂടി രാമകിശോരന്റെ മുഖത്തേക്കു നോക്കി.
രാമകിശോരൻ: എനിക്ക് എന്റെ സോദരിയെകാണ്മാൻ വൈകിരിക്കുന്നു.എന്നെ ഇതു വരയായിട്ടു കാണ്മാതായാൽ അവൾ ഇപ്പോൾതന്നെ വ്യസനിക്കുന്നുണ്ടാവും.പോയി വേഗത്തിൽ മടങ്ങിവരാമെന്നുതോന്നുന്നുണ്ട് .എങ്കിലും കുന്ദലതയെ പിരിയുന്നു എന്നു വിചാരിക്കുമ്പോൾതന്നെ എനിക്കു വിഷാദമാകുന്നു.സോദരിയെ കാണ്മാതിരിക്കുന്നതോ,അതും വിഷമം എന്തുചെയ്യേണം എന്നറിഞ്ഞില്ല.
കുന്ദലത: കഷ്ടം!മനുഷ്യരുടെ സുഖം,മിന്നൽപിണരുപോലെ ക്ഷണമാത്രം പ്രകാശിച്ച്,അതാ,നോക്കു!എന്നു പറയും മുമ്പു് ദു:ഖമാകുന്ന അന്ധകാരം ഗ്രസിച്ചുകഴിയുന്നുവെല്ലോ!
രാമകിശോരൻ: ഞാൻ കുന്ദലതയെയും എന്റെ ഒരുമിച്ച് കൊണ്ടുപോയാലോ?
കുന്ദലത: വളരെ സന്തോഷം തന്നെ പക്ഷേ-
രാമകിശോരൻ: പക്ഷേ അച്ഛൻ സമ്മതിക്കുമോ എന്നാണു സംശയം.അല്ലേ?
കുന്ദലത: നമ്മുടെ രണ്ടാളുടെയും ഇഷ്ടം ഇന്ന പ്രകാരമെന്നറിഞ്ഞാൽ അച്ഛൻ അതിനു മറുത്തു് ഒരു വാക്കുപോലും പറകയില്ല. അദ്ദേഹം അത്ര നല്ലാളാണ്. പക്ഷേ, എന്നെക്കുറിച്ചിത്രയും ഇത്രയും [ 89 ] വാത്സല്ല്യവും ദയയും ഉള്ള അദ്ദഹത്തെ വിട്ടു പോകാൻ എനിക്കു ധൈര്യം മതിയാകുന്നില്ല.
രാമകിശോരൻ: അദ്ദേഹത്തെ വിട്ടുപോവാൻ മനസ്സില്ലായ്മ എനിക്കും കുന്ദലതയേക്കാൾ ഒട്ടും കുറവില്ല. വേഗത്തിൽ മടങ്ങിവരാമല്ലോ എന്നു വിചാരിച്ചു് സമാധാനപ്പെടുകയാണു് ഞാൻ ചെയ്യുന്നതു്.
കുന്ദലത: അച്ഛനോടു നമ്മുടെകൂടെ പോരേണമെന്ന് അപേക്ഷിച്ചാലോ?
രാമകിശോരൻ: അതുണ്ടാവുമെന്നു് എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ഈ വിജനവാസവും മറ്റും കണ്ടതുകൊണ്ടു് എനിക്ക് ഊഹിക്കാം. അതുകൊണ്ടു് നാം അങ്ങനെ ചെയ്യണമെന്ന് അപേക്ഷിച്ച് അദ്ദേഹത്തിന് മനസൗഖ്യമില്ലാതാക്കിതീർക്കുന്നതു നന്നല്ല. കുന്ദലതയുടെ സമ്മതം ഉണ്ടെങ്കിൽ, ഞാൻ പോയി നാലു ദിവസം എന്റെ സോദരിയുടെ ഒരുമിച്ചു് താമസിച്ചു് വേഗത്തിൽ മടങ്ങിവരാം. കുന്ദലതയെ കാണായ്കയാലുള്ള വ്യസനം ഒരു ശൃംഖലപോലെ ഞാൻ പോകുന്നേടത്തൊക്കെയും എന്നെ ബന്ധിക്കും. കുന്ദലതയെ കാണ്മാനുള്ള ആഗ്രഹം ഇങ്ങോട്ടേക്ക് എന്നെ സദാ ആകർഷിക്കുകയും ചെയ്യും. ആയതുകൊണ്ട് ഞാൻ പോയിവരുവാൻ സമ്മതിക്കണേ.
കുന്ദലത: [കണ്ണിൽ അശ്രുബിന്ദുക്കൾ പൊടിഞ്ഞുകൊണ്ടു്] അങ്ങുന്നു പോയാൽ വേഗത്തിൽ വരുമല്ലോ; പോയി വന്നാട്ടെ. സോദരിയെ കാണ്മാൻ താല്പര്യംകൊണ്ടല്ലേ, എന്നും മററും എനിക്കു തന്നെ തോന്നുന്നുണ്ടു്. പക്ഷേ, തമ്മിൽ പിരിയുക എന്നും പോകാനുള്ള രാജ്യത്തിന്റെ ദൂരവും വിചാരിക്കുമ്പോഴുണ്ടാകുന്ന വ്യസനം അടക്കുവാൻ ഞാൻ സമർത്ഥയാകുന്നില്ല.
