Jump to content

കുന്ദലത/അഭിഞ്ജാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കുന്ദലത
രചന:അപ്പു നെടുങ്ങാടി
അഭിഞ്ജാനം

കുന്ദലത

 • ആമുഖം
 1. യോഗീശ്വരൻ
 2. കുന്ദലത
 3. നായാട്ട്
 4. ചന്ദനോദ്യാനം
 5. രാജകുമാരൻ
 6. അതിഥി
 7. വൈരാഗി
 8. ഗൂഢസന്ദർശനം
 9. അഭിഷേകം
 10. ശിഷ്യൻ
 11. ശുശൂഷകി
 12. ദൂത്
 13. ദുഃഖ നിവാരണം
 14. അനുരാഗവ്യക്തി
 15. നിഗൂഹനം
 16. യുദ്ധം
 17. അഭിഞ്ജാനം
 18. വിവരണം
 19. വിമോചനം
 20. കല്യാണം

കുന്ദലത


[ 107 ] യുവരാജാവും യവനന്മാരും അഘോരനാഥനും വേടർക്കരചനുംകൂടി ചന്ദനോദ്യാനത്തിലേത്തിയപ്പോൾ വൃദ്ധനായ കലിംഗരാജാവും,സ്വർണമയിദേവിയും ഉണ്ടായിരുന്നു.യവനന്മാർ രാവിലെ കലിംഗരാജാവിനെ ചന്ദനോദ്യാനത്തിലേക്കു കൊണ്ടുചെന്നതു്.അവിടെ പരിചാരകന്മാർ രാജാവിനെ കണ്ടറിഞ്ഞപ്പോൾ അവർക്ക് വളരെ അത്ഭൂതവും സന്തോഷവുമായി.സ്വർണമയിദേവി യുദ്ധം തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പു തന്നെ ചന്ദനോദ്യാനത്തിലേക്കു പാർപ്പു മാറ്റിയിരുന്നു.പരാജയമായി കലാശിച്ചു വെന്നും,യുവരാജാവിന് അപകടങ്ങൾ ഒന്നും വന്നിട്ടില്ല എന്നും മററുംമുള്ള വിവരം ഒരു ഭൃത്ത്യൻ സ്വർണമയിദേവിയെ അറിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവൾ രാജാവിന്റെയും ഇളയച്ചന്റെയും വരവ് കാത്തു കൊണ്ടിരിക്കുമ്പോഴേക്ക് അവർ രണ്ടാളുകളും, രണ്ടു യുവനന്മാരെയും വേടർചരകനെയും കൂട്ടികൊണ്ടുവരുന്നതുകണ്ടുതുടങ്ങി. ചുവന്ന താടിയെ ചന്ദനോദ്യാനത്തിലേക്കു എത്തിയപ്പോഴേക്കും കാണ്മാനില്ലാതായി. [ 108 ] എവിടെയെന്നു യുവരാജാവു ചോദിച്ചപ്പോൾ താമസിയാതെ വരുമെന്നു് വെള്ളത്താടി ഉത്തരം പറഞ്ഞു.

ശേഷമെല്ലാവരും ഉദ്യാനത്തിൽ എത്തിയ ഉടനെ, മാളികയുടെ മുകളിൽ മുമ്പൊരേടത്തു വിവരിച്ചിട്ടുള്ള ആ വലിയ ഒഴിഞ്ഞ അകത്തു് എല്ലാവരുംകൂടി ഒരു വട്ടമേശയുടെ ചുറ്റും ഇരുന്നു ചില ഭോജ്യപേയാദികളെക്കൊണ്ടു് ക്ഷീണം തീർത്തുക്കൊണ്ടിരിക്കെ, യവനന്മാർ ചെയ്ത ഉപകാരത്തെപ്പറ്റി അഘോരനാഥൻ ശ്ലാഘിച്ചു പറയുന്നതിനിടയിൽ വലിയ രാജാവിനെ അന്നു രാവിലെ മോചിച്ചുക്കൊണ്ടു വന്ന വിവരവും പറഞ്ഞു. അപ്പോൾ യുവരാജാവിനുണ്ടായ വിസ്മയവും സന്തോഷവും ഇത്ര എന്നു പറഞ്ഞുകൂടാ. അദ്ദേഹം തന്റെ സന്തോഷത്തെയും കൃതഞ്ജതയേയും കുറിച്ചു യവനന്മാരോടു കുറഞ്ഞൊന്നു പറഞ്ഞു് അതിന്റെശേഷം അഘോരനാഥൻ കറുത്തതാടിയുടെ ചെവിയിൽ അല്പം ഒന്ന് മന്ത്രിച്ചു് അയാളെ മറ്റൊരു അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. വെള്ളത്താടിയും മനസ്സിനു സ്വസ്ഥതയില്ലാത്തതുപോലെ താഴത്തേക്കിറങ്ങി പടിക്കൽ പോയി നിൽക്കുമ്പോൾ രണ്ടു ഡോലികൾ ഉദ്യാനത്തിലേക്കു വരുന്നതു കണ്ടു. അതിന്റെ പിന്നിൽ ചുവന്ന താടിയും ഉണ്ടായിരുന്നു. ഡോലികൾ അകത്തേക്കു കടത്തി അതിൽനിന്നു രണ്ടാളുകൾ പുറത്തേക്കിറങ്ങി. ഭവനത്തിന്റെ ഇടത്തു ഭാഗത്തുള്ള ഒരു കോണിയിന്മേൽകൂടി മുകളിലേക്കു കയറിപ്പോകയും ചെയ്തു.

