കുന്ദലത/ഗൂഢസന്ദർശനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കുന്ദലത
രചന:അപ്പു നെടുങ്ങാടി
ഗൂഢസന്ദർശനം

കുന്ദലത

  • ആമുഖം
  1. യോഗീശ്വരൻ
  2. കുന്ദലത
  3. നായാട്ട്
  4. ചന്ദനോദ്യാനം
  5. രാജകുമാരൻ
  6. അതിഥി
  7. വൈരാഗി
  8. ഗൂഢസന്ദർശനം
  9. അഭിഷേകം
  10. ശിഷ്യൻ
  11. ശുശൂഷകി
  12. ദൂത്
  13. ദുഃഖ നിവാരണം
  14. അനുരാഗവ്യക്തി
  15. നിഗൂഹനം
  16. യുദ്ധം
  17. അഭിഞ്ജാനം
  18. വിവരണം
  19. വിമോചനം
  20. കല്യാണം

കുന്ദലത


[ 39 ] കുലിംഗമഹാരാജാവു് പുത്രനായ പ്രതാപചന്ദന്നു വിവാഹംകഴിഞ്ഞതിന്നുശേഷം അധികം താമസിയാതെ, ഒരു ദിവസം അഘോരനാഥനെ വരുത്തുവാൻ ആളെ അയച്ചു തനിക്കു വാർദ്ധക്യം ഹേതുവായിട്ടു് ബുദ്ധിക്കു മന്ദതയും കാര്യങ്ങളിൽ അലസതയും ഉളളവിവരം അദ്ദേഹത്തിന്നുതന്നെ അറിവില്ലായ്കയല്ല. ബാലനായി രുന്നപ്രതാപചന്ദ്രന്നു് കറെക്കുടി പ്രായമാകട്ടെ എന്നു വിചാരിച്ചു് അത്രനാളും കഴിഞ്ഞു. ഇപ്പോൾ രാജകുമാരന്നു് ഇരുപത്തഞ്ചു വയസ്സ്പ്രായമായി, രാജ്യഭാരം വഹിക്കുവാൻ ശക്തനായി. വിവാഹവും കഴിഞ്ഞു. അതുകൊണ്ടു് പ്രതാപചന്ദ്രന് അഭിഷേകം കഴിഞ്ഞു് അഘോരനാഥനെ പ്രധാനമന്ത്രിയായി നിശ്ചയിച്ചു്, അവരെ സകലവും ഭരമേല്പിച്ചു് തനിക്കു രാജ്യം വിട്ടു് വിശ്വവിശ്രുതയായ മണികർണികയിങ്കൽ പോയി ആ പുണ്യഭൂമിയിൽ ശേഷം ജീവകാലം കഴിച്ചു്, മരിക്കുമ്പോൾ സാക്ഷാൽ ഈശ്വരങ്കിൽ നിന്നു് താരകബ്രഹ്മം ഉപദേശം വാങ്ങി സായൂജ്യം സമ്പാദിക്കേണമെന്നു വളരെ കാലമായി താൻ വിചാരിച്ചുപോന്നിരുന്ന ആഗ്രഹം സാധിക്കുവാൻ നല്ല തരം വന്നുവെന്നു നിശ്ചയിച്ചു് അഘോരനാഥൻ വന്ന ഉടനെ തന്റെ അഭിലാഷം ഒക്കെയും തുറന്നു പറഞ്ഞു' ഞാൻ സംസാരസാഗരത്തിൽ നിയമഗ്നനായി ഇഹത്തിലേക്കും പരത്തിലേക്കും കൊള്ളാതെ ഇങ്ങനെ കഷ്ടമായി കാലക്ഷേപംചെയ്തു വരുന്നതിനാൽ വളെരെ വ്യസനമുണ്ടു്. വാർദ്ധക്യം കൊണ്ടു് ബുദ്ധിമന്ദിച്ചിരിക്കയാൽ എന്റെ പ്രവൃത്തികളെകൊണ്ടു് പ്രജകൾക്കു ക്ഷേമംവഴിപോലെ ഉണ്ടാവില്ലെന്നുതന്നെയല്ല, മേലാൽ വിചാരിക്കാതെകണ്ടുള്ള സങ്കടങ്ങൾ നേരിടുവാനും, ദുഷ്ടൻമാർക്കു് ശിക്ഷിക്കപ്പെടുമെന്നുള്ള ഭയംകൂടാതെ അധികമായ അന്യായങ്ങൾ പ്രവർത്തിപ്പാനും മറ്റും പല പല ദോഷങ്ങൾക്കും ഇടയുണ്ടാകുന്നതാണു്. അതുകൊണ്ടു് കഴിയുന്നവേഗത്തിൽ നമ്മുടെ കുമാരന്റെ അഭിഷേകത്തിനു് ഒരുക്കുകൂട്ടുകതന്നെ വേണം'.

