താൾ:Kundalatha.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തുണ്ട്. ഭവിഷ്യത്തിനെ വഴിപോലെ ആലോചിക്കാതെ പ്രവർത്തിക്കുന്നവരെക്കുറിച്ച് എനിക്കു് അല്പം പോലും ബഹുമാനമില്ല. എന്നെയല്ലാതെ വേറെ ഒരു ചെറുപ്പക്കാരനെയും കുന്ദലതക്ക് കാണ്മാൻ സംഗതി വന്നിട്ടില്ലല്ലോ. മേലാൽ ഓരോ രാജ്യങ്ങളേയും ജനങ്ങളെയും സഞ്ചരിച്ചു കാണുവാൻ കുന്ദലതയ്ക്ക് തന്നെ സംഗതിവന്നാൽ, എന്നെക്കാൾ ഗുണോൽക്കർഷം ഉള്ളവരും കുന്ദലതയ്ക്ക് അധികം അനുരൂപന്മാരുമായ പുരുഷന്മാരുണ്ടായിരിക്കെ ഈ അസാരനായ എന്നെ വരിച്ചതൂ അബദ്ധമായി എന്നൊരു പശ്ചാത്താപം ലേശംപോലും തോന്നുവാൻ ഇടവെക്കരുതെ. ഭഗവതി എന്റെ ഭാര്യയായി എന്നുവരികിൽ എനിക്കു ജന്മസാഫല്യം വന്നു.എങ്കിലും സ്വർത്ഥത്തെ മാത്രം കൊതിച്ചു ഭവിഷ്യത്തുകളായ ദോഷങ്ങളെ എന്നാൽ മുൻകൂട്ടി കാണാൻ കഴിയുന്നേടത്തോളമെങ്കിലും, ഭവതിയെ അറിയിക്കാതെ കഴിക്കുന്നതൂ ഏറ്റവും പാപകരമാണ്. ആയതുകെണ്ട്, ജീവാവസാനംവരെ നിൽക്കേണ്ടതായ നമ്മിലെ ഈ ശാശ്വതമായ സംബന്ധത്തെ തീർച്ചപ്പെടുത്തുന്നതിന്നു മുമ്പായി ഒരിക്കൽക്കൂടി ഗുണദോഷങ്ങളെ വഴിപോലെ ആലോചിക്കെണമെ.

കുന്ദലത: അങ്ങുന്നു പറയുമ്പോലെ വേറെ ഒരു പുരുഷനെ വരിക്കാമായിരുന്നുവെന്ന് എനിക്കു തോന്നുന്നതാകയാൽത്തന്നെ, [ഈശ്വരാ! ഇങ്ങനെ തോന്നുന്ന കാലത്ത് എന്റെ ഈ ഹൃദയം നശിക്കട്ടെ] ഇപ്പോൾ സമർപ്പിച്ചിരിക്കുന്നേടത്ത് എന്റെ അനുരാഗത്തെ തിരികെ എടുക്കുവാൻ എന്നാൽ അശക്യമാണ്. ആയതുകൊണ്ട് ഇനി ആ വിധം ആലോചനകൾ നിഷപ്രയോജനമെന്നു തീർച്ചതന്നെ. നന്മയായാലും തിന്മയായാലും വേണ്ടതില്ല. ഇനി മേലാൽ ഞാൻ അങ്ങേടെ കുന്ദലത, അങ്ങുന്നു എന്റെ പ്രിയ രാമകിശോരൻ; ഇതിന്നു യാതൊരു ഇളക്കവും ഇല്ല. കാലദേശാവസ്ഥകളെ‌ക്കണ്ടു ഭേദപ്പെടാതെ, സമ്പത്തിലും, വിപത്തിലും ആപത്തിലും അരിഷ്ടതയിലും, ഒരുപോലെ ജീവാവസാനപര്യന്തം അങ്ങേ ദൃടമാകുംവണ്ണം സ്നേഹിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന ഈ ഹൃദയത്തെയും എന്നെയും, അഖിലചരാചര ഗുരുവായ ജഗദീശ്വരൻ സാക്ഷിയാകെ അങ്ങേയ്ക്കായതുകൊണ്ട് ഇതാ ദാനംചെയ്യുന്നു.

എന്നിങ്ങനെ പറഞ്ഞു വീഴുവാൻ ഭാവിക്കുമ്പോഴേക്കു, രാമകിശോരൻ ഹർഷാശ്രുക്കളോടുകൂടി പിടിച്ചു നിർത്തി രണ്ടുപേരും അന്യോന്യം ഗാഢമാകുംവണ്ണം ആശ്ലിഷ്ടന്മാരായി, കുറെ നേരത്തേക്കു തങ്ങളുടെ മറ്റു സകല അവസ്ഥകളും വിചാരങ്ങളും മറന്ന്, ആനന്ദാർണവത്തിൽ നിമഗ്നന്മാരായി നിന്നു.

പിന്നെ ദീർഘാശ്വാസത്തോടുകൂടി തമ്മിൽ വേർവിട്ടു് രണ്ടാമതും സംഭാഷണം തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/87&oldid=145318" എന്ന താളിൽനിന്നു ശേഖരിച്ചത്