യുവരാജാവു് അതിനിടയിൽ അച്ഛന് തരക്കേടു് ഒന്നും ഇല്ലല്ലൊ എന്നു് അറിവാനും അരചനെ അച്ഛന്റെ മുമ്പാകെ കൊണ്ടുപോയി. അയാൾ തനിക്കു ചെയ്ത ഉപകാരത്തെക്കുറിച്ചു് അച്ഛനോടു പറയുവാനുംവേണ്ടി വലിയ രാജാവിന്റെ സമീപത്തേക്കു പോയി. സ്വർണ്ണമയി വലിയ രാജാവിന്റെ സമക്ഷത്തിങ്കൽ തന്നെയുണ്ടായിരുന്നു. ഭർത്താവു വരുന്നതു കണ്ടപ്പോൾ അവൾ വേഗം അടുക്കലേക്കു ചെന്നു്, യുദ്ധത്തിൽ ആപത്തുകൾ ഒന്നും സംഭവിക്കാതെ ജയിച്ചുപോന്നതിനെക്കുറിച്ചു രണ്ടുപേരും തമ്മിൽ പറഞ്ഞു സന്തോഷിച്ചു. അരചൻ രാജ്ഞിയേയും വലിയ രാജാവിനെയും താണുതൊഴുതു വിനീതനായി നിന്നു. രാജാവു് അരചനോടും പ്രതാപചന്ദ്രനോടും യുദ്ധത്തെക്കുറിച്ചു് ഓരോ വർത്തമാനങ്ങൾ ചോദിച്ചപ്പോൾ അവർ രണ്ടുപേരും ഒരുപോലെ യവനന്മാരുടെ സഹായത്തെക്കുറിച്ചു വളരെ പ്രശംസിച്ചു പറഞ്ഞു.

പ്രതാപചന്ദ്രൻ: ആ യവനന്മാർത്തന്നെയാണു്, കുന്തളൻ ഇന്നു്, അച്ഛനെ ആരും അറിയാതെ കൊണ്ടുപോകുമ്പോൾ തടുത്തു നിർത്തി ഇവിടെ കൊണ്ടുവന്നാക്കിയതു്. അവർ, നമുക്കു ചെയ്ത സഹായത്തിനു നാം ഒരിക്കലും തക്കതായ ഒരു പ്രത്യുപകാരം ചെ‌യ്‌വാൻ കഴിയുകയില്ല. അവർ വന്നിട്ടില്ലെങ്കിൽ നമ്മുടെ കലമഹിമ ഇന്നു സൂര്യൻ അസ്തമിക്കുന്നതോടുകൂടി മേലാൽ [ 109 ] ഉദിക്കാത്തവണ്ണം അസ്തമിക്കുന്നതായിരുന്നുവെന്നു് നിർവ്യാജം പറയാം.

രാജാവു്: ആർത്തത്രാണപരായണനായിരിക്കുന്ന ഈശ്വരൻതന്നെ അശരണന്മാരായ നമ്മുടെ സഹായത്തിനു് അവരെ അയച്ചുതന്നിരിക്കയോ! ഇത്ര യോഗ്യന്മാരായ അവരെ എനിക്കു വേഗത്തിൽ കാണേണം. അവർ എവിടെയാണു്?

പ്രതാപചന്ദ്രൻ: അവർ ഈ മന്ദിരത്തിൽത്തന്നെയുണ്ടു്. അഘോരനാഥനോടു സംസാരിച്ചുകൊണ്ടിരിക്കയാണു്. അദ്ദേഹം ആ യവനന്മാരെ എവിടുന്നോ, സഹായത്തിനു ക്ഷണിച്ചുവരുത്തിയിരിക്കയാണു്.

രാജാവു്: 'അവരെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരട്ടെ' എന്നരുളിച്ചെയ്തു ഉടനെ, അവരെ വിളിച്ചുകൊണ്ടു വരുവാൻ ആൾ പോയി. അല്പനേരം ഇരുന്നപ്പോഴേക്കു് അഘോരനാഥൻ രാജാവിന്റെ മുമ്പാകെ വന്നു കൂപ്പി. 'ഇവിടുത്തെ ഭാഗ്യാതിരേകംകൊണ്ടു് ഈ വിധം ഒക്കെയും കലാശിച്ചു' എന്നുണർത്തിച്ചു.

