കുന്ദലത/വിമോചനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കുന്ദലത
രചന:അപ്പു നെടുങ്ങാടി
വിമോചനം

കുന്ദലത

  • ആമുഖം
  1. യോഗീശ്വരൻ
  2. കുന്ദലത
  3. നായാട്ട്
  4. ചന്ദനോദ്യാനം
  5. രാജകുമാരൻ
  6. അതിഥി
  7. വൈരാഗി
  8. ഗൂഢസന്ദർശനം
  9. അഭിഷേകം
  10. ശിഷ്യൻ
  11. ശുശൂഷകി
  12. ദൂത്
  13. ദുഃഖ നിവാരണം
  14. അനുരാഗവ്യക്തി
  15. നിഗൂഹനം
  16. യുദ്ധം
  17. അഭിഞ്ജാനം
  18. വിവരണം
  19. വിമോചനം
  20. കല്യാണം

കുന്ദലത


[ 124 ] ലിംഗമഹാരാജാവും യുവരാജാവും കപിലനാഥൻ മുതലായവരും ചന്ദനോദ്യാനത്തിൽ നിന്നു പുറപ്പെട്ടു രാജധാനിയിലേക്കു എത്തുമാറായപ്പോഴെക്കു പൗരന്മാർ അനവധി ജനങ്ങൾ സന്തോഷത്തോടുകൂടി എഴുന്നരുളത്തിനെ എതിരേററു.തോരണങ്ങളെകൊണ്ടും മററും അഴകിൽ അലങ്കരിച്ചിരുന്ന രാജവീഥിയുടെ ഇടത്തുഭാഗത്തുള്ള സൗധങ്ങളിലും വീഥിയിലും കുന്ദലതയെയും,കപിലനാഥനെയും കാണ്മാൻ ജനങ്ങൾ തിക്കിതിരക്കി നിന്നിരുന്നു.പലേടങ്ങളിൽ നിന്ന് ജനങ്ങൾ അവരെ പുഷ്പവൃഷ്ടി ചെയ്തുകൊണ്ടും ജനങ്ങളുടെ കോലാഹലശബ്ദത്തോടും വാദ്യാഘോഷത്തോടും കൂടി താമസിയാതെ എല്ലാവരും രാജധാനിയിൽ എത്തി.

ആ രാജധാനിയാകട്ടെ, യുദ്ധം കഴിഞ്ഞതിൽ പിന്നെ വളരെ ശുദ്ധിവരുത്തി, കേടുതീർത്തു മനോഹരമാകുംവണ്ണം അലങ്കരിച്ചിരുന്നു. എല്ലാവരും ചെന്നിറങ്ങി,രാജധാനിയുടെ വിലാസമായ പൂമുഖത്തു അല്പംനേരം നിന്നശേഷം കപിലനാഥൻ കുന്ദലതയുടെ കൈയും പിടിച്ച് രാജധാനിക്കുള്ളിൽ ഓരോ സ്ഥലങ്ങൾ പറഞ്ഞു കാണിച്ചു കൊടുപ്പാൻ തുടങ്ങി. ആസ്ഥാനമണ്ഡപത്തിന്റെ സമീപത്ത് ചെന്നപ്പോൾ പണ്ട് വളരെ കാലം കപിലനാഥന്റെ ആജ്ഞയിൻ കീഴിൽ ഉദ്യാഗം ഭരിച്ചിരുന്ന പല ഉദ്യാഗസ്ഥന്മാരും ഏറ്റവും പ്രീതിയോടുകൂടി, അദ്ദേഹത്തിന്റെ കീഴിൽ പണിയെടുത്തിരുന്ന നല്ല കാര്യങ്ങളെ സ്മരിച്ചുകൊണ്ടും, തങ്ങളുടെ മേധാവിയായിരുന്ന കപിലനാഥനെ വന്നു വണങ്ങി. കപിലനാഥൻ അവരോടെല്ലാവരോടും സന്തോഷമാകുംവണ്ണം അല്പം സംസാരിച്ചു. പിന്നെക്കാണാമെന്നു പറഞ്ഞ് കുന്ദലതയേയും കൊണ്ടു [ 125 ] മറ്റു് ദിക്കുകളിലേക്ക് പോയി,ഓരോന്നായി പ്രധാനപ്പെട്ട സ്ഥലങ്ങൾ ഒക്കെയും അവൾക്കു കാണിച്ചുകൊടുക്കുകയും ചെയ്കു.

കപിലനാഥൻ രാജധാനിയിൽ എത്തി രണ്ടു ദിവസം കഴിഞ്ഞ ശേഷം കുന്തളേശനെ ഒട്ടും താമസിക്കാതെ വിട്ടയക്കുകയാണ് നല്ലതെന്നും പ്രബലന്മാരുടെ വൈരം അപൽക്കരമാണെന്നും രാജാവിനെ പറഞ്ഞ് ബോദ്ധ്യംവരുത്തി അതിനു അനുജ്ഞ വാങ്ങി, താരാനാഥനെയും കൂട്ടികൊണ്ടു ദുന്ദുഭീദുർഗത്തിലേക്കു പോയി രണ്ടു പേർ കാണ്മാൻ വന്നിരിക്കുന്നു എന്ന് കുന്തളേശനെ അറിച്ചു. കാണ്മാ‍ൻ സമ്മതം വാങ്ങി, അടുത്ത് ചെന്ന് വന്ദിച്ചു. കുന്തളേശൻ രണ്ടുപേരേയും സൂക്ഷിച്ചു നോക്കി.'ഞാൻ കപിലനാഥനെയല്ലെ എന്റെ മുമ്പാകെ കാണുന്നതു? എന്നു ചോദിച്ചു

കപിലനാഥൻ: അതെ അയാളെ തന്നെ, ആശ്ചര്യം.

കൃതവീര്യൻ: മറ്റേ മുഖം എനിക്കു പരിചയമില്ല.

കപിലനാഥൻ: ഇത് എന്റെ പുത്രനായ താരാനാഥനാണ്.അങ്ങുന്നു അറിവാൻ സംഗതിയില്ല.

കൃതവീര്യൻ: കപിലനാഥനെ തന്നെ ഞാൻ ഒരിക്കലെ കണ്ടിട്ടുള്ളു.അതും ഇരുപതോളം സംവത്സരം മുമ്പാണ്. എങ്കിലും കണ്ടപ്പോൾ അറിവാൻ പ്രയാസം ഒന്നും ഉണ്ടായില്ല.

കപിലനാഥൻ: കറേ കാലമായിട്ടു ഞാൻ നാടു വിട്ടുപോയിരുന്നു. ഈ ഈയിടെ യുദ്ധമുണ്ടാവുമെന്നറിഞ്ഞിട്ട് എന്റെ സ്വാമിക്ക് എന്നെ കൊണ്ടു കഴിയുന്ന സഹായം ചെയ്യാൻ വേണ്ടി മടങ്ങി വന്നതാണ്.

കൃതവീര്യൻ: ഞാൻ കീഴടങ്ങിയതു അങ്ങേക്കുതന്നയോ എന്നറിവാൻ എനിക്ക് ആഗ്രഹം പെരികെയുണ്ട്.

കപിലനാഥൻ: എന്റെ അപേക്ഷപ്രകാരമാണ് ഒടുവിൽ അങ്ങ് യുദ്ധം നിർത്തിയതു. കീഴടങ്ങി എന്ന് പറവാൻ നാം തമ്മിൽ ഏൽക്കുകതന്നെ ഉണ്ടായിട്ടില്ലല്ലോ.

