Jump to content

കുന്ദലത/ദുഃഖ നിവാരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കുന്ദലത
രചന:അപ്പു നെടുങ്ങാടി
ദുഃഖ നിവാരണം

കുന്ദലത

  • ആമുഖം
  1. യോഗീശ്വരൻ
  2. കുന്ദലത
  3. നായാട്ട്
  4. ചന്ദനോദ്യാനം
  5. രാജകുമാരൻ
  6. അതിഥി
  7. വൈരാഗി
  8. ഗൂഢസന്ദർശനം
  9. അഭിഷേകം
  10. ശിഷ്യൻ
  11. ശുശൂഷകി
  12. ദൂത്
  13. ദുഃഖ നിവാരണം
  14. അനുരാഗവ്യക്തി
  15. നിഗൂഹനം
  16. യുദ്ധം
  17. അഭിഞ്ജാനം
  18. വിവരണം
  19. വിമോചനം
  20. കല്യാണം

കുന്ദലത


[ 75 ] പ്രതാപചന്ദ്രന്നു് പട്ടം കിട്ടിയതിൽപിന്നെ അദ്ദേഹം മിക്കവാറും എല്ലാ ദിവസങ്ങളിലും രാജസഭയിൽചെന്നു് കുറേ നേരം ഇരുന്നു് പ്രജകളുടെ ഹരജികളെ വായിച്ചു കേൾക്കുകയും, അവരുടെ സങ്കടങ്ങൾ കേട്ടു് മറുപടി കല്പിക്കുകയും, അവരുടെ യോഗക്ഷേമത്തിനുവേണ്ടി പല കാര്യങ്ങളും ആലോചിക്കുകയും ചെയ്യുന്നതിന്നു പുറത്തു് [ 76 ] ആലോചനാസഭയിൽചെന്നു്, അവിടെ കഴിയുന്ന കാര്യങ്ങളെയും അറിയുക പതിവായിരുന്നു. ആ ആലോചനാസഭയിൽ പ്രധാനമന്ത്രിയൊഴികെ, ശേഷമുള്ളവർ മിക്കപേരും ചെറുപ്പക്കാരും, കാര്യങ്ങളിൽ പഴക്കം കുറഞ്ഞവരും പ്രതാപചന്ദ്രന്റെ കുട്ടികാലത്തെ പരിചയക്കാരാണെന്നുള്ള ഒരു ഗുണം ഒഴികെ വിശേഷിച്ചു് യോഗ്യതയില്ലാത്തവരുമായിരുന്നു. മുഖ്യമായ രാജ്യകാര്യങ്ങളിൽ വല്ലതും ആലോചിക്കേണ്ടതുണ്ടായാൽ അന്നു് അഘോരനാഥനും ഉണ്ടാവും. അഘോരനാഥൻ സഭയിലില്ലാത്ത ഒരു ദിവസം പ്രതാപചന്ദ്രനു് അഭിഷേകം കഴിഞ്ഞതിൽപിന്നെ തന്നെ പതിവുപോലെ വന്നു കാണാത്തവരും കോഴ ബാക്കി നിർത്തീട്ടുള്ളവരും ആയ പ്രഭുക്കന്മാരുടെയും ഉപരാജാക്കന്മാരുടെയും അടുക്കലേക്കു് അതിന്റെ കാരണം ചോദിക്കുവാനായിട്ടു് ഓരോ ദൂതന്മാരെ അയേയ്ക്കണമെന്നു് ഒരു സചിവൻ സഭയിൽവച്ചു പ്രസ്താവിക്കയുണ്ടായി. രാജാവും അതിനെ അഭിനന്ദിച്ചു് അതു വേണ്ടതുതന്നെയാണെന്നരുളി, പോകേണ്ട ദൂതന്മാരെ നിശ്ചയിക്കുകയും ചെയ്തു.