അഘോരനാഥൻ മുഖപ്രസാദത്തോടുകൂടി കല്പിക്കും പ്രകാരം ചെയ്യാമെന്നുത്തരം പറഞ്ഞു. പിന്നെ അഭിഷേകത്തിന്റെ സംഗതിയെക്കുറിച്ചു് രാജാവും മന്ത്രിയുംകൂടി സംസാരിച്ചുകൊണ്ടിരിക്കെ രാജകുമാരൻ അവിടെക്കയ്ത്തി. രാജാവു തന്റെ നിശ്ചയത്തെ പുത്രനേയും അറിയിച്ചു.


രാജകുമാരൻ: ആശ്ചര്യം! ഈശ്വരകല്പിതം ഇത്ര സൂഷ്മമായി അറിയാമല്ലോ എന്നു പറഞ്ഞു.


രാജാവ്: എന്താ ഈശ്വരകല്പിതം അറിഞ്ഞതു് ? എന്നു ചോദിച്ചു.


രാജകുമാരൻ: രണ്ടു ദിവസം മുമ്പെ ഒരു വൈരാഗി ഇവിടെ വന്നിരുന്നു. അയാൾ എന്റെ പക്കൽ ഒരു എഴുത്തു തന്നിട്ടുണ്ടായിരുന്നു. ആയാൾ പറഞ്ഞപ്രകാരം ഇന്നു് അതു പൊളിച്ചു നോക്കിയപ്പോൾ ഛൻ പറഞ്ഞ കാര്യംതന്നെയാണു് അതിലും കണ്ടതു് അച്ഛനോടു് ആ വിവരം ആരെങ്കിലും പറയുകയുണ്ടായോ?


രാജാവ്: എന്നോടു് ആരും പറഞ്ഞിട്ടില്ല. എനിക്കു വളെരെ കാലമായുണ്ടായിരുന്ന മനോരാജ്യം താമസിയാതെ സഫലമാക്കേണമെന്നു നിശ്ചയിച്ചു് ഞാൻ അഘോരനാഥനെ വിളിച്ചു പറഞ്ഞതാണ്. എന്താണ് ആ ഓലയിൽ കണ്ടതു്. അതു വായിക്കുക.


രാജകുമാരൻ: 'താമസിയാതെ അഭിഷേകം കഴിച്ചു് ചിരകാലകീർത്തിമാനായി വാഴുക' എന്നു സംസകൃതത്തിൽ എഴുതിയിരു [ 40 ] ന്നതു വായിച്ചു. അപ്പോൾതന്നെ അഘോരനാഥൻ ആ ഓല വാങ്ങി നോക്കി.


രാജാവ് : ദൈവകല്പിതം ഇങ്ങനെ അറിവാടവന്നതുതന്നെ അത്ഭുതം. എന്റെ മനോരഥവും ഇതിനോടു് അനുകൂലിച്ചതു് അധികം അത്ഭുതം. ഏതെങ്കിലും ഇനി കാലവിളംബം ഒട്ടും അരുതു്.

അഘോരനാഥൻ എന്തോ ഒരു ശങ്ക തോന്നിയതുപോലെ ആ ഓലയിൽ എഴുതിതു് കുറെ നേരം സൂക്ഷിച്ചു നോക്കി. ഇതു് ഇപ്പോൾ എന്റെ പക്കൽ ഇരിക്കട്ടെ എന്നു പറഞ്ഞു് രാജാവിനോടു വിടവാങ്ങി ഓലയും കൊണ്ടു പോയി.

രാജാവു് പ്രതാപചന്ദ്രനെ സമീപത്തിരുത്തി, തന്റെ മനോരാജ്യങ്ങളെ ഒക്കെയും അറിയിച്ചശേഷം രാജധർമത്തെയും രാജ്യപരിപാലനത്തെയും സംബന്ധിച്ച പല സാരമായ ഉപദേശങ്ങളെ പറഞ്ഞുകൊടുക്കുകയും ചെയ്തു.