രാമകിശോരൻ കണ്ണുനീർ തുടച്ചു് കുന്ദലതയെ സമാധാനപ്പെടുത്തുവാൻ തുടങ്ങുമ്പോൾ കുന്ദലത വ്യസനം സഹിയാതെ രാമകിശോരന്റെ മാറിടത്തിലേക്കു തല ചായിച്ചു്. അശ്രുധാരകൊണ്ട് രാമകിശോരനെ കുളിപ്പിച്ചു.
രാമകിശോരൻ, ' ഇങ്ങനെ വ്യസനിക്കുന്നതായാൽ ഞാൻ കുന്ദലതയെ പിരിഞ്ഞു് എങ്ങും പോകുന്നില്ല. നിശ്ചയംതന്നെ. സോദരിയെ കാണ്മാൻ എങ്ങനെയെങ്കിലിലും ഞാൻ വഴിയുണ്ടാക്കിക്കൊള്ളാം. ഏതായാലും ഒങ്ങനെ വ്യസനിക്കരുതേ' എന്നു പറഞ്ഞു.
ആ നിലയിൽത്തന്നെ രണ്ടുപേരുംകൂടി നിൽക്കുമ്പോൾ യോഗീശ്വരൻ പിൻഭാഗത്തുകൂടി കടന്നുവരുന്നത് അവർ കണ്ടില്ല. രാമകിശോരന്റെ ഒടുക്കത്തെ വാക്കുകൊണ്ട് യോഗീശ്വരൻ വസ്തുത സൂക്ഷ്മമായി ഊഹിച്ചു. പിന്നെ അവർ അത്ര കഠിനമായി വ്യസനിക്കിന്നതു കണ്ടപ്പോൾ, സാവധാനത്തിൽ അവരുടെ മുൻഭാഗത്തു് വന്നു നിന്നു. രാമകിശോരന്നു് യോഗീശ്വരനെ കണ്ടപ്പോൾ അല്പം [ 90 ] പരിഭ്രമമുണ്ടായി. യോഗീശ്വരൻ അതു കണ്ടുവെന്നു ഭാവിക്കാതെ കുന്ദലതയെ പതുക്കെ തന്റെ മേലേക്കണച്ചു് 'എന്തിനിങ്ങനെ വ്യസനിക്കുന്നു' എന്നു ചോദിച്ചു. കുന്ദലത യോഗീശ്വരന്റെ മുഖത്തേക്കു് ഒന്നു തല പൊങ്ങിച്ചു നോക്കി. അപ്പോൾ വ്യസനം അധികമായതേയുള്ളു. അദ്ദേഹത്തിന്റെ സ്വഭാവഗുണം വളരെ പരിചയമുള്ളതായിരുന്നതുകൊണ്ടു് അവൾക്കു് ഒട്ടും പരിഭ്രമം ഉണ്ടായില്ല.
യോഗീശ്വൻ: 'എന്തായാലും വേണ്ടതില്ല നിങ്ങളുടെ വ്യസനത്തിന്റെ കാരണം എന്നോടു പറഞ്ഞാൽ ഞാൻ നിവൃത്തിയുണ്ടാക്കാം. നിങ്ങൾ വ്യസനിക്കുന്നതു കണ്ടിട്ടു് എനിക്കും വളരെ വ്യസനമുണ്ടാകുന്നു' എന്നു പറഞ്ഞു.
സ്നേഹത്തോടും വളരെ ദയയോടുംകൂടി പറഞ്ഞ ആ വാക്കുകൾ കേട്ടപ്പോൾ, രാമകിശോരൻ കുന്ദലത കഠിനമായി വ്യസനിക്കുന്നതിന്റെ കാരണം ചുരുക്കത്തിൽ പറഞ്ഞു. അതുതന്നെ തനിക്കും വ്യസനകാരണമായിരിക്കുന്നു എന്നും അറിയിച്ചു.
'ഇതിന്നുവേണ്ടീട്ടാണു് ഈ കാറും മഴയും? താമസിയാതെ നമുക്കെല്ലാവർക്കുംകൂടിത്തന്നെ രാമകിശോരന്റെ നാട്ടിലേക്കു പോയി സോദരിയെക്കണ്ടു് മടങ്ങിവരാമല്ലോ. അതല്ല നാം രണ്ടു പേരും അവിടെത്തന്നെ താമസിച്ചേ കഴിയൂ എന്നാണു് രാമകിശോന്റെ ആവശ്യം എങ്കിൽ അങ്ങനെ ചെയ്യുന്നതിന്നും തരക്കേടെന്തു്? ഏതായാലും ഇങ്ങനെ വ്യസനിക്കുവാനാവശ്യമില്ലല്ലോ' എന്നിങ്ങനെ യോഗീശ്വരൻ പറഞ്ഞപ്പോഴേക്കു് കുന്ദലതയുടെ മുഖത്തു നിന്നു കാറും മഴയും നീങ്ങി മുഖം മുമ്പത്തെപ്പോലെ പ്രസന്നമായി.