അങ്ങനെ കോഴ ബാക്കി നിർത്തീട്ടുള്ള മിക്ക പ്രഭുക്കന്മാരും ബലഹീനന്മാരായിരുന്നതുകൊണ്ടു് അവരോടു് സമാധാനം ചോദിക്കുവാൻ ആളെ അയയ്ക്കുന്നത് അത്ര വലിയ കാര്യമായിരുന്നില്ല. കുന്തളേശനോടു് സമാധാനം ചോദിക്കുന്നതു് ചില്ലറ കാര്യമായരുന്നില്ലതാനും. പ്രധാനമന്ത്രിയുടെ അറിവുകൂടാതെയും കുന്തളേശന്റെ ശക്തിയറിയാതെയുമാണു് കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച ദൂതു് അയച്ചത്. ദൂതനെ അയച്ചു രണ്ടു ദിവസം കഴിഞ്ഞതിനു ശേഷം, യുവരാജാവ് അഘോരനാഥനോടു് പല രാജ്യകാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതിനിടയിൽ യദൃച്ഛമായി ആ വിവരം പറഞ്ഞു. ആയതു കേട്ടപ്പോൾ ഉടനെ അദ്ദേഹം ഒന്നു ഞെട്ടി.നെറ്റിയിന്മേൽ കൈവെച്ചുംകൊണ്ടു് വളെരെ വിചാരത്തോടുകൂടി മുഖം താഴ്ത്തി നാലു നിമിഷം ഇരുന്നശേഷം, കുന്തളേശനോടു് പറവാൻ പറഞ്ഞയച്ചതു് എന്താണെന്ന് സൂഷ്മമായി അറിവാന്വേണ്ടി ചോദിച്ച് അത് ഇന്നതെന്ന് രാജാവ് അറിയച്ച ഉടനെ, കോപത്തോടും വ്യസനത്തോടുംകോടി ദീർഘമാകുംവണ്ണം നിശ്വസിച്ച് പെട്ടെന്നെഴുനീറ്റ് 'ഇവിടുന്നു് ചെയ്തതിന്റെ ഫലം നമുക്കു് അധികം താമസിയാതെ അനുഭവിക്കാം. സർപ്പത്തിന്റെ വാലിന്മേലാണു ചവിട്ടിയതു്' എന്നു മാത്രം പറഞ്ഞു. പിന്നെ ആരോടും ഒന്നും പറയാതെയും ഒരുത്തന്റേയും മുഖത്തു നോക്കാതേയും, തന്റെ കുതിരപ്പുറത്തു കയറി കഴിയുന്ന വേഗത്തിൽ ഓടിച്ച് ചന്ദനോദ്യാനത്തിൽ എത്തുകയുംചെയ്തു.

അറിവാൻ പ്രയാസമായ അഘോരനാഥന്റെ ആ വാക്കും പ്രവൃത്തിയും കണ്ടപ്പോൾ, യുവരാജാവിന്നു മനസ്സിൽ ഉണ്ടായ പരിതാപം പറഞ്ഞാൽ തീരുന്നതല്ല. മൃതശരീരം നടന്നുപോകുമ്പോലെ [ 77 ] തന്റെ മുറിയിൽ പോയി ഒരു കട്ടിലിൻമേൽ വീണു-കിടന്നൂ എന്ന് പറഞ്ഞുകൂടാ--വിചാരം തുടങ്ങി:

'കഷ്ടം! ഞാൻ ഇത്ര ആലോചനക്കുറവോടുകൂടി പ്രവർത്തിച്ചുവല്ലോ അനിർവഹനീയമായ വല്ല തെററും ഉണ്ടെങ്കിലല്ലാതെ അഘോരനാഥൻ ഇങ്ങനെ ഒന്നും പറവാനും പ്രവർത്തിപ്പാനും സംഗതിയില്ല—ധൈര്യവും അഭയദായികവും അധികമുളള അഘോരനാഥൻകൂടി ഇങ്ങനെ ത്രസിക്കേണമെങ്കിൽ കുന്തളേശൻ വളരെ പ്രബലനായിരിക്കേണമെന്നു തീർച്ചതന്നെ--ഇത് അവിവേകിയായല്ലോ ഞാൻ--അച്ഛൻ അതിവൃദ്ധൻ--മൃതപ്രായൻ എനിക്ക് പട്ടം കിട്ടിയത് ഇന്നലെ ! യുദ്ധവൈദഗ്ദ്ധ്യം എനിക്കില്ല—ബലവും ശിഥിലം--പ്രബലന്മാരായ ബന്ധുക്കളും ആരുമില്ല. എന്റെ രാജ്യഭാരം തുടങ്ങിയപ്പോഴേക്കുതന്നെ ശാന്തമായിരിക്കുന്ന ഈ രാജ്യത്തേക്ക് എന്റെ ജളത്വംകൊണ്ടു യുദ്ധത്തിന്റെ നിഷ്ഠുരതകളെ ഞാൻ വലിച്ചിട്ടുവെന്നല്ലെ മാഹാജനങ്ങൾ പറയുക-- കഠിനം ! കഠിനം! കുന്തളേശൻ ബലവാനാണെങ്കിൽ ജയം അയാൾ കൊണ്ടുപോകും--അപമാനം എനിക്കു ശേഷിക്കുകയുംചെയ്യും. ഇതാണ് എന്റെ സൂക്ഷ്മാവസ്ഥ—ദൈവമെ ! അനാഥനായ ഈ ബാലനെ കാരുണ്യലേശത്തോടുകൂടി ഒന്നുകടാക്ഷിക്കേണമെ 'എന്നിങ്ങനെ വിചാരിച്ചുക്കൊണ്ട്, ഇടക്കിടെ നെടുവീർപ്പോടുകൂടി പ്രതാപചന്ദ്രൻ കേണുകൊണ്ടു കിടക്കുമ്പോൾ സ്വർണമയി അടുക്കൽ ചെന്നു. ഭർത്താവം ഇളയച്ഛനും തമ്മിൽ സന്തോഷമായി സല്ലാപം ചെയ്തുകൊണ്ടിരിക്കെ ഇളയച്ഛൻ ഭാവം പകർന്നു ക്ഷോഭത്തോടുകൂടി പോയതും പോകുമ്പോൾ പറഞ്ഞ വാക്കും, താൻ സൂക്ഷമമായി അന്വേഷിച്ചറിഞ്ഞു്, ഭർത്താവ് വ്യസനിക്കുന്നുണ്ടെങ്കിൽ സമാധാനപ്പെടുത്താമല്ലോ എന്നു വിചാരിച്ചാണ് അവിടേക്കു ചെന്നതു് . ഭർത്താവ് കഠിനമായി വ്യസനിക്കുന്നത് കണ്ടപ്പോൾ തന്റെ ധൈ‌ര്യം ജലരൂപേണ കണ്ണിൽ നിന്നൊലിച്ചു. ഭർത്താവിന്റെ അരികത്തിരുന്ന് താൻ വന്നതു് അറിയിക്കുവാനായിട്ടു്, സ്വർണ്ണമയി തന്റെ വലതു കൈ ഭർത്താവിന്റെ മാറിൽ വെച്ചു. അപ്പോൾ പ്രതാപചന്ദ്രൻ ആ കൈ തന്റെ കൈകളെകൊണ്ടു പിടിച്ചു മാറത്തേക്കമർത്തി, 'നാം ഈ വ്യസനം അനുഭവിക്കുമാറയല്ലോ 'എന്നു പറയും വിധത്തിൽ സ്വർണ്ണമയിയുടെ മുകത്തേക്കു് ഒന്നു നോക്കി,ഒന്നും പറയാതെ ഒരു ദീർഘനിശ്വാസം അയച്ചു് ,തിരിഞ്ഞു കിടന്നു. സ്വർണ്ണമയി പലതും പറവാൻ വിചാരിച്ചിട്ടായിരുന്നു വന്നിരുന്നതു് എങ്കിലും തല്ക്കാലം ഒന്നും പറവാൻ തോന്നിയതുമില്ല. കുറേ നേരം ഭർത്താവിന്റെ അരികെ ഒന്നും സംസാരിക്കാതെ ദുഃഖിച്ചുകൊണ്ടിരുന്ന‍ശേഷം സാവധാനത്തിൽ ഭർത്താവിന്റെ മാറത്തുനിന്നു തന്റെ കൈയ്യെടുത്ത്, പുറത്തേക്കു പോകുകയും ചെയ്തു.

അഘോരനാഥൻ ചന്ദനോദ്യാനത്തിൽ എത്തിയ ഉടനെ ഒരു വിനാഴികപോലും താമസിയാതെ, ചില എഴുത്തുകൾ എഴുതി [ 78 ] വിശ്വാസയോഗ്യൻമാരായ ചില ദൂതന്മാരുടെ പക്കൽ കൊടുത്തയച്ചു. പിന്നെ സൈന്യങ്ങളുടെ അവസ്ഥ ആലോചിച്ചപ്പാൻ തുടങ്ങി. പ്രധാനികളായ സേനാനാഥന്മാരെ അടിയന്തിരമായി ആളയച്ചു വരുത്തി നാലഞ്ചു ദിവസത്തിനുള്ളിൽ കഴിയുന്നിടത്തോളം നല്ലതായ ഒരു സൈന്യത്തെ ശേഖരിക്കുവാനും ഉള്ള സൈന്യങ്ങളെയും ആയുധങ്ങളെയും യുദ്ധത്തിനു തയ്യാറാക്കുവാനും,അവരെ ഏല്പിച്ചു. വേറെ ചില സചിവന്മാരെ വരുത്തി രാജധാനിയുടെ ചുററുമുള്ള ചിത്രദുർഗത്തിന്റെ ഭിത്തികൾ അല്പം കേടുവന്നിട്ടുണ്ടായിരുന്നതു നന്നാക്കുവാനും കിടങ്ങുകൾദുസ്തരമാക്കുവാനും വാതിലുകൾ ബലപ്പെടുത്തുവാനും മററു് അറ്റകുറ്റങ്ങൾ ഉടനെ തീർപ്പാനും കല്പന കൊടുത്തു. കുന്തളരാജ്യത്തേക്കും അതിനു സമീപം ദിക്കുകളിലേക്കും ചില ചാരന്മാരേയും രണ്ടു രാജ്യങ്ങളുടേയും അതിരിൽ ഉള്ള ചില പുരാതനമായ കോട്ടകളിലേക്കു കുറേ സൈന്യത്തേയും അയച്ചു. സൈന്യങ്ങൾക്കു ഭക്ഷണസാധനങ്ങളും കൈനിലയ്ക്കു പടകുടികൾ കെട്ടുവാനുള്ള സാമാനങ്ങളും ശേഖരിക്കുവാനും മററും യുദ്ധത്തിനു വേണ്ടുന്ന സകല ഒരുക്കുമാനങ്ങളും കൂട്ടുവാനും മതിയായ ആളുകളെ കല്പിച്ചാക്കുകയുംചെയ്തു.