രാജാവു്: സംശയമില്ല, എന്റെ ഭാഗ്യംതന്നെയാണു്, എനിക്കു് ഇത്ര യോഗ്യനായ ഒരു മന്ത്രിയുണ്ടാവാൻ സംഗതിവന്നതു്.

അഘോരനാഥൻ: (മന്ദസ്മിതത്തോടുകൂടി) എന്നെക്കുറിച്ചാണു് ഇവിടുന്നു് അരുളിചെയ്യുന്നതു് എങ്കിൽ എന്നെക്കൊണ്ടു വിശേഷവിധിയായി ഒന്നും ചെയ്‌വാൻ കഴിഞ്ഞിട്ടില്ലെന്നു്, പോർക്കളത്തിൽത്തന്നെയുണ്ടായിരുന്ന ഇവരോടു ചോദിച്ചാൽ അറിയാം. സകലവും മൂന്നു യവനന്മാരുടെ പ്രയത്നത്താലാണു സാദ്ധ്യമായതു്.

പ്രതാപചന്ദ്രൻ: അവരെക്കുറിച്ചുതന്നെയാണു് ‍‍‍‍ഞങ്ങളും ഇതുവരെ അച്ഛനോടു പറഞ്ഞിരുന്നതു്.

രാജാവു്: അവരെ വേഗത്തിൽ ഇങ്ങോട്ടു കൂട്ടികൊണ്ടുവരിക. എനിക്കു ക്ഷമയില്ലാതായി. അവരെ ഞാൻ കാണട്ടെ.

അഘോരനാഥൻ ഉടനെ മറേറ അകത്തേക്കു കടന്നു്, തന്നെപ്പോലെത്തന്നെ വേഷമായ ഒരാളെ കൂട്ടികൊണ്ടുവന്നു് രാജാവിന്റെ മുമ്പാകെ നിർത്തി. 'ഇന്നു രാവിലെ ഇവിടുത്തെ ശത്രുക്കളുടെ പക്കൽ നിന്നും വീണ്ടുകൊണ്ട ആൾ ഇദ്ദേഹമാണു് ' എന്നു പറഞ്ഞു അപ്പോൾത്തന്നെ അദ്ദേഹം രാജാവിനെ വളരെ വിനയത്തോടുകൂടി തൊഴുതു കുമ്പിട്ടു. അവിടെ ഉണ്ടായിരുന്നവർ എല്ലാവരും അതിവിസ്മയത്തോടുകൂടി തേജോമയനായ അദ്ദേഹത്തെത്തന്നെ ജമച്ച മിഴികൂടാതെ നോക്കിത്തുടങ്ങി.

രാജാവു്: അവർ യവനന്മാരാണെന്നല്ലേ ഉണ്ണി പറഞ്ഞതു്. അവർ എവിടെ? യവനന്മാർ എവിടെ? എന്നെയും രാജ്യത്തെയും രക്ഷിച്ച യവനന്മാർ എവിടെ?

അഘോരനാഥൻ: യവനവേഷം ധരിച്ചിരുന്നു, അത്രമാത്രമേയുള്ളു, [ 110 ] ഇദ്ദേഹം തന്നെയാണ് ഇവിടുത്തെ ശത്രുക്കളിൽനിന്ന് വീണ്ടത്. വിഷേശിച്ച്-

രാജാവു്: വിഷേശിച്ച് എന്താ?

അഘോരനാഥൻ: വിശേഷിച്ച് ഇദ്ദേഹം വളരെക്കാലം ഇവിടത്തെ പ്രധാനമന്ത്രിയായിരുന്ന കപിലനാഥനാണു്. എന്റെ ജ്യേഷ്ഠനാണു്.

കപിലനാഥന്റെ സൂഷ്മാവസ്ഥയെ ഇപ്രകാരം വെളിപ്പെടുത്തിയപ്പോൾ അവിടെ കൂടീട്ടുണ്ടായിരുന്നവരുടെ ആശ്ചര്യം വാക്കുകളെകൊണ്ടു് വർണിക്കുവാൻ പ്രയാസം. അവരിൽ നിന്ന് ആശ്ചര്യസൂചകങ്ങളായ പല ശബ്ദങ്ങളും വാക്കുകളും പെട്ടെന്നു് അവരുടെ അറിവുകൂടാതെ പുറപ്പെട്ടു. 'എന്റെ അച്ഛനോ!' എന്നു പറഞ്ഞ് സ്വർണമയീദേവി പിതൃസ്നേഹംകൊണ്ടു വിവശയായി കപിലനാഥനെ കെട്ടിപ്പിടിച്ചു. അദ്ദേഹം ഉടനെ തന്റെ പുത്രിയെ മുറുകെത്തഴുകി ഹർഷാശ്രുക്കളോടുകൂടി മൂർദ്ധാവിൽ പല പ്രാവശ്യം ചുംബിച്ചു.