അഘോരനാഥൻ രാജാവിന്റെ തിരുമുമ്പാകെനിന്നു പോന്ന ഉടനെ, ആ ഓല രാജകുമാരന്റെ പക്കൽ കൊടുത്തു് സന്ന്യാസിയെ എവിടുനിന്നെങ്കിലും കണ്ടുപിടിച്ചുകൊണ്ടുവരേണമെന്നു പറഞ്ഞു് ഏല്പിച്ചു് പല വഴിക്കും ആളുകളെ അയച്ചു് ചന്ദനോദ്യാത്തിലേക്കു പോയി. അവിടെ എത്തി തന്റെ ആസ്ഥാനമുറിയിൽ ചെന്നു് അഭിഷേകത്തിന്നു വണ്ടുന്നവരെ ഒക്കെയും വരുത്തുവാൻ എഴുത്തുകൾ എഴുതുമ്പോൾ, ഒരു ഭൃത്യൻ കടന്നുചെന്നു.

അഘോരനാഥൻ എന്തിന്നു വന്നൂ, എന്നു ചോദിക്കും ഭാവത്തിൽ അവന്റെ മുഖത്തേക്കു നോക്കി.


ഭൃത്യൻ:ഇന്നലെ രാത്രി സന്ധ്യമയങ്ങിയ ഉടനെ ശരീരവും മുഖവും മുഴുവനും മറച്ചു് ഒരു മനുഷ്യൻ ഇവിടുത്തെ കാണേണമെന്നു പറഞ്ഞുകൊണ്ടു് ഇവിടെ വന്നിരുന്നു.അടിയന്തരമായി ഒരു കാര്യം പറവാനാണെന്നും പറഞ്ഞു.


അഘോരനാഥൻ: എവിടുന്നാണു് എന്നു് മററും വിവരം ചോദിച്ചുവോ? ഭൃത്യൻ: അതു ഞങ്ങൾ ചോദിക്കായ്ക്കയില്ല. ഞങ്ങളോടു യാതൊന്നും പറഞ്ഞില്ല ചോദിച്ചതു മാത്രം ശേഷിച്ചു.


അഘോരനാഥൻ: ഇനി എപ്പോൾ വരുമെന്നു പറഞ്ഞതു്?


ഭൃത്യൻ:അതും പറക ഉണ്ടായില്ല. ഞാൻ അദ്ദേഹത്തെ എവിടെവച്ചെങ്കിലും കണ്ടു ക്കൊള്ളാം എന്നു മാത്രം പറഞ്ഞുപോയി.