ഒരു പത്തു നാഴികയ്ക്കുള്ളിൽ ഇതൊക്കെയും കഴിച്ചു്, തിരക്കു് അല്പം ഒഴിഞ്ഞതിന്റെ ശേഷം ഭക്ഷണം കഴിക്കുവാൻ പോയി. ഭക്ഷണം കഴിഞ്ഞു് ആസ്ഥാനമുറിയിലേക്കു മടങ്ങിവരുമ്പോൾ, സ്വർണമയി ബദ്ധപ്പെട്ടുവെന്നു കരഞ്ഞുംകൊണ്ട് അഘോരനാഥന്റെ കാക്കൽ വീണു. അദ്ദേഹം അവളെ ഉടനെ എഴുന്നേല്പിച്ചു്, 'ദേവീ, ഇതെന്തൊരു കഥയാണ്?' എന്നു ചോദിച്ചു. സ്വർണമയി അഘോരനാഥന്റെമേൽ, ചാരിക്കൊണ്ടുനിന്നു കരഞ്ഞതേയുള്ളു. കുറച്ചു നേരത്തേക്കു് ഒന്നും സംസാരിച്ചില്ല. പിന്നെ അഘോരനാഥൻ വളെരെ ശാന്തതയോടുകൂടി കാരണം ചോദിച്ചപ്പോൾ ഉത്തരീയംകൊണ്ടു് അശ്രുക്കൾ തുടച്ചു് ഇടത്തൊണ്ട വിറച്ചുകൊണ്ടു പറഞ്ഞുതുടങ്ങി.

സ്വർണ്ണമയി : അങ്ങുന്ന് എന്റെ ഭർത്താവിനോട് ഭാവിച്ചതുപോലെ എന്നോടും പാരുഷ്യം ഭാവിക്കയില്ലല്ലോ?

അഘോരനാഥൻ: എന്താണിങ്ങനെ ചപലസ്ത്രീകളെപ്പോലെ പറയുന്നത്? ഞാൻ ദേവിയോട് എപ്പോഴെങ്കിലും പൗരുഷ്യം ഭാവിച്ചത് ഓർമ്മ തോന്നുന്നുണ്ടോ? ദ്വേഷ്യത്തോടുകൂടി ഒരു വാക്കുപോലും ഞാൻ ദേവിയോട് ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ.

സ്വർണമയി: അങ്ങുന്നു പണ്ടു ചെയ്യാത്തവിധം ചിലതു ചെയ്തതായി കേട്ടു. അതുകൊണ്ടു് ഈ വിധം ഞാൻ ശങ്കിക്കാനിടയുണ്ടായതാണു്. എനിക്കു് ഒരു അപേക്ഷയുണ്ടു്.

അഘോരനാഥൻ: എന്നെക്കൊണ്ടു് കഴിയുന്നതാണെങ്കിൽ ദേവിയുടെ ആവശ്യം സാധിപ്പിപ്പാൻ പറയേണ്ട താമസമേയുള്ളു. എന്നാൽ, അസാധ്യമല്ലല്ലോ? [ 79 ]

സ്വർണമയി: അങ്ങുന്നു ഭർത്താവുമായിട്ടു് ചിലതു സംസാരിച്ചുകൊണ്ടിരിക്കെ ഭർത്താവിനോട് ചില പരുഷവാക്കുകൾ പറഞ്ഞു് ധൃതിപ്പെട്ടു് പോന്നതിനാൽ ഭർത്താവ് വലിയ വ്യസനത്തിൽ അകപ്പെട്ടിരിക്കുന്നു. എന്തുതന്നെയുണ്ടായാലും വേണ്ടതില്ല, അങ്ങുന്ന് ഇപ്പോൾ എന്റെ കൂടെതന്നെ പോന്നു് ,ഭർത്താവിന്റെ സന്താപം എങ്ങെനെയെങ്കിലും തീർത്തുതരേണം(എന്നിങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോഴെക്കു് , കുറച്ചുനേരം ഒഴിഞ്ഞുനിന്നിരുന്നു, അശ്രക്കൾ രണ്ടാമതും അവളുടെ കണ്ണിൽ നിറഞ്ഞു).