രാജാവ് 'കപിലനാഥൻ' എന്ന ശബ്ദം കേട്ടപ്പോൾ അസാരം നേരം നിശ്ചേഷ്ടനായി ഇരുന്നു. പിന്നെ ഹർഷാശ്രുപ്ളുതനായി രോമാ‍ഞ്ചത്തോടുകൂടി 'ഈശ്വരാ! എന്റെ ഈ അവസ്ഥ ജാഗ്രത്തോ, സ്വപ്നമോ? സ്വപ്നമാവാനേ സംഗതിയുള്ളു' എന്നു ഗൽഗദാക്ഷരമായി പറഞ്ഞു് ആസനത്തിന്മേൽനിന്നു് എഴുനീറ്റു വേപിതാംഗനായികൊണ്ടു തന്റെ മുമ്പിൽ സാ‍ഞ്ജലിയായി നിൽക്കുന്ന കപിലനാഥനെ ഗാഢമായി ആശ്ളേഷംചെയ്തു: 'ഉണ്ണീ' എന്നു് പ്രതാപചന്ദ്രനെ വിളിച്ചു്, 'ഉണ്ണിയെ വളരെ ചെറുപ്പത്തിൽ വിദ്യാഭ്യാസം ചെയ്യിപ്പിച്ച ഗുരുനാഥനാണിത്! വന്ദിക്കൂ!' എന്നു പറഞ്ഞ ഉടനെ പ്രതാപചന്ദ്രൻ അദ്ദേഹത്തിന്റെ അടുക്കെ ചെന്നു വന്ദിച്ചു. പ്രതാപചന്ദ്രനേയും കപിലനാഥൻ ആശ്ളേ‍ഷിച്ചു. അടുത്തു നിന്നിരുന്ന സ്വർണമയിയേയും മാറത്തേക്കണച്ചുകൊണ്ടു് തന്റെ ആനന്ദബാഷ്പത്താൽ രണ്ടുപേരെയും പുതുതായി അഭിഷേകംചെയ്കയുംചെയ്തു.

രാജാവു്: (കണ്ണുനീർ തുടച്ചുകൊണ്ടു്) ഈ മഹാപാപിയായ എന്നെ രണ്ടാമതും കാണേണമെന്നു് തോന്നിയത് കപിലനാഥന്റെ ബുദ്ധിഗുണംകൊണ്ടുതന്നെയാണു്. എന്റെ അല്പബുദ്ധികൊണ്ടു് അങ്ങേയ്ക്ക് അനിഷ്ടമായി ഞാൻ പറഞ്ഞതും പ്രവർത്തിച്ചതും സകലവും ക്ഷമിക്കണം എന്നു മാത്രം ഈ വൃദ്ധന്നു് ഒരു അപേക്ഷയുണ്ടു്.

കപിലനാഥൻ: എന്റെ സ്വാമിയുടെ ആജ്ഞ ഇഷ്ടമെങ്കിലും, കഷ്ടമെങ്കിലും, അതിനെ ലംഘിച്ചു രാജ്യത്തെയും സ്വാമിയെയും വെടിഞ്ഞുപോവാൻ തോന്നിയത് എന്റെ അവിവേകം കൊണ്ടാണു്. അതിനെക്കുറിച്ച് ഇവിടുത്തേക്കു് എന്റെമേൽ ഇനിയെങ്കിലും സുഖക്കേടു് തോന്നാതിരിപ്പാൻ യാചിക്കുന്നു.

രാജാവു്: ദുഷ്ടന്മാരായ ചില സചിവന്മാരുടെ ഉപദേശത്തിന്മേൽ [ 111 ] എന്റെ മൂഢതക്കൊണ്ട് ആ കഠിനമായ കല്പന കല്പിച്ചുപ്പോയതാണ്. കപിലനാഥൻ പോയതിൽ പിന്നെ ഞാൻ ചെയ്തതിനെക്കുറിച്ചുണ്ടായ പശ്ചാതാപംതന്നെ എനിക്കു തക്കതായ ഒരു ദണ്ഡനയായിരിക്കുന്നു. ഇനി ആ കഥയെ രണ്ടാമതും ഓർമപ്പെടുത്തി എന്നെ വ്യഥപ്പടുത്താതിരിക്കണേ.

കപിലനാഥൻ: ഇവിടുത്തെ ദാസനു് ഒരു യാചനകൂടിയുണ്ടു്.

രാജാവു്: ഞാൻ എത്രതന്നെ വലിയ ഒരു വരപ്രദാനംചെയ്താലും അത് കപിലനാഥൻ എനിക്ക് ചെയ്തിട്ടുള്ളതിന്നു തക്കതായ ഒരു പ്രത്യുപകാരമാവാൻ പാടില്ല. അതുക്കൊണ്ടു് എന്തുതന്നെ ആയാലും വേണ്ടതില്ല, ചോദിക്കാം.