അഘോരനാഥൻ' ഇനി വരുന്നതറിയട്ടെ ' എന്നു മാത്രം പറഞ്ഞു് ഭൃത്യനെ അയച്ചു് തന്റെ പണി നോക്കിത്തുടങ്ങുകയും ചെയ്തു. അന്നുതന്നെ നാലഞ്ചു നാഴിക രാച്ചെന്നപ്പോൾ ദൂരത്തുനിന്നു് ഒരു കുതിരയെ ഓടിക്കുന്നതു കേട്ടു. ആ സമയത്തു് ഉദ്യാനത്തിലേക്കു വന്നതായിരിക്കുമെന്നു് അഘോരനാഥൻ ആലോചിച്ചു കൊണ്ടിരിക്കെ ഒരു ഭൃത്യൻ ഓടിക്കൊണ്ടുവന്നു്, ഇന്നലെ വന്ന [ 41 ] ആൾ തന്നെയാന്നു തോന്നുന്നു. ഇന്നലത്തെപ്പോലെ തന്നെയല്ലാവേഷം. ഇന്നു വിശേഷിച്ചു് കുതിരയും ഉണ്ടു് ' എന്നു പറഞ്ഞു അഘോരനാഥൻ: 'ആ ആളോടു് എന്റെ മന്ത്രശാലയിലേക്കു വരുവാൻ പറക ' എന്നു പറ‍ഞ്ഞു് താൻ മുമ്പെമന്ത്രശാലയിലേക്കു നടന്നു. മന്ത്രശാലയിൽ ചെന്നിരുന്നപ്പോളേക്കു് ആ മനുഷ്യനും എത്തി, ആഘോരനാഥനെ തന്റെ കൃത്രിമമുഖത്തെ നേത്രങ്ങളുടെ സൂക്ഷിച്ചു നോക്കി ആൾ മാറീട്ടില്ലെന്നു നല്ലവണ്ണം തീർച്ചയായശേഷം തന്റെ അടിക്കുപ്പായത്തിന്റെ ഉറയിൽ കൈയിട്ടു് ,അതിൽനിന്നു് ഒരു എഴുത്തു് എടുത്തു്, ഒന്നും പറയാതെ അഘോരനാഥൻ കൈയിൽ കൊടുത്തു. അഘോരനാഥൻ അയാളുടെ സ്വരുപവും പ്രച്ഛന്നവേഷവും മററും കണ്ടപ്പോൾ കുറച്ചുനേരം അന്ധനായി നിന്നുവെങ്കിലും എഴുത്തു കിട്ടി വായിച്ചപ്പോൾ സംഭ്രമം ഒക്കെയും തീർന്നു സന്തോഷംകൊണ്ടായിരിക്കാമെന്നു തോന്നുന്നു, അദ്ദേഹത്തിനുകണ്ണുനീർ തന്നാലെപൊടിഞ്ഞു. ആ എഴുത്തു് ഒരിക്കൽക്കൂടി വായിച്ചു. കണ്ണുനീർ തുടച്ചു പിന്നെയും വായിച്ചും അതിന്റെശേഷം ആ എഴുത്തു് കൈയിൽ നിന്നു വെക്കാതെ ആ നിലയിൽ തന്നെ നിന്നു് ഒരു രണ്ടുമൂന്നു നാഴിക നേരം രഹസ്യമായി ആ മനുഷ്യനോടുസംസാരിച്ചു് അയാളെ പുറത്തേക്കു കൊണ്ടു വന്നു്,ഭക്ഷണവും മററും വേണ്ടതു പോലെകഴിപ്പിക്കുവാൻ ഭ്രത്യന്മാരെ ഏല്പിച്ചു് താൻ ആസ്ഥാനമുറിയിലേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്തു. അപ്പോഴേക്കു് രാജധാനിൽനിന്നു രണ്ടു കിങ്കരന്മാർ എത്തി. അഘോരനാഥന്റെ മുമ്പിൽ വന്നു വണങ്ങി. അതിൽ ഒരുവൻ പറഞ്ഞു:ഞങ്ങൾ ആ സന്ന്യസിയെ തിര‍ഞ്ഞു് പല ദിക്കിലും പോയി. കാണ്മാൻ കഴിഞ്ഞില്ല. ആയാളുടെ കൂടെയുണ്ടായിരുന്ന ഒരു ശിഷ്യനെ കണ്ടത്തി. ആ ശിഷ്യനും സന്ന്യാസിയും വേറെ ഒരു ശിഷ്യനുംകൂടി മിനിഞ്ഞാന്നു് രാത്രി ഒരുമിച്ചു് ഒരു വഴിയമ്പലത്തിൽ കിടന്നിരുന്നുവത്രെ. പുലർച്ചെ എഴുനീററു് നോക്കയപ്പോൾ ആസന്ന്യാസിയെകണ്ടില്ലെന്നും, നാടുവിട്ടുപോയി എന്ന തോന്നുന്നു എന്നും ആ ശിഷ്യൻ പറഞ്ഞു. ഞങ്ങൾ ഇനി ഏതു ദിക്കിൽ തിരയേണ്ടു എന്നറിയാതെ മടങ്ങിപ്പോന്നതാണു്. അഘോരനാഥൻ, 'നല്ലതു്, നിങ്ങൾ ഇനി അതിനായിട്ടു് യത്നിക്കേണ്ട. ആ വൈരാഗി ശിഷ്യരെ വെടിഞ്ഞുപോയതു് ഓർക്കുമ്പോൾ, ഞാൻവിചാരിച്ചിരുന്നതുപോലെ വിശിഷ് ടന്നാണന്നുതോന്നുന്നില്ല. അതുകൊണ്ടു് ഇനി ആയാളെ കാണേണമെന്നില്ല' എന്നുപറഞ്ഞു് അവരെ മടക്കി അയച്ചു അതിനിടയിൽ ഭൃത്യന്മാർ തമ്മിൽ മറ്റൊരേടത്തുവച്ചു് ആ വന്ന വികൃതരൂപനാരായിരിക്കാമെന്നു് ആലോചിച്ചുതുടങ്ങി. അവരിൽ അധികം പഴമയുള്ള ഒരു ഭൃത്യൻ തന്റെ വിവരണം [ 42 ] കൊണ്ടു് മറ്റവരുടെ ശങ്കാപരിഹാരം വരുത്തി. 'ഇങ്ങനെ അപൂർവം ചിലർ ചിലപ്പോൾ വരുമാറുണ്ടു്.പക്ഷേ,ഇത്ര കെട്ടിമൂടിക്കൊണ്ടും മുഖം കാണിക്കാതേയും മററുമല്ല. ഈ മാതിരിക്കാരെ ചാരന്മാരെന്നാണു് പറയുക. ഓരോ രാജ്യങ്ങളിൽ, ഓരോ വേഷം ധരിച്ചു്, ഓരോ പേരും പറഞ്ഞു്, അവിടവിടെ കഴിയുന്ന വർത്തമാനങ്ങൾ ഓരോന്നു് ഒററുനിന്നറിഞ്ഞു് നമ്മുടെ സ്വാമിയെ സ്വകാര്യമായി വന്നറിയിക്കുക, ഇതാണുപോലും ഈ കൂട്ടരുടെപണി; മൊരം കളളന്മാരാണു് 'എന്നു് പഴക്കമേറിയ ഒരു ഭൃത്യൻ മററവരോടു പറഞ്ഞു. മറ്റൊരു ഭൃത്യൻ: അതു് ഒട്ടും ഇല്ലാത്തതല്ല. ഇവനും അമ്മാതിരിക്കാരൻ തന്നെയായിരിക്കണം. അല്ലെങ്കിൽ ഇങ്ങനെ വരേണ്ട ആവശ്യം എന്തു് ? ആ വിദ്വാന്റെ കുപ്പായവും കാലൊറയും കെട്ടും, പൂട്ടും എല്ലാം പാടേ കണ്ടപ്പോൾ ഇതാരെടാ! എന്നു് വിചാരിച്ചുവല്ലോ ഞാൻ! അതെല്ലെടോ! ഇക്കള്ളന്മാർ നമ്മുടെ നാട്ടിൽ കഴിയുന്ന വർത്തമാനം എല്ലാം മറ്റെങ്ങാനും പോയി പറഞ്ഞാലോ? അതു് നോക്കു് ദോഷല്ലേ? മൂന്നാമതു് ഒരു ഭൃത്യൻ: അങ്ങനെ ഏതാനും ചെയ്താൽ നമ്മുടെ യജമാനൻ ഇവനെ വെച്ചേക്കുമോ? രണ്ടാമതു് പറഞ്ഞ ഭൃത്യൻ: ഈ കൂട്ടരെ എങ്ങനെ വിശ്വസിക്കും? അങ്ങനെ വല്ലതും ചെയ്താൽതന്നെ ഇവരെ പിടിക്കാൻ കിട്ടാനോ? പതിനെട്ടടവും പമ്പരംപാച്ചിലും പടിച്ചവരല്ലേ? ഇങ്ങനെയെല്ലാം പറഞ്ഞുവെങ്കിലും യജമാനന്റെ കല്പനയ്ക്കനുസരിച്ചു് അവർ പുതുതായി വന്ന ആ മനുഷ്യനു് വേണ്ടതു് ഒക്കെയും കൊടുത്തു് സൗഖ്യമായി ഭക്ഷണം കഴിപ്പിച്ചു. ഉമ്മാൻ ഇരിക്കുമ്പോൾ അയാളുടെ മുഖം നോക്കുവാൻ അവർ ശ്രമിച്ചു. ഇരുട്ടത്തിരുന്നാണു് ഉണ്ണുന്നത് എന്നു പറയുകയാൽ അതിന്നു് തരമുണ്ടായില്ല. രാത്രി കിടക്കുമ്പോഴും അകത്തു് ഒരു വാതിൽ അടച്ചു താഴിട്ടാണു് കിടന്നതു്. ആയതുകൊണ്ടു് മുഖം കാണ്മാൻ അപ്പോഴും തരമായില്ല. ഏകദേശം അഞ്ചുനാഴിക പുലരാനുള്ളപ്പോൾ അഘോരനാഥൻ തന്നെ എഴുന്നേററു് വിളക്കു കൊളുത്തി. ആ മനുഷ്യനെ വിളിച്ചു് അയാളുടെ പക്കൽ ഒരു എഴുത്തു കൊടുത്തു.അതു് അപ്പോൾത്തന്നെ അടിക്കുപ്പായത്തിന്റെ കീശയിൽ സൂക്ഷിച്ചുവെച്ചു്, തന്റെ കുതിരപ്പുറത്തു കയറി ഒട്ടും താമസിയാതെ യാത്രപറഞ്ഞു പോകയുംചെയ്തു.

"https://ml.wikisource.org/w/index.php?title=കുന്ദലത/ഗൂഢസന്ദർശനം&oldid=30914" എന്ന താളിൽനിന്ന് ശേഖരിച്ചത്