രാമകിശോരൻ: ഞങ്ങളുടെ ആവശ്യം ഇതുതന്നെയായിരുന്നു അങ്ങേ അറിയിക്കുവാൻ മടിച്ചതാണു്. ഇന്നു് എല്ലാംകൊണ്ടും ഒരു സുദിനമാണു്. അങ്ങേയ്ക്കു് അപ്രിയമല്ലാത്തവിധം ഞങ്ങളുടെ മനോരഥം സാധിച്ചുവല്ലോ.
യോഗീശ്വരൻ: 'എനിക്കും സുദിനമാണെന്നു പറയാം. ഞാൻ രാവിലെ നടക്കാൻപോയതു് വൃഥാവിലായില്ല. എനിക്കു് പണ്ടത്തെ ശിഷ്യരിൽ ഒരാൾ അയച്ചുതന്ന ഈ പട്ടു് കാണണ്ടേ?' എന്നു പറഞ്ഞു തന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു ചെറിയ പെട്ടിയിൽനിന്നു് ഒരു പട്ടെടുത്തു് അവരെ കാണിച്ചു.
കുന്ദലത അതു് എടുത്തു നൂർത്തിനോക്കി 'നല്ല പട്ടു്' എന്നു പറഞ്ഞു്, അതിൽ ഉണ്ടായിരുന്ന ചില സുവർണരേഖകളെ കണ്ട് ആശ്ചര്യപ്പെട്ടു.
രാമകിശോൻ: ഇതു് അയച്ച ശിഷ്യൻ ഏതാണു്? ധനികനാണെന്നു തോന്നുന്നു. എങ്ങനെ കിട്ടി?
യോഗീശ്വരൻ: 'എനിക്കു തരുവാനായി ധർമപുരിയിൽ എനിക്ക് പരിചയക്കാരനായ ഒരു ബ്രാഹ്മണന്റെ പക്കൽ ഇന്നലെ കൊടുത്തതാണത്രെ. ആരയച്ചതാണെന്നു സൂക്ഷ്മം വഴിയെ അറിയിക്കാം എന്നു പറഞ്ഞു് രാമകിശോരനെയും കുന്ദലതയെയും [ 91 ] അകത്തേക്കു പറഞ്ഞയച്ചു്, താൻ രാമദാസനോടു ചിലതു പറഞ്ഞേല്പിച്ചു്അവനേയും എങ്ങാണ്ടോരേടത്തേക്കു് അയച്ചു.
വളരെ വിചാരമുള്ളമാതിരിയിൽ ആരോടും സംസാരിക്കാതെ ഉമ്മരത്തു്, ഉലാത്തിക്കൊണ്ടും ഇരുന്നുകൊണ്ടും നേരം കഴിക്കുന്നതു കണ്ടു് കുന്ദലത പറഞ്ഞു, 'അച്ഛൻ നമ്മുടെ സംഭാഷണത്തെക്കുറിച്ചും നമ്മെക്കുറിച്ചുംതന്നെയായിരിക്കണം ആലോചിക്കുന്നതു് സംശയമില്ല.'
രാമകിശോരൻ:അങ്ങനെതന്നെയായിരിക്കണം.നമ്മുടെ മുമ്പത്തെ പരിചയക്കേടും ലജ്ജയും, ഇപ്പോഴത്തെ ഈ സ്ഥിതിയും കൂടി ഓർത്തുനോക്കുമ്പോൾ നമ്മെക്കൊണ്ടു് എന്തുതോന്നും, അത്ഭുതം തോന്നാതിരിക്കില്ല.
കുന്ദലത:നമ്മെക്കൊണ്ടു് അനിഷ്ടമായിട്ടു് ഒന്നും തോന്നീട്ടില്ലെന്നു തീർച്ചതന്നെ. ഉണ്ടെങ്കിൽ ഒരു വിനാഴികപോലും നമ്മോടു് പറയാതെ ആയതു് അച്ഛൻ മനസ്സിൽ വെക്കുകയില്ല എന്നു് എനിക്കു നിശ്ചയമുണ്ടു്. അതുകൊണ്ടു നമ്മുടെ അവസ്ഥ മുഴുവൻ അദ്ദേഹം അറിഞ്ഞു എന്നും എല്ലാം അദ്ദേഹത്തിനു പഥ്യമാണെന്നും നമുക്കു് അനുമാനിക്കാം.
ഇങ്ങനെ അവർ തമ്മിൽ യോഗീശ്വരനെക്കുറിച്ചു് ഓരോന്നു പറഞ്ഞുകൊണ്ടും യോഗീശ്വരൻ വളരെ ചിന്താപരനായിട്ടും ഇരിക്കെ നേരം വൈകി.സൂര്യൻ അസ്തമിക്കയുംചെയ്തു.