അഘോരനാഥൻ: എന്റെ പരുഷവാക്കുകളല്ല യുവരാജാവിന്റെ വ്യസനത്തിനു കാരണം, അദ്ദേഹം ആലോചനകൂടാതെ ചെയ്ത ചില പ്രവൃത്തികളാണ്. ആ പ്രവൃത്തികളുടെ ഭവിഷ്യത്തു് എന്റെ വാക്കുകളെകൊണ്ടായിരിക്കാം അദ്ദേഹത്തിന്നു പ്രത്യക്ഷമായതു് . ഏതെങ്കിലും ഇനി വ്യസനിക്കുവാൻ ആവശ്യമില്ല. അപകടം വരാവുന്നേടത്തോളം ഒക്കെയും വന്നുകഴിഞ്ഞു . നമുക്കു് ഇപ്പോൾതന്നെപ്പോയി അദ്ദേഹത്തിന്റെ വ്യസനം തീർക്കുവാൻ ശ്രമിക്കാം.

എന്നിങ്ങനെ പറഞ്ഞു് അഘോരനാഥൻ രണ്ടുപേർക്കും ഡോലികൾ കൊണ്ടുവരുവാൻ കല്പിച്ചു. ഉടനെ ഡോലിയിൽ കയറി താനും സ്വർണ്ണമയിയും രാജധാനിയിൽ മടടങ്ങിയെത്തുകയും ചെയ്തു.

രാജ്ഞി അകമ്പടിയൊന്നുംകൂടാതെ ധൃതിപ്പെട്ടുപോയി.പ്രധാനമന്ത്രിയെ കൂട്ടിക്കൊണ്ടുവന്നതും, രാജാവിന്നു ഒട്ടും സുഖമില്ലാത്ത അവസ്ഥയും, രാജാവും അഘോരനാഥനും തമ്മിലുണ്ടായ സംഭാഷണവും പുരവാസികൾ അറിഞ്ഞു്, ഇതിന്നെല്ലാം കാരണമെന്തെന്ന് അന്യോന്യം രഹസ്യമായി ചോദിക്കുവാനും ഊഹിച്ച് ഓരോന്നും പറവാനും തുടങ്ങി. അഘോരനാഥൻ ആരോടും ഒന്നും സംസാരിക്കാതെ സ്വർണ്ണമയിയുടെ ഒരുമിച്ചുപോയി വ്യസനിച്ചു് കൊണ്ടുതന്നെ കിടന്നിരുന്ന പ്രതാപചന്ദ്രനെ സാവധാനത്തിൽ പിടിച്ചെഴുനീല്പിച്ചിരുത്തി താഴെ പറയും പ്രകാരം പറഞ്ഞുതുടങ്ങി.

അഘോരനാഥൻ: എന്റെമേൽ ഇവിടുത്തേയ്ക്ക് അപ്രിയം തോന്നുവാൻ ഞാൻ സംഗതിയുണ്ടാക്കീട്ടുണ്ടങ്കിൽ എനിക്കു് മാപ്പുതരേണം.എനിക്കു് കാര്യത്തിന്റെ വസ്തുതയും, ഇവിടുന്ന് പ്രവർത്തിച്ചതിന്റെ ഭവിഷ്യത്തും മനസ്സിൽ തോന്നിയ ഉടനെ എന്നെതന്നെമറന്നുപോയി. പാരുഷ്യമാണെന്ന് തോന്നത്തക്കവണ്ണം ഞാൻ വല്ലതും,പറയുകയോ,ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഓർമ്മ ഇപ്പോൾത്തന്നെ ഇവിടുത്തെ മനസ്സിൽ നിന്നും തള്ളിക്കളയണം.നമുക്ക് വ്യസനിക്കുവാൻ ഇതല്ല സമയം. കാര്യത്തിന്റെ ഗൗരവം ഞാൻ ഗ്രഹിച്ചതുപോലെ ഇവിടുന്നുകൂടി [ 80 ] ഗ്രഹിച്ചിട്ടുണ്ടായിരുന്നുവെങ്കിൽ ഞാൻ‌ പറഞ്ഞതിനെക്കുറിച്ചു് ഒട്ടും വ്യസനിപ്പാൻ സംഗതിയുണ്ടായിരുന്നില്ല.