കൃതവീര്യൻ: ആവൂ!ഇപ്പോൾ എന്റെ വിഷാദവും ദൈന്യവും പകുതിയിലധികം നശിച്ചു. ഇത്ര വലിയ ഒരു യോദ്ധാവിനു കീഴടങ്ങേണ്ടിവന്നതുകൊണ്ട് എനിക്കു ലേശംപോലും ലജ്ജതോന്നുന്നില്ല. ഇതുവരെയും എങ്ങാനും കിടക്കുന്ന ഒരു യവനനോടു ഞാൻ തോററുവല്ലൊ എന്നു വിചാരിച്ച് വിഷണ്ണനായി എന്റെ പൗരുഷത്തെ ഞാൻ വൃഥാവിൽ വളരെ ദിക്കരിച്ചു. എനിക്കു ഒന്നുകൂടെ അറിവാൻ കൗതുകമുണ്ട്. എന്നെ ഒരിക്കൽ വ്യുഹമദ്ധ്യത്തിങ്കൽനിന്നു വേർപ്പെടുത്തി കുറച്ചുനേരം തടുത്തുനിർത്തിയ അങ്ങേടെ ആ വിരുതനായ സഖാവ് ആരാണ്?

കപിലനാഥൻ: (മന്ദസ്മിതത്തോടുകൂടി)അതു ഈ നിൽക്കുന്ന താരാനാഥനാണ്.

കൃതവീര്യൻ: (താരാനാഥനോട്)അങ്ങയുടെ യുദ്ധ വൈദഗ്ദ്ധ്യത്തെക്കണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. [ 126 ] കപിലനാഥൻ: ഞാൻ ഒരു കാര്യം ഇവിടെ പറവാനായിട്ടു രാജാവ് അറിയിച്ചിട്ടു വന്നതാണ്.

കൃതവീര്യൻ ഉടനെ ലജ്ജകൊണ്ട് തല താഴ്ത്തി പറയാമെന്നു മന്ദാക്ഷരമായിട്ടു പറഞ്ഞു.

കപിലനാഥൻ: ഇവിടുന്നു സ്വരാജ്യത്തിലേക്കു പോകുന്നതിനു മുമ്പായി എന്റെ സ്വാമിയോട് രഞ്ജിപ്പായി പിരിയേണാമെന്നും. മേലാൽ കുന്തള-കലിംഗ രാജ്യങ്ങൾ തമ്മിൽ വൈകാര്യമാല്ലാതെ കഴിയണമെന്നും, എന്റെ സ്വാമിക്ക് ഒരു വാഞ്ഛിതം ഉള്ളത് ഇവിടെ അറിയിച്ച്, രാജധാനിയിലേക്ക് പോരേണമെന്ന് ഇവിടുത്തോട് അപേക്ഷിക്കാനാണ് എന്നെ അയച്ചിരിക്കുന്നത്

കൃതവീര്യൻ: ഞാൻ സ്വരാജ്യത്തിലേക്ക് പോകുന്നത് എന്ന്?ഇപ്പോൾ ഞാൻ കലിംഗ രാജാവിന്റെ കാരാഗൃഹത്തിലല്ലേ?

കപിലനാഥൻ: യുദ്ധത്തിന്റെ ശേഷം മുഖ്യമായ ചില രാജ്യകാര്യങ്ങളിൽ ദൃഷ്ട്ടിവെക്കേണ്ടവരികയാണ്. ഇവിടുത്തേ യാത്രയാക്കുവാൻ അല്പം വൈകിയതാണ്. ഇവിടുത്തെ കാരാഗൃഹത്തിൽ താമസിപ്പിക്കുവാൻ എന്റെ സ്വാമിക്ക് ഒട്ടും മനസില്ല. ഇവിടുത്തേ കന്തളരാജ്യത്തേക്കയക്കുവാൻ പ്രാധാനമന്ത്രിയായ അഘോരനാഥൻ അകമ്പടിയോടുകൂടി ഇപ്പോൾ ഇവിടെ എത്തും. അതിനു മുമ്പായി ഇവിടുന്നു രാജധാനിയിൽ വന്നു തമ്മിൽ കണ്ടു പിരിയണമെന്നാണ് സ്വാമിയുടെ ആഗ്രഹം.