കപിലനാഥൻ: എന്റെ നൈരാശ്യംകൊണ്ടും തത്സമയത്തെ കോപംകൊണ്ടും നാടുവിട്ടുപോകുന്ന സമയം ഇവിടുത്തേക്ക് അത്യന്തം വ്യസനകരമായ ഒരു കാര്യം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ സ്വാമിയെ ആ കഠിനമായ ദു:ഖത്തിനു പാത്രമാക്കുവാൻ എനിക്കു തോന്നിയത് വിചാരിച്ചുനോക്കുമ്പോൾ എന്നെപ്പോലെ ഇത്ര നിഷ്കണ്ടകനായ ഒരു സ്വാമിദ്രോഹി പണ്ടുണ്ടായിട്ടില്ലെന്നു പ്രത്യക്ഷമാകും.

രാജാവു്: ഏറ്റവും വിശ്വാസത്തോടും സ്വാമിഭക്തിയോടും കൂടിയും, രാജ്യകാര്യങ്ങൾ നടത്തിവരുന്ന ഒരു ഉത്തമ സചിവന്റെ ഗുണങ്ങൾ ലേശം‌പോലും അറിവാൻ കഴിയാതെ അനർഘമായ ഒരു രത്നം കൈയിൽ കിട്ടിയ വാനരനെപ്പോലെ, ആ സചിവശിരോമണിയെ ഉപദ്രവിക്കാൻ തുനിഞ്ഞ എന്നെ വ്യസനിപ്പിക്കാൻ എന്തുതന്നെ ചെയ്താലും ആയത് അവിഹിതമായി എന്ന് ഒരു കാലത്തും വരികയില്ല.

കപിലനാഥൻ ഏറ്റവും പ്രീതിപൂണ്ട്, 'എന്റെ അപരാധങ്ങൾക്കു് മാപ്പുതന്നരുളേണം' എന്നപേക്ഷിച്ചു. ഉടനെ മറ്റേ അകത്തേക്കു കടന്നുപോയി.

രാജാവും കപിലനാഥനുംകൂടി സംസാരിച്ചുകൊണ്ടിക്കെ ചന്ദനോദ്യാനത്തിലും അതിനു സമീപവും ഉള്ള ആളുകൾ നാലു വശത്തും വന്നുനിറഞ്ഞു. വളരെ സന്തോഷത്തോടുക്കൂടി കപിലനാഥനെ നോക്കി നിന്നിരുന്നു. അദ്ദേഹത്തിന്റെ ഭൃത്യന്മാരോ, ആശ്രിതന്മാരോ, അദ്ദേഹത്തിന്റെ ഔദാര്യത്തെ വല്ല പ്രകാരത്തിലും ആസ്വദിച്ചവരോ അല്ലാതെ ആരുംതന്നെ ആ ദിക്കിലെങ്ങും ഉണ്ടായിരുന്നില്ല. കപിലനാഥൻ രാജാവിന്റെ മുമ്പാകെ തന്റെ സ്വതെയുള്ള വേഷത്തോടുകൂടി ചെന്നുനിന്നപ്പോഴേക്കു കുറച്ചുനേരത്തിനുള്ളിൽ കേട്ടു കേൾപ്പിച്ച ഉദ്യാനത്തിലും അതിനു സമീപമുള്ള ആളുകൾ അവരവരുടെ പണിയെ വിട്ട് ഓടിയെത്തീട്ടുണ്ടായിരുന്നു. കപിലനാഥൻ മരിച്ചിരിക്കുന്നുവെന്നായിരുന്നൂ എല്ലാവരുടെയും പരക്കെയുള്ള വിശ്വാസം. അതിനാൽ അധികം അത്ഭുതമുണ്ടായി. അവിടുത്തെ വാതില്ക്കലും കിളിവാതിലുകളിൽക്കൂടെയും കപിലനാഥനെ [ 112 ] കാണുവാൻവേണ്ടി ക്ഷമകൂടാതെ തിക്കിത്തിരക്കി നോക്കിക്കൊണ്ടു നില്ക്കേ അവർക്കു നയനാന്ദകരനായിരിക്കുന്ന ആ കപിലനാഥൻ ദിവ്യമായിരിക്കുന്ന വസ്ത്രാഭരണങ്ങളെക്കൊണ്ടു് അതിമനോഹരമാകുംവണ്ണം അലംകൃതമായി, ഏറ്റവും സൗഭാഗ്യവതിയായ ഒരു കന്യകാരത്നത്തിന്റെ കൈയും പിടിച്ചുകൊണ്ടു രാജാവിന്റെ മുമ്പിൽ വന്നുനിന്നു. രാജാവും കണ്ടുനിന്നിരുന്ന മറ്റെല്ലാവരും അല്പനേരം അത്യാശ്ചര്യം കൊണ്ടു പാവകളെപ്പോലെ അനിമീലിതനേത്രന്മാരായി.