പ്രതാപചന്ദ്രൻ: ഞാൻ അങ്ങുന്നു് പറഞ്ഞതിനെക്കുറിച്ചു് അല്പംപോലും വ്യസനിച്ചട്ടില്ല. അങ്ങനെ തെറ്റുതരിക്കരിക്കരുതേ. അങ്ങുന്ന് പറഞ്ഞതിനാൽ എനിക്കു് പ്രത്യക്ഷമായ എന്റെ അബദ്ധമാണു് എന്നെ ദു:ഖിപ്പിക്കുന്നതു്. (അതു പറഞ്ഞപ്പോൾ അഘേരനാഥൻ സ്വർണമയിയുടെ മുഖത്തേക്കു് ഒന്നു നോക്കി) ഇനി ഈ ദുർഘടത്തിൽനിന്നു് അപമാനം കൂടാതെ നിവൃത്തിക്കുവാൻ, അങ്ങേടെ ബുദ്ധികൗശലമല്ലാതെ എനിക്കു് യാതൊരു ആധാരവും ഇല്ല. ഞാൻതന്നെ ചന്ദനോദ്യാനത്തിലേക്കു് അങ്ങേ കാണാൻ വരേണമെന്നു തീർച്ചയാക്കിയിരുന്നു. അപ്പോഴേക്കാണു് അങ്ങുന്നു് ദൈവംതന്നെ അയച്ചു വന്നപോലെ എന്റെ സഹായത്തിന്നു് എത്തിയതു്.

അഘോരനാഥൻ: എന്നെ സ്വർണമയിയാണു് കൂട്ടികൊണ്ടുപോന്നതു്. അല്ലെങ്കിൽ ഞാൻ ഇപ്പോൾ ഇങ്ങോട്ടുവരുന്നതല്ലായിരുന്നു. അവളുടെ വ്യസനം കണ്ടിട്ടാണു് ഞാൻ എന്റെ പണികൂടി നിർത്തിവെച്ചു പോന്നതു്. ആകട്ടെ, അതിരിക്കട്ടെ ഇവിടുന്നു് പ്രവൃത്തിച്ചതിന്റെ ഭവിഷ്യൽഫലങ്ങൾ ഇവിടുന്നു് നല്ലവണ്ണം അറിവാൻ സംഗതിയില്ല; അറിഞ്ഞിരിക്കേണ്ടതു് ആവശ്യവുമാണു്. ഒട്ടും പരിഭ്രമിക്കരുതു്. വരുന്നതു വരട്ടെ. ധൃഷ്ടതയാണു് പുരുഷന്മാർക്കു് ഈ വക സമയങ്ങിൽ അത്യാവശ്യം.

പ്രതാപചന്ദ്രൻ: നിവൃത്തിമാർഗം ആലോചിക്കുന്നതിന്നു് മുമ്പായി പ്രവൃത്തിയുടെ ദോഷം ഇത്രത്തോളമുണ്ടെന്നു് അറിഞ്ഞിരിക്കേണ്ടതു് ആവശ്യമാണല്ലൊ. ഞാൻ ആയതു് സൂക്ഷ്മമായി ഇനിയെങ്കിലും അറിയട്ടെ, പറയൂ.

അഘോരനാഥൻ: കൃതവീര്യൻ എന്ന ഇപ്പോഴത്തെ കുന്തളേശൻ അതിധീരനും, പരാക്രമശാലിയും ദുരഭിമാനിയുമാണു്. ആയുധവിദ്യശിക്ഷയിൽ അഭ്യസിച്ചിട്ടുമുണ്ടു്. അദ്ദേഹത്തിന്നു് സമനായ ഒരു യോദ്ധാവു് ഇന്നു് നമ്മുടെ രാജ്യത്തിൽ ഉണ്ടോ എന്നു സംശയമാണു്. അത്രയുമല്ല, അദ്ദേഹം മനസ്സിൽ ഇന്നതൊന്നു് ചെയ്യണമെന്നു നിരൂപിച്ചിട്ടുണ്ടെങ്കിൽ അതു് എങ്ങനെയെങ്കിലും ചെയ്തല്ലാതെ അടങ്ങുന്ന ആളല്ല. ചെയ്‌വാൻ ത്രാണിയുമുണ്ട്.