കൃതവീര്യൻ: ഞാൻ അദ്ദേഹത്തിനു ചെയ്ത ദ്രോഹങ്ങൾ ഓർക്കുമ്പാൾ അദ്ദേഹത്തിന്റെ പക്കൽ നിന്നും ഇത്ര ദയ അനുവദിക്കേണ്ടവനല്ല. എന്റെ അവിവേകംകൊണ്ട് ചില അബദ്ധങ്ങൾ ഞാൻ പ്രവർത്തിച്ചുപോയതൊക്കെയും പൊറുക്കാനായി അങ്ങുന്ന് തന്നെ എന്റെ പേർക്ക് അദ്ദേഹത്തേട് യാചിക്കണം കൃതവീര്യനോട് ഇന്നു കാണിച്ച ഈ ഔദാര്യം അയാൾ ഒരിക്കലും മറക്കില്ല. ഈ ദൈന്യസ്ഥിതിയിൽ എന്നെ രാജധാനിയിൽ വരുവാൻ മാത്രം ആവശ്യപ്പെടരുത്. പക്ഷേ താമസിയാതെ ഒരിക്കൽ രാജാവിനെ വന്നു കണ്ട്, എന്റെ കൃതഞ്ജതയെ വഴിയെ വന്നു കാണിക്കുവാൻ ഞാൻ സംഗതി വരുത്തിക്കൊള്ളാം. ഇപ്പോൾ തന്നെ വന്നു കാണാത്തത്, എന്റെ കാലുഷ്യംകൊണ്ടാണെന്ന് തോന്നുകയും അരുത്. ഈ വിവരം രാജാവിനെ അറിക്കണം.

കപിലനാഥൻ: സകലതും ഇവിടുത്തെ ഹിതംപോലെ, സ്വരാജ്യത്തേക്കു പോവുക എന്നതാണു തീർച്ചയാക്കിയതു എങ്കിൽ പുറപ്പെടവാൻ ഇവിടുന്നു ഒരുങ്ങണ്ടതാമസമേയുള്ളു.

കൃതവീര്യൻ: എന്റെ ആൾക്കാരും എന്റെ ഒരുമിച്ചു തന്നെ എല്ലാവരും പോരുകയില്ലേ?

കപിലനാഥൻ: ഇവിടുന്നു പുറപ്പെട്ടാൽ ആൾക്കാർ ഒന്നൊഴിയാതെ കൂടെ ഉണ്ടാകും.

കൃതവീര്യൻ: (അൽപ്പം പുഞ്ചിരിയോടുകുടി) എനിക്ക് ഒരു അപേക്ഷയുണ്ട്. അങ്ങുന്നും താരാനാഥനും താമസിയാതെ ഒരിക്കൽ എന്റെ പുരിയിൽ വന്നു കാണ്മാൻ സംഗതി വരുത്തേണം.

കപിലനാഥൻ: അങ്ങനെ തന്നെ. ഞങ്ങൾക്കും അതു വലിയൊരു ബഹുമാനവും വളരെ സന്തോ‍ഷവുമാണ്. ഇവുടുത്തെ ആശ്രിതന്മാരായ ഈ ഞങ്ങളെക്കുറിച്ചും സ്മരണ പ്രത്യേകമുണ്ടായിരിക്കേണമെന്നാണു ഞങ്ങളുടെ അപേക്ഷ.

ഇങ്ങനെ പറഞ്ഞു് കപിലനാഥൻ കുന്തളേശനെ വളരെ വണക്കത്തോടുകൂടി പല്ലക്കിൽ കയറ്റി കാരാഗൃഹത്തിൽ കിടന്നിരുന്ന അദ്ദേഹത്തിന്റെ ആൾക്കാരെയും അകമ്പടിക്ക് കലിംഗരാജാവിന്റെ നൂറു ഭടൻമാരേയും അഘോരനാഥൻ ഒരുമിച്ചുയാത്രയാക്കി.കപിലനാഥനും അനുയാത്രയായി കുറേ ദൂരം ഒരുമിച്ചുപോയി.കുന്തളേശൻ തന്നെക്കൂറിച്ചു പണ്ടേയുണ്ടായിരുന്ന ബഹുമാനത്തയും വിശ്വാസത്തെയും അധികം ദൃഢമാക്കി തമ്മിൽ പിരിയുകയുംചെയ്തു.

"https://ml.wikisource.org/w/index.php?title=കുന്ദലത/വിമോചനം&oldid=54315" എന്ന താളിൽനിന്ന് ശേഖരിച്ചത്