താൾ:Kundalatha.djvu/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വിശ്വാസയോഗ്യൻമാരായ ചില ദൂതന്മാരുടെ പക്കൽ കൊടുത്തയച്ചു. പിന്നെ സൈന്യങ്ങളുടെ അവസ്ഥ ആലോചിച്ചപ്പാൻ തുടങ്ങി. പ്രധാനികളായ സേനാനാഥന്മാരെ അടിയന്തിരമായി ആളയച്ചു വരുത്തി നാലഞ്ചു ദിവസത്തിനുള്ളിൽ കഴിയുന്നിടത്തോളം നല്ലതായ ഒരു സൈന്യത്തെ ശേഖരിക്കുവാനും ഉള്ള സൈന്യങ്ങളെയും ആയുധങ്ങളെയും യുദ്ധത്തിനു തയ്യാറാക്കുവാനും,അവരെ ഏല്പിച്ചു. വേറെ ചില സചിവന്മാരെ വരുത്തി രാജധാനിയുടെ ചുററുമുള്ള ചിത്രദുർഗത്തിന്റെ ഭിത്തികൾ അല്പം കേടുവന്നിട്ടുണ്ടായിരുന്നതു നന്നാക്കുവാനും കിടങ്ങുകൾദുസ്തരമാക്കുവാനും വാതിലുകൾ ബലപ്പെടുത്തുവാനും മററു് അറ്റകുറ്റങ്ങൾ ഉടനെ തീർപ്പാനും കല്പന കൊടുത്തു. കുന്തളരാജ്യത്തേക്കും അതിനു സമീപം ദിക്കുകളിലേക്കും ചില ചാരന്മാരേയും രണ്ടു രാജ്യങ്ങളുടേയും അതിരിൽ ഉള്ള ചില പുരാതനമായ കോട്ടകളിലേക്കു കുറേ സൈന്യത്തേയും അയച്ചു. സൈന്യങ്ങൾക്കു ഭക്ഷണസാധനങ്ങളും കൈനിലയ്ക്കു പടകുടികൾ കെട്ടുവാനുള്ള സാമാനങ്ങളും ശേഖരിക്കുവാനും മററും യുദ്ധത്തിനു വേണ്ടുന്ന സകല ഒരുക്കുമാനങ്ങളും കൂട്ടുവാനും മതിയായ ആളുകളെ കല്പിച്ചാക്കുകയുംചെയ്തു.

ഒരു പത്തു നാഴികയ്ക്കുള്ളിൽ ഇതൊക്കെയും കഴിച്ചു്, തിരക്കു് അല്പം ഒഴിഞ്ഞതിന്റെ ശേഷം ഭക്ഷണം കഴിക്കുവാൻ പോയി. ഭക്ഷണം കഴിഞ്ഞു് ആസ്ഥാനമുറിയിലേക്കു മടങ്ങിവരുമ്പോൾ, സ്വർണമയി ബദ്ധപ്പെട്ടുവെന്നു കരഞ്ഞുംകൊണ്ട് അഘോരനാഥന്റെ കാക്കൽ വീണു. അദ്ദേഹം അവളെ ഉടനെ എഴുന്നേല്പിച്ചു്, 'ദേവീ, ഇതെന്തൊരു കഥയാണ്?' എന്നു ചോദിച്ചു. സ്വർണമയി അഘോരനാഥന്റെമേൽ, ചാരിക്കൊണ്ടുനിന്നു കരഞ്ഞതേയുള്ളു. കുറച്ചു നേരത്തേക്കു് ഒന്നും സംസാരിച്ചില്ല. പിന്നെ അഘോരനാഥൻ വളെരെ ശാന്തതയോടുകൂടി കാരണം ചോദിച്ചപ്പോൾ ഉത്തരീയംകൊണ്ടു് അശ്രുക്കൾ തുടച്ചു് ഇടത്തൊണ്ട വിറച്ചുകൊണ്ടു പറഞ്ഞുതുടങ്ങി.

സ്വർണ്ണമയി : അങ്ങുന്ന് എന്റെ ഭർത്താവിനോട് ഭാവിച്ചതുപോലെ എന്നോടും പാരുഷ്യം ഭാവിക്കയില്ലല്ലോ?

അഘോരനാഥൻ: എന്താണിങ്ങനെ ചപലസ്ത്രീകളെപ്പോലെ പറയുന്നത്? ഞാൻ ദേവിയോട് എപ്പോഴെങ്കിലും പൗരുഷ്യം ഭാവിച്ചത് ഓർമ്മ തോന്നുന്നുണ്ടോ? ദ്വേഷ്യത്തോടുകൂടി ഒരു വാക്കുപോലും ഞാൻ ദേവിയോട് ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ.

സ്വർണമയി: അങ്ങുന്നു പണ്ടു ചെയ്യാത്തവിധം ചിലതു ചെയ്തതായി കേട്ടു. അതുകൊണ്ടു് ഈ വിധം ഞാൻ ശങ്കിക്കാനിടയുണ്ടായതാണു്. എനിക്കു് ഒരു അപേക്ഷയുണ്ടു്.

അഘോരനാഥൻ: എന്നെക്കൊണ്ടു് കഴിയുന്നതാണെങ്കിൽ ദേവിയുടെ ആവശ്യം സാധിപ്പിപ്പാൻ പറയേണ്ട താമസമേയുള്ളു. എന്നാൽ, അസാധ്യമല്ലല്ലോ?

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/78&oldid=54162" എന്ന താളിൽനിന്നു ശേഖരിച്ചത്