കപിലനാഥൻ 'കുന്ദലതേ, ഇനി മേലാൽ എന്നെ അച്ഛാ എന്നുവിളിക്കേണ്ട്. അച്ഛൻ കലിം‌ഗമഹാരാജാവായ ഇദ്ദേഹമാണ്, വന്ദിക്കൂ!' എന്നു പറഞ്ഞു. അപ്പോൾ കുന്ദലതയ്ക്കുണ്ടായ അത്ഭുതവും രാജാവിനുണ്ടായ സന്തോഷവും എല്ലാവരുടെയും വിസ്മയവും ആരെക്കൊണ്ടു പറവാൻ കഴിയും! കുന്ദലത അച്ഛന്റെ മുൻപാകെ സാഷ്ടാഗം നമസ്കരിച്ചു. രാജാവ് സംഭ്രമത്തോടുകൂടി പുത്രിയെ എഴുനീൽപ്പിച്ചു തന്റെ മാറത്തേക്കണച്ചു സന്തോഷപരവശനായി പിന്നോക്കം ചാരിയിരുന്നു്, കുറെനേരം ഒന്നും സംസാരിക്കാതെ കണ്ണുനീർ വാർത്തു. പിന്നെ കുന്ദലത, 'അച്ഛാ, എന്നെ അനുഗ്രഹിക്കേണമേ!' എന്നു മധുരതരമാകുംവണ്ണം പറഞ്ഞപ്പോൾ, രാജാവു് ആ ആനന്ദമൂർച്ഛയിൽനിന്നുണർന്നു് കുന്ദലതയെ ഗാഢമായി പിന്നെയും പിന്നെയും ആശ്ലഷിച്ച്, മൂർദ്ധാവിൽ പലവുരു ചുംബിച്ചശേഷം രണ്ടു കൈകളെക്കൊണ്ടും തല തൊട്ടനുഗ്രഹിക്കുകയുംചെയ്തു.

രാജാവു്: ഈശ്വരൻ ഇന്ന് എന്നെ സന്തോഷം കൊണ്ടു കൊല്ലുവാൻ നിശ്ചയിച്ചിരിക്കുന്നുവോ? ഈ മോദഭാരം വഹിക്കുവാൻ എനിക്ക് ഒട്ടും ശക്തി പോരാ. ഇനി എനിക്കു ഗംഗാതീരത്തേക്കും മറ്റും പോകാനാഗ്രഹമില്ല. ഈ സന്തോഷം അനുഭവിച്ചുകൊണ്ടു തന്നെ പരലോകപ്രാപ്തിക്കു സംഗതിവന്നാൽ മതിയായിരുന്നു. ഇത്ര അപരിമിതമായ സന്തോഷം ഇതിൻകീഴിൽ ഉണ്ടായിട്ടില്ല, നിശ്ചയം. മേലാൽ എത്ര കാലം ഇരുന്നാലും, എവിടെത്തന്നെ പോയാലും, എന്തുതന്നെ ചെയ്താലും ഈ വിധം സന്തോഷം ഉണ്ടാകുന്നതും അല്ല.

കപിലനാഥൻ: ഇവിടുത്തെ ആഗ്രഹം സാധിക്കുന്നതാകയാൽ അതു ഞങ്ങൾക്കു വലിയൊരിച്ഛാഭംഗത്തിന്നു കാരണമാണു്. ദയാപയോധിയായിരിക്കുന്ന അങ്ങുന്നു്, ഞങ്ങളുടെ ഇടയിൽ രാകാസുധാകരനെപ്പോലെ ആഹ്ലാദകരനായി ഇനിയും ചിരകാലം ഇരിക്കേണമെന്നാണ് ഞങ്ങളുടെ പ്രാർത്ഥന.

പിന്നെ കപിലനാഥൻ 'ഇതു ജ്യേഷ്ഠനാണു്' എന്നു പറഞ്ഞ് കുന്ദലതയ്ക്ക് പ്രതാപചന്ദ്രനെ കാണിച്ചുകൊടുത്തു. അവർ തമ്മിൽ തങ്ങളുടെ സ്നേഹത്തെ കാണിച്ച ശേഷം, കപിലനാഥൻ കുന്ദലതയെ മറ്റെല്ലാവരുടെയും അടുക്കൽ കൊണ്ടുപോയി.ഓരോരുത്തരെ വെവ്വേറെ വിവരംപറഞ്ഞ് കാണിച്ചു. കുന്ദലതയ്ക്കു പണ്ടു താൻ കാണാത്ത ആളുകളേയും സ്ഥലങ്ങളെയും സാധനങ്ങളേയും [ 113 ] കാണുകയാൽ ഒരു പുതിയ ലോകത്തു വന്നതുപോലെ തോന്നി. നാലു ഭാഗത്തേക്കും വിസ്മയത്തോടുകൂടി നോക്കികൊണ്ടു സ്വർണമയീദേവിയുടെ സമീപത്തു പോയി ഇരുന്നു. കുറച്ചുനേരംകൊണ്ടുതന്നെ സ്വർണ്ണമയിയും കുന്ദലതയും തമ്മിൽ ഊഢമായ സൗഹാർദം സംഭവിക്കുകയാൽ, പ്രതാപചന്ദ്രനും കപിലനാഥനും വളരെ സന്തോഷമാകയും ചെയ്തു.