കുന്തളരാജ്യമോ--ഒരു മുപ്പതു് സംവത്സരത്തിന്നിപ്പുറം, ആ രാജ്യം വളരെ ഐശ്വര്യവതിയായിതീർന്നിരിക്കുന്നു. ഭണ്ടാരം തടിച്ചിരിക്കുന്നു--സേനകൾ അനവധി--പ്രബലന്മാരായ സേനാധിപന്മാർ--ബുദ്ധിമാന്മാരായ മന്തികൾ--ധനികന്മാരും രാജ്യഭക്തിയുമുള്ള പ്രജകൾ--ബഹുവർത്തകം നടന്നുവരുന്ന പട്ടണങ്ങൾ--കള്ളന്മാരുടെ ഉപദ്രവമില്ലാത്ത ചെത്തുവഴികൾ--യന്ത്രപ്പാലങ്ങൾ--വിദ്യാശാലകൾ--വൈദ്യശാലകൾ--എന്നുവേണ്ട പരി [ 81 ] ഷ്കാരസൂചകങ്ങളായ പലതും ഉണ്ട്. ഈ കുന്തളേശന്റെയും ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനായ മുമ്പത്തെ കുന്തളേശന്റെയും ബുദ്ധികൗശലം കൊണ്ടുതന്നെ, കുന്തളരാജ്യം ഇപ്പോൾ പശ്ചിമഭാരതത്തിന്നു് ഒരു തൊടുകുറിയായി തീർന്നിരിക്കുന്നു. കൂന്തളേശന്റെ രാജലക്ഷ്മിക്ഷേമവും സുഭിക്ഷവുമാകുന്ന സഖിമാരോടുകൂടി ദിവസേന നൃത്തമാടുന്നു.

എന്റെ ജ്യേഷ്ഠൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ബുദ്ധിവൈഭവംകൊണ്ടും പൗരുഷംകൊണ്ടും കുന്തളേശനെ ഒരുവിധം ഒതുക്കിവെക്കുവാൻ കഴിഞ്ഞതാണ്. വിശേഷിച്ച്, ജ്യേഷ്ഠൻ അല്പം ഒരു കഠിനകയ്യും പ്രവൃത്തിച്ചിട്ടുണ്ട്. കുന്തളേശന്റെ വൃദ്ധനായ അച്ഛനെ പിടിച്ച് കാരാഗൃഹത്തിൽ ആക്കി, വളരെ ദ്രവ്യം പുത്രനോടു വാങ്ങീട്ടാണു് വിട്ടയച്ചതു്. ജ്യേഷ്ഠൻ സാമദാനഭേദങ്ങൾ പ്രയോഗിച്ചിട്ടും കുന്തളേശൻ വഴിപ്പെടാൻപറഞ്ഞപ്പോൾവെറെ വഴി കാണായ്കയാൽ അദ്ദേഹം അങ്ങനെ ചെയ്തതാണ്. വഴിപ്പെട്ടതിന്റെ ശേഷം,ആ ദ്രവ്യംഅങ്ങോട്ടുതന്നെ മടക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു എങ്കിലും കൃതവീര്യൻ അതു ഹേതുവായിട്ടുണ്ടായ വ്രണം ഇപ്പോഴും ഉണക്കാതെ വെച്ചുകൊണ്ടിരിക്കുന്നുണ്ടാകും. അദ്ദേഹം വൈര്യം മറന്നുകളയുന്ന മാതിരിയല്ല; ഇപ്പോൾ അയൽവക്കക്കാരായചേദി, അവന്തി, ഈ രാജ്യങ്ങളിലെ രാജാക്കന്മാരായിട്ടും അല്പം ബന്ധുതയുമുണ്ടായിട്ടുണ്ടു്. എന്നാൽ അവർ പണ്ടേക്കു പണ്ടേ നമ്മോടുമൈത്രിയുള്ളവരാകയാൽ കുന്തളനോട് ചേർന്ന് നമ്മുടെ നേരെ തിരിയുവാൻ സംഗതി പോരാ. ഈ അവസ്ഥയിൽ അവർ നിരായുദ്ധന്മാരായിരുന്നാൽ തന്നെ ആയത് നമ്മുടെ ഭാഗ്യമാണെന്നു വിചാരിക്കണം.

വിശേഷിച്ച് കുന്തളേശൻ മഗധരാജാവുമായിട്ടു് സഖ്യത്തിലാണു്. മഗതരാജാവിന്നു യവനന്മാർ പണ്ടു തന്നെ മമതയായിട്ടാണെന്ന് അറിയാമല്ലോ അതുകൊണ്ടു് കുന്തളേശൻ കുഴങ്ങിയാൽ മഗധരാജാവു് യവനസൈന്യംതന്നെ അദ്ദേഹത്തിന്റെ സഹായത്തിന്നു് അയയ്ക്കുവാനും മതി. ജ്യേഷ്ഠന്റെ കാലം കഴിഞ്ഞു് ഞാൻ രാജ്യകാര്യം ഏറ്റതിൽ പിന്നെ,ഇതുവരെയും മനസ്സിൽനിന്നും വിട്ടുപോകാതെയുണ്ടായിരുന്ന ഒരു പേടി കുന്തളരാജ്യത്തെ ആ അഗ്നിപർവതം എപ്പോഴാണ് പൊട്ടിത്തെറിക്കുന്നത് എന്നായിരുന്നു. എന്തു ചെയ്തിട്ടെങ്കിലും അതു കൂടാതെ കഴിക്കണമെന്നും കഴിയുമെങ്കിൽ കുന്തളേശനെ സാമദാനങ്ങളെക്കൊണ്ട് ഇണക്കി പാട്ടിലാക്കണമെന്നായിരുന്നു എന്റെ മനോരാജ്യം. ഇവിടുന്ന് ഇതൊന്നും അറിയാതെ, അല്പനേരംകൊണ്ടു് വളരെക്കാലമായി ഞാൻ ഭയപ്പെട്ടിരുന്നതത്രയും സംഭവിക്കുമാറാക്കിയല്ലോ. കടന്നൽക്കൂട്ടിലേക്ക് കല്ലിടുകയാണ് ചെയ്തത്. കുന്തളേശന്റ സ്വഭാവം എനിക്കു നല്ല നിശ്ചയമുണ്ടു് .ഒട്ടും താമസിയാതെ കുന്തളേശനും പടയും നമ്മുടെ ചിത്രദുർഗത്തേയും രാജധാനിയെയും വന്നു വളഞ്ഞാൽ [ 82 ] ത്തന്നെ ഞാൻ വിസ്മയപ്പെടുകയില്ല എന്നാൽ നമ്മുടെ പരാജയവും തീർച്ചതന്നെ.

ഇങ്ങനെയെല്ലാമാണു് കാര്യത്തിന്റെ സൂക്ഷ്മാവസ്ഥ. പക്ഷേ ഇപ്പോഴാണ് നമ്മുടെ ഉത്സാഹവും പൗരുഷവും ആപദ്ധൈര്യവും കാണേണ്ടത്. അതിസാഹസമായി യത്നിച്ചാൽ ദൈവാനുകൂലം കൊണ്ടു് നമുക്കു് ദോഷംവരാതെ കഴിയുവാനും മതി. യുദ്ധത്തിന്റെ കലാശം വിചാരിച്ചപോലെയാവുകയില്ല. കുന്തളേശന്റെ അതിക്രമത്തെ ഒരു വിധത്തിൽ തടുപ്പാൻ വേണ്ടുന്ന ഏർപ്പാടുകൾ ഒക്കെയും ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ ചന്ദനോദ്യാനത്തിലേക്കു് ബദ്ധപ്പെട്ടു പോയത് അതിനുവേണ്ടിയായിരുന്നു (ഇതു കേട്ടപ്പോൾ യുവരാജാവിന്റെ വാടിയിരുന്ന മുഖം അല്പം പ്രസന്നമായി). നമുക്കു് സഹായത്തിനു ചിലർ വരുമെന്നു് ഞാൻ വിചാരിക്കുന്നുണ്ടു്. അവർ എത്തിയാൽ എനിക്കു് ധൈര്യം വർദ്ധിക്കുമായിരുന്നു. കഷ്ടം! നമ്മുടെ താരാനാഥൻ ഇനിയും വന്നില്ലല്ലോ, അവനുണ്ടെങ്കിൽ എനിക്കു് ഒരു വലിയ സഹായമായിരുന്നു.

പ്രതാപചന്ദ്രൻ: അതും എന്റെ വലിയ നിർഭാഗ്യംതന്നെ. താരാനാഥന്റെ അത്ഭുതമായ പരാക്രമം ഈ ആപത്തിൽ നമുക്കു് വലിയ സഹായമായിരുന്നു.

സ്വർണ്ണമയി: നമുക്കു് ഇങ്ങനെ ഒരാപത്തു വന്നിരിക്കുന്നുവെന്നറിഞ്ഞാൽ , ജ്യേഷ്ടൻ എവിടെയായിരുന്നാലും നമ്മുടെ സഹായത്തിനു് എത്താതിരിക്കുമോ?

പ്രതാപചന്ദ്രൻ, 'ഞങ്ങളുടെ പുരാണപ്രസിദ്ധമായ ഈ സ്വരൂപത്തിന്റ മഹിമ പോകാതെ നിർത്തി രാജ്യം രക്ഷിക്കുവാൻ അങ്ങുന്നല്ലാതെ വേറെ ആരും ഇല്യേ' എന്നു പറഞ്ഞു് ആഘോരനാഥനോടുകൂടി യുദ്ധത്തിന്നു വേണ്ടുന്ന ഒരുക്കുകൾ പൂർത്തിയാക്കുവാൻ പുറത്തേക്കു പോകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=കുന്ദലത/ദുഃഖ_നിവാരണം&oldid=30919" എന്ന താളിൽനിന്ന് ശേഖരിച്ചത്