അഘോരനാഥൻ രണ്ടാളുകളെക്കൂടെ രാജാവിന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തി. യവനന്മാരുടെ വേഷം ധരച്ചിരുന്ന മറ്റുരണ്ടാളുകൾ ഇവരാണെന്നുർത്തിച്ചു.

രാജാവു്: (അവരുടെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ) 'ഇതു് താരാനാഥനല്ലേ?' എന്നു ചോദിച്ചു.

അഘോരനാഥൻ: അതെ, താരാനാഥൻ തന്നെ. ഇവിടെനിന്നു പോയിട്ടു് ഒരു സംവത്സരത്തോളമായി. ദൈവാനുകൂലംകൊണ്ടു് ആപത്തൊന്നും കൂടാതെ ആപത്തൊന്നും കുടാതെ പല ദിക്കുകളിൽ സഞ്ചരിച്ചു്, ജ്യേഷ്ഠന്റെ അടുക്കെത്തന്നെയാണു് ഒടുവിൽ ചെന്നെത്തിയതു്.

രാജാവു്: അത്ഭുതം! പ്രകൃതാ ദേഹികൾ തമ്മിലുള്ള സ്നേഹം അവരുടെ അറിവുകൂടാതെയും അവരെ അനോന്യം ആകർഷിക്കുമോ! മറ്റേ ആളെഎനിക്കു മനസ്സിലായില്ല.

അഘോരനാഥൻ: ഇവൻ ജ്യേഷ്ഠന്റെ ഭൃത്യനാണു്. മുപ്പതു സംവത്സരത്തിൽ പുറമായി ജ്യേഷ്ഠന്റെ കൂടെതന്നെ താമസിച്ചു വരുന്നു‌. വളരെ വിശ്വാസയോഗ്യനാണു്. ജ്യേഷ്ഠന്റെ ഗൂഡവാസത്തിലും കൂടെയുണ്ടായിരുന്നു. രാമദാസൻ എന്നാണു് പേരു്‌.

രാജാവു് രാമദാസനോടും തന്റെ സന്തോഷം കാണിച്ചു.

താരാനാഥൻ രാജാവിനോടു് സംസാരിച്ചു് കഴിഞ്ഞപ്പോഴേക്കു, അയാളെ പ്രതാപചന്ദൻ കൈ പിടിച്ചു വേറോരുത്തിടത്തേക്കു കൂട്ടികൊണ്ടു പോയി. അവിടേക്കു് സ്വർണമയിയും എത്തി. പ്രതാപചന്ദ്രൻവളരെ സ്നേഹത്തോടുകൂടി താരാനാഥനെ ആശ്ളേഷം ചെയ്തു. താരാനാഥനും, അവരുടെ കല്യാണം കഴിഞ്ഞതിനെക്കുറിച്ചും മറ്റും തന്റെ സന്തോഷത്തെ പ്രതർശിപ്പിച്ചു. കുന്ദലത അടുക്കെനിന്നു് അതൊക്കെയും അതൊക്കെയും കണ്ടു് അതൊക്കെയും കണ്ടു് സന്തോഷത്തോടുകൂടി താരാനാഥനെ കടാക്ഷിക്കുകയുംചെയ്തു.

പ്രതാപചന്ദ്രൻ: എന്റെ പരുഷവാക്കുകൊണ്ടു സുഖക്കേടായിട്ടാണു് താരാനാഥൻ പോയതു്, അല്ലേ? ഞാൻ തല്ക്കാലത്തെ കോപം കൊണ്ടു വല്ലതും പറഞ്ഞുപോയിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കേണമേ.

താരാനാഥൻ: എന്റെ പ്രവൃത്തികൊണ്ട് അങ്ങനെ ശങ്കിപ്പാൻ വഴിയുണ്ടായിരിക്കാം. എന്നാൽ, വസ്തുത അങ്ങനെയല്ലതാനും. അതു നിങ്ങളെ അറിയിക്കുന്നതിനും വിരോധമില്ല. നിങ്ങഴിരണ്ടുപേരും കൂടി എന്നെ കൂട്ടാതെ ഓരോന്നു പറയുകയും നടക്കുകയും ചെയ്താലും എനിക്കു സല്ലാപത്തിനും സഹവാസത്തിനും വേണ്ട [ 114 ] ആരും ഇല്ലാതിരുന്നതിനാലും, കുണ്ഠിതം തോന്നി ആരോടും പറയാതെ എങ്ങോട്ടെങ്കിലും പോകുവാൻ നിശ്ചയിച്ചതാണു്. അല്ലാതെ നിങ്ങളുടെ നേരെ നീരസം തോന്നുകയാലാണെന്നു് ഒരിക്കലും നിങ്ങൾക്കു തോന്നരുതു്. മേലിൽ നിങ്ങൾ അങ്ങനെ ചെയ്യുന്നതിനു് എന്ക്കു് ഒട്ടും ഖേദം ഉണ്ടാകാൻ അവകാശമില്ലതാനും.

പ്രതാപചന്ദ്രൻ: താരാനാഥൻ പോയതിൽ പിന്നെ ഇതാ, ഇപ്പോൾ തമ്മിൽ അറിഞ്ഞു കണ്ടു സംസാരിച്ചവരേയും എന്റെ വാക്കുകളായിരിക്കുമോ താരാനാഥന്റെ പ്രവൃത്തിക്കു കാരണം എന്നൊരു ശല്യം എപ്പോഴും വിട്ടുപോകാതെ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു.

മേൽപ്രകാരം താരാനാഥനുണ്ടായിരുന്നുവെന്നു വിചാരിച്ചിരുന്ന സുഖക്കേടു പറഞ്ഞുതീർത്തതിൽ പിന്നെ താരാനാഥൻ ഒരോ ദിക്കുകളിൽ സഞ്ചരിച്ചതും, കുന്ദലതയേയും കപിലനാഥനേയും കണ്ടെത്തിയതും മറ്റും വിശേഷങ്ങൾ സോദരീസോദരന്മാർ നാലുപേരും കൂടിയിരുന്നു സംഭാഷണംചെയ്യുന്നതു കണ്ട കപിലനാഥനും അഘോരനാഥനും വളരെ സന്തോഷിച്ചു.

അതിന്റെശേഷം കപിലനാഥൻ തന്റെ പണ്ടത്തെ ഭൃത്യന്മാരേയും സമീപം ദിക്കുകളിൽനിന്നു് തന്നെ കാണ്മാനായി വന്നിരുന്നവരും തന്റെ ആശ്രിതന്മാരുമായ മറ്റു പലരേയും കണ്ടു് കുശലം ചോദിപ്പാനായി അവരുടെ മുമ്പിലേക്കു് ചെന്നു. അപ്പോൾ അവർക്കുണ്ടായ സന്തോഷം ഇത്ര എന്നു പറഞ്ഞുകൂടാ. അദ്ദേഹം കണ്ടറിഞ്ഞതിൽ മന്ദസ്മിതത്തോടുകൂടി എല്ലാവരെയും പ്രത്യകം പ്രത്യേകം നോക്കി മിക്കവരോടും ഒന്നുരണ്ടു വാക്കു് സംസാരിച്ചു. ചിലർ കാൽക്കൽ വീണിട്ടും, ചിലർ കരഞ്ഞിട്ടും മറ്റു പ്രകാരത്തിലും അവർ തങ്ങളുടെ ആന്തരമായ സ്നേഹത്തേയും ഭക്തിയേയും കൃത‍ഞ്തയേയും സന്തോഷത്തേയും വെളിപ്പെടുത്തി. അസാരന്മാരാണെങ്കിലും അവരുടെ മന:പൂർവമായും ഏറ്റവും നിർവ്യാജമായും ഉള്ള ആ സ്നേഹസൂചകങ്ങളെ കണ്ടപ്പോൾ വളരെ ദയാലുവായ കപിലനാഥൻ മനസ്സലിയുകയുംചെയ്തു.

അന്നത്തെ രാത്രി ഉദ്യാനത്തിൽ എല്ലാവരും പുതുതായി വന്നവരോടു സംഭാഷണംചെയ്തുകൊണ്ടും, അവരുടെ ഓരോ കഥകളെ കേട്ടുകൊണ്ടും തന്നെ, നേരം കഴിച്ചു. ഭൃത്യന്മാരുടെ ഇടയിലും സന്തോഷത്തിനു് ഒട്ടും കുറവുണ്ടായിരുന്നില്ല. രാമദാസന്റെ അമ്മയും പെങ്ങളും ഒരേടത്തു് അവനെ അരികത്തിരുത്തി അവൻ പോയതിൽ പിന്നെയുണ്ടായതത്രയും ചോദിച്ചറിഞ്ഞു. മറ്റൊരേടത്തു് തങ്ങളുടെ ചെറിയമ്മയായ പാർവതിയോട് വർത്തമാനങ്ങൾ ചോദിച്ചു. വേറേ പല ദിക്കുകളിലും രണ്ടും നാലും ആളുകളായി കൂടിയിരുന്നു് യവനന്മാരുടെ പരാക്രമത്തെയും, കുന്തളേശന്റെ അപജയത്തെയും, വേടർക്കരചന്റെ കൂറിനേയും, [ 115 ] മററും പല സംഗതികളെക്കുറിച്ചും പറഞ്ഞു രസിച്ചുകൊണ്ടിരുന്നു. എന്നാൽ, കപിലനാഥന്റെ യോഗ്യതയേയും കുന്ദലതയുടെ സൗഭാഗ്യഗുണങ്ങളെയും പിന്നെയും പിന്നെയും പറഞ്ഞു് അതിശയപ്പെടാത്തവർ ആരുംതന്നെയുണ്ടായിരുന്നതുമില്ല.

"https://ml.wikisource.org/w/index.php?title=കുന്ദലത/അഭിഞ്ജാനം&oldid=30923" എന്ന താളിൽനിന്ന് ശേഖരിച